Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇറ്റലിയിൽ നിന്നും രോഗ വാഹകരായി എത്തിയ കുടുംബത്തിലെ അമ്മയുടെ നില അതീവ ഗുരുതരമായി തുടരുന്നു; 89 വയസ്സുള്ള വയോധികയുടെ വൃക്കയുടേയും ഹൃദയത്തിന്റേയും പ്രവർത്തനം തകരാറിൽ; കൊറോണയിൽ കേരളത്തിൽ മരണം ഉണ്ടാവില്ലെന്ന് ഉറപ്പ് പറയാൻ കഴിയില്ലെന്ന് ആരോഗ്യമന്ത്രിയും; ഇതുവരെ ലഭിച്ച ബാക്കി ഫലങ്ങൾ എല്ലാം നെഗറ്റീവ് ആയതിന്റെ ആശ്വാസം തുടരുമ്പോഴും വയോധികയുടെ ആരോഗ്യ നില ആശങ്കപ്പെടുത്തുന്നു

ഇറ്റലിയിൽ നിന്നും രോഗ വാഹകരായി എത്തിയ കുടുംബത്തിലെ അമ്മയുടെ നില അതീവ ഗുരുതരമായി തുടരുന്നു; 89 വയസ്സുള്ള വയോധികയുടെ വൃക്കയുടേയും ഹൃദയത്തിന്റേയും പ്രവർത്തനം തകരാറിൽ; കൊറോണയിൽ കേരളത്തിൽ മരണം ഉണ്ടാവില്ലെന്ന് ഉറപ്പ് പറയാൻ കഴിയില്ലെന്ന് ആരോഗ്യമന്ത്രിയും; ഇതുവരെ ലഭിച്ച ബാക്കി ഫലങ്ങൾ എല്ലാം നെഗറ്റീവ് ആയതിന്റെ ആശ്വാസം തുടരുമ്പോഴും വയോധികയുടെ ആരോഗ്യ നില ആശങ്കപ്പെടുത്തുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: 121 രാജ്യങ്ങളിൽ പടർന്നതോടെ കൊറോണ (കോവിഡ്-19) വൈറസ് ബാധ മഹാമാരിയായി ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) പ്രഖ്യാപിച്ചത് മണിക്കൂറുകൾക്ക് മുമ്പാണ്. ഡബ്ല്യു.എച്ച്.ഒ.യുടെ അധ്യക്ഷൻ േെടഡ്രാസ് അഥനോം ഗബ്രീസീയൂസാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നിലവിൽ വിവിധരാജ്യങ്ങളിലെ 1,22,289 പേർക്കാണ് കൊേറാണ സ്ഥിരീകരിച്ചത്. 4389 പേർക്ക് ജീവൻ നഷ്ടമായി. ഇന്ത്യയും കൊറോണ ഭീതിയിലാണ്. എന്നാൽ ആരൂടേയും ജീവൻ നഷ്ടമാക്കാതെ നോക്കാനായി. ഇതിന് കാരണം കേരളാ മോഡലാണ്. കൃത്യമായ പ്രോട്ടോകോൾ ഒരുക്കി ആദ്യം കൊറോണയുമായെത്തിയ മൂന്ന് പേരെ ചികിൽസിച്ച് ഭേദമാക്കി. ഈ മാതൃക രാജ്യത്തിന് പ്രതീക്ഷയുമായി. എന്നാൽ ഇപ്പോൾ കേരളത്തിൽ പോലും കൊറോണ മരണമുണ്ടാകുമെന്ന ആശങ്ക സജീവമാണ്.

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലുള്ള വയോധികയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇറ്റലിയിൽനിന്നുവന്ന, റാന്നി ഐത്തലയിലെ ഗൃഹനാഥന്റെ മാതാവാണ് ഇവർ. ഇവരും ഭർത്താവും മാർച്ച് എട്ടുമുതൽ ചികിത്സയിലായിരുന്നു. ഈ റാന്നിക്കാരിനിൽ നിന്നാണ് പത്തനംതിട്ടയിൽ കൊറോണ വ്യാപിച്ചത്. 89 വയസ്സുള്ള ഇവർക്ക് പ്രമേഹവും മറ്റു ശാരീരിക അസ്വാസ്ഥ്യങ്ങളും ഉണ്ടായിരുന്നത് ആരോഗ്യനില വഷളാക്കി. വിദഗ്ധ ഡോക്ടർമാരുടെ സംഘം ഇവരെ പരിശോധിക്കുന്നുണ്ട്. കഴിഞ്ഞദിവസം വൃക്കകളുടെയും ഹൃദയത്തിന്റെയും പ്രവർത്തനം തീരെ മോശമായി. ഇവരുടെ ഭർത്താവിന് 93 വയസ്സുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനിലയും മോശമാണ്. ഈ രണ്ടു പേർക്കും എന്തും സംഭവിക്കാമെന്ന അവസ്ഥയിലാണ്.

ഫെബ്രുവരി 29-നാണ് ഇറ്റലിയിൽനിന്നുള്ള ദമ്പതിമാരും മകനും ഐത്തലയിലെ വീട്ടിലെത്തിയത്. ഈ ദമ്പതിമാരുടെ കൊച്ചുമകൾ, ഭർത്താവ് എന്നിവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. അവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ഇവരാണ് കുടുംബത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. ഇവരുടെ കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. പ്രായാധിക്യമാണ് അച്ഛനേയും അമ്മയേയും ഗുരുതരാവസ്ഥയിൽ എത്തിക്കുന്നത്. ഇവരുടെ ജീവൻ രക്ഷിക്കാൻ ആവുന്നതെല്ലാം ഡോക്ടർമാർ ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൊറോണ ബാധിച്ചുള്ള മരണമുണ്ടാകില്ലെന്ന് ഉറപ്പുപറയാനാവില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ വിശദീകരിക്കുന്നതും.

കൊറോണയെ നേരിടാനുള്ള കേരളാ മോഡൽ എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കാൻ കേന്ദ്രം നിർദ്ദേശിച്ചിരിക്കുകയാണ്. വിമാനത്താവളത്തിനുള്ളിൽ സർക്കാരിന് നിയന്ത്രണമില്ലാത്തതിനാൽ കേന്ദ്രവുമായി ആലോചിച്ചാണ് നിരീക്ഷണം നടത്തുന്നത്. ആദ്യഘട്ടത്തിൽ ചൈനയിൽനിന്നെത്തിയവരെയാണു നിരീക്ഷിച്ചത്. അത്തരം മൂന്ന് രോഗികളിൽനിന്ന് ഒരാൾക്കും രോഗംപകരാൻ അനുവദിച്ചില്ല. ഇറ്റലിയിൽനിന്നെത്തുന്നവരെ നിരീക്ഷിക്കാൻ കേന്ദ്രനിർദ്ദേശം ലഭിച്ചത് മാർച്ച് മൂന്നിനാണെന്നും മന്ത്രി പറഞ്ഞു. റാന്നിയിലെ കുടുംബം വിമാനത്താവളത്തിൽനിന്ന് സൂത്രത്തിൽ രക്ഷപ്പെടുകയായിരുന്നു. വിമാനത്താവളത്തിലിറങ്ങുമ്പോൾ ആരോഗ്യവകുപ്പിന്റെ ഹെൽപ്പ് ഡെസ്‌കിൽ നിർബന്ധമായും റിപ്പോർട്ട് ചെയ്യണമെന്ന് ഇവർ വന്ന വിമാനത്തിൽ മൂന്നുതവണ അനൗൺസ്‌മെന്റ് നടത്തിയിരുന്നു. പക്ഷേ പഴുതുകളുപയോഗിച്ച് ഇവർ പുറത്തിറങ്ങി. മൂന്നുപേരുടെയും ജീവൻ രക്ഷിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.

കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രി ലാബുകളിൽ കൊറോണ വൈറസ് ബാധ പരിശോധിക്കാൻ അനുമതി ലഭിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിച്ചു. തിരുവനന്തപുരം പി.എച്ച്. ലാബ്, തൃശ്ശൂർ മെഡിക്കൽകോളേജ് ലാബ്, രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ലാബ് എന്നിവിടങ്ങളിൽ പരിശോധനയ്ക്കായി കേന്ദ്രത്തോട് അനുമതിതേടിയതും അംഗീകരിച്ചതായാണ് സൂചന. പുതിയൊരു വൈറസ് ഉണ്ടാകുകയും അത് ലോകംമുഴുവൻ പടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടന അത് മഹാമാരിയായി പ്രഖ്യാപിക്കുന്നത്. പുതിയ വൈറസായതിനാൽ മനുഷ്യർക്ക് ഇതിനെതിരേ സ്വാഭാവിക പ്രതിരോധം ഉണ്ടാകില്ലെന്നതും ലോകാരോഗ്യസംഘടന കണക്കിലെടുക്കും. കോളറ, എബോള, പ്ലേഗ്, സിക, തുടങ്ങിയവയാണ് ലോകാരോഗ്യസംഘടന ഇതിനുമുന്പ് മഹാമാരിയായി പ്രഖ്യാപിച്ചവയിൽ ചിലത്.

ഇന്ത്യയിൽ കൊറോണ ബാധിതർ 67 പേരാണ്. മഹാരാഷ്ട്രയിൽ പുതുതായി 10 പേർക്ക് സ്ഥിരീകരിച്ചു. രാജ്യത്തുകൊറോണ വൈറസ് (കോവിഡ്-19) പടരുന്ന സാഹചര്യത്തിൽ 1897-ലെ പകർച്ചവ്യാധി തടയൽ നിയമത്തിന്റെ രണ്ടാംവകുപ്പനുസരിച്ച് നടപടിയെടുക്കാൻ സംസ്ഥാനസർക്കാരുകളോട് ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. പകർച്ചവ്യാധി തടയുന്നതിന് പ്രത്യേക നിയന്ത്രണങ്ങളേർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്നതാണ് രണ്ടാംവകുപ്പ്. ഇതിലൂടെ കേന്ദ്ര ആരോഗ്യമന്ത്രാലയം യഥാസമയം നൽകുന്ന നിർദ്ദേശങ്ങൾ നടപ്പാക്കാൻ കഴിയും.

നിലവിൽ അനുവദിച്ചിട്ടുള്ള എല്ലാ വിസകളും വെള്ളിയാഴ്ചമുതൽ ഏപ്രിൽ 15 വരെ കേന്ദ്രസർക്കാർ സസ്‌പെൻഡ് ചെയ്തു. നയതന്ത്രപ്രതിനിധികൾ, ഐക്യരാഷ്ട്രസഭാ/അന്താരാഷ്ട്ര സംഘടനാ പ്രതിനിധികൾ എന്നിവർക്കുള്ള വിസകൾക്കു നിയന്ത്രണമില്ല. ഔദ്യോഗിക വിസകൾ, തൊഴിൽ, പ്രോജക്ട് വിസകൾ എന്നിവയും നിയന്ത്രണത്തിന്റെ പരിധിയിലില്ല. ഒ.സിഐ. കാർഡുള്ളവർക്ക് അനുവദിച്ചിരിക്കുന്ന സൗജന്യയാത്രയും ഏപ്രിൽ 15വരെ നിർത്തിവെച്ചിട്ടുണ്ട്. അത്യാവശ്യമല്ലാത്ത വിദേശയാത്രകൾ ഒഴിവാക്കണം.

കേരളത്തിൽ പുതിയ പോസിറ്റീവ് കേസുകളൊന്നും ബുധനാഴ്ച റിപ്പോർട്ട് ചെയ്തില്ല. സംശയമുള്ളവരുടെ 1179 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 889 എണ്ണത്തിന്റെ പരിശോധനാഫലം നെഗറ്റീവാണ്. 213 സാമ്പിളുകളുടെകൂടി ഫലം കിട്ടാനുണ്ട്. 14 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. കോട്ടയത്ത് നിരീക്ഷണത്തിൽ കഴിയുന്ന ഏഴുപേർക്കും പത്തനംതിട്ടയിൽ 10 പേർക്കും വൈറസ് ബാധയില്ലെന്നു കണ്ടെത്തി. വൈറസ് സ്ഥിരീകരിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ള കോട്ടയം ചെങ്ങളം സ്വദേശികളായ ദമ്പതിമാരുടെ കുട്ടിയും ഇതിൽപ്പെടുന്നു. കോട്ടയത്തുനിന്ന് ഇതുവരെ പരിശോധനയ്ക്കയച്ചത് 54 സാമ്പിളുകൾ. ഇതിൽ 34 പേർക്കും കൊറോണയില്ലെന്നു കണ്ടെത്തി.

പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കി കളക്ടർ

കൊറോണ സ്ഥിരീകരിച്ചവരുമായി സമ്പർക്കമുണ്ടായിരുന്നതിനെത്തുടർന്ന് നിരീക്ഷണത്തിലായിരുന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പത്തനംതിട്ട കളക്ടറേറ്റിൽ ബുധനാഴ്ച രാവിലെ ജനപ്രതിനിധികളുടെ യോഗത്തിനെത്തി. ആരോഗ്യവകുപ്പ് അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് കളക്ടർ പി.ബി. നൂഹ് അദ്ദേഹത്തോട് പുറത്തുപോകാൻ ആവശ്യപ്പെട്ടു. നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങുന്നതു കണ്ടെത്താൻ കളക്ടറേറ്റിൽ ജി.പി.എസ്. സംവിധാനം ഏർപ്പെടുത്തിയതിനിടെയാണ് പഞ്ചായത്ത് പ്രസിഡന്റ് എത്തിയത്.

കൊറോണ സ്ഥിരീകരിച്ച, ഇറ്റലിയിൽനിന്നെത്തിയ കുടുംബത്തിലെ യുവാവ് പഞ്ചായത്ത് പ്രസിഡന്റിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ ചെന്നെന്നു കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ഇദ്ദേഹത്തെ വീട്ടിൽ നിരീക്ഷണത്തിലാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP