Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് 19: ഇന്ന് പുതിയ പോസിറ്റീവ് കേസുകളില്ല; ജാഗ്രത തുടരുന്നു; 3313 പേർ നിരീക്ഷണത്തിൽ; 293 പേർ ആശുപത്രി നിരീക്ഷണത്തിൽ; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള വൃദ്ധ ദമ്പതികളുടെ ആരോഗ്യനിലയിൽ പുരോഗതി; 10 സാമ്പിൾ റിസൽറ്റുകൾ നെഗറ്റീവായതോടെ ആശ്വാസത്തോടെ പത്തനംതിട്ടക്കാർ; ഇറ്റലിയിൽ നിന്ന് റാന്നിയിലെത്തിയ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് പരിഷ്‌കരിച്ചു; മാപ്പ് കണ്ട് വിളിച്ചത് 70 പേർ; സ്‌കൂൾ അദ്ധ്യാപകർക്ക് അവധിയില്ല

കോവിഡ് 19: ഇന്ന് പുതിയ പോസിറ്റീവ് കേസുകളില്ല; ജാഗ്രത തുടരുന്നു; 3313 പേർ നിരീക്ഷണത്തിൽ; 293 പേർ ആശുപത്രി നിരീക്ഷണത്തിൽ; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള വൃദ്ധ ദമ്പതികളുടെ ആരോഗ്യനിലയിൽ പുരോഗതി; 10 സാമ്പിൾ റിസൽറ്റുകൾ നെഗറ്റീവായതോടെ ആശ്വാസത്തോടെ പത്തനംതിട്ടക്കാർ; ഇറ്റലിയിൽ നിന്ന് റാന്നിയിലെത്തിയ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് പരിഷ്‌കരിച്ചു; മാപ്പ് കണ്ട് വിളിച്ചത് 70 പേർ; സ്‌കൂൾ അദ്ധ്യാപകർക്ക് അവധിയില്ല

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. നിലവിൽ 14 പേർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ വലിയ ജാഗ്രത പുലർത്തി വരികയാണ്. 110 ലോക രാജ്യങ്ങളിൽ കോവിഡ് 19 രോഗം പടർന്നുപിടിച്ച സാചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3313 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 3020 പേർ വീടുകളിലും 293 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 1179 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 889 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. 213 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. നിലവിൽ സംസ്ഥാനത്ത് കോവിഡ് 19 രോഗം ബാധിച്ച 14 പേരാണുള്ളത്. ഇന്ന് പുതിയ പോസിറ്റീവ് കേസുകൾ വന്നിട്ടില്ല. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ സാമ്പിൾ പരിശോധന ആരംഭിച്ചിട്ടുണ്ട്. പബ്ലിക് ഹെൽത്ത് ലാബ്, തൃശൂർ മെഡിക്കൽ കോളേജ്, രാജീവ്ഗാന്ധി ബയോ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ പരിശോധനയ്ക്കായി അനുമതി തേടിയിട്ടുണ്ട്. ഇതിനും കൂടി അനുമതി കിട്ടിയാൽ വേഗത്തിൽ ഫലം ലഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 85 വയസിന് മുകളിൽ പ്രായമുള്ള രണ്ട് പേർ ഹൈ റിസ്‌കിലുള്ളവരാണ്. ഇടയ്ക്ക് ആരോഗ്യ നിലയിൽ ചെറിയ വ്യത്യാസം വന്നിരുന്നെങ്കിലും ഇപ്പോൾ തൃപ്തികരമാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മറ്റുള്ളവരുടെ ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളതിന് പിന്നാലെയാണ് വൃദ്ധയ്ക്ക് കോവിഡും ബാധിച്ചത്. ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശിയായ കുടുംബനാഥന്റെ അമ്മയാണ് ഇവർ. 92 വയസുള്ള അച്ഛനും ആശുപത്രിയിൽ തുടരുകയാണ്. ഇരുവരും പ്രത്യേക നിരീക്ഷണത്തിലാണ്. റാന്നി സ്വദേശികളായ ദമ്പതികളുടെ മകനും മകളും ചികിത്സയിൽ തുടരുന്നു.

ഇറ്റലിയിൽ നിന്നും പത്തനംതിട്ടയിൽ എത്തിയ മൂന്നംഗ കുടുംബവുമായി സമ്പർക്കം പുലർത്തിയ 969 പേരെയാണ് കണ്ടെത്തിയത്. ഇതിൽ 129 പേരെ ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ 13 ശതമാനം പേർ 60 വയസിൽ കൂടുതലുള്ളവരാണ്. അവർക്ക് പ്രത്യേക പരിചരണമാണ് നൽകുന്നത്. കോട്ടയത്ത് 60 പേർ കോണ്ടാക്ട് ലിസ്റ്റിലുണ്ട്. എറണാകുളത്ത് കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ള മൂന്ന് വയസുകാരനുമായും മാതാപിതാക്കളുമായും സമ്പർക്കം പുലർത്തിയ 33 ഹൈ റിസ്‌കുള്ളവർ ഉൾപ്പെടെ 131 പേരെയും കണ്ടെത്തിയിട്ടുണ്ട്.

കോവിഡ് 19 ബാധിത രാജ്യങ്ങളിൽ നിന്നും കൂടുതൽ പേർ കേരളത്തിലേക്ക് വരുന്നുണ്ട്. അതിനാൽ തന്നെ എല്ലാ എയർപോർട്ടുകളിലും നല്ല സ്‌ക്രീനിംഗാണ് നടക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ഇത്തരത്തിൽ വന്നവരുണ്ടെങ്കിൽ കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സ്വമേധയാ റിപ്പോർട്ട് ചെയ്ത് വരുന്നവരും ഇപ്പോഴുണ്ട്. കൂടുതൽ കേസുകൾ വരുന്നതനുസരിച്ച് ചികിത്സ സൗകര്യങ്ങൾ കൂട്ടുന്നതാണ്. നല്ല ലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയയ്ക്കുന്നത്.

കോവിഡ് 19 രോഗലക്ഷണങ്ങൾ ഉള്ളവരും അവരെ പരിചരിക്കുകയും ചെയ്യുന്ന ആളുകൾ മാത്രമേ മാസ്‌ക് ധരിക്കേണ്ടതുള്ളു. മാസ്‌ക് ഉപയോഗിക്കുന്നവർ അത് ഉപയോഗിക്കേണ്ട മാർഗങ്ങൾ മനസ്സിലാക്കി ഉപയോഗിക്കേണ്ടതും ഉപയോഗശേഷം മാസ്‌കുകൾ ശാസ്ത്രീയമായി തന്നെ സംസ്‌കരിക്കേണ്ടതുമാണ്. പൊതുജനങ്ങൾ എൻ 95 മാസ്‌കുകൾ ഉപയോഗിക്കേണ്ടതില്ല. എവിടെയെങ്കിലും പോയി വന്നാൽ സോപ്പ് ഉപയോഗിച്ച് കൈകഴുകിയാൽ തന്നെ പല പകർച്ച വ്യാധികളിൽ നിന്നും രക്ഷ നേടാവുന്നതാണ്. സാനിറ്ററൈസർ ലഭ്യത കുറവ് പരിഹരിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

രോഗലക്ഷണങ്ങളുള്ളവർ പരിക്ഷയെഴുതാൻ പോകേണ്ടതില്ല. പരീക്ഷയെഴുതാൻ വരുന്ന കുട്ടികൾക്ക് പ്രത്യേക റൂമും സൗകര്യങ്ങളും സ്‌കൂൾ അധികൃതർ തന്നെ ചെയ്തു കൊടുക്കേണ്ടതാണ്. വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ 40 ലക്ഷം കുട്ടികളിൽ നല്ല ബോധവത്ക്കരണം നടത്തിയിട്ടുണ്ട്. ജനപ്രതിനിധികളുടെ സഹകരണത്തോടെ നല്ല പ്രവർത്തനമാണ് നടത്തുന്നത്. അവസാന കോണ്ടാക്ട് ട്രെയിസ് വരെ പ്രവർത്തിക്കേണ്ടതുണ്ട്.

പത്തനംതിട്ട ജില്ലയിൽ 10 സാമ്പിൾ റിസൽറ്റ് നെഗറ്റീവ്

പത്തനംതിട്ട ജില്ലയിൽ ആശുപത്രികളിലെ ഐസലേറ്റ് വാർഡുകളിൽ കഴിയുന്ന 10 പേരുടെ സാമ്പിൾ റിസൽട്ടുകൾ നെഗറ്റീവെന്ന് ജില്ലാ കളക്ടർ പി.ബിനൂഹ് അറിയിച്ചു. ഇതിൽ അഞ്ചുപേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇവർ ഇനിയുള്ള 28 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. പരിശോധനാ ഫലം നെഗീറ്റവായ മറ്റ് അഞ്ചുപേരെയും വീടുകളിലേക്ക് മാറ്റും.ഇനി 14 പേരുടെ സാമ്പിൾ റിസൽട്ടുകൾ ലഭിക്കാനുണ്ട്. ഇന്ന്(11) പുതിയതായി ആറുപേരെ ആശുപത്രിയിൽ ഐസലേറ്റ് ചെയ്തിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. 25 പേരാണ് നിലവിൽ ആശുപത്രികളിൽ ഐസലേഷൻ വാർഡുകളിൽ കഴിയുന്നത്.

റൂട്ട് മാപ്പ് പരിഷ്‌കരിച്ചു

ഇറ്റലിയിൽ നിന്ന് റാന്നിയിലെത്തിയ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പരിഷ്‌കരിച്ചു. നേരത്തെ പുറത്തിറക്കിയ റൂട്ടുമാപ്പിൽ ചില പിശകുകൾ വന്നതിനാലാണ് പുതുക്കിയ റൂട്ട് മാപ്പ് പുറത്തിറക്കിയത്. ജില്ലയിൽ രോഗം സ്ഥിരീകരിച്ച ആദ്യ അഞ്ചു പേർ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച രണ്ടു പേർ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളുമാണ് റൂട്ട് മാപ്പിലുള്ളത്. ഈ റൂട്ടിൽ യാത്ര ചെയ്തിട്ടുള്ളവർ വിവരം പത്തനംതിട്ട ജില്ലാ ഭരണകൂടത്തെ അറിയിക്കണം.റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് 70 പേർ വിളിച്ചു. ഇതിൽ 15 പേർ പ്രൈമറി ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. ഇതിൽ ഒരാൾക്ക് മാത്രമാണ് രോഗലക്ഷണം. 34 സെക്കൻഡറി കോണ്ടാക്ടുകളെ ഇന്ന് കണ്ടെത്തി. ഇന്ന് പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. 30 സാംപിളുകളുടെ റിസൾട്ടാണ് കിട്ടാനുള്ളത്. നാളെ 12 എണ്ണം ലഭിക്കും.

ഫെബ്രുവരി 29നു നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ റാന്നി ഐത്തല സ്വദേശികളായ മൂന്നംഗ കുടുംബത്തിൽ മാതാപിതാക്കളും മകനുമാണുണ്ടായിരുന്നത്. നാലു വർഷത്തിനുശേഷം നാട്ടിലേക്കുവന്ന ഈ കുടുംബത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചത് അവരുടെ മകളും മരുമകനും അവരുടെ നാലുവയസുള്ള കു ട്ടിയുമാണ്.

ഫെബ്രുവരി 29

മരുമകൻ ഓടിച്ച കാറിൽ നെടുന്പാശേരിയിൽനിന്നു റാന്നിയിലേക്ക് തിരിച്ച സംഘം 29നു രാവിലെ 10.30നും 11.30നും ഇടയിൽ കൂത്താട്ടുകുളം - മൂവാ റ്റുപുഴ റോഡരികിൽ ഹോട്ടൽ ആര്യാസിൽ ചെലവഴിച്ചു.

മാർച്ച് ഒന്ന്

ഫെബ്രുവരി 39ന് വീട്ടിലെത്തിയ സംഘം മാർച്ച് ഒന്നിന് വീട്ടിലുണ്ടായിരുന്നു. അയൽവീടുകളിൽ ഇവർ അന്നു സന്ദർശനം നടത്തി. വൈകുന്നേരം മകന്റെ സുഹൃത്തുക്കൾ വീട്ടിലെത്തി. രാത്രി 10.30ന മുതൽ 11 വരെ റാന്നി പുളിമുക്കിൽ സുരേഷ് ഹോട്ടലിലുണ്ടായിരുന്നു. പിന്നീടുള്ള യാത്രകൾ ഇവർ ഒന്നിച്ചോ മകൻ ഒറ്റയ്‌ക്കോ നടത്തിയിട്ടുള്ളതാണ്.

മാർച്ച് രണ്ട്

രണ്ടിനു രാവിലെ 9.50ന് റാന്നി മിനി ഷോപ്പിലെത്തി. 10.15ന് എച്ച്പി പെട്രോൾ പന്പ്, റാന്നി. 10.25ന് ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ. 11 മുതൽ 11.30വരെ റാന്നി പഴവങ്ങാടി പോസ്റ്റ് ഓഫീസിൽ. 11.30 മുതൽ 12വരെ റാന്നി പഴവങ്ങാടി ക്‌നാനായ പള്ളിയിലെത്തി. 12 മുതൽ ഒന്നുവരെ വീണ്ടും പ ഴവങ്ങാടി പോസ്റ്റ് ഓഫീസിൽ. 1.15 മുതൽ രണ്ടുവരെ റാന്നി ഗോൾഡൻ എന്‌പ്രോറിയം ഹൈപ്പർ മാർക്കറ്റിൽ. 2.30ന് റാന്നി മിനി സൂപ്പർ ഷോപ്പിയിൽ. ര ണ്ടിന് രാത്രി ഏഴിന് പുനലൂർ മണിയാറിൽ ബന്ധുവീട്ടിലെത്തി. പോകുന്നവഴി പുനലൂർ ഇംപീരിയൽ ബേക്കറിയിലും കയറി (വൈകുന്നേരം ആറ്).

മാർച്ച് മൂന്ന്

മൂന്നിന് രാവിലെ 10ന് റാന്നി മിനി സൂപ്പർഷോപ്പിയിൽ. 10.30ന് റാന്നി തോട്ടമൺ എസ്‌ബിഐ ശാഖയിൽ. 11ന് റാന്നി ഇസാഫ് ബാങ്കിൽ. 11.35ന് റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ. 12ന് വീണ്ടും തോട്ടമൺ എസ്‌ബിഐ ശാഖയിൽ. 12.30ന് ഇട്ടിയപ്പാറ ഗ്രാൻഡ് ബേക്കറിയിൽ.

മാർച്ച് നാല്

നാലിനു രാവിലെ 10 മുതൽ 10.30 വരെ തോട്ടമൺ എസ്‌ബിഐ ശാഖയിലെത്തിയിരുന്നു. 10.30ന് റാന്നി സുപ്രീം ട്രാവൽസിൽ. രാത്രി ഏഴു മുതൽ 8.30വരെ റാന്നി മാർത്തോമ്മാ ആശുപത്രിയിൽ.

മാർച്ച് അഞ്ച്

അഞ്ചിനു രാവിലെ 11.30 മുതൽ റാന്നി ബേബി പാലസിൽ. 11.45 മുതൽ 12 വരെ യുഎഇ എക്‌സ്‌ചേഞ്ച് ഓഫീസിൽ. 12.15 മുതൽ 12.45 വരെ പത്തനം തിട്ട എസ്‌പി ഓഫീസിൽ. 12.45 മുതൽ 1.15 വരെ പത്തനംതിട്ട റോയൽ സ്റ്റുഡിയോയിൽ. 1.15 മുതൽ രണ്ടുവരെ പത്തനംതിട്ട ജോസ്‌കോ ജൂവലറിയിൽ. ഉച്ച കഴിഞ്ഞ് മൂന്നിന് റാന്നി ഗേറ്റ് ബാർ ഹോട്ടലിൽ. ആറിനു വൈകുന്നേരമാണ് ഇവരെ ആശുപത്രിയിലെത്തിക്കുന്നത്.

ഇറ്റലിയിൽനിന്നുള്ള കുടുംബവുമായുള്ള സന്പർക്കത്തെത്തുടർന്ന് കോവിഡ് 19 ബാധിച്ചു കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ കഴിയുന്ന അമ്മയും മ കളും നാലു മുതൽ ആറുവരെ തീയതികളിൽ നടത്തിയ യാത്രയുടെ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

നാലിനു രാവിലെ ജണ്ടായിക്കൽ ചെറുകുളങ്ങര ബേക്കറിയിൽ എത്തി. രാത്രി ഏഴിന് റാന്നി മാർത്തോമ്മാ ആശുപത്രിയിലും എത്തി. ആറിനു രാവിലെ 8.15നു തച്ചിലേത്ത് ബസിൽ ഇവർ കോട്ടയത്തേക്കു പുറപ്പെട്ടു. 10.15ന് കോട്ടയത്ത് ഇറങ്ങി. 10.30 മുതൽ 11.30വരെ കഞ്ഞിക്കുഴി പാലാത്ര ടെക്‌സ്‌റ്റൈൽസിൽ ചെല വഴിച്ചു. തിരികെ ഉച്ചകഴിഞ്ഞ് രണ്ടിനു കോട്ടയം കഞ്ഞിക്കുഴിയിൽനിന്നു റാന്നിയിലേക്കുള്ള മഹനീയം ബസിൽ യാത്ര ചെയ്തു ആറിനു റാന്നിയിൽ ഇറങ്ങി.

സ്‌കൂൾ അവധി: അദ്ധ്യാപകർ സ്‌കൂളിൽ വരണം

സ്‌കൂൾ അവധി പ്രഖ്യാപിച്ചെങ്കിലും അദ്ധ്യാപകർ സ്‌കൂളിൽ വരണമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.അടുത്ത വർഷത്തെ മുന്നൊരുക്കങ്ങൾ അദ്ധ്യാപകർ ചെയ്യണം. ആരോഗ്യ വകുപ്പ് നിർദ്ദേശങ്ങൾ പാലിച്ച് അദ്ധ്യാപകർ സ്‌കൂളിൽ വരണമെന്നും സി.രവീന്ദ്രനാഥ് പറഞ്ഞു.

കോവിഡ് 19 ബാധിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യ ഇതുവരെ 948 പേരെ ഒഴിപ്പിച്ചു

കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ വിവിധ വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യക്കാരെയും മറ്റു രാഷ്ട്രങ്ങളിലെ പൗരന്മാരെയും കേന്ദ്ര ഗവൺമെന്റ് തിരിച്ച് നാട്ടിലെത്തിച്ചു. ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘത്തെ ഇന്നലെ (10.03.2020) തിരിച്ചെത്തിച്ചു. 25 പുരുഷന്മാർ, 31 വനിതകൾ, 2 കുട്ടികൾ എന്നിവരടങ്ങുന്നതാണ് സംഘം. ഇവരിലാർക്കും ഇപ്പോൾ രോഗ ലക്ഷണമില്ല.

ഇതുവരെ 948 യാത്രക്കാരെയാണ് കൊറോണ ബാധിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യ ഒഴിപ്പിച്ചത്. ഇതിൽ 900 പേരും ഇന്ത്യൻ പൗരന്മാരാണ്. അവശേഷിക്കുന്ന 48 പേർ മാലദ്വീപുകൾ, മ്യാന്മാർ, ബംഗ്ലാദേശ്, ചൈന, യു.എസ്.എ, മഡഗസ്സ്‌കർ, ശ്രീലങ്ക, നേപ്പാൾ, ദക്ഷിണാഫ്രിക്ക, പെറു എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

നേരത്തെ കോവിഡ്-19 വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ നിന്ന് രണ്ടു പ്രത്യേക വിമാനങ്ങളിലായി 654 പേരെ തിരിച്ചെത്തിച്ചിരുന്നു. ഇവരെ രണ്ടാഴ്ചക്കാലം ഐസലേഷനിൽ പാർപ്പിച്ച് രണ്ടു തവണ ലബോറട്ടറി പരിശോധന നടത്തി. ഫലം നെഗറ്റീവായതിനെത്തുടർന്ന് ഇവരെ ഡിസ്ചാർജ്ജ് ചെയ്യുകയായിരുന്നു. ഫെബ്രുവരി 27 ന് ജാപ്പാനീസ് ക്രൂയിസ് കപ്പലായ ഡയമണ്ട് പ്രിൻസസിലെ 124 യ്ത്രക്കാരെ ഇന്ത്യൻ ഗവൺമെന്റ് തിരിച്ചെത്തിച്ചു. ആദ്യ ഘട്ടത്തിൽ ഇവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP