Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൗരത്വ പ്രക്ഷോഭകരെ കേൾക്കുന്നതിന് പകരം കൈകാര്യം ചെയ്യുന്നതിനെ പറ്റിയാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്; ഇന്ത്യ മതനിരപേക്ഷതയിൽ നിന്ന് മതാധിപത്യത്തിലേക്ക് നീങ്ങുകയാണോ എന്നതാണ് ലോകത്ത് നടക്കുന്ന ചർച്ച; ഇതുതിരിച്ചറിയാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭാ ചർച്ചയിൽ

പൗരത്വ പ്രക്ഷോഭകരെ കേൾക്കുന്നതിന് പകരം കൈകാര്യം ചെയ്യുന്നതിനെ പറ്റിയാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്; ഇന്ത്യ  മതനിരപേക്ഷതയിൽ നിന്ന് മതാധിപത്യത്തിലേക്ക് നീങ്ങുകയാണോ എന്നതാണ് ലോകത്ത് നടക്കുന്ന ചർച്ച; ഇതുതിരിച്ചറിയാൻ  കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭാ ചർച്ചയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: പൗരത്വ പ്രക്ഷോഭകരെ കേൾക്കുന്നതിന് പകരം കൈകാര്യചെയ്യുന്നതിനെ പറ്റിയാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നതെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. ഇന്ത്യ മതനിരപേക്ഷതയിൽ നിന്ന് മതാധിപത്യത്തിലേക്ക് നീങ്ങുകയാണോ എന്നതാണ് ലോകത്ത് നടക്കുന്ന ചർച്ചയെന്നത് തിരിച്ചറിയാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു..ഡൽഹി വംശഹത്യയെ പറ്റി ലോക്‌സഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണകക്ഷി നേതാക്കളുടെ പ്രസംഗം കേൾക്കുമ്പോൾ പാർലമെന്റിലെ ചർച്ചകൊണ്ട് കാര്യമായ ഫലമുണ്ടാവില്ലന്ന് കരുതിപ്പോവുകയാണ്്. നിരത്തുകളിൽ സമരം ചെയ്യുന്നവരെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെ കുറിച്ചാണ് മന്ത്രിമാർ സംസാരിക്കുന്നത്. അവർ എന്തിനാണ് സമരം ചെയ്യുന്നത് എന്നതിനെ പറ്റി അവധാനതയോടെ കേൾക്കാൻ സർക്കാർ തയ്യാറാവുന്നതേയില്ല. അവർക്കെതിരെ വെടിയുതിർക്കുന്നതിനെ പറ്റി പ്രസംഗിക്കുന്നതും മാധ്യമസ്ഥാപനങ്ങളെ നിരോധിക്കുന്നതുമൊക്കെയാണ് നാം കാണുകയും കേൾക്കുകയും ചെയ്യുന്നത്. പ്രക്ഷോഭകരുടെ ആവശ്യങ്ങളെ കേൾക്കാൻ എന്താണ് സർക്കാർ തയ്യാറാവാത്തത്. നമ്മുടെ രാജ്യം ജനാധിപത്യ രാജ്യമല്ലേ. എന്തുകൊണ്ടാണ് രാജ്യത്താകെമാനം ജനങ്ങൾ സമരം ചെയ്യുന്നതെന്ന് എപ്പോഴെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രി ആലോചിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

പ്രക്ഷോഭം സമാധാനപൂർണ്ണമായാണ് നടക്കുന്നത്. കിഴക്കൻ ഡൽഹിയിൽ ചിലർ മനഃപ്പൂർവ്വം പൗരത്വ പ്രക്ഷോഭകർക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ രജസിട്രേഷൻ നടപ്പാക്കില്ലന്ന് നിരവധി സംസ്ഥാനങ്ങൾ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടേതടക്കമുള്ള ആശങ്കകൾ കേൾക്കാൻ തയ്യാറാവുന്നതേയില്ല. രാജ്യത്തെ മുഖ്യ ന്യൂനപക്ഷത്തിന് കേന്ദ്ര സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ നിയമത്തിൽ ആശങ്കകളുണ്ട്. അവർ തങ്ങളുടെ പൗരത്വം അപകടത്തിലാവുമോ എന്ന് ഭയപ്പെടുന്നു. എന്തുകൊണ്ടാണ് സർക്കാർ അവരുടെ ആശങ്കകൾക്ക് ചെവികൊടുക്കാത്തത്. നിരത്തുകളിൽ സമരം ചെയ്യുന്നവരെ എങ്ങനെ കൈകാര്യം ചെയ്തുകളയാം എന്നതിനെ പറ്റിയാണ് ഭരണകക്ഷി എല്ലായ്‌പ്പോഴും സംസാരിക്കുന്നത്. സമരക്കാർ റോഡ് ബ്ലോക്ക് ആക്കുന്നതിലാണ് സർക്കാറിന് വലിയ ആശങ്ക. ഗാന്ധിജിയും മറ്റ് നോതാക്കളും സ്വാതന്ത്ര സമരം നയിച്ചതും ഇങ്ങനെയൊക്കെ തന്നെയായിരുന്നുവെന്നത് ഭരണകക്ഷി ഓർക്കണമെന്നും പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിൽ പറഞ്ഞു.

ഡൽഹിയിൽ അക്രമമരങ്ങേറിയത് ശഹീൻ ബാഗ് ഒഴിപ്പിക്കാൻ വേണ്ടി ചിലർ നൽകിയ അന്ത്യശാസനത്തെ തുടർന്നാണ്. സന്ദർശനവും കഴിഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് മടങ്ങിയാൽ കലാപം സൃഷ്ടിക്കാമെന്ന് ചിലർ കണക്ക് കൂട്ടിയത് അൽപ്പം പിഴച്ച് പോയി എന്നത് ഒഴിച്ച് നിർത്തിയാൽ മുൻകൂട്ടി തയ്യാറാക്കിയ പ്ലാനിങ് അതേപടി നടപ്പാക്കുന്നതാണ് കിഴക്കൻ ഡൽഹിയിൽ കണ്ടത്. രാജ്യത്ത് എന്താണ് നടക്കുന്നത് എന്നത് ലോകത്തിന് മുൻപാകെ വ്യക്തമായി തുറന്ന് കാട്ടുന്നതായിരുന്നു ഡൽഹി കലാപം. ഇന്ത്യ മതനിരപേക്ഷതയിൽ നിന്ന് മതാധിപത്യത്തിലേക്ക് നീങ്ങുകയാണോ എന്നതാണ് ഇന്ന് ലോകത്ത് നടക്കുന്ന ചർച്ചയെന്നത് തിരിച്ചറിയാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വം നഷ്ടപ്പെടുമോ എന്ന ഭീതിയിൽ ജനങ്ങൾ ജീവിക്കുമ്പോൾ അവരുടെ ആശങ്കകൾ പാർലമെന്റിൽ ചർച്ച ചെയ്യാതിരിക്കുന്നത് അംഗീകരിക്കാനാവില്ല; സർക്കാർ ഉത്തരവാദിത്തം മറന്നതിനാലാണ് സഭ തടസ്സപ്പെടുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യത്തെ ജനങ്ങൾ തങ്ങളുടെ പൗരത്വം നഷ്ടപ്പെടുമോ എന്ന ഭയത്തിലാണന്നും പൗരത്വ പ്രശ്‌നത്തിൽ വ്യക്തത നൽകാൻ കേന്ദ്ര സർക്കാറിന് ഉത്തരവാദിത്വമുണ്ടന്നും പികെ കുഞ്ഞാലിക്കുട്ടി. ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച കോൺഗ്രസ് എംപിമാരെ സസ്‌പെന്റ് ചെയ്ത സ്പീക്കറുടെ നടപടിയേേിന്മൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ പ്രതിപക്ഷം പ്രതിജ്ഞാബദ്ധമാണ്. എന്നാൽ രാജ്യത്ത് കലാപമരങ്ങേറിയപ്പോൾ അത് ചർച്ചയ്ക്ക് പോലുമെടുക്കാൻ തയ്യാറാവാതിരുന്ന സർക്കാറിന്റെ നടപടിയാണ് പ്രതിപക്ഷ അംഗങ്ങളെ പ്രതിഷേധിക്കാൻ പ്രേരിപ്പിച്ചത്.

നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുന്നതും കുത്തിയിരിക്കുന്നതും ശ്രമകരവും ബുദ്ദിമുട്ട് നിറഞ്ഞതുമായ കാര്യമാണ്. സീറ്റിലിരുന്ന് ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉയർത്താൻ അനുവദിക്കാത്ത സാഹചര്യമുണ്ടായതാണ് സഭാ നടപടികൾ നിർത്തി വെക്കുന്ന തരത്തിൽ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാൻ അംഗങ്ങളെ നിർബന്ധിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിരവധി മനുഷ്യർ കൊല്ലപ്പെട്ട കലാപമാണ് ഡൽഹിയിൽ അരങ്ങേറിയത്. തങ്ങളുടെ മൂക്കിൻ തുമ്പിൽ നടന്ന ഡൽഹി കലാപം സഭ ഉടൻ ചർച്ചചെയ്യില്ലെന്ന സർക്കാർ നിലപാടാണ് സഭാ നടപടികൾ തടസ്സപ്പെടുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. അതിൽ സർക്കാറിന് കൃത്യമായ പങ്കുണ്ടന്നും അദ്ദേഹം പറഞ്ഞു. എൻആർസി-എൻപിആർ വിഷയത്തിൽ രാജ്യത്തെ ജനങ്ങളുടെ ആശങ്കകൾ നീക്കുന്ന രീതിയിൽ വിശദീകരണം നൽകാൻ കേന്ദ്ര സർക്കാർ മടികാണിക്കുന്നതെന്താണ്. ആർക്കാണ് ജനങ്ങളുടെ പൗരത്വം എടുത്ത് കളയാനുള്ള അവകാശമുള്ളതെന്നും അദ്ദേഹം ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP