Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജ്യോതിരാദിത്യ സിന്ധ്യ ശത്രുപാളയത്തിലേക്ക് ചേക്കേറിയതോടെ രാഹുലിന് നഷ്ടമായത് ഉറ്റചങ്ങാതിയെ; പഠനകാലം മുതൽ ഒപ്പമുണ്ടായിരുന്ന നേതാവ് പാർട്ടി വിട്ടതിന്റെ വിഷമം മറച്ചുവെക്കാതെ മുൻ കോൺഗ്രസ് അധ്യക്ഷൻ; തന്റെ വീട്ടിൽ ഏത് നേരത്തും വരാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന നേതാവായിരുന്നു ജ്യോതിരാദിത്യ എന്നും രാഹുൽ ഗാന്ധി

ജ്യോതിരാദിത്യ സിന്ധ്യ ശത്രുപാളയത്തിലേക്ക് ചേക്കേറിയതോടെ രാഹുലിന് നഷ്ടമായത് ഉറ്റചങ്ങാതിയെ; പഠനകാലം മുതൽ ഒപ്പമുണ്ടായിരുന്ന നേതാവ് പാർട്ടി വിട്ടതിന്റെ വിഷമം മറച്ചുവെക്കാതെ മുൻ കോൺഗ്രസ് അധ്യക്ഷൻ; തന്റെ വീട്ടിൽ ഏത് നേരത്തും വരാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന നേതാവായിരുന്നു ജ്യോതിരാദിത്യ എന്നും രാഹുൽ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിന്റെ പടിയിറങ്ങുമ്പോൾ രാഹുൽ ഗാന്ധിക്ക് നഷ്ടമാകുന്നത് പാർട്ടി നേതാക്കളിൽ ഏറ്റവും അടുപ്പമുണ്ടായിരുന്ന കോൺഗ്രസുകാരനെയും ഉറ്റ സുഹൃത്തിനെയും കൂടിയാണ്. കോളജ് കാലം മുതൽ ആരംഭിച്ച സൗഹൃദത്തിന് കൂടി വിള്ളൽ വീഴ്‌ത്തി ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് ചേക്കേറുമ്പോൾ കൂടുതൽ ദുർബലമാകുന്നത് കോൺഗ്രസ് എന്ന പാർട്ടിക്കൊപ്പം രാഹുൽ ഗാന്ധി എന്ന നേതാവ് കൂടിയാണ്. ദിവസന്തോറും ദുർബലമാകുന്ന കോൺഗ്രസിന് ആയുധവും ആൾബലവും നഷ്ടമാക്കിയാണ് മധ്യപ്രദേശിന്റെ യുവരാജാവ് എതിർപാളയത്തിൽ എത്തിയത്.

അതുകൊണ്ട് തന്നെയാണ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നതിനു പിന്നാലെ വൈകാരിക പ്രതികരണവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്. 'തന്റെ വീട്ടിൽ ഏതു നേരത്തും വരാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന ആളാണ് ജ്യോതിരാദിത്യ സിന്ധ്യ, കോളേജ് കാലം മുതൽ തനിക്കൊപ്പമുണ്ടായിരുന്ന ആളാണ് അദ്ദേഹമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ന്യൂസ് 18 ചാനലിനോടായിരുന്നു രാഹുലിന്റെ പ്രതികരണം. ദൂൻ സ്‌കൂളിൽ രാഹുൽ ഗാന്ധിയുടെ സഹവിദ്യാർത്ഥിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. രാഹുലിന്റെ ഏറ്റവും അടുത്ത സഹായി കൂടിയായ സിന്ധ്യ പ്രിയങ്ക ഗാന്ധിയുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു.

ബിജെപിയിലേക്ക് പോകുന്നതിന് മാസങ്ങൾക്ക് മുൻപ് തന്നെ രാഹുലുമായി കൂടിക്കാഴ്ച നടത്താൻ ജ്യോതിരാദിത്യ സിന്ധ്യ ശ്രമിച്ചിരുന്നുവെന്നും എന്നാൽ രാഹുൽ ഇതിന് തയ്യാറായിരുന്നില്ലെന്ന് സിന്ധ്യയുടെ ബന്ധുവായ പ്രദ്യോത് മാണിക്യ നേരത്തേ ആരോപിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് രാഹുൽ അനുവാദം തന്നില്ല, കേൾക്കാൻ തയ്യാറാവുന്നില്ലെങ്കിൽ പിന്നെന്തിനാണ് ഞങ്ങളെ രാഹുൽ പാർട്ടിയിലേക്ക് കൊണ്ടുവന്നതെന്നും പ്രദ്യോത് ചോദിച്ചു. കാത്തിരുന്നെങ്കിലും കാണാൻ അനുവാദം ലഭിച്ചില്ലെന്ന് ജ്യോതിരാദിത്യ തന്നോട് പറഞ്ഞതായും പ്രദ്യോത് ഫേസ്‌ബുക്കിലെഴുതിയ കുറിപ്പിൽ സൂചിപ്പിച്ചിരുന്നു.

ബുധനാഴ്ചയാണ് കോൺഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നത്. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയിൽ നിന്നും ബിജെപിയുടെ പ്രാഥമികാംഗത്വം സിന്ധ്യ സ്വീകരിച്ചു.2018 ഡിസംബറിൽ കോൺഗ്രസ് മധ്യപ്രദേശിൽ അധികാരത്തിലേറിയതുമുതൽ നേതാക്കൾ തമ്മിൽ തുടരുന്ന തർക്കങ്ങളാണ് സിന്ധ്യയുടെ രാജിയിൽ കലാശിച്ചത്. പി.സി.സി. പ്രസിഡന്റ്സ്ഥാനം വേണമെന്ന് സിന്ധ്യ തുടർച്ചയായി ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി കമൽനാഥ് വിട്ടുനൽകാൻ തയ്യാറായില്ല. കമൽനാഥിന്റെ ഗ്രൂപ്പും രണ്ടുതവണ മുഖ്യമന്ത്രിയായ ദിഗ്‌വിജയ് സിങ്ങിന്റെ ഗ്രൂപ്പും ചേർന്ന് പൂർണമായും തഴയുന്നു എന്നായിരുന്നു സിന്ധ്യ പക്ഷത്തിന്റെ പ്രധാന ആരോപണം. ഇതിനെത്തുടർന്ന്, പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ സർക്കാർ പാലിക്കുന്നില്ലെന്നാരോപിച്ച് സമരം നടത്താനടക്കം സിന്ധ്യ തീരുമാനിച്ചിരുന്നു.

മാർച്ച് 26-ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ തനിക്ക് ആദ്യസീറ്റ് വേണമെന്ന് സിന്ധ്യ ആവശ്യപ്പെട്ടതോടെ തർക്കം രൂക്ഷമായി. മൂന്നുസീറ്റിലേക്കാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പു നടക്കുന്നത്. ഒരംഗത്തെ ജയിപ്പിക്കാൻ 58 പ്രഥമവോട്ടുവേണം. 114 അംഗങ്ങളുള്ള കോൺഗ്രസിനും 107 അംഗങ്ങളുള്ള ബിജെപി.ക്കും ഇതുപ്രകാരം ഓരോ അംഗത്തെ ഉറപ്പായും രാജ്യസഭയിലെത്തിക്കാം. രണ്ടാം സീറ്റിലേക്ക് തങ്ങളെ പിന്തുണയ്ക്കുന്ന ബി.എസ്‌പി.(2), എസ്‌പി. (1), സ്വതന്ത്രർ (4) എന്നിവരുടെ പിന്തുണയോടെ കോൺഗ്രസിനു ജയിക്കാനാവും. ആരെങ്കിലും കാലുവാരിയാൽ ഇക്കാര്യത്തിൽ ഉറപ്പുമില്ല. അതിനാലാണ് ആദ്യസീറ്റിനായി സിന്ധ്യ നിർബന്ധം പിടിച്ചത്. അല്ലെങ്കിൽ പി.സി.സി. അധ്യക്ഷപദവി നൽകണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ, രാജ്യസഭയിൽനിന്നു വിരമിക്കുന്ന ദിഗ്‌വിജയ് സിങ്ങോ മുഖ്യമന്ത്രിയോ അതിനു തയ്യാറായില്ല. രാജ്യസഭയിലെ ആദ്യസീറ്റ് തനിക്കുതന്നെ വേണമെന്നായിരുന്നു ദിഗ്‌വിജയ് സിങ്ങിന്റെ നിലപാട്. സിന്ധ്യ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ടശേഷമാണ് പി.സി.സി. അധ്യക്ഷസ്ഥാനം നൽകാൻ തയ്യാറാണെന്ന് കമൽനാഥ് പ്രഖ്യാപിച്ചത്.

കഴിഞ്ഞയാഴ്ച 10 എംഎ‍ൽഎ.മാരെ കാണാതായ സംഭവത്തിനുപിന്നിലും സിന്ധ്യയുണ്ടെന്നാണ് ഇപ്പോഴത്തെ സൂചന. ഇതിൽ എട്ട് എംഎ‍ൽഎ.മാർക്ക് മന്ത്രിസ്ഥാനം വാഗ്ദാനംചെയ്ത് കമൽനാഥ് തിരികെയെത്തിച്ചു. എങ്കിലും സിന്ധ്യയുടെ ആവശ്യത്തിന്മേൽ തീരുമാനമെടുത്തില്ല. ഇതോടെയാണ് തന്നെ പിന്തുണയ്ക്കുന്ന എംഎ‍ൽഎ.മാരെ പ്രത്യേകവിമാനത്തിൽ സിന്ധ്യ തിങ്കളാഴ്ച ബെംഗളൂരുവിൽ എത്തിച്ചത്.

പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് സിന്ധ്യയെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കിയതായാണ് സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചത്. വടക്കൻ യു.പി.യുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായിരുന്ന സിന്ധ്യ, അധ്യക്ഷസ്ഥാനത്തുനിന്ന് രാഹുൽ രാജിവെച്ചതിനുപിന്നാലെ സ്ഥാനം രാജിവെച്ചിരുന്നു. എങ്കിലും രാജി ഹൈക്കമാൻഡ് സ്വീകരിച്ചിരുന്നില്ല.

മുൻ കേന്ദ്രമന്ത്രിയും നാലുതവണ എംപി.യുമായ ജ്യോതിരാദിത്യ സിന്ധ്യ പാർട്ടിവിട്ടത് സംസ്ഥാനത്തും ദേശീയതലത്തിലും കോൺഗ്രസിന് ഉണ്ടാക്കിയിരിക്കുന്നത് വലിയ ക്ഷീണമാണ്. രാഹുൽ ഒഴിഞ്ഞശേഷം പാർട്ടി ദേശീയ അധ്യക്ഷപദവിയിലേക്കുവരെ പറഞ്ഞുകേട്ട പേരാണ് 49 വയസ്സുള്ള ഈ 'യുവനേതാവി'ന്റേത്. അച്ഛനും കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മാധവറാവു സിന്ധ്യയുടെ 75-ാം ജന്മവാർഷികദിനത്തിലാണ് സിന്ധ്യ കോൺഗ്രസ് വിട്ടത്. മുത്തശ്ശി വിജയരാജെ സിന്ധ്യയും പിതൃസഹോദരിമാരായ രാജസ്ഥാൻ മുന്മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയും യശോധര രാജെ സിന്ധ്യയും ദീർഘകാലം പ്രവർത്തിച്ച പാർട്ടിയിലേക്കാണ് ഒടുവിൽ ജ്യോതിരാദിത്യ സിന്ധ്യയുമെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP