Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദ്യം അടച്ച് പൂട്ടിയ ചൈനീസ് നഗരം പൂർവ സ്ഥിതിയിലേക്ക്; വുഹാനിലും എല്ലാം നേരെയാകുന്നു; കോവിഡിനെ അതിജീവിച്ചുവെന്ന് ഷീ ജിൻ പിങ്; ആപ്പിളിന്റെ 90 ശതമാനം സ്റ്റോറുകളും തുറന്നു; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ട്രാക്കിങ്ങും, റോബോർടിക്‌സ് ചികിൽസയും ഫലം കണ്ടു; തെരുവ് കഴുകി വൃത്തിയാക്കി രോഗാണുക്കളെ അടിച്ചോടിച്ച് ചൈന രക്ഷപ്പെടുമ്പോൾ കൈയും കെട്ടി നിന്ന മറ്റ് രാജ്യങ്ങൾ ദുരിതത്തിലേക്ക്; യൂറോപ്പും അമേരിക്കയും ഇന്ത്യയുമൊക്കെ ചൈനയെ പോലെ രക്ഷപ്പെടുമോ...?

ആദ്യം അടച്ച് പൂട്ടിയ ചൈനീസ് നഗരം പൂർവ സ്ഥിതിയിലേക്ക്; വുഹാനിലും എല്ലാം നേരെയാകുന്നു; കോവിഡിനെ അതിജീവിച്ചുവെന്ന് ഷീ ജിൻ പിങ്; ആപ്പിളിന്റെ 90 ശതമാനം സ്റ്റോറുകളും തുറന്നു; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ട്രാക്കിങ്ങും, റോബോർടിക്‌സ് ചികിൽസയും ഫലം കണ്ടു; തെരുവ് കഴുകി വൃത്തിയാക്കി രോഗാണുക്കളെ അടിച്ചോടിച്ച് ചൈന രക്ഷപ്പെടുമ്പോൾ കൈയും കെട്ടി നിന്ന മറ്റ് രാജ്യങ്ങൾ ദുരിതത്തിലേക്ക്; യൂറോപ്പും അമേരിക്കയും ഇന്ത്യയുമൊക്കെ ചൈനയെ പോലെ രക്ഷപ്പെടുമോ...?

മറുനാടൻ ഡെസ്‌ക്‌

ബെയ്ജിങ്ങ്: കൊറോണ വൈറസ് താണ്ഡവമാടിയതിനെ തുടർന്ന് അടച്ച് പൂട്ടിയിരുന്ന ആദ്യത്തെ ചൈനീസ് നഗരമായ ഖിയാൻജിയാൻഗ് പൂർവസ്ഥിതിയിലേക്ക് തിരിച്ച് പോകാൻ തുടങ്ങിയെന്ന ആശ്വാസജനകമായ റിപ്പോർട്ട് പുറത്ത് വന്നു. ഇവിടുത്തെ ജനജീവിതം ഏതാനും ദിവസങ്ങൾക്കുള്ളിൽ സാധാണ നിലയിലേക്ക് തിരിച്ച് പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. കൊറോണയുടെ പ്രഭവകേന്ദ്രമായ ചൈനീസ് നഗരമായ വുഹാനിലും എല്ലാ നേരെയാകുന്നുവെന്നാണ് റിപ്പോർട്ട്.

കൊറോണ സംഹാരതാണ്ഡവമാടിയ തെരുവുകളെല്ലാം കഴുകി വൃത്തിയാക്കി രോഗാണുക്കളെ അടിച്ചോടിച്ച് ചൈന മടങ്ങുമ്പോൾ കൈയും കെട്ടി നോക്കി നിന്ന മറ്റ് രാജ്യങ്ങൾ കൊറോണയുടെ സംഹാരതാണ്ഡവത്താൽ ദുരിതത്തിലേക്ക് കൂപ്പ് കുത്തുമ്പോഴാണ് ചൈനയിൽ നിന്നും പ്രതീക്ഷാ നിർഭരമായ വാർത്തകളെത്തുന്നത്. യൂറോപ്പും അമേരിക്കയും ഇന്ത്യുയമൊക്കെ ഇത്തരത്തിൽ കൊറോണയുടെ പിടിയിൽ നിന്നും ചൈനയെ പോലെ രക്ഷപ്പെടുമോ എന്ന ചോദ്യവും ഇപ്പോൾ ശക്തമാകുന്നുണ്ട്.

കൊറോണ മരണം വിതക്കാൻ തുടങ്ങിയതോടെ ഖിയാൻജിയാൻഗ് നഗരം ഏതാണ്ട് രണ്ട് മാസത്തോളമായിരുന്നു പുറംലോകത്തിൽ നിന്നും വേർതിരിച്ച് അടച്ച് പൂട്ടി സീൽ ചെയ്തിരുന്നത്. സെൻട്രൽ ഹുബെയ് പ്രവിശ്യയിലെ ഖിയാൻജിയാൻഗ് നഗരത്തിൽ ഏതാണ്ട് ഒമ്പത് ലക്ഷം പേരാണ് വസിക്കുന്നത്. വുഹാനിൽ നിന്നും 186 കിലോമീറ്റർ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. ജനുവരി മുതൽ വുഹാനിലും പരിസരപ്രദേശങ്ങളിൽ നിന്നുമായിരുന്നു കൊറോണ പൊട്ടിപ്പുറപ്പെട്ടിരുന്നത്.ഖിയാൻജിയാൻഗിൽ കൊറോണ പടർന്നതോടെ ഇവിടെ നിന്നും മറ്റിടങ്ങളിലേക്ക് രോഗബാധയുണ്ടാകുന്നത് തടയുന്നതിനായി അധികൃതർ ജനുവരി 17നായിരുന്നു ഈ നഗരത്തെ മറ്റിടങ്ങളിൽ നിന്നും വേർതിരിച്ച് സീൽ ചെയ്തിരുന്നത്.

വുഹാൻ മൊത്തത്തിൽ ആറ് ദിവസമായിരുന്ന മറ്റിടങ്ങളിൽ നിന്നും വേർതിരിച്ച് വച്ച് ഐസൊലേഷന് വിധേമയാക്കിയിരുന്നത്. ഹുബെയ് പ്രവിശ്യയിലെ മിക്കയിടങ്ങളും ഇത്തരം മുൻകരുതൽ പ്രക്രിയ അനുവർത്തിച്ചിരുന്നു. രോഗബാധയിൽ നിന്നും മുക്തമായതോടെ ഖിയാൻജിയാൻഗിലെ ഉൽപാദന പ്രക്രിയകളും സാമൂഹികപ്രവർത്തനങ്ങളും പഴയപടിയാക്കാൻ ഒരുങ്ങുന്നുവെന്നാണ് ഇന്നലത്തെ ഒരു യോഗത്തിന് ശേഷം ഭരണകർത്താക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് ഈ പ്രദേശം ഏതാനും ദിവസങ്ങൾക്കുള്ളിൽ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് പോകുമെന്നും അധികൃതർ ആവർത്തിക്കുന്നു.

കോവിഡിനെ അതിജീവിച്ചുവെന്ന് ഷീ ജിൻ പിങ്

ലോകത്തെയാകെ പരിഭ്രാന്തിയിലാക്കിയ കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട വുഹാൻ നഗരത്തിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്് സന്ദർശിച്ചത് നാട്ടുകാരുടെ അത്മിശ്വാസം ഉയർത്തിയിട്ടുണ്ട്. കോവിഡിനെ വുഹാൻ അതിജീവിച്ചുവെന്ന് ഷീ പ്രഖ്യാപിച്ചു. ഹ്യുബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽ നിന്നാണ് ഡിസംബറിൽ പുതിയ കൊറോണ വൈറസ് ബാധ ലോകമാകെ പടർന്നത്. സ്ഥിതി കൈകാര്യം ചെയ്യുന്നതിൽ തുടക്കത്തിൽ ഷിക്കു വീഴ്ച പറ്റിയെന്നു വിമർശനമുയർന്നിരുന്നു. എന്നാൽ പീന്നീട് തുടർനടപടികളിലൂടെ ലോകാരോഗ്യ സംഘടനയുടെ അടക്കം പ്രശംസ പിടിച്ചുപറ്റി.

മാസ്‌ക് ധരിച്ച്, സൈനികരുടെയും ആരോഗ്യ ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെയാണ് ഷി നഗരത്തിൽ സന്ദർശനം നടത്തിയത്. കോവിഡ് ബാധിതർക്കായി ആരംഭിച്ച താൽക്കാലിക ആശുപത്രിയെലെത്തിയ ഷി ആരോഗ്യ പ്രവർത്തകരെ അഭിസംബോധന ചെയ്തു. ചൈന അതിജീവിച്ചുവെന്ന സന്ദേശം രാജ്യത്തിനകത്തും പുറത്തുമെത്തിക്കുക എന്ന ലക്ഷ്യത്തോടെയായായിരുന്നു പ്രസിഡന്റിന്റെ സന്ദർശനം. ജനുവരി 26 ന് പ്രധാനമന്ത്രി ലി കെചിയാങ് വുഹാൻ സന്ദർശിച്ചിരുന്നു.

ആപ്പിളിന്റെ സ്റ്റോറുകൾ തുറന്നു

രോഗത്തെത്തുടർന്ന് ചൈനയിൽ പൂട്ടിയ പ്രമുഖ കമ്പനിയായ ആപ്പിളിന്റെ 90 ശതമാനം സ്റ്റോറുകളും തുറന്നു.രോഗത്തിന്റെ പ്രധാനകേന്ദ്രമായിരുന്ന ഹുബെയ് പ്രവിശ്യയിൽ ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്കുകൾ നീക്കി. 17 കേസ് മാത്രമാണ് ചൊവ്വാഴ്ച ചൈനയിൽ റിപ്പോർട്ട് ചെയ്തത്. മരണസംഖ്യയിലും വലിയ കുറവാണുള്ളത്. കോവിഡ്19 ചൈനയിൽ നിയന്ത്രണവിധേയമായതിനാൽ സ്റ്റോറുകൾ തുറക്കുമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് തന്നെയാണ് പ്രസ്താവനയിൽ പറഞ്ഞത്. ചൈനയിലുള്ള ആപ്പിളിന്റെ 42 റീട്ടെയ്ൽ സ്റ്റോറിൽ 38 എണ്ണവും തുറന്നു. ജനുവരിയിലാണ് ആപ്പിൾ എല്ലാ സ്റ്റോറുകളും അടച്ചത്.പ്രഭവകേന്ദ്രമായ വുഹാനടങ്ങുന്ന ഹുബെയ്യിൽ രോഗബാധിതരല്ലാത്ത ആളുകൾക്ക് യാത്രാസൗകര്യങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്.

മനുഷ്വത്വ വിരുദ്ധമായ അടിച്ചമർത്തൽ

അതേസമയം എല്ലാവിധ മനുഷ്യാവകാശങ്ങളും ലംഘിച്ചുകൊണ്ടുള്ള അതി ശക്തമായ അടിച്ചമർത്തലിലൂടെയാണ് ചൈന കൊറോണയെ ഏതാണ്ട് മറികടന്നതെന്നും ഉന്നതമായ ജനാധിപത്യമൂല്യങ്ങളിൽ വിശ്വസിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്ക് കഴിയാത്തതും ഇതു തന്നെയാണെന്നാണ് റോയിട്ടേഴ്സിന്റെ എഷ്യാ കറസ്പോണ്ടന്റ് ഡാനി മാർട്ടിൻ വ്യക്തമാക്കുന്നു. സത്യത്തിൽ സ്വന്തം പൗരന്മാരെ ജയിലിൽ അടക്കയാണ് ഇക്കാലത്ത് ചൈന ചെയ്തത്. ഭരണകൂടത്തിന്റെ അടിച്ചമർത്തൽ നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർ നടപ്പാക്കിയത് നിർദയമായിട്ടായിരുന്നു. സംശയം തോന്നിയവരെയൊക്കെ ക്വാറന്റൈൻ ചെയ്തതോടെ ഒറ്റക്കുട്ടികളുള്ള പല കുടുംബങ്ങളിലും ജീവിതം നരകുതുല്യമായി. മാതാവിനെയും പിതാവിനെയും ഐസോലേറ്റ് ചെയ്തതോടെ മരുന്നുകൊടുക്കാൻപോലും ആളില്ലാതെ സെറിബ്രൽപാളിസിയെന്ന അസുഖബാധിതനായി ഒരു കുട്ടി മരിച്ചതും വലിയ വിവാദമായിരുന്നു.

ശുചീകരണം അടക്കമുള്ള സകല സകലകാര്യങ്ങളും പട്ടാളച്ചിട്ടയിലാണ് കാര്യങ്ങൾ നടന്നത്. ഇതിൽ വീഴ്ച വരുത്തുന്നവർക്ക് കഠിന ശിക്ഷയാണ് ചൈന നൽകിയത്. ആരോഗ്യ പ്രവർത്തകർക്കും ചൈന അവധി നൽകിയില്ല. മാസങ്ങളായി ഇവരിൽ പലരും വീട്ടിൽ പോയിട്ട്. മാസ്‌ക്കെല്ലാം ധരിച്ച് ശരീരം ആസകലം മൂടിക്കെട്ടിയശേഷമാണ് ഇവരിൽ പലർക്കും ദിവസങ്ങൾക്കുശേഷം ദൂരെ നിന്ന് സ്വന്തം കുഞ്ഞുങ്ങളെപ്പോലും കാണാൻ അനുവദിച്ചത്. ഇങ്ങനെ പൊട്ടിക്കരയുന്ന ഒരു അമ്മയുടെയും കുഞ്ഞന്റെയും ചിത്രം സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു. മനുഷ്യർ തമ്മിൽ സമ്പർക്കത്തിലാവുന്നത് ഒഴിവാക്കാനായി സാധ്യമായ എല്ലാകാര്യങ്ങളും ചൈന ചെയ്തു. ഹസ്തദാനംപോലും പൂർണ്ണമായി ഉപേക്ഷിച്ചു. പകരം കാലുകൾ തമ്മിൽ ചേർത്ത് മുന്നോട്ട് നീക്കുന്ന പ്രത്യേക അഭിവാദ രീതിയും ചൈന വികസിപ്പിച്ചെടുത്തു.

രോഗികളെ ചികിൽസിക്കാൻ റോബോർട്ടുകൾ

ലോകത്തിലെ ഏറ്റവും സങ്കീർണവും അത്യന്താധുനികവുമായ സർവെയ്ലൻസ് സിസ്റ്റമാണ് കൊറോണ ബാധിതരെ കൃത്യമായി കണ്ടെത്തുന്നതിനായി ചൈന നിലവിൽ ഏർപ്പെടുത്തിയത്. കൊറോണ ബാധിതരെ കൃത്യമായി കണ്ടെത്തുന്നതിനായി ഫേഷ്യൽ റെക്കഗ്‌നിഷ്യൻ ക്യാമറകളും, ആർട്ടിഫിഷ്യൽ ഇന്റലിജൻസും പ്രയോജനപ്പെടുത്തിയുള്ള സിസിടിവി കേന്ദ്രങ്ങൾ ചൈന രാജ്യമെങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്.നേരിയ തോതിൽ പനിയുള്ളവരെ കൂടി തെരുവുകളിൽ വച്ച് തിരിച്ചറിയുന്നതിന് ശേഷിയുള്ള ക്യാമറകളാണ് ഇതിനായി ചൈന പ്രയോജനപ്പെടുത്തിയത്.

തുടർന്ന് ഇത്തരക്കാരെ മറ്റുള്ളവരുമായി ഇടപഴകാനാവാത്ത വിധത്തിൽ ഒറ്റപ്പെടുത്തി താമസിപ്പിക്കുകയാണ് ചെയ്തത്. കൊറോണ ബാധിതനെന്ന് സംശയിക്കുന്ന ഒരാൾ ട്രെയിനിലിൽ കയറിയാൽ ഇയാളുടെ സമീപത്ത് ആരെല്ലാമായിരുന്നു ഇരുന്നതെന്ന ലിസ്റ്റ് നൽകാൻ റെയിൽവേ സിസ്റ്റത്തിന് സാധിക്കുന്ന വിധത്തിലാണ് ചൈനയിൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. വൈറസ് ബാധിച്ച ഒരു പ്രദേശം സന്ദർശിച്ച് മടങ്ങിയ തന്നെ ഇത്തരത്തിൽ ട്രാക്ക് ചെയ്തിരുന്നുവെന്നാണ് ഹാൻഗ്സൗവിലെ ഒരാൾ വെളിപ്പെടുത്തുന്നത്. ഇതിനായി തന്റെ ലൈസൻസ് പ്ലേറ്റിലെ വിവരങ്ങൾ വച്ച് പൊലീസ് തന്നെ ട്രാക്ക് ചെയ്യുകയായിരുന്നുവെന്നാണ് ഇയാൾ പറയുന്നത്.

തുടർന്ന് തന്നോട് രണ്ടാഴ്ച ഒറ്റപ്പെട്ട് അകത്തളങ്ങളിൽ കഴിയാൻ പൊലീസ് നിർദ്ദേശിച്ചുവെന്നും ഇയാൾ പറയുന്നു. എന്നാൽ 12 ദിവസങ്ങൾ അകത്തടച്ചിരുന്നപ്പോൾ ഇയാൾക്ക് ബോറടി താങ്ങാനാവാതെ പുറത്തിറങ്ങിയെന്നും റിപ്പോർട്ടുണ്ട്.ഇയാൾ നേരത്തെ പുറത്തിറങ്ങിയെന്ന് ഹാൻഗ്സൗവിലെ വെസ്റ്റ് ലേക്കിലെ ഫേഷ്യൽ റെക്കഗ്‌നിഷ്യൻ ക്യാമറയിലൂടെ പൊലീസ് മനസിലാക്കുകയും തിരിച്ച് വീട്ടിലേക്ക് പോകാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ചെറിയ തോതിൽ പനിയുള്ളവരെ പോലും ഇത്തരം ക്യാമറകളിലൂടെ തിരിച്ചറിയാൻ സാധിക്കുമെന്നാണ് ചൈനയിലെ സെക്യൂരിറ്റി കമ്പനികൾ പറയുന്നത്.

രോഗികളെ ചികിൽസിക്കാൻ റോബോട്ടുകളുടെ സേവനം ഉപയോഗിച്ച് വൈദ്യാശാസ്ത്ര രംഗത്തും ചൈന വലിയ കുതിച്ച് ചാട്ടം നടത്തി. ബെയ്ജിങിലെ സാങ്കേതിക സർവകലാശാലയിലെ പ്രൊഫസർ സെങ് ഗാങ്ടിയും സംഘവും റോബോട്ടിക്ക് സാങ്കേതികവിദ്യയിലെ തങ്ങളുടെ പ്രാഗത്ഭ്യം കൊറോണ ചികിൽസയിൽ പ്രയോജനപ്പെടുത്തിയത്. ഏതാനും വിദ്യാർത്ഥികളും സംഘത്തോടൊപ്പം ചേർന്നു. തന്റെ സുഹൃത്തും സിങ്വ ചഗുങ് ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്റുമായ ഡോക്ടർ ഡോങ് ജിയോങിന്റെ വിദഗ്ധോപദേശും തേടി.ആഴ്ചകളോളം നീണ്ട ശ്രമങ്ങൾക്കൊടുവിൽ നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന യന്ത്രക്കൈ സംഘം പൂർത്തിയാക്കി. ബഹിരാകാശ പര്യവേഷണത്തിന് ഉപയോഗിക്കുന്ന റോബോട്ടിക് വിദ്യ പരിഷ്‌കരിച്ചാണ് ഈ റോബോട്ടിന്റെ പിറവി. രോഗിയെ കാമറയിലൂടെ തിരിച്ചറിയുന്ന റോബോട്ടിന് മനുഷ്യസഹായം ആവശ്യമില്ല. ശരീരോഷ്മാവ് പരിശോധിക്കുക, മരുന്ന് നൽകുക, ശ്വാസനാളി വൃത്തിയാക്കുക തുടങ്ങിയവ ചെയ്യുന്നതിനൊപ്പം സ്വയം അണുവിമുക്തമാകാനും റോബോട്ടിന് സാധിക്കും.

വില്ലനായി ചൈനീസ് ഇരുമ്പറ

അതേസമയം രോഗം ഈ രീതിയിൽ പടരാൻ ഇടയാക്കിയത് തുടക്കത്തിലെ ചൈന കാണിച്ച അലംഭാവവും അമിതമായ ആത്മവിശ്വാസവും ആയിരുന്നെന്ന് വിമർശനം ഉണ്ട്. പകർച്ചവ്യാധിയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നവരെ ദേശദ്രോഹികളെപ്പോലെയാണ് ചൈനീസ് ഭരണകൂടം പരിഗണിച്ചത്. അതുവരെ 'കേട്ടുകേൾവി' എന്നുപറഞ്ഞ് ഈ മഹാമാരിയെ ഇവർ തള്ളിക്കളയുക ആയിരുന്നു. പകർച്ചവ്യാധിയെക്കുറിച്ചു രാജ്യത്ത് ആദ്യം മുന്നറിയിപ്പു നൽകിയ ഡോക്ടർ ലീ വെൻലിയാങ് (34) കൊറോണ ബാധിച്ചു മരിച്ചതോടെയാണു 'കേട്ടുകേൾവി' എന്ന വാക്കിനു ചൈനയിൽ പുതിയ അർഥങ്ങളുണ്ടായത്. ഡോക്ടറുടെ വിയോഗത്തിലുള്ള ദുഃഖം സമൂഹമാധ്യമങ്ങളിൽ സർക്കാരിനെതിരെയുള്ള പ്രതിഷേധമായി മാറിയതോടെ ഇന്റർനെറ്റ് നിയന്ത്രണം ചൈന നിയന്ത്രണം കടുപ്പിച്ചു. ലീ വെൻലിയാങ്ങിന്റെ മരണത്തിൽ അന്വേഷണത്തിനും ഉത്തരവിട്ടു.

മെസേജിങ് ആപ്പായ വി ചാറ്റിൽ, തന്റെ ഒപ്പം മെഡിക്കൽ പഠനം നടത്തിയവർ അംഗങ്ങളായ അലമ്നൈ ഗ്രൂപ്പിലാണു ലീ വിവരം പങ്കുവച്ചത്. മണിക്കൂറുകൾക്കകം അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ടുകൾ വൈറലായി. പിന്നാലെ അപവാദ പ്രചാരണം ആരോപിച്ചു പൊലീസ് ഉദ്യോഗസ്ഥരെത്തി വെൻലിയാങ്ങിനെ ശാസിച്ചു. അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ ഒരു മാധ്യമപ്രവർത്തകനെ കാണാതായതും ചർച്ചയായി. ചൈനയിലെ വുഹാനിൽനിന്നു കൊറോണ ബാധയുടെ ഭീകരത പുറംലോകത്തെത്തിച്ച മാധ്യമ പ്രവർത്തകരിൽ ഒരാളെ കാണാനില്ലെന്ന പരാതിയും വലിയ വാർത്തയായി.സ്വതന്ത്ര മാധ്യമപ്രവർത്തകരായ ചെൻ ക്വിഷി, ഫാങ് ബിൻ എന്നിവർ വുഹാനിൽനിന്നു മൊബൈൽ ഫോൺ വഴി പുറത്തുവിട്ട വാർത്തകളാണ് കൊറോണ വുഹാൻ നഗരത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്നു ലോകത്തെ അറിയിച്ചത്. ഇവരിൽ ചെൻ ക്വിഷിയെ ആണു കാണാതായത്.

കൊറോണ ബാധ ചൈനീസ് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിക്കും മുൻപേ ലീ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇതിന്റെ പേരിൽ ലീക്കെതിരെ കേസെടുക്കുകയാണ് ഉണ്ടായത്. തുടർന്ന് അദ്ദേഹത്തിനു മാപ്പപേക്ഷ നൽകേണ്ടിവന്നു. മുന്നറിയിപ്പ് ഗൗരവത്തോടെ എടുത്തിരുന്നുവെങ്കിൽ ലീ ഉൾപ്പെടെ ചൈനയിലെ 2900ലേറെ മരണങ്ങൾ കുറയ്ക്കാമായിരുന്നെന്ന അഭിപ്രായമാണു ചൈനക്കാർ പങ്കുവയ്ക്കുന്നത്. ലീയെ പോലുള്ളവർ പങ്കിടുന്ന വിവരങ്ങൾ കേട്ടുകേൾവിയും അപവാദ പ്രചാരണവുമായി കണ്ടു ശിക്ഷിക്കുന്ന നടപടിക്കെതിരെയാണു പ്രതിഷേധം.

'കിംവദന്തി/അഭ്യൂഹം നമ്മുടെ കാലത്തെ പ്രവചനം' എന്ന ഉദ്ധരണിയാണ് കുറച്ചു ദിവസങ്ങളായി ചൈനയിലെ സൈബർ ലോകത്തിൽ ഹിറ്റ്. ഇന്റർനെറ്റിനും ആശയപ്രചാരണത്തിനും രാജ്യത്ത് അധികാരികൾ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണത്തിൽ അസംതൃപ്തരാണു ചൈനക്കാർ. സത്യസന്ധമായ കണക്കുകളും വിവരങ്ങളും മറച്ചുവയ്ക്കാൻ ഇന്റർനെറ്റ് കമ്പനികൾക്കു ചൈന പണം കൊടുക്കുന്നുണ്ടെന്നാണ് ആരോപണം. ഈ സെൻസറിങ് ഇല്ലായിരുന്നെങ്കിൽ ലക്ഷത്തിലേറെ പേർക്കു രോഗം വരില്ലെന്നും ലക്ഷക്കണക്കിനു മനുഷ്യർ തടവുജീവിതം അനുഭവിക്കേണ്ടി വരില്ലെന്നും അഭിപ്രായമുയരുന്നു.

ചൈനയും മാറ്റത്തിന് ഒരുങ്ങുന്നു

കൊറോണയിൽനിന്നുള്ള പാഠങ്ങൾ പഠിച്ചതിന്റെ അടിസ്ഥാനത്തിൽ ചില തിരുത്തൽ നടപടികളും ചൈന തുടങ്ങിയിട്ടുണ്ടെന്ന് ബിബിസി അടക്കമുള്ള ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നാനോ ടെക്‌നോളജി തുടങ്ങിയ വിവിധ മേഖലകളലാണ് ചൈനയുടെ ഇതുവരെയുള്ള ഫോക്കസ്. ആരോഗ്യ-ഗവേഷണ മേഖലയിൽ ചൈന ഇതുവരെ അത്രകാര്യമായിട്ട് ശ്രദ്ധിച്ചിരുന്നില്ല. പുതിയ രോഗബാധയുടെ പശ്ചാത്തലത്തിൽ ഈ മേഖലയിലേക്ക് കൂടുതൽ ഫണ്ട് അനുവദിക്കണമെന്നാണ് ചൈനീസ് പ്രസിഡന്റ് ഷീൻ ജിൻ പിങ്ങിന്റെ തീരുമാനം. വൈറസിനെ പ്രതിരോധിക്കാൻ വാക്സിൻ കണ്ടെത്താനുള്ള ശ്രമത്തിൽ ചൈന റഷ്യയുടെ സഹായം തേടിയിട്ടുണ്ട്. വൈറസിന്റെ ജനിതകഘടന ചൈന റഷ്യയ്ക്ക് കൈമാറിയതായി റഷ്യൻ ഔദ്യോഗിക മാധ്യമം റിപ്പോർട്ടുചെയ്തു. വാക്സിൻ കണ്ടെത്താനുള്ള ശ്രമം തങ്ങളും ആരംഭിച്ചിട്ടുണ്ടെന്നും എന്നാൽ, അതിന് മൂന്നുമാസത്തോളം വേണ്ടിവരുമെന്നും യു.എസ്. വ്യക്തമാക്കി. തദ്ദേശീയമായ വാക്‌സിൻ വികസിപ്പിക്കാൻ ചൈനയും കോടികളുടെ ഫണ്ട് അനുവദിച്ചിട്ടുണ്ട്.

അതുപോലെ തന്നെ ചൈനക്ക് വാർധക്യമാവുന്നുവെന്ന തരിച്ചറിവും കൂടുതൽ യുവജനങ്ങൾ രാജ്യത്തിനുവേണമെന്നും ചൈന ആഗ്രഹിക്കുന്നുണ്ട്. നേരത്തെ ചൈന വൻതോതിൽ വിമർശിക്കപ്പെട്ട ഒറ്റക്കുട്ടി നയം 2015ൽ ഭാഗികമായി എടുത്തുകളഞ്ഞിരുന്നു. പുതിയ രോഗബാധയുടെ അടിസ്ഥാനത്തിൽ ഇത് പൂർണ്ണമായും മാറ്റുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. യു എൻ അടക്കമുള്ള വിവിധ സംഘനകൾ ആവശ്യപ്പെട്ടിട്ടും നടപ്പാവാത്ത മനുഷ്യാവകാശ ലംഘനങ്ങൾ ഒഴിവാക്കാൻ ഒരു സൂക്ഷ്മജീവിക്ക് കഴയുന്നുവെന്നാണ് ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വൈറസ് ബാധയേറ്റ് തകരുന്ന ചൈനീസ് വിപണിയെ രക്ഷിക്കാൻ ഊർജിത നടപടികളാണ് ചൈന പ്രഖ്യാപിച്ചിരിക്കുന്നത്. അവധിക്ക് ശേഷം തുറന്ന ഓഹരി വിപണി തകർച്ച നേരിടുന്ന സാഹചര്യത്തിൽ ചൈനീസ് സാമ്പത്തികരംഗത്തെ രക്ഷിക്കാൻ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന (പിബിഒസി) ഇടപെട്ടിരിക്കുകയാണ്. വിപണിയെ രക്ഷിക്കാൻ 1.2 ലക്ഷം കോടി യുവാൻ (ഏകദേശം 12 ലക്ഷം കോടി രൂപ) ഇറക്കാനാണ് ബാങ്കിന്റെ തീരുമാനം. വായ്പാനിരക്കുകൾ കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധ കാരണം തകർച്ച നേരിട്ട കമ്പനികൾക്കായിരിക്കും സഹായം ലഭിക്കുക. മറ്റു ബാങ്കുകളും ഇത്തരം നടപടികൾ സ്വീകരിക്കണമെന്ന് പിബിഒസി ആവശ്യപ്പെട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP