Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഹുൽ ഗാന്ധിക്ക് നഷ്ടമായത് രാഷ്ട്രീയ നീക്കങ്ങളിലെ വലംകൈ; മധ്യപ്രദേശ് തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി മുഴുവൻ കമൽനാഥിന്റെ നിയന്ത്രണത്തിൽ ആയതു മുതൽ തുടങ്ങിയ പ്രശ്‌നങ്ങൾ; ഗുണ ലോക്‌സഭാ മണ്ഡലത്തിലെ തോൽവിയോടെ ഭിന്നത മൂർച്ഛിച്ചു; നവംബറിൽ ട്വിറ്റർ അക്കൗണ്ടിലെ മേൽവിലാസം തിരുത്തി പ്രതിഷേധ സൂചന നൽകി; രാജ്യസഭാ സീറ്റ് നൽകുന്നതിലും ഉടക്കുവന്നതോടെ രാജിവെച്ച് മറുകണ്ടം ചാടൽ; ജ്യോതിരാദിത്യ സിന്ധ്യ പുറത്തു പോയതോടെ കോൺഗ്രസിലെ 'കിഴവൻ ഗ്യാങി'നെതിരെ പുതുതലമുറയിൽ രോഷം പുകയുന്നു

രാഹുൽ ഗാന്ധിക്ക് നഷ്ടമായത് രാഷ്ട്രീയ നീക്കങ്ങളിലെ വലംകൈ; മധ്യപ്രദേശ് തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി മുഴുവൻ കമൽനാഥിന്റെ നിയന്ത്രണത്തിൽ ആയതു മുതൽ തുടങ്ങിയ പ്രശ്‌നങ്ങൾ; ഗുണ ലോക്‌സഭാ മണ്ഡലത്തിലെ തോൽവിയോടെ ഭിന്നത മൂർച്ഛിച്ചു; നവംബറിൽ ട്വിറ്റർ അക്കൗണ്ടിലെ മേൽവിലാസം തിരുത്തി പ്രതിഷേധ സൂചന നൽകി; രാജ്യസഭാ സീറ്റ് നൽകുന്നതിലും ഉടക്കുവന്നതോടെ രാജിവെച്ച് മറുകണ്ടം ചാടൽ; ജ്യോതിരാദിത്യ സിന്ധ്യ പുറത്തു പോയതോടെ കോൺഗ്രസിലെ 'കിഴവൻ ഗ്യാങി'നെതിരെ പുതുതലമുറയിൽ രോഷം പുകയുന്നു

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: കോൺഗ്രസിലെ യുവതലമുറയിൽ എടുത്തുകാട്ടാവുന്ന വ്യക്തിത്വങ്ങളായിരുന്നു സച്ചിൻ പൈലറ്റും ജ്യോതിരാദിത്യ സിന്ധ്യയും. രാഹുൽ ഗാന്ധിയുടെ ഇടതും വലതും നിന്നു വളർന്ന രണ്ട് നേതാക്കൾ. ഇതിൽ രാഹുലിന് ഇപ്പോൾ വലംകൈ തന്നെയാണ് നഷ്ടമായിരിക്കുന്നത്. ഇതിന് ഇടയാക്കിയ നിഷ്‌ക്രിയത്വത്തിൽ രാഹുൽ ഗാന്ധിക്കുള്ള പങ്കും ചെറുതല്ല. 2018ലെ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ തുടങ്ങിയ അസ്വാരസ്യങ്ങളാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിയിൽ കലാശിക്കാൻ ഇടയാക്കിയത്. ഗാന്ധി കുടുംബവുമായി ഏറ്റവും അടുപ്പമുള്ള വ്യക്തിത്വമായിരുന്നു ജ്യോതിരാദിത്യയുടേത്. അതുകൊണ്ട് തന്നെ ഈ രാജിയുടെ നഷ്ടം വളരെ വലുതാണ്.

ചെറുപ്പം മുതൽ രാഹുൽ ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്ന ജ്യോതിരാദിത്യ, രാഷ്ട്രീയ നീക്കങ്ങളിലെല്ലാം അദ്ദേഹത്തിന്റെ വലംകയ്യായിരുന്നു. എന്നാൽ, 2018 ലെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം സർക്കാരിന്റെയും സംസ്ഥാനത്തെ പാർട്ടിയുടെയും നിയന്ത്രണം പൂർണമായും കമൽനാഥിന്റെ കൈകളിലായി. അന്നു മുതലുള്ള തർക്കങ്ങളാണ് ഇപ്പോൾ ജ്യോതിരാദിത്യയുടെ രാജിയിൽ കലാശിച്ചത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി പ്രിയങ്കയ്‌ക്കൊപ്പം ജ്യോതിരാദിത്യയെയും രാഹുൽ നിയമിച്ചു ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല.

പാർട്ടി പ്രവർത്തക സമിതി യോഗങ്ങളിൽ പ്രിയങ്കയുടെ വലതു വശത്തായിരുന്നു ജ്യോതിരാദിത്യയുടെ സ്ഥാനം. കഴിഞ്ഞ 26നു നടന്ന പ്രവർത്തക സമിതിയിലും ഇരുവരും ഒന്നിച്ചിരുന്നു. യോഗത്തിനുശേഷം, ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തെക്കുറിച്ചു ജ്യോതിരാദിത്യയുടെ ട്വീറ്റുമുണ്ടായി. 2002 ൽ അച്ഛൻ മാധവറാവു സിന്ധ്യയുടെ അപകടമരണ ശേഷം മധ്യപ്രദേശിലെ ഗുണ ലോക്‌സഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ചു രാഷ്ട്രീയ ജീവിതത്തിനു തുടക്കമിട്ട ജ്യോതിരാദിത്യ, 18 വർഷത്തിനു ശേഷമാണു കോൺഗ്രസിൽനിന്നു പടിയിറങ്ങുന്നത്.

മധ്യപ്രദേശിൽ 15 വർഷത്തെ ബിജെപി ഭരണത്തിനു വിരാമമിട്ട് 2018 ഡിസംബറിൽ കോൺഗ്രസ് അധികാരത്തിലേറിയപ്പോൾ മുഖ്യമന്ത്രിസ്ഥാനത്തിനായി ജ്യോതിരാദിത്യ അവകാശവാദം ഉന്നയിച്ചിരുന്നു. അന്നു പാർട്ടി അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധിയുടെ വസതിയിൽ നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിലാണു മുഖ്യമന്ത്രിസ്ഥാനം കമൽനാഥിനു നൽകാൻ ജ്യോതിരാദിത്യ സമ്മതിച്ചത്. ചർച്ചയ്ക്കു ശേഷം ഇരുനേതാക്കളെയും ചേർത്തുപിടിച്ചുള്ള ചിത്രം ട്വിറ്ററിൽ പങ്കുവച്ച രാഹുൽ അടിക്കുറിപ്പിട്ടതു റഷ്യൻ സാഹിത്യകാരൻ ലിയോ ടോൾസ്റ്റോയിയുടെ വാക്കുകൾ: 'ക്ഷമയും സമയവുമാണ് ഏറ്റവും വലിയ പോരാളികൾ'. ക്ഷമ നശിച്ചും കമൽനാഥിനോടു പാർട്ടിക്കുള്ളിൽ പോരാടി സമയം കളയാനില്ലെന്നു തീരുമാനിച്ചുമാണു ജ്യോതിരാദിത്യ പടിയിറങ്ങുന്നത്.

മുഖ്യമന്ത്രിസ്ഥാനത്തിനു പകരമാണു പടിഞ്ഞാറൻ യുപിയുടെ ചുമതല രാഹുൽ നൽകിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഗുണ മണ്ഡലത്തിൽ തോറ്റതോടെ ജ്യോതിരാദിത്യ പാർട്ടിക്കെതിരെ തിരിഞ്ഞു. തോൽവിയിൽ കമൽനാഥിന്റെ രഹസ്യനീക്കങ്ങൾ സംശയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ പരാജയമായപ്പോൾ, യുപിയുടെ ചുമതലയിൽ നിന്ന് ഒഴിഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയതിനെതിരെ കോൺഗ്രസ് പടപൊരുതിയപ്പോൾ, കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് ജ്യോതിരാദിത്യ പാർട്ടിയോടുള്ള എതിർപ്പ് പരസ്യമാക്കി. കഴിഞ്ഞ നവംബറിൽ തന്റെ ട്വിറ്റർ അക്കൗണ്ടിലെ മേൽവിലാസം തിരുത്തിയും അദ്ദേഹം പ്രതിഷേധ സൂചന നൽകി. രാഷ്ട്രീയ വിശേഷണം ഉപേക്ഷിച്ച് 'പൊതുസേവകൻ, ക്രിക്കറ്റ് പ്രേമി' എന്ന പുതിയ ട്വിറ്റർ വിലാസം സ്വീകരിച്ചു.

അമർഷത്തിൽ ജ്യോതിരാദിത്യ പുകഞ്ഞപ്പോൾ, മറുവശത്ത് പിസിസി പ്രസിഡന്റ് പദവിയും ഉപേക്ഷിക്കാൻ ഒരുക്കമല്ലെന്നു കമൽനാഥ് വ്യക്തമാക്കിയതു കാര്യങ്ങൾ സങ്കീർണമാക്കി. ജ്യോതിരാദിത്യ നിർദ്ദേശിച്ചയാളെ പിസിസി പ്രസിഡന്റാക്കാനാകില്ലെന്നു നിലപാടെടുത്ത കമൽനാഥ്, രാജ്യസഭാ സീറ്റ് അദ്ദേഹത്തിനു നൽകുന്നതിനെയും എതിർത്തു. രാജ്യസഭയിലേക്കു താൻ സ്ഥാനാർത്ഥിയായാലും പരാജയപ്പെടുത്താൻ കമൽനാഥ് ശ്രമിക്കുമെന്ന ആശങ്കയും ജ്യോതിരാദിത്യയ്ക്കുണ്ടായി.

ജ്യോതിരാദിത്യ ബിജെപിയുമായി അടുക്കുന്നുവെന്ന സൂചനകൾ വന്നതോടെ അനുനയിപ്പിക്കാൻ ദേശീയ നേതൃത്വം നിർദ്ദേശിച്ചെങ്കിലും ഫോൺ വിളിക്കാൻ പോലും താനില്ലെന്ന് കമൽനാഥ് തുറന്നടിച്ചു. ജ്യോതിരാദിത്യയുടെ രാജിയും ഭരണനഷ്ടവും ഒരുമിച്ചു സംഭവിക്കുമെന്നാകുമ്പോൾ പാർട്ടി സ്തബ്ധമാകുന്ന അവസ്ഥയിലാണ്. ഹിന്ദി ഹൃദയഭൂമിയിലെ കരുത്തുറ്റ നേതാക്കളിലൊരാളായ ജ്യോതിരാദിത്യയെ അനുനയിപ്പിക്കാൻ കഴിഞ്ഞ ഒരു വർഷത്തോളം കാര്യമായ നീക്കങ്ങൾ കോൺഗ്രസ് നടത്താതിരുന്നതാണ്, ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നു കൂടി നഷ്ടമാകുന്ന അവസ്ഥയിലേക്കു കാര്യങ്ങൾ എത്തിച്ചത്. കമൽനാഥും ദിഗ്‌വിജയ് സിങ്ങും കൈകോർത്ത് തനിക്കെതിരെ നടത്തിയ നീക്കങ്ങൾ പാർട്ടി ദേശീയ നേതൃത്വം ഗൗനിക്കുന്നില്ലെന്ന പരാതിയുമായി പലകുറി ജ്യോതിരാദിത്യ ഡൽഹിയിലെത്തിയിരുന്നു. പാർട്ടിയും സർക്കാരുമായുള്ള ഏകോപനം സുഗമമാക്കാൻ ദേശീയ നേതൃത്വം രൂപീകരിച്ച സമിതി ഫലം കാണാതിരുന്നതു സ്വാഭാവികം രണ്ടിന്റെയും തലപ്പത്തു കമൽനാഥായിരുന്നു.

പ്രശ്‌നങ്ങൾ താൻ പരിഹരിച്ചുകൊള്ളാമെന്നും സംസ്ഥാനഭരണം പ്രതിസന്ധിയിലാകില്ലെന്നുമുള്ള കമൽനാഥിന്റെ ഉറപ്പുകൾ വിശ്വസിച്ചു ദേശീയ നേതൃത്വം അനങ്ങാപ്പാറ നയം സ്വീകരിച്ചതോടെ ജ്യോതിരാദിത്യയുടെ അമർഷം ഇരട്ടിച്ചു. അതു മുതലാക്കി, ബിജെപി നടത്തിയ രാഷ്ട്രീയ നീക്കങ്ങളാണ് അദ്ദേഹത്തിന്റെ രാജിയിൽ കലാശിച്ചത്. മധ്യപ്രദേശിൽ നിന്നു സിന്ധ്യയ്ക്കു രാജ്യസഭാ സീറ്റ് നൽകുന്നതിനെ കമൽനാഥ് എതിർത്തപ്പോൾ, ബിജെപി അദ്ദേഹത്തിന് അതു മടിയില്ലാതെ വാഗ്ദാനം ചെയ്തു. 3 സീറ്റിലേക്കാണ് മധ്യപ്രദേശിൽ ഈ മാസം 26നു രാജ്യസഭാ തിരഞ്ഞെടുപ്പ്. 2 സീറ്റ് കോൺഗ്രസിനു ലഭിക്കുമെന്ന കഴിഞ്ഞ ദിവസംവരെയുള്ള സ്ഥിതി ഇനി മാറാം. ലഭിക്കാവുന്ന ഒരു സീറ്റ് ദിഗ്‌വിജയ് സിങ്ങിനു നൽകാൻ പാർട്ടിയും കമൽനാഥും താൽപര്യപ്പെടുക സ്വാഭാവികം.

കാര്യങ്ങൾ കൈവിട്ടു പോയെന്നു കോൺഗ്രസ് ദേശീയ നേതൃത്വം തിരിച്ചറിഞ്ഞ തിങ്കളാഴ്ച രാത്രി നേരിൽക്കാണാൻ പോലുമാകാത്ത വിധം ജ്യോതിരാദിത്യ അകന്നിരുന്നു. രാഹുൽ ഗാന്ധി, സോണിയയുടെ വസതിയിലേക്ക് അർധരാത്രിയോടെ എത്തി പ്രശ്‌നപരിഹാരത്തിന് അവസാനശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല, അനുനയ നീക്കവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ജ്യോതിരാദിത്യ വഴങ്ങിയില്ല. 'ഇനി വയ്യ' എന്ന മറുപടിയിൽ സിന്ധ്യ കോൺഗ്രസ് ജീവിതം അവസാനിപ്പിച്ചു.

അതേസമയം യുവമുഖമായി ജ്യോതിരാദിത്യ സിന്ധ്യയുടെ മലക്കം മറിച്ചിൽ പാർട്ടിയിലെ മറ്റു നേതാക്കളെയും മറുകണ്ടം ചാടാൻ പ്രേരിപ്പിക്കുന്നുണ്ട്. രാഹുൽ ഗാന്ധി രാജിവെച്ചതോടെ കോൺഗ്രസിൽ വീണ്ടും പിടി മുറുക്കിയിരിക്കുന്നത് ആ പഴയ പടതന്നെയാണ്. ഈ കിഴവൻ പടക്കെതിരെയാണ് ഇപ്പോൾ യുവതലമുറയുടെ രോഷം പുകയുന്നതും. കോൺഗ്രസ് ദേശീയ പ്രസിഡന്റ് പദവിയിലേക്കു സോണിയ ഗാന്ധി തിരിച്ചെത്തിയതോടെ പാർട്ടിയിൽ പിടിമുറുക്കിയ പഴയ തലമുറ നേതാക്കളോടു പുതുതലമുറയ്ക്കുള്ള നീരസത്തിന്റെ മുഖമാണു സിന്ധ്യ.

തന്റെ രീതികളെ പാർട്ടിയിൽ ഒരു വിഭാഗം അംഗീകരിക്കുന്നില്ലെന്ന് അടുത്തിടെ തുറന്നടിച്ച രാഹുൽ ഗാന്ധിയിലും കണ്ടത് ഇതേ നീരസം. രാജസ്ഥാനിൽ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അശോക് ഗെലോട്ടിന്റെ രീതികളിൽ യുവനേതാവും ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റും അസ്വസ്ഥനാണ്. തലമുറ യുദ്ധത്തിൽ നീറിപ്പുകയുന്ന കോൺഗ്രസിനെ ഉറപ്പിച്ചു നിർത്തുന്നതിൽ അനുനയത്തിന്റെ മുഖമായ സോണിയ വരും ദിവസങ്ങളിൽ നടത്തുന്ന നീക്കങ്ങൾ നിർണായകമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP