Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊവിഡ് സ്ഥിരീകരിച്ച കുടുംബവുമായി സമ്പർക്കം പുലർത്തിയ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു; പത്തനംതിട്ടയിൽ കോവിഡ് 19 സ്ഥിരീകരിച്ചവർ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തുവിട്ടത് സമ്പർക്കം പുലർത്തിയവർ അറിയിക്കണമെന്ന നിർദേശത്തിൽ; ആരോഗ്യ വകുപ്പ് പുറത്തുവിട്ടത് ഫെബ്രുവരി 29 മുതൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാർച്ച് ആറുവരെ സഞ്ചരിച്ച സ്ഥലങ്ങളുടെ ഫ്ളോ ചാർട്ട്; 980 പേരെ പരിശോധിച്ചുപ്പോൾ 815 പേർക്കും രോഗമില്ല; വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

കൊവിഡ് സ്ഥിരീകരിച്ച കുടുംബവുമായി സമ്പർക്കം പുലർത്തിയ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു; പത്തനംതിട്ടയിൽ കോവിഡ് 19 സ്ഥിരീകരിച്ചവർ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തുവിട്ടത് സമ്പർക്കം പുലർത്തിയവർ അറിയിക്കണമെന്ന നിർദേശത്തിൽ; ആരോഗ്യ വകുപ്പ് പുറത്തുവിട്ടത് ഫെബ്രുവരി 29 മുതൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാർച്ച് ആറുവരെ സഞ്ചരിച്ച സ്ഥലങ്ങളുടെ ഫ്ളോ ചാർട്ട്; 980 പേരെ പരിശോധിച്ചുപ്പോൾ 815 പേർക്കും രോഗമില്ല; വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: സംസ്ഥാനത്ത് ഇന്നലെ എട്ട് കോവിഡ് 19 ബാധ റിപ്പോർട്ടു ചെയ്തതിന് പിന്നാലെ ഇന്ന് കൂടുതൽ കേസുകൾ റിപ്പോർട്ടു ചെയ്യപ്പെടാൻ സാധ്യത. ഇറ്റലിയിൽ നിന്നെത്തിയ കുടുംബവുമായി സന്ദർക്കം പുലർത്തിയ വീട്ടിലെ രണ്ട് മാസം പ്രായമായ കുഞ്ഞിനെയും ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടാതെ കൂടുതൽ പേർ ഇവരുമായി അടുപ്പമുണ്ടായിരുന്നു എന്ന കാരണങ്ങളാൽ ആശുപത്രിയിൽ എത്തിയേക്കുമെന്നും ആരോഗ്യ വകുപ്പ് കണക്കു കൂട്ടുന്നു. അതേസമയം കർശന നടപടികളിലേക്ക് കടന്ന സംസ്ഥാന സർക്കാർ അതീവ ജാഗ്രതയിലാണ്.

രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ വേണ്ടി വിശദമായ റൂട്ട്മാപ്പും തയ്യാറാക്കി. കുടുംബം സഞ്ചരിച്ച വഴികൾ വ്യക്തമാക്കി കൊണ്ടുള്ള ചാർട്ടാണ് പുറത്തുവിട്ടത്. നിശ്ചിത തീയതിയിൽ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളിൽ ഉണ്ടായിരുന്ന വ്യക്തികൾ ആരോഗ്യ വിഭാഗത്തിന്റെ സ്‌കീനിങ്ങിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ ഫ്ളോ ചാർട്ടുകൾ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ടയിൽ കോവിഡ്-19 സ്ഥിരീകരിച്ച ഏഴുവ്യക്തികൾ ഫെബ്രുവരി 29 മുതൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാർച്ച് ആറുവരെയുള്ള ദിവസങ്ങളിൽ സഞ്ചരിച്ച സ്ഥലങ്ങളുടെ ഫ്ളോ ചാർട്ടാണ് പുറത്തുവിട്ടത്. യാത്ര ചെയ്തിട്ടുള്ള പൊതുസ്ഥലങ്ങൾ, അവിടെ അവർ ചിലവഴിച്ച സമയം എന്നീ കാര്യങ്ങളാണ് ഈ ഫ്‌ളോ ചാർട്ടിലൂടെ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

നിശ്ചിത തീയതിയിൽ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളിൽ ഉണ്ടായിരുന്ന വ്യക്തികൾ ആരോഗ്യ വിഭാഗത്തിന്റെ സ്‌കീനിങ്ങിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ ഫ്ളോ ചാർട്ടുകൾ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഈ സമയങ്ങളിൽ ഫ്ളോചാർട്ടിൽ പരാമർശിച്ചിരിക്കുന്ന ഇടങ്ങളിൽ ഉണ്ടായിരിക്കുകയും എന്നാൽ ആരോഗ്യവിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെടാതിരിക്കുകയും ചെയ്തിട്ടുള്ളവർ അധികൃതരെ ബന്ധപ്പെടണം. ഫെബ്രുവരി 29ന് കൂത്താട്ടു കുളത്തെ ആര്യാസ് ഹോട്ടലിൽ നിന്നു തുടങ്ങുന്ന ഫ്‌ളോചാർട്ടാണ് തയ്യാറാക്കിയിരിക്കുന്നത്. തുടർന്ന് ആറാം തിയ്യതി അഡ്‌മിറ്റ് ചെയ്തിരിക്കുന്നത് വരെയുള്ള വിശദമായ ചർട്ട് സർക്കാർ പുറത്തുവിട്ടു.

ആരോഗ്യകേരളം ഫേസ്‌ബുക്ക് പേജിലെ കുറിപ്പ്

പത്തനംതിട്ട ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച എഴു വ്യക്തികൾ 2020 ഫെബ്രുവരി 29 മുതൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാർച്ച് 6 വരെയുള്ള ദിവസങ്ങളിൽ യാത്ര ചെയ്തിട്ടുള്ള പൊതുസ്ഥലങ്ങൾ, അവിടെ അവർ ചിലവഴിച്ച സമയം എന്നീ കാര്യങ്ങളാണ് ഈ ഫ്‌ളോ ചാർട്ടിലൂടെ പ്രസിദ്ധീകരിക്കുന്നത്.

നിശ്ചിത തീയതിയിൽ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളിൽ ഉണ്ടായിരുന്ന വ്യക്തികൾ ആരോഗ്യ വിഭാഗത്തിന്റെ സ്‌കീനിംഗിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ ഫ്ലോ ചാർട്ടുകൾ പ്രസിദ്ധപ്പെടുത്തുന്നത്. അവർക്ക് ബന്ധപ്പെടുവാൻ 9188297118, 9188294118 എന്നീ നമ്പറുകളും നൽകുന്നു.

ഇതിൽ വലിയ വിഭാഗം ആളുകളെ ആരോഗ്യ വിഭാഗം പ്രവർത്തകർ ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചു കാണും. ചില ആളുകളെങ്കിലും നിർഭാഗ്യവശാൽ ആരോഗ്യ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെടാതെ വന്നിട്ടുണ്ടാകും. അത്തരം ആളുകൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിനാണ് ഫോണിൽ ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നത്. എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

പേഷ്യന്റ് കോഡ്: പി 1 ക്ലസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ജില്ലയിൽ രോഗം സ്ഥിരീകരിച്ച ആദ്യ അഞ്ചുപേർ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളുമാണ്(രണ്ടു പേജ്).

പേഷ്യന്റ് കോഡ്: പി 2 ക്ലസ്റ്ററിൽ ഉൾപ്പെട്ടത് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മാർച്ച് 10ന് രോഗം സ്ഥിരീകരിച്ച രണ്ടു പേർ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളുമാണ്.

980 പേരെ പരിശോധിച്ചു; 815 പേർക്കും രോഗമില്ല, ഫലം വരാനുള്ളത് 151

സംസ്ഥാനത്ത് കോവിഡ് സംശയിക്കുന്നവരുടെയും നിരീക്ഷണത്തിലുള്ളവരുടെയും എണ്ണം വർധിക്കുമ്പോഴും പരിശോധനാ ഫലത്തിൽ ഭൂരിഭാഗം പേർക്കും രോഗമില്ലെന്നു സ്ഥിരീകരണം വരുന്നത് ആശ്വാസകരമായി. വ്യാപകമായി പകരുമ്പോഴും കോവിഡിന്റെ മരണനിരക്കും താരതമ്യേന കുറവാണ്. ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളായ 3 പേരുമായി സമ്പർക്കമുണ്ടായ ഭൂരിഭാഗം പേരിലേക്കും രോഗം പകർന്നിട്ടുണ്ടാകുമെന്നാണു വിലയിരുത്തലെന്നു മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഇതിൽ ഭൂരിപക്ഷം പേരെയും രണ്ടു ദിവസം കൊണ്ടു സാധ്യമായ എല്ലാ രീതികളും ഉപയോഗിച്ച് കണ്ടെത്തി നിരീക്ഷണത്തിലാക്കാൻ സാധിച്ചു. മറ്റുള്ളവരെ വൈകാതെ കണ്ടെത്താനാകുമെന്നാണു പ്രതീക്ഷ. രോഗം സ്ഥിരീകരിച്ച മുഴുവൻ പേരും ഇവരുമായി നേരിട്ടു സമ്പർക്കം പുലർത്തിയവരാണ്. പരോക്ഷമായി സമ്പർക്കം പുലർത്തിയ ആർക്കും സ്ഥിരീകരിച്ചിട്ടില്ല.

എറണാകുളത്ത് ചികിത്സയിലുള്ള 3 വയസ്സുകാരനും മാതാപിതാക്കളും സഞ്ചരിച്ച വിമാനത്തിലെത്തിയവരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത് 1495 പേർ. ഇവരിൽ 1236 പേർ വീടുകളിലും 259 പേർ ആശുപത്രികളിലും കഴിയുന്നു. സംശയമുള്ളവരുടെ 980 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 815 എണ്ണം നെഗറ്റിവ് ആണ്. 14 പേർക്കു രോഗം സ്ഥിരീകരിച്ചു. 151 പേരുടെ ഫലം വരാനുണ്ട്. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ പരിശോധനാ സംവിധാനം ഏർപ്പെടുത്തി. കോഴിക്കോട് മെഡിക്കൽ കോളജിൽ 9 പരിശോധനകൾ നടത്തിയതിൽ എല്ലാം നെഗറ്റീവാണ്. തിരുവനന്തപുരത്ത് ഇന്നു പരിശോധന തുടങ്ങും.

തൃശൂർ മെഡിക്കൽ കോളജിലും രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിലും വൈറസ് പരിശോധിക്കാനുള്ള അനുമതി തേടി. കോവിഡ് പ്രതിരോധത്തിന് സ്വകാര്യ ആശുപത്രികളുടെ സഹായവും തേടും. കൂടുതൽ രോഗികൾ വരുന്നതനുസരിച്ച് ആശുപത്രികളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. വിമാനത്താവളത്തിലും പുറത്തുനിന്ന് ആളുകൾ എത്തുന്ന മറ്റു യാത്രാമാർഗങ്ങളിലും നിരീക്ഷണം ശക്തിപ്പെടുത്തും. വിമാനത്താവളങ്ങളിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കും. കോവിഡ് രോഗബാധിതപ്രദേശങ്ങളിൽ നിന്ന് എത്തുന്നവരെ നിരീക്ഷിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും ആശ വർക്കർമാരുടെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും സഹായം തേടും.

കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിച്ചാൽ ശക്തമായ നടപടി. പാലാ ജനറൽ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ പ്രവാസി മുങ്ങി. കൂടുതൽ പരിശോധന നിർദേശിച്ചപ്പോഴാണ് ഇയാൾ കടന്നുകളഞ്ഞത്. ഇറ്റലിയിൽ നിന്നെത്തുന്നവർക്ക് ആരോഗ്യസർട്ടിഫിക്കറ്റ് നിർബന്ധം. ഉപയോഗിച്ച മാസ്‌ക് നശിപ്പിക്കാൻ സംവിധാനം വേണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഉപയോഗിച്ച മാസ്‌കുകൾ ശാസ്ത്രീയമായി സംസ്‌കരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടിയെടുക്കണമെന്നു മുഖ്യമന്ത്രി പിണറായി നിർദ്ദേശം നൽകി. മാസ്‌ക് വലിച്ചെറിയുന്ന അവസ്ഥയുണ്ടാകരുത്.

വാർഡുകൾ തോറും ശേഖരിച്ചു ഹരിതസേന പോലെയുള്ള സംവിധാനങ്ങളുടെ സഹായത്തോടെ നശിപ്പിക്കാം. മാസ്‌ക് ഉപയോഗിക്കുന്നതു സംബന്ധിച്ചു ജനങ്ങൾക്കു തെറ്റിദ്ധാരണയുണ്ട്. ഇക്കാര്യത്തിൽ ആരോഗ്യപ്രവർത്തകർ ബോധവൽക്കരണം നടത്തണമെന്നും കലക്ടർമാരുമായുള്ള വിഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി നിർദേശിച്ചു. പൊതുസ്ഥലങ്ങളിലെല്ലാം സാനിറ്റൈസർ വയ്ക്കണം. സർക്കാർ ഓഫിസുകളിലും സാനിറ്റൈസറുകൾ ഉപയോഗിക്കണം. അനാവശ്യ ഭീതി വേണ്ട. പരിഷ്‌കൃത സമൂഹം കാണിക്കേണ്ട ജാഗ്രത പാലിച്ചാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വയോധികരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്നു മന്ത്രി കെ.കെ. ശൈലജ ഓർമിപ്പിച്ചു.

സ്വയം നിയന്ത്രണം ഏർപ്പെടുത്തി ആരാധനാലയങ്ങൾ

സർക്കാർ നിർദ്ദേശം വന്നതിന് പിന്നാലെ ആരാധനാലയങ്ങളും സ്വയം നിയന്ത്രണവുമായി രംഗത്തുവന്നു. മിക്കയിടങ്ങളിലും കുർബാന അടക്കം വെറും ചെടങ്ങു മാത്രമാക്കി മാറ്റി.

ഓർത്തഡോക്‌സ് സഭ: കുർബാന മാത്രം; യോഗങ്ങളില്ല

കോട്ടയം: ശനി, ഞായർ ദിവസങ്ങളിലെ കുർബാന ഒഴികെ ഓർത്തഡോക്‌സ് സഭയുടെ സമ്മേളനങ്ങൾ, പ്രാർത്ഥനായോഗങ്ങൾ, സൺഡേ സ്‌കൂൾ എന്നിവ ഒഴിവാക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവാ നിർദ്ദേശം നൽകി. കരസ്പർശനത്തിലൂടെ സമാധാനം കൊടുക്കുന്നതും കുരിശിലും ബലിപീഠത്തിലും ചുംബിക്കുന്നതും ഒഴിവാക്കി പകരം തലവണങ്ങുന്ന രീതി സ്വീകരിക്കണം.

രോഗലക്ഷണങ്ങൾ ഉള്ളവരും ആരോഗ്യപരിപാലകർ നിരീക്ഷണത്തിൽ നിർത്തിയിരിക്കുന്നവരും ദേവാലയത്തിൽ വരാതെ ഭവനങ്ങളിൽ പ്രാർത്ഥന നടത്തണം. ദേവാലയങ്ങളിലെ ഉപകരണങ്ങൾ, പാത്രങ്ങൾ എന്നിവ രോഗാണുവിമുക്തമാക്കണം. ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നത് ഒഴിവാക്കണം. ശവസംസ്‌കാരത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുവാൻ ശ്രദ്ധിക്കണം.

യാക്കോബായ സഭ: യോഗങ്ങളില്ല; കൈമുത്തരുത്

കൊച്ചി: സൺഡേ സ്‌കൂൾ, ആത്മീയ യോഗങ്ങൾ, കുടുംബ യൂണിറ്റ്, സുവിശേഷ യോഗങ്ങൾ എന്നിവ ഒഴിവാക്കാൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ നിർദ്ദേശം നൽകി. രോഗ ലക്ഷണമുള്ളവർ പള്ളികളിലും കൂട്ടായ്മകളിലും വരരുത്. കുർബാന സ്വീകരണവും കുമ്പസാരവും രോഗ വിമുക്തിക്കു ശേഷം മതി.

കുർബാന സ്വീകരണത്തിനു ശേഷം വെള്ളം നൽകുന്നതു ഡിസ്‌പോസിബിൾ പാത്രത്തിൽ മതി. വൈദികർ കുമ്പസാരം നടത്തുമ്പോൾ മുഖാവരണം ധരിക്കണം. പള്ളികളിൽ സാനിറ്റൈസറും ഹാൻഡ് വാഷും ലഭ്യമാക്കണം. കൈമുത്തൽ വേണ്ട. കബറുകൾ, തിരുശേഷിപ്പുകൾ, കുരിശുകൾ എന്നിവയെ വണങ്ങിയാൽ മതി, കൈതൊട്ടു ചുംബിക്കേണ്ടതില്ല. പനി, ജലദോഷം, ചുമ എന്നിവയുള്ളവർ ആൾക്കൂട്ടത്തിൽ വരാതിരിക്കുക. ഈ മാസം 31 വരെ ഈ നിർദേശങ്ങൾ പാലിക്കണം.

മാർത്തോമ്മാ സഭ: കുർബാനയില്ല; ആരാധന മാത്രം

തിരുവല്ല: ഈ 31 വരെ, വിവാഹ ശുശ്രൂഷയ്ക്ക് പള്ളിയിൽ പരമാവധി 15 പേരും സംസ്‌കാര ശുശ്രൂഷയ്ക്ക് പള്ളിയിൽ കുടുംബാംഗങ്ങളും മാത്രമേ പങ്കെടുക്കാവൂവെന്ന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത നിർദ്ദേശം നൽകി.

രോഗ ലക്ഷണങ്ങൾ ഉള്ള വ്യക്തികൾ ശുശ്രൂഷകളിൽ പങ്കെടുക്കുന്നില്ല എന്നു ബന്ധപ്പെട്ടവർ ഉറപ്പുവരുത്തണം. കുർബാന, പള്ളി കൂദാശകൾ, ഇടവക സംഘ യോഗങ്ങൾ, നോമ്പ് പ്രാർത്ഥന ഉൾപ്പെടെയുള്ള മറ്റു കൂദാശകളും യോഗങ്ങളും 31 വരെ നടത്താൻ പാടില്ല. എന്നാൽ പരസ്യ ആരാധന, രോഗ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചു വികാരിമാർക്ക് യുക്താനുസരണം ചെറിയ കൂട്ടങ്ങളായി നടത്താം. സ്ഥാപനങ്ങളിലെ വാർഷിക യോഗങ്ങൾ, യാത്രയയപ്പ് യോഗങ്ങൾ, പൊതു പരിപാടികൾ എന്നിവ ഈസ്റ്റർ വരെ മാറ്റിവയ്ക്കണം.

ശബരിമല ഉത്സവം: തീരുമാനം പിന്നീട്

ശബരിമല ഉത്സവം എങ്ങനെ നടത്തണമെന്ന കാര്യത്തിൽ അപ്പോഴത്തെ സാഹചര്യം നോക്കി തീരുമാനമെടുക്കുമെന്ന് ദേവസ്വം ബോർഡ്. 13ന് ആരംഭിക്കുന്ന മാസപൂജ ചുമതലകളുള്ള ഉദ്യോഗസ്ഥരോടു സന്നിധാനത്ത് എത്തേണ്ടതില്ലെന്നു നിർദേശിച്ചിട്ടുണ്ട്. മറ്റു സർക്കാർ വകുപ്പുകൾ തങ്ങളുടെ ഉദ്യോഗസ്ഥരെ അയയ്ക്കില്ല എന്നാണു പ്രതീക്ഷ. തമിഴ്‌നാട്, ആന്ധ്ര അടക്കമുള്ള സംസ്ഥാനങ്ങളിലെ മാധ്യമങ്ങളിലൂടെ ദർശന നിയന്ത്രണത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുമെന്നു പ്രസിഡന്റ് എൻ.വാസു പറഞ്ഞു. ഈ മാസം ശബരിമല യാത്ര ഉദ്ദേശിച്ചിരിക്കുന്ന ഭക്തർ യാത്ര മറ്റൊരു നടതുറപ്പിലേക്കു മാറ്റണം.

വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

കോവിഡ്19 പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ദേശീയോദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും സന്ദർശനം നിരോധിച്ചു. ഇക്കോ ടൂറിസം കേന്ദ്രങ്ങൾ 31 വരെ അടച്ചു. പ്രകൃതിപഠന ക്യാംപുകൾ ഉൾപ്പെടെ റദ്ദാക്കി.

കൊച്ചി വണ്ടർലാ അമ്യൂസ്‌മെന്റ് പാർക്ക് ഇന്നു മുതൽ 20 വരെ അടച്ചിടും.

ശെന്തുരുണി ഇക്കോ ടൂറിസം പദ്ധതി 31 വരെ അടച്ചു. തെന്മല മാൻ പാർക്കിലേക്കു പ്രവേശനം അനുവദിക്കില്ല.

പെരിയാർ വന്യജീവി സങ്കേതത്തിലേയ്ക്കുള്ള പ്രവേശനം 31 വരെ നിരോധിച്ചു. തേക്കടിയിലെ ബോട്ടിങ് നിർത്തി.

കോന്നി ഇക്കോ ടൂറിസം സെന്ററും ആനത്താവളവും തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രവും അടച്ചു.

ആങ്ങമൂഴി ഗവി വഴിയുള്ള സഞ്ചാരികളുടെ പ്രവേശനം നിർത്തി

തൃശൂർ ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇന്നും നാളെയും അടച്ചു.

തൃശൂർ മൃഗശാലമ്യൂസിയത്തിൽ പ്രവേശനമില്ല. പുന്നത്തൂർ ആനക്കോട്ടയിൽ 31 വരെ വിലക്ക്

തുമ്പൂർമുഴി, അതിരപ്പിള്ളി, വാഴച്ചാൽ കേന്ദ്രങ്ങൾ അടച്ചു. മലക്കപ്പാറ മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണം.

പാലക്കാട് ജില്ലയിൽ സൈലന്റ് വാലി ദേശീയോദ്യാനം, പറമ്പിക്കുളം കടുവ സംരക്ഷണകേന്ദ്രം, നെല്ലിയാമ്പതി, ചൂലന്നൂർ മയിൽ സങ്കേതം, ശിരുവാണി എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ 31 വരെ അടച്ചു.

തമിഴ്‌നാട്ടിലെ കൊടൈക്കനാലിൽ നിയന്ത്രണം. കേരളത്തിൽ നിന്നെത്തുന്ന വാഹനങ്ങൾ അണുവിമുക്തമാക്കണം.

നീലഗിരി ജില്ലയിലേക്കുള്ള 9 ചെക്‌പോസ്റ്റുകളിൽ പരിശോധനയും ലഘുലേഖ വിതരണവും നടത്തുന്നുണ്ട്.

ഡ്രൈവിങ് ടെസ്റ്റുകൾ മാറ്റി

സംസ്ഥാനത്ത് ഇന്നു മുതൽ 17 വരെ ഒരാഴ്ചത്തേക്കു മോട്ടർ വാഹന വകുപ്പിന്റെ ലേണേഴ്‌സ്, ഡ്രൈവിങ് ടെസ്റ്റുകൾ മാറ്റിവച്ചു. പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിൽ ഈയാഴ്ച മോട്ടർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് നടപടികൾ പട്രോളിങ് മാത്രമായി ചുരുക്കും. ആവശ്യമെങ്കിൽ രോഗികളെ സുരക്ഷാ മുൻകരുതലുകൾ പാലിച്ച് ആശുപത്രിയിൽ കൊണ്ടുപോകാൻ വകുപ്പിനു കീഴിലെ ഏത് എൻഫോഴ്‌സ്‌മെന്റ് വാഹനവും ഉപയോഗിക്കാം.

സ്വകാര്യ ബസുകളിൽ ഡ്രൈവർ, കണ്ടക്ടർ തുടങ്ങി എല്ലാ ജീവനക്കാരും മുഖാവരണം ധരിച്ചു മുൻകരുതൽ സ്വീകരിക്കണം.

ലളിതകലാ അക്കാദമിയുടെ സംസ്ഥാന വിവിധ ഗാലറികളിൽ നടത്താനിരുന്ന കലയുടെ ദർബാർ പരിപാടി റദ്ദാക്കി. സാഹിത്യ അക്കാദമിയുടെ പ്രധാന കവാടം ഇന്ന് മുതൽ അടച്ചിടും. ഈ മാസം നടത്താനിരുന്ന നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ് അദാലത്ത് ഏപ്രിലിലേക്കു മാറ്റി. 15നു കൊച്ചിയിൽ നടത്താനിരുന്ന സ്പോർട്സ് കേരള മാരത്തൺ മാറ്റിവച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP