Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹ ശുശ്രൂഷയ്ക്ക് പരമാവധി 15 പേരും ശവസംസ്‌ക്കാര ശുശ്രൂഷയ്ക്ക് കുടുംബാംഗങ്ങൾ മാത്രവും; കുർബാന ഒഴികെയുള്ള ആഘോഷങ്ങളും ചടങ്ങുകളും ഒഴിവാക്കി; കുരിശിലും ബലിപീഠത്തിലും ചുംബിക്കുന്നതിനും വിലക്ക്; കൊറോണ വൈറസിന്റെ വ്യാപനം തടയാൻ നിർദ്ദേശങ്ങളുമായി ക്രൈസ്തവ സഭകൾ

വിവാഹ ശുശ്രൂഷയ്ക്ക് പരമാവധി 15 പേരും ശവസംസ്‌ക്കാര ശുശ്രൂഷയ്ക്ക് കുടുംബാംഗങ്ങൾ മാത്രവും; കുർബാന ഒഴികെയുള്ള ആഘോഷങ്ങളും ചടങ്ങുകളും ഒഴിവാക്കി; കുരിശിലും ബലിപീഠത്തിലും ചുംബിക്കുന്നതിനും വിലക്ക്; കൊറോണ വൈറസിന്റെ വ്യാപനം തടയാൻ നിർദ്ദേശങ്ങളുമായി ക്രൈസ്തവ സഭകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മാർത്തോമ്മാ- കത്തോലിക്ക ഇടവകകളിലെ ചടങ്ങുകൾക്ക് സഭാ അധ്യക്ഷന്മാർ നിയന്ത്രണം ഏർപ്പെടുത്തി. ദേവാലയങ്ങളിൽ ഈമാസം 31വരെ നടക്കുന്ന വിവാഹ ശുശ്രൂഷയ്ക്ക് പരമാവധി 15 പേരും ശവസംസ്‌ക്കാര ശുശ്രൂഷയ്ക്ക് കുടുംബാംഗങ്ങൾ മാത്രവും പങ്കെടുക്കാവൂ. രോഗലക്ഷണങ്ങളുള്ളവർ ചടങ്ങുകളിൽ പങ്കെടുക്കുന്നില്ലെന്നു ബന്ധപ്പെട്ടവർ ഉറപ്പുവരുത്തേണ്ടതാണ്. കുർബ്ബാന, പള്ളി കൂദാശകൾ, ഇടവക സംഘയോഗങ്ങൾ, നോമ്പു പ്രാർത്ഥന ഉൾപ്പെടെയുള്ള മറ്റുകൂദാശകളും യോഗങ്ങളും 31വരെ ഒഴിവാക്കി.

എന്നാൽ പരസ്യാരാധന, രോഗപ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിച്ച് വികാരിമാർക്ക് യുക്താനുസരണം ചെറിയ കൂട്ടങ്ങളായി നടത്താം. സ്‌കൂൾ, കോളജ്, മന്ദിരങ്ങൾ തുടങ്ങിയ സ്ഥാപനകളിലെ വാർഷിക യോഗങ്ങൾ, യാത്രയയപ്പ്, പൊതുപരിപാടികൾ, വിനോദ യാത്രകൾ എന്നിവ ഈസ്റ്റർ വരെ ഒഴിവാക്കി. ഏപ്രിൽ 4ന് കൊല്ലം തേവള്ളി സെന്റ് തോമസ്സ് മാർത്തോമ്മാ പള്ളിയിൽ നടത്താനിരുന്ന സഫ്രഗൻ മെത്രാപ്പൊലീത്താ നിയോഗശുശ്രൂഷയും മാറ്റിവച്ചു.

ഹസ്തദാനം ഉൾപ്പെടെയുള്ള സാമൂഹികാചാരക്രമങ്ങളിലും സർക്കാരിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ഭവന- പൊതു സന്ദർശനങ്ങൾ രോഗബാധിതർ പൂർണ്ണമായും ഒഴിവാക്കണം. മറ്റുള്ളവർ അത്യാവശ്യങ്ങൾക്കു മാത്രമായി സന്ദർശനങ്ങൾ പരിമിതപ്പെടുത്തണം. കൊറോണ വൈറസ് ബാധ തടയുന്നതിന് സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടങ്ങളും സ്വീകരിച്ചിട്ടുള്ള മുൻകരുതൽ നടപടികളോട് എല്ലാവരും സഹകരിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യണമെന്നും സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപൊലീത്ത അറിയിച്ചു.

വൈറസ് ബാധയുടെ സാഹചര്യത്തിൽ ഈമാസം 31 വരെ കത്തോലിക്കാ സഭ ആരാധനാലയങ്ങളിലെ കുർബ്ബാന ഒഴികെയുള്ള ആഘോഷങ്ങൾ, കൺവെൻഷനുകൾ, ധ്യാനങ്ങൾ, മീറ്റിങ്ങുകൾ, ഊട്ടു നേർച്ച, മതപഠന ക്ലാസ്സുകൾ, എന്നിവയെല്ലാം ഒഴിവാക്കി. വിവാഹ-സംസ്‌ക്കാര ചടങ്ങുകളിൽ പരമാവധി ആളുകളെ ഒഴിവാക്കണമെന്നും മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ ഗൗരവത്തോടെ പാലിക്കാൻ സഭാംഗങ്ങൾ തയ്യാറാകണമെന്നും മാർ ജോസഫ് പെരുന്തോട്ടം അറിയിച്ചു.

കൊവിഡ് 19 തടയുന്നതിനുള്ള ശ്രമങ്ങൾക്ക് ഓർത്തഡോക്‌സ് സഭയും പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഓർത്തഡോക്‌സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവാ ഇക്കാര്യം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. മലങ്കരസഭയുടെ പള്ളികളിലും പൊതുസ്ഥലങ്ങളിലുമുള്ള സമ്മേളനങ്ങൾ, പ്രാർത്ഥനായോഗങ്ങൾ സൺഡേ സ്‌കൂൾ ക്ലാസ്സുകൾ എന്നിവ ഒഴിവാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ കുർബ്ബാന ഉണ്ടാകും.

കുരിശിലും ബലിപീഠത്തിലും ചുംബിക്കുന്നതും ഒഴിവാക്കി, വണങ്ങുന്ന രീതി സ്വീകരിക്കണം. ദേവാലയങ്ങളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, പാത്രങ്ങൾ, വിശുദ്ധ വസ്തുക്കൾ എന്നിവ രോഗാണുവിമുക്തമാക്കുവാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണം. ശവസംസ്‌കാരത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കണം. ആരാധനയ്ക്കായി വരുന്നവർ ഭക്ഷ്യവസ്തുക്കൾ കൊണ്ടുവരുന്നതും വിതരണം ചെയ്യുന്നതും ഒഴിവാക്കണമെന്നും കാതോലിക്കാ ബാവാ നിർദ്ദേശിച്ചു

പ്രസ്താവന പൂർണരൂപത്തിൽ

കൊറോണ വൈറസ് (കോവിഡ് 19) രോഗവ്യാപനം തടയുന്നതിനുള്ള ശ്രമങ്ങൾക്ക് പരിപൂർണ്ണ പിന്തുണ. വൈറസ് ബാധ മൂലമുണ്ടാകാവുന്ന അപകടങ്ങൾ പ്രവചനാതീതമാണ് എന്നതിനാൽ ലോകം ഇപ്പോൾ വലിയൊരു പ്രതിസന്ധി ഘട്ടത്തിലാണ്. ആരോഗ്യസംരക്ഷണത്തിനും രോഗവ്യാപനം ഇല്ലാതാക്കുവാനുമായി അടിയന്തിരവും കാര്യക്ഷമമവുമായ നടപടികൾ കൈക്കൊള്ളേണ്ടത് അത്യന്താപേക്ഷിതമാണ്. പൊതുസമൂഹം മുഴുവനും ഈ മഹാമാരിയെ പ്രതിരോധിക്കുവാൻ നടത്തുന്ന ശ്രമങ്ങളോട് മലങ്കര ഓർത്തഡോക്സ് സഭ സർവ്വാത്മനാ സഹകരിക്കും.

അതതു രാജ്യങ്ങളിലെ ആരോഗ്യവിഭാഗവും അധികാരികളും നൽകുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുവാൻ സഭാംഗങ്ങൾ ഏവരും ശ്രദ്ധിക്കേണ്ടതാണ്. കേരള സംസ്ഥാനത്ത് ഉള്ള രോഗവ്യാപനം കണക്കിലെടുത്ത് സംസ്ഥാനസർക്കാരിന്റെ ആരോഗ്യവിഭാഗം നൽകുന്ന മുന്നറിയിപ്പുകൾ ഗൗരവപൂർവ്വം ശ്രദ്ധിക്കുകയും മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കുവാൻ പൊതുസമൂഹവും സഭാംഗങ്ങളേവരും സത്വര നടപടി സ്വീകരിക്കണം. ആരാധനയ്ക്കായുള്ള കൂടിവരവുകൾ രോഗവ്യാപനത്തിന് സാധ്യത വർദ്ധിപ്പിക്കുന്നു എന്നതിനാൽ ശനി ഞായർ ദിവസങ്ങളിലെ വി. കുർബ്ബാന ഒഴികെ മലങ്കരസഭയുടെ പള്ളികളിലും പൊതുസ്ഥലങ്ങളിലുമുള്ള സമ്മേളനങ്ങൾ പ്രാർത്ഥനായോഗങ്ങൾ സൺഡേസ്‌കൂൾ ക്ലാസ്സുകൾ എന്നിവ ഇക്കാലയളവിൽ ഒഴിവാക്കണം.

സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും ആതുരാലയങ്ങളും അധികാരികളുടെ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പാക്കണം. ശവസംസ്‌കാരത്തിൽ പങ്കെടുക്കുന്നവരുടെ സംഖ്യ പരമാവധി കുറയ്ക്കുവാൻ ശ്രദ്ധിക്കണം. സർക്കാരിന്റെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ സഭയുടെ ആത്മീയ സംഘടനകളും പ്രസ്ഥാനങ്ങളും ആത്മാർത്ഥമായി സഹകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

രോഗലക്ഷണങ്ങൾ ഉള്ളവരും ആരോഗ്യപരിപാലകർ നിരീക്ഷണത്തിൽ നിർത്തിയിരിക്കുന്നവരും ആരാധനയ്ക്കായി ദേവാലയത്തിൽ എത്തിച്ചേരുന്ന സാഹചര്യം ഒഴിവാക്കി ഭവനങ്ങളിൽ പ്രാർത്ഥന നടത്തുവാൻ ശ്രദ്ധിക്കണമെന്നും കരസ്പർശനത്തിലൂടെ സമാധാനം കൊടുക്കുന്നതും കുരിശിലും ബലിപീഠത്തിലും ചുംബിക്കുന്നതും ഇക്കാലയളവിൽ ഒഴിവാക്കി അതിനുപകരം തലവണങ്ങുന്ന രീതി സ്വീകരിക്കണമെന്നും വി.കുർബ്ബാനാനുഭവം സംബന്ധിച്ച് ഇക്കാലയാളവിനാവശ്യമായ നിയന്ത്രണങ്ങൾ വിശ്വാസികൾ സ്വയം കൈക്കൊള്ളുകയും ഇതുമായി ബന്ധപ്പെട്ട് വൈദികർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ദേവാലയങ്ങളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, പാത്രങ്ങൾ, വിശുദ്ധവസ്തുക്കൾ എന്നിവ രോഗാണുവിമുക്തമാക്കുവാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും ആരാധനയ്ക്കായി കൂടിവരുന്നതിനോടനുബന്ധിച്ച് ഭക്ഷ്യവസ്തുക്കൾ കൊണ്ടുവരുന്നതും വിതരണം ചെയ്യുന്നതും ഒഴിവാക്കണമെന്നും കാതോലിക്കാ ബാവാ നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP