Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; കേരളത്തിൽ ഇന്ന് മാത്രം രോഗബാധ സ്ഥിരീകരിച്ചത് എട്ട് പേർക്ക്; സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത് 14 പേർക്ക്; എറണാകുളത്തെ കുഞ്ഞിന്റെ ആരോഗ്യ നിലയിൽ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ; തമിഴ്‌നാട്ടിലും രണ്ട് മലയാളികൾ നിരീക്ഷണത്തിൽ; കൊറോണയെ ചെറുക്കാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത് സമാനതകളില്ലാത്ത പ്രതിരോധ പ്രവർത്തനങ്ങൾ; കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള സർക്കാർ നടപടികളെ സ്വാഗതം ചെയ്ത് ജനങ്ങളും

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; കേരളത്തിൽ ഇന്ന് മാത്രം രോഗബാധ സ്ഥിരീകരിച്ചത് എട്ട് പേർക്ക്; സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത് 14 പേർക്ക്; എറണാകുളത്തെ കുഞ്ഞിന്റെ ആരോഗ്യ നിലയിൽ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ; തമിഴ്‌നാട്ടിലും രണ്ട് മലയാളികൾ നിരീക്ഷണത്തിൽ; കൊറോണയെ ചെറുക്കാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത് സമാനതകളില്ലാത്ത പ്രതിരോധ പ്രവർത്തനങ്ങൾ; കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള സർക്കാർ നടപടികളെ സ്വാഗതം ചെയ്ത് ജനങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധയെ തുടർന്ന് എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ മാതാപിതാക്കൾക്കാണ് രോഗം സ്ഥിരീകരികരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്ത് ഇന്ന് മാത്രം എട്ട് പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14 ആയി.

അതേസമയം, എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ പേടിക്കത്തക്ക ഒന്നുമില്ലെന്ന് കലക്ടർ എസ്. സുഹാസ് വ്യക്തമാക്കി. കുഞ്ഞിന് ഇറ്റാലിയൻ ഭക്ഷണമാണ് ഇഷ്ടം. അതു കൊടുക്കുന്നുണ്ട്. എറണാകുളം ജില്ലയിൽ ഇപ്പോൾ 17 പേർ ഐസലേഷനിലുണ്ട്. നിലവിൽ നിരീക്ഷണത്തിൽ ഉള്ള ആർക്കെങ്കിലും രോഗലക്ഷണം കാണിച്ചാൽ തൊട്ടടുത്തുള്ള ഗവൺമെന്റ് ആശുപത്രിയിലേയ്ക്കു വിളിക്കണം. നേരിട്ടു പോകുന്നതിനു ശ്രമിക്കരുത്. ജില്ലയിലെ സാഹചര്യം നിയന്ത്രണത്തിലാണ്. എന്നിരുന്നാലും പൊതുജനം ശ്രദ്ധയോടെ മുന്നോട്ടു പോകണമെന്നും കലക്ടർ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് രാവിലെ ആറ് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇറ്റലിയിൽ നിന്ന് വന്ന റാന്നിയിലെ കുടുംബവുമായി സമ്പർക്കം പുലർത്തിയവരാണ് ഇന്ന് രാവിലെ രോഗം സ്ഥിരീകരിച്ച ആറ് പേരും. ഇറ്റലിയിൽ നിന്ന് എത്തിയ കുടുബത്തെ സ്വീകരിക്കാൻ എയർപോർട്ടിൽ പോയ രണ്ട് പേർക്കും, വീട്ടിലെ പ്രായമായ അച്ഛനും അമ്മക്കും, റാന്നിയിൽ തന്നെ കുടുംബവുമായി അടുത്തിടപഴകിയ മറ്റ് രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

അച്ഛനും അമ്മയും അടക്കം നാല് പേർ കോട്ടയത്താണ് ചികിത്സയിലുള്ളത്. റാന്നി സ്വദേശികളായ രണ്ട് പേരെ കോഴഞ്ചേരി സർക്കാർ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാക്കിയിരിക്കുകയാണ്. എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്ന വിവരമാണ് ആരോഗ്യ പ്രവർത്തകർ നൽകുന്നത്.

ഇന്ന് രോഗം സ്ഥിരീകരിച്ച എട്ട് പേരും നേരത്തെ രോഗം സ്ഥിരീകരിച്ച ആറ് പേരും അടക്കം 14 പേരാണ് വൈറസ് ബാധിതരായി സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്. ആകെ 1116 പേർ സംസ്ഥാനത്തുകൊവിഡ് 19 മായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇവരിൽ തന്നെ 149 പേർ ആശുപത്രിയിൽ ആണ്

ചെന്നൈയിലും രണ്ട് മലയാളികൾ

കൊറോണ വൈറസ് ബാധയെന്ന സംശയത്തിൽ തമിഴ്‌നാട്ടിൽ രണ്ട് മലയാളികൾ നിരീക്ഷണത്തിൽ. രോഗലക്ഷണങ്ങളെ തുടർന്ന് രണ്ടുപേരെയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. മധുരയിൽ ജോലി ചെയ്യുന്ന പുനലൂർ സ്വദേശിയാണ് തമിഴ്‌നാട്ടിൽ ഇന്ന് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചവരിൽ ഒരാൾ. ചെന്നൈ രാജാജി സർക്കാർ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. മധുരയിൽ ജോലി ചെയ്യുന്ന ഇയാൾ ഇറ്റലി, സ്വിറ്റ്സർലൻഡ് സന്ദർശത്തിന് ശേഷം ഡൽഹിയിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പാണ് തിരികെയെത്തിയത്. മലേഷ്യയിൽ നിന്ന് കോയമ്പത്തൂരിലെത്തിയ തൃശൂർ സ്വദേശിയാണ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച രണ്ടാമത്തെയാൾ. ഇരുവരുടേയും രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

കേരളം അതീവ ജാഗ്രതയിൽ

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേരളം അതീവ ജാഗ്രതയിലാണ്. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം സാഹചര്യം വിലയിരുത്തി. സംസ്ഥാനത്തെ സ്‌കൂളുകൾക്കും കോളജുകൾക്കും ഈ മാസം മുഴുവൻ അവധി പ്രഖ്യാപിച്ചു. ആളുകൾ കൂടി നിൽക്കുന്ന സ്ഥലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ സംവിധാനങ്ങൾ നിർബന്ധിതമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു . ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ എല്ലാ സ്‌കൂളുകളും അടച്ചിടും. സിബിഎസ്ഇ ഐസിഎസ്ഇ സിലബസുകൾക്കും ഇത് ബാധകമായിരിക്കും. സ്‌പെഷ്യൽ ക്ലാസുകളും അവധിക്കാല ക്ലാസുകളും എല്ലാം ഒഴിവാക്കണം. മദ്രസകളും അങ്കണവാടികളും എല്ലാം അടച്ചിടണം. കോളേജുകളും ഈ മാസം മുഴുവൻ അടച്ചിടും.

മതപരമായ ചടങ്ങുകളും ക്ഷേത്രോത്സവങ്ങളും പള്ളി പരിപാടികളും അടക്കം ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ എല്ലാം ആളുകൂടുന്നത് ഒഴിവാക്കി ചടങ്ങുമാത്രമാക്കാനാണ് നിർദ്ദേശം. ശബരിമലയിൽ പൂജാ കർമ്മങ്ങളെല്ലാം മുടക്കമില്ലാതെ നടത്തി ദർശനം ഒഴിവാക്കാൻ നിർദ്ദേശിക്കുന്ന വിധത്തിലാണ് ക്രമീകരണം. ആളുകൂടുന്ന വിവാഹങ്ങൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ ഓഫീസുകളിൽ രോഗബാധ ഒഴിവാക്കാൻ നടപടി എടുക്കും. സർക്കാർ പൊതുപരിപാടികൾ മുഴുവൻ മാറ്റിവക്കും. രോഗവിവരങ്ങളോ യാത്രാ വിവരങ്ങളോ മറച്ചു വക്കരുതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചപ. രോഗസാധ്യതയുള്ളവരുടെ ചെറിയൊരു അലംഭാവം മതി കാര്യങ്ങൾ കൈവിട്ട് പോകാനെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

പ്രധാന തീരുമാനങ്ങൾ:

1. ഏഴാം ക്ലാസുവരെ പരീക്ഷയില്ല.
2. എട്ട് മുതൽ അതീവ സുരക്ഷാ മുൻകരുതലോടെ പരീക്ഷ.
3. സി.ബി.എസ്.ഇ ഉൾപ്പെടെ എല്ലാ സ്‌കൂളുകളും കോളജ്, മദ്‌റസ, അംഗൻവാടി, പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ മാർച്ച് 31 വരെ അടച്ചിടും.
4. രോഗ ലക്ഷണങ്ങളുള്ളവരെ പരീക്ഷ എഴുതിക്കില്ല.
5. ട്യൂഷൻ, സ്‌പെഷൽ ക്ലാസുകൾ തുടങ്ങിയവക്കും മാർച്ച് 31 വരെ അവധി
6. എല്ലാ വിഭാഗങ്ങളുടെയും ഉത്സവങ്ങൾ ഒഴിവാക്കണം. ജനങ്ങളുടെ അനിയന്ത്രിതമായ കൂടിച്ചേരൽ അപകടം സൃഷ്ടിക്കും.
7. തിയറ്ററുകളും നാടകശാലകളും അടച്ചിടും. കലാ സാംസ്‌കാരിക പരിപാടികൾ ഒഴിവാക്കും.
8. സർക്കാർ ഓഫിസുകളിൽ രോഗബാധ നിയന്ത്രിക്കാൻ മുൻകരുതലെടുക്കും.
9. വിവാഹം ചടങ്ങുകൾ മാത്രമായി ലളിതമാക്കണം. കൂടുതൽപേർ ഒത്തുചേരുന്നത് ദോഷം ചെയ്യും.
10. ശബരിമലയിൽ നിത്യപൂജ മാത്രം നടത്തുക. ദർശനത്തിന് പോകുന്നത് ഒഴിവാക്കുക.
11. സർക്കാർ പൊതു പരിപാടികൾ എല്ലാം ഒഴിവാക്കും
12. ഇറ്റലി, ഇറാൻ, സിങ്കപ്പൂർ തുടങ്ങിയ രോഗബാധിത രാജ്യങ്ങളിൽനിന്ന്? വരുന്നവർ സ്വമേധയാ നിരീക്ഷണത്തിന് വിധേയമാകണം. സർക്കാർ സംവിധാനങ്ങളെ ബന്ധപ്പെടണം. മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടരുത്.
13. യാത്രാവിവരങ്ങൾ ആരും മറച്ചുവെക്കരുത്. അത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കും. ആദ്യം രോഗം ബാധിച്ച ഇറ്റലിയിൽനിന്ന് വന്നവരുടെ അലംഭാവമാണ് സ്ഥിതി വഷളാക്കിയത്.
14. സ്വകാര്യ ആശുപത്രികളുടെ സേവനവും ഉപയോഗിക്കും.
15. വിമാനത്താവളങ്ങളിൽ കൂടുതൽ നിരീക്ഷണവും ഇടപെടലും നടത്തും.
16. ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ സ്രവ പരിശോധന സൗകര്യം. വിമാനത്താവളങ്ങളിലും ഈ സൗകര്യം ഏർപ്പെടുത്തും.
17. നിരീക്ഷണത്തിലുള്ള കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ കലക്?ടർമാർക്ക് നിർദ്ദേശം നൽകി.
18. വിദേശികൾ കേരളത്തിലെത്തിയാൽ അറിയിക്കണം.
19. മാസ്‌കുകളും സാനിറ്റെസറും കൂടുതൽ ഉൽപാദിപ്പിക്കും.
20. യാത്ര മുടങ്ങുന്നത് മൂലം വിദേശത്ത് ജോലി ചെയ്യുന്നവർ നേരിടുന്ന പ്രയാസം പരിഹരിക്കും. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാറുമായി സംസാരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP