Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ രോഗി വന്നെന്നു പറഞ്ഞാൽ ക്ലിനിക്കിലേക്ക് ആരെങ്കിലും വരുമോ എന്ന ചോദ്യത്തിന് പിന്നാലെ കേട്ടത് ഉടമയുടെ ശകാരം; ഒപ്പം ജോലിയും തെറിപ്പിച്ചു; ആരോഗ്യ വകുപ്പ് അനാസ്ഥ കാട്ടിയെന്നും രോഗി ഖത്തറിലേക്ക് കയറിപ്പോയെന്നും പോസ്റ്റ് ഇട്ടപ്പോൾ നിയമനടപടിയുമായി ആരോഗ്യവകുപ്പും; രോഗിക്ക് കൊറോണയുണ്ടോ എന്ന് ഉറപ്പുവരുത്താനാണ് ശ്രമിച്ചത്; ജാഗ്രത കാട്ടിയപ്പോൾ ക്രൂശിക്കുന്ന അനുഭവമെന്നു മറുനാടനോട് പ്രതികരിച്ച് ഡോക്ടർ ഷിനു ശ്യാമളൻ; കൊറോണ കാലത്തെ വിവാദം ഇങ്ങനെ

കൊറോണ രോഗി വന്നെന്നു പറഞ്ഞാൽ ക്ലിനിക്കിലേക്ക് ആരെങ്കിലും വരുമോ എന്ന ചോദ്യത്തിന് പിന്നാലെ കേട്ടത് ഉടമയുടെ ശകാരം; ഒപ്പം ജോലിയും തെറിപ്പിച്ചു; ആരോഗ്യ വകുപ്പ് അനാസ്ഥ കാട്ടിയെന്നും രോഗി ഖത്തറിലേക്ക് കയറിപ്പോയെന്നും പോസ്റ്റ് ഇട്ടപ്പോൾ നിയമനടപടിയുമായി ആരോഗ്യവകുപ്പും; രോഗിക്ക് കൊറോണയുണ്ടോ എന്ന് ഉറപ്പുവരുത്താനാണ് ശ്രമിച്ചത്; ജാഗ്രത കാട്ടിയപ്പോൾ ക്രൂശിക്കുന്ന അനുഭവമെന്നു മറുനാടനോട് പ്രതികരിച്ച്  ഡോക്ടർ ഷിനു ശ്യാമളൻ; കൊറോണ കാലത്തെ വിവാദം ഇങ്ങനെ

എം മനോജ് കുമാർ

തൃശ്ശൂർ: കൊറോണ രോഗം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ജോലി പോയ തൃശൂരിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഖത്തറിൽ ജോലിയുള്ള മലയാളി പനി ബാധിതനായി മുന്നിൽ വന്നപ്പോൾ കൊറോണ സംശയം ഉന്നയിച്ചതിന്റെ പേരിലാണ് ഡോക്ടർ ഷിനു ശാമ്യളന് ക്ലിനിക്കിലെ ജോലി പോയത്. ഈ വിവരം പുറത്ത് അറിഞ്ഞാൽ ക്ലിനിക്കിലേക്ക് ആരെങ്കിലും വരുമോ എന്ന് ചോദിച്ച് ശകാരിച്ച ശേഷമാണ് ക്ലിനിക്ക് ഉടമ ഡോക്ടറെ ജോലിയിൽ നിന്നും ഒഴിവാക്കിയത്. ഡോക്ടർ ഫെയ്‌സ് ബുക്ക് പോസ്റ്റ് നടത്തിയതോടെ ഈ പ്രശ്‌നം അതിവേഗം വൈറലായി മാറി. ഡോക്ടറെ അനുകൂലിച്ചും എതിർത്തും സോഷ്യൽ മീഡിയകളിൽ വാദമുഖങ്ങൾ മുറുകുകയാണ്. ഇതോടെ ആരോഗ്യവകുപ്പും രംഗത്ത് വന്നിട്ടുണ്ട്. ആരോഗ്യവകുപ്പ് നടപടിയെടുത്തില്ല, രോഗി ഖത്തറിലേക്ക് കയറിപ്പോയി എന്ന ഷിനു ശ്യാമളന്റെ ഫെയ്‌സ് ബൂക്ക് പോസ്റ്റ് പരാമർശമാണ് ആരോഗ്യവകുപ്പിനെ ചൊടിപ്പിച്ചത്. കൊറോണയുമായി ബന്ധപ്പെട്ട് ഷിനു പ്രചരിപ്പിക്കുന്നത് അപകീർത്തികരമായ വാർത്തയാണ്. ഷിനു ശ്യാമളനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് തൃശ്ശൂർ ഡിഎംഒ ഓഫീസ് വ്യക്തമാക്കുന്നത്. ഷിനു പറഞ്ഞ രോഗി നേരത്തെ തന്നെ നിരീക്ഷണത്തിലുള്ള ആളായിരുന്നെന്നാണ് ഡിഎംഒ ഓഫീസിന്റെ പക്ഷം. കൊറോണ കേരളത്തെ ഗ്രസിക്കുമ്പോൾ കൊറോണയ്ക്ക് ഒപ്പം മറുതലയ്ക്കൽ വിവാദവും കൂടി പടർന്നു പിടിക്കുകയാണ് എന്ന് ഈ സംഭവവികാസങ്ങൾ സൂചന നൽകുന്നു

മലയാളികളുടെ സാമൂഹ്യ പ്രതിബദ്ധതയെ കുറിച്ചുള്ള ചുട്ടുനീറ്റുന്ന ചോദ്യശരങ്ങളാണ് കൊറോണകാലത്തും കേരളത്തിൽ ഉയരുന്നത്. സാമൂഹ്യ പ്രതിബദ്ധതയുടെ പേരിലാണ് ഡോക്ടർക്ക് ജോലി നഷ്ടമായത്. സമൂഹത്തോട് തനിക്കുള്ള പ്രതിബദ്ധത തന്നെയാണ് ജോലി നഷ്ടമാക്കിയത് എന്നതാണ് ഡോക്ടറും ഉയർത്തിക്കാട്ടുന്നത്. കൊറോണ സംശയം ഉയർത്തിയതിനെ തുടർന്ന് രോഗികൾ ഈ ക്ലിനിക്കിലേക്ക് വരുമോ എന്ന സംശയമാണ് ഉടമ പ്രകടിപ്പിച്ചത്. അത് പിന്നെ ശകാരത്തിലെക്ക് നീങ്ങുകയും ഡോക്ടറുടെ ജോലി തെറുപ്പിക്കുകയും ചെയ്തു. ഒരു തെറ്റും ചെയ്യാതെ ജോലി നഷ്ടമായ ഈ ഘട്ടത്തിൽ തന്നെയാണ് ഡോക്ടർ ഷിനു ശ്യാമളൻ മറുനാടൻ മലയാളിയുമായി സംസാരിച്ചത്. കൊറോണ കാലത്ത് സാമൂഹ്യ പ്രതിബദ്ധത നമുക്ക് ഒഴിവാക്കി നിർത്താമോ? ഡോക്ടർ ചോദിക്കുന്നു. ക്ലിനിക്കിന്റെ പേര് പുറത്തു വിട്ടിട്ടില്ല. പിന്നെ എങ്ങനെ എന്നെ തെറുപ്പിക്കും? ഞാൻ ചെയ്തതിൽ ഒരു തെറ്റുമില്ല. ഇനിയും ഇത്തരം കാര്യങ്ങളിൽ ശബ്ദിക്കും-പത്തനംതിട്ട സ്വദേശിയായ ഡോക്ടർ പറയുന്നു.

കൊറോണവൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ യാത്രാ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം കർശന നടപടി എടുക്കുമെന്നാണ് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ നൽകുന്ന മുന്നറിയിപ്പ്. ഇവർക്കെതിരെ മനഃപൂർവ്വം പകർച്ചവ്യാധി പടർത്തുന്നതായി കണക്കാക്കി കേസെടുക്കും. പിഴയും ശിക്ഷാ നടപടിയും പിന്നാലെ ഉണ്ടാകുമെന്നാണ് ഈ കാര്യത്തിൽ സർക്കാർ നൽകുന്ന മുന്നറിയിപ്പ്. പക്ഷെ കൊറോണ കാര്യത്തിൽ ജാഗ്രത കാണിച്ചപ്പോൾ തൃശൂരിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർക്ക് ജോലി തന്നെ നഷ്ടമായി. ഇതുകൊണ്ട് തന്നെയാണ് പ്രശ്‌നം സോഷ്യൽ മീഡിയയിൽ പുകയുന്നത്. ഈ പ്രശ്‌നത്തിൽ ഡോക്ടറെ അനുകൂലിച്ചു കൊണ്ടുള്ള വാദമുഖങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. ഖത്തറിൽ നിന്നും വന്ന രോഗിക്ക് പനിയും ശ്വാസ തടസവും വന്നപ്പോൾ കൊറോണയാണോ എന്ന സംശയമാണ് ഡോക്ടറായ ഷിനു ശ്യാമളൻ ഉന്നയിച്ചത്. രോഗിയോട് ഈ കാര്യം ഉന്നയിച്ചപ്പോൾ രോഗി സ്ഥലം കാലിയാക്കി. ഡോക്ടർ ഇവർ വന്ന കാറിന്റെ നമ്പർ സഹിതം പൊലീസിനും ആരോഗ്യവകുപ്പ് അധികൃതർക്കും വിവരം കൈമാറി. കാര്യങ്ങൾ അറിഞ്ഞപ്പോൾ ക്ലിനിക്ക് ഉടമ ഡോക്ടറെ ജോലിയിൽ നിന്നും പിരിച്ചു വിടുകയും ചെയ്തു. തെറിവിളി തന്നെ ക്ലിനിക്ക് ഉടമ ഈ കാര്യത്തിൽ തനിക്ക് നേരെ നടത്തി എന്നാണ് ഷിനു ശ്യാമളൻ മറുനാടൻ മലയാളിയോട് പറഞ്ഞത്. എന്ത് തെറ്റ് ചെയ്തതിന്റെ പേരിലാണ് തനിക്ക് ഈ ജോലി നഷ്ടമായതെന്നാണ് ഡോക്ടർ ഉയർത്തുന്ന ചോദ്യം.

ഷിനു ശ്യാമളൻ മറുനാടന് നൽകിയ പ്രതികരണം:

കൊറോണ സമയത്ത് നമ്മൾ ജാഗ്രത കാട്ടിയേ തീരൂ. സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നും ഇത്തരം നിർദ്ദേശമാണ് ഉയരുന്നത്. ഞാൻ ജാഗ്രത കാട്ടിയപ്പോൾ ജോലി ചെയ്ത ക്ലിനിക്ക് എന്നെ ക്രൂശിക്കുകയാണ് ചെയ്തത്. ക്ലിനിക്ക് ഉടമ എന്നെ വിളിച്ചിട്ട് വളരെ മോശമായാണ് സംസാരിച്ചത്. കൊറോണ ബാധിതനാണ് എന്ന് സംശയം വന്നാൽ ക്ലിനിക്ക് ഉടമ തന്നെ ഈ രോഗിയുടെ അടുത്ത് നിൽക്കുമോ എന്ന സംശയം എനിക്കുണ്ട്. കൊറോണയാണോ എന്ന സംശയം വന്നപ്പോൾ മേൽ നടപടികൾ മാത്രമാണ് ഞാൻ കൈക്കൊണ്ടത്. അത് സംസ്ഥാനം പറയുന്ന രീതിയിലുള്ള നടപടികൾ. കൊറോണ ബാധിതൻ ക്ലിനിക്കിൽ വന്നു എന്ന് പറഞ്ഞാൽ ആരെങ്കിലും ഈ ക്ലിനിക്കിൽ വരുമോ എന്നാണു ഉടമ ചോദിച്ചത്. ഞാൻ നിശബ്ദത പാലിക്കണം എന്നാണ് ക്ലിനിക്ക് ഉടമ പറഞ്ഞത്. ക്ലിനിക്കിന്റെ വിവരങ്ങൾ ഞാൻ ആർക്കും കൈമാറിയിട്ടില്ല. വളരെ സ്വാർത്ഥനായ മനുഷ്യനാണ് ക്ലിനിക്ക് ഉടമ. ആല്ലെങ്കിൽ ആ രീതിയിലാണ് ഇയാൾ പെരുമാറിയത്.

രോഗിക്ക് കൊറോണയുണ്ടോ എന്ന് ഉറപ്പുവരുത്താനാണ് ശ്രമിച്ചത്. പക്ഷെ എന്റെ ചോദ്യങ്ങൾ രോഗിയിൽ സംശയമുണ്ടാക്കി. ബ്ലഡ് എടുക്കാനാണ് പറഞ്ഞത്. വേറെ ഒന്നും പറഞ്ഞിട്ടില്ല. പക്ഷെ ബ്ലഡ് സാമ്പിൾ എടുത്തിട്ടു രോഗിയെ വിടാമായിരുന്നു. ദോഹയിൽ നിന്നും വന്നതാണ് രോഗി. പക്ഷെ ദോഹയിൽ നിന്നും വന്ന കാര്യം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാണ് നാട്ടിൽ വന്നതെന്ന് ഞാൻ ചോദിച്ചപ്പോൾ ഭാര്യ പറഞ്ഞത് ഫെബ്രുവരി 30' എന്നാണ്. പക്ഷെ രോഗി ജനുവരി 30 എന്ന് തിരുത്തി. പക്ഷെ വിദേശത്ത് നിന്നും വരുന്നവർക്ക് മാത്രമല്ലോ രോഗം വന്നത്. രോഗി ആഗ്രയിലും ഡൽഹിയിലുമൊക്കെ പോയിട്ടുണ്ട്. ഡൽഹിയിലും ആഗ്രയിലും എത്ര പോസിറ്റീവ് കേസുകളുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിലാണ് ഇവിടെയൊക്കെ പോയത്. ഇതൊക്കെ ആരോഗ്യ കേന്ദ്രങ്ങൾ ശ്രദ്ധിക്കേണ്ടേ? പനി മൂന്നു ദിവസമായി മാറിയിട്ടില്ലെങ്കിൽ ബ്ലഡ് എടുക്കാനുള്ള വകുപ്പ് ഡോക്ടർക്കുണ്ട്. ഈ ആവശ്യമാണ് ഞാൻ ഉന്നയിച്ചത്. എന്നെ നല്ലത് പറയാനും കുറ്റം പറയാനും ഒരു പാട് പേരുണ്ട്. ഒരു പ്രശ്‌നം വരുമ്പോൾ അങ്ങിനെ തന്നെയാണല്ലോ? പക്ഷെ എനിക്ക് ശരിയെന്നു തോന്നിയ കാര്യം ഞാൻ എവിടെയും പറയും-ഷിനു ശ്യാമളൻ പറയുന്നു.

എൻആർഎച്ച്എമ്മിലെ ഡോക്ടർ ആയിരുന്നു ഷിനു ശ്യാമളൻ. ഇഎസ്‌ഐയിലും ജോലി ചെയ്തിട്ടുണ്ട്. ഭർത്താവും ഡോക്ടറാണ്. ഭർത്താവ് പ്രശ്‌നത്തിൽ ഡോക്ടർക്ക് പിന്നിൽ ഉറച്ചു നിൽക്കുകയാണ്. കൊറോണ സംശയം ചൂണ്ടിക്കാട്ടിയതിൽ ഒരു തെറ്റുമില്ലെന്നാണ് സർക്കാർ ഡോക്ടറായ ഭർത്താവ് ഷിനുവിനോട് പ്രതികരിച്ചത്. ഒരു മകളാണ് ഡോക്ടർക്കുള്ളത്. ജനറൽ മെഡിസിനിലാണ് ഷിനു പ്രാക്ടീസ് ചെയ്യുന്നത്. അടുത്ത ജോലി തേടിക്കൊണ്ടിരിക്കുകയാണ്.

ഡോ. ഷിനു ശ്യാമളന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

സ്വകാര്യ ക്ലിനിക്കിൽ വന്ന രോഗിയെ സംശയാസ്പദമായ രീതിയിൽ കണ്ടപ്പോൾ ആരോഗ്യവകുപ്പിനെയും പിറ്റേന്ന് പൊലീസിനെയും റിപ്പോർട്ട് ചെയ്തതിനും ഫേസ്‌ബുക്കിൽ എഴുതിയതിനും, ടി. വി യിൽ പറഞ്ഞതിനും എന്നെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു.

രോഗിയുടെയോ, ക്ലിനിക്കിന്റെയോ ഒരു വിശദാംശവും ഞാൻ പുറത്തു വിട്ടിട്ടില്ല. മുതലാളി പറയുന്നത് പോലെ മിണ്ടാതെ ഒതുക്കി തീർക്കുവാൻ ഇതിൽ എന്ത് കള്ളത്തരമാണ് ഉള്ളത്? അയാൾക്ക് കൊറോണ ആണെങ്കിൽ ക്ലിനിക്കിൽ രോഗികൾ വരുമോ എന്നു തുടങ്ങി മുതലാളിയുടെ കുറെ സ്വാർഥമായ ചോദ്യങ്ങൾ. നിങ്ങൾളൊക്കെ ബിസിനസ്സ് മാത്രമാണ് ആരോഗ്യ രംഗം. എനിക്കതല്ല. ക്ഷമിക്കണം. തെറ്റ് കണ്ടാൽ ചൂണ്ടിക്കാണിക്കും. ഇനിയും.

ഞാനെന്റെ ഡ്യൂട്ടിയാണ് ചെയ്തത്. ഇനിയും ചെയ്യും. അറിയിക്കേണ്ടവരെ ഉദ്യോസ്ഥരെ അറിയിച്ചിട്ടും രോഗിയെ ഖത്തറിലേക്ക് വിടാൻ അനുവദിച്ചവർക്ക് ഒരു കുഴപ്പവുമില്ല. പക്ഷെ എനിക്ക് ജോലി പോയി. എന്ത് നാടാണിത്?

ഞാൻ ചെയ്തതിൽ ഒരു തെറ്റുമില്ല. ഇനിയും ശബ്ദിക്കും

കടുത്ത പനിക്ക് ചികിത്സ തേടിയ ആൾ ഖത്തറിലേക്ക് മടങ്ങിപ്പോയെന്ന് വിവരം പങ്കുവെച്ചു കൊണ്ട് ഷിനു ശ്യാമളൻ ഫേസ്‌ബുക്കിൽ എഴുതിയരുന്നു. നല്ല പനിയുള്ള ആളെ ഖത്തറിലേക്ക് പോകാൻ വിമാനത്താവളത്തിൽ അനുവദിക്കുമോ എന്നാണ് ഡോക്ടർ ചോദിച്ചത്. രണ്ട് ദിവസം മുമ്പ് തന്നെ കാണാനെത്തിയ രോഗിയെ കുറിച്ചുള്ള വിവരങ്ങളാണ് ഡോ. ഷിനു ശ്യാമളൻ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നത്.

ഡോ. ഷിനു ശ്യാമളന്റെ ജോലി തന്നെ തെറിക്കാൻ ഇടയായ വിവാദ പേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു:

ഖത്തറിൽ നിന്ന് നാട്ടിൽ വന്ന ഒരാൾ ഇന്ന് വൈകിട്ട് ആറു മണിക്ക് ക്ലിനിക്കിൽ വന്നു. കടുത്ത പനിയുണ്ട്. 101 ഡിഗ്രി.

രണ്ടു ദിവസം മുൻപ് അയാൾ ഏതോ സർക്കാർ ആശുപത്രിയിൽ പോയിരുന്നു എന്നു പറഞ്ഞു.

എന്നാണ് നാട്ടിൽ വന്നതെന്ന് ഞാൻ ചോദിച്ചു.
അയാളുടെ ഭാര്യ പറഞ്ഞു 'ഫെബ്രുവരി 30'

അയാൾ പറഞ്ഞു 'അല്ല ജനുവരി 30'.

ഫെബ്രുവരി 30 തീയതി പറഞ്ഞപ്പോൾ സംശയം തോന്നി.

ഇഞ്ചക്ഷൻ എടുത്തു പനി വേഗം കുറയുമെന്ന് കരുതിയാണത്രേ അയാൾ കാണിക്കുവാൻ വന്നത്. ഇഞ്ചക്ഷൻ എടുത്തു പനി മാറില്ലെന്ന് ഞാൻ പറഞ്ഞു.

നിങ്ങൾ ആരോഗ്യവകുപ്പിൽ ഖത്തറിൽ നിന്ന് വന്ന വിവരം അറിയിച്ചോ?

ഇല്ല എന്ന് മറുപടി.

അവർ കുറച്ചു ദിവസം മുൻപ് ഫ്‌ളൈറ്റിൽ ഡൽഹിയിലും ആഗ്രയിലും ടൂറും പോയിരുന്നതായി പറഞ്ഞു.

ഒ. പി. യിൽ പാതി കിളി പോയെങ്കിലും. അഡ്രസ് ചോദിച്ചപ്പോൾ ആകെ സ്ഥലവും വീട്ടു പേരും പറഞ്ഞു. കൂടുതൽ ഒന്നും അയാൾ പറഞ്ഞില്ല.

ഞാൻ പറഞ്ഞെങ്കിലും അയാൾക്ക് ആരോഗ്യ വകുപ്പിൽ അറിയിക്കുവാൻ ഇപ്പോഴും താൽപര്യമില്ല
നാളെ ഫ്‌ളൈറ്റ് ഉണ്ടെന്നും പറഞ്ഞു. ഫോൺ നമ്പർ തന്നില്ല. അയാൾ ഒ.പി ചീട്ടും എടുത്തു എന്തോ പന്തികേട് തോന്നിയ പോലെ ഇറങ്ങി പോയി .

കിട്ടിയത് അയാൾ വന്ന വണ്ടി നമ്പർ ആണ്.

ഞാനിത് എഴുതുന്നത് അയാൾ പറഞ്ഞ തീയതി 'ജനുവരി 30' സത്യമാണോ എന്ന് സംശയം ഉള്ളതുകൊണ്ടാണ്. 30 ശെരിയാണെങ്കിൽ 28 ദിവസം കഴിഞ്ഞു. പേടിക്കേണ്ടത് ഉണ്ടാകില്ല. അത് കള്ളമാണെങ്കിൽ ഒരുപാട് പേരുടെ ലൈഫ് അറ്റ് റിസ്‌ക്കാണ്.

അയാൾ പോയ സർക്കാർ ആശുപത്രിയിൽ അയാൾ ഇതൊന്നും പറഞ്ഞിട്ടില്ല. അവടെ ഉണ്ടായിരുന്നവർ മുതൽ അയാൾ സഞ്ചരിച്ച വഴികളിൽ ഒക്കെ എത്ര പേർ. ഞാൻ അതിൽ ഒരാൾ മാത്രം. നാലു മണിക്കൂറായി ടെൻഷനുണ്ട്.

എന്തായാലും എല്ലാം കൂടി ആരോഗ്യവകുപ്പിൽ കൊടുത്തിട്ടുണ്ട്. അയാൾ നാളെ ഖത്തറിൽ പോകും മുൻപ് വേണ്ട നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു. ഒരുപാട് പേരുടെ ജീവന് അപകടമുണ്ടോ എന്ന് സംശയം എനിക്കുള്ളതുകൊണ്ട് ഇതിവിടെ എഴുതുന്നു.

ഇത്ര മാത്രമേ ഉറപ്പ് വരുത്തേണ്ടത് ഉള്ളു. അയാൾ നാട്ടിൽ വന്നത് ജനുവരി 30 ആണോ?

അതുകൊണ്ട് എനിക്കിത്രയെ പറയുവാനുള്ളു. എല്ലാ ആരോഗ്യ പ്രവർത്തകരും ജനങ്ങളും ജാഗ്രത പാലിക്കുക. മാസ്‌ക്ക് മറ്റും പ്രതിരോധ നടപടികൾ സ്വീകരിക്കുക.എത്ര പേർ ഇതുപോലെ (പത്തനംതിട്ടയിൽ മൂന്ന് പേർ ചെയ്തത് പോലെ) ആരോഗ്യവകുപ്പിനെ അറിയിക്കാതെ കൊറോണ ബാധിത രാജ്യങ്ങളിൽ നിന്ന് വന്ന് കൈയും വീശി നടക്കുന്നുണ്ടാകും? അറിയില്ല. ഭയമുണ്ട്. അതുകൊണ്ട് നാം ജാഗ്രത പാലിക്കുക.

ഡോ. ഷിനു

ഈ പോസ്റ്റിനോട് വലിയ പ്രതികരണമാണ് ആളുകളിൽ നിന്നും ഉണ്ടായത്. ഇതിന് പിന്നാലെയാണ് ഈയാളെ കുറിച്ചുള്ള വിവരങ്ങൾ ഷിനു ശ്യാമളന്ന് തുടർ പോസ്റ്റായി എഴുതിയത്.

ഷിനു എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയായിരുന്നു:

അയാൾ ഇന്ന് ഫ്ളൈറ്റിന് പോയത്രെ. അയാളുടെ അളിയൻ പറയുന്നു. നല്ല പനിയുള്ള ആളെ ഇങ്ങനെ ഖത്തറിലേക്ക് പോകുവാൻ ഒക്കെ എയർപോർട്ടിൽ അനുവദിക്കുമോ? ജനുവരി അവസാനം നാട്ടിൽ വന്നു. ഈ കഴിഞ്ഞ ആഴ്ചകളിൽ ഡൽഹി- ആഗ്ര (ഒരുപാട് വിദേശികൾ വരുന്ന സ്ഥലങ്ങളല്ലേ) സന്ദർശിച്ചു കടുത്ത പനിയുള്ള ആൾ ഇന്ന് നാട് വിട്ടു പോയത്രെ. എയർപോർട്ടിൽ എന്താണ് പിന്നെ ചെക്ക് ചെയ്യുന്നത്? പനിയുണ്ടോ എന്ന് നോക്കില്ലേ?

ഖത്തറിൽ നിന്ന് നാട്ടിലെത്തിയ ആൾ പനിക്ക് ചികിത്സ തേടി സമീപിച്ചപ്പോൾ തോന്നിയ ചില സംശയങ്ങൾ ഷിനു ശ്യാമളൻ ഇന്നലെ പങ്കുവച്ചിരുന്നു. രോഗി ഖത്തറിൽ നിന്ന് തിരിച്ചെത്തിയ തീയതി പറഞ്ഞതിൽ വ്യക്തത കുറവുണ്ടെന്നായിരുന്നു ഡോക്ടർ പറഞ്ഞത്.

അഡ്രസ് ചോദിച്ചപ്പോൾ സ്ഥലവും വീട്ടു പേരും മാത്രമാണ് പറഞ്ഞതെന്നും കൂടുതൽ ഒന്നും പറയാൻ അയാൾ തയ്യാറായില്ലെന്നും ഡോക്ടർ പറഞ്ഞിരുന്നു. ഖത്തറിൽ നിന്ന് വന്ന വിവരം ആരോഗ്യവകുപ്പിൽ അറിയിച്ചോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടിയെന്നും ഡോക്ടർ വ്യക്തമാക്കി.

പ്രശ്‌നം വിവാദമായി മാറിയപ്പോൾ ഡോക്ടർ ജോലി ചെയ്ത ക്ലിനിക്ക് ഉടമയും രംഗത്ത് വന്നിട്ടുണ്ട്. കൊറോണ വൈറസ് ബാധ സംശയിച്ച വ്യക്തിയെ കുറിച്ച് പ്രതികരിച്ചതിനെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു എന്ന ഡോക്ടർ ഷിനുവിന്റെ ആരോപണം തെറ്റെന്നാണ് മാധ്യമങ്ങളിലൂടെ ക്ലിനിക്ക് ഉടമ റോഷൻ പ്രതികരിച്ചത്. ഡോക്ടർ ക്ലിനിക്കിലേക്ക് വന്നാൽ തിരിച്ചെടുക്കുന്നതിൽ തടസ്സമില്ല എന്നും റോഷൻ പറഞ്ഞതായി മാധ്യമ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP