Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്നലെ വരെ നാട്ടുകാരുടെ ശകാരവാക്കുകൾ കേൾക്കേണ്ടി വന്ന സ്വകാര്യബസിന്റെ വളയം പിടിച്ച ഡ്രൈവർ; ഇന്ന് അതേ ആൾക്കാരെ കൊണ്ട് സാർ എന്നു വിളിപ്പിക്കുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ; ചെങ്ങന്നൂർ - ചാരുംമൂട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസിലെ ഡ്രൈവർ ജിതിനെ പുതിയ കുപ്പായത്തിൽ കണ്ട് അത്ഭുതപ്പെട്ട് സഹപ്രവർത്തകരും; ഒപ്പം ജോലി ചെയ്ത ഒരാൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ വേഗം മനസ്സിലാക്കാൻ കഴിയുമെന്ന സന്തോഷിച്ച് ബസ് ഡ്രൈവർമാരും

ഇന്നലെ വരെ നാട്ടുകാരുടെ ശകാരവാക്കുകൾ കേൾക്കേണ്ടി വന്ന സ്വകാര്യബസിന്റെ വളയം പിടിച്ച ഡ്രൈവർ; ഇന്ന് അതേ ആൾക്കാരെ കൊണ്ട് സാർ എന്നു വിളിപ്പിക്കുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ; ചെങ്ങന്നൂർ - ചാരുംമൂട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസിലെ ഡ്രൈവർ ജിതിനെ പുതിയ കുപ്പായത്തിൽ കണ്ട് അത്ഭുതപ്പെട്ട് സഹപ്രവർത്തകരും; ഒപ്പം ജോലി ചെയ്ത ഒരാൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ വേഗം മനസ്സിലാക്കാൻ കഴിയുമെന്ന സന്തോഷിച്ച് ബസ് ഡ്രൈവർമാരും

ആർ പീയൂഷ്

ആലപ്പുഴ: സ്വകാര്യ ബസ് ഡ്രൈവർമാരെ പൊതുവേ നാട്ടുകാർക്ക് നല്ല അഭിപ്രായമില്ല. മര്യാദയില്ലാത്തവർ, മോശം സ്വഭാവം, മറ്റുള്ളവരോട് അപമര്യാദയായി പെരുമാറുക എന്നൊക്കെ കൊണ്ട് ഇവർ പലപ്പോഴും നാട്ടുകാരുടെ രോഷത്തിന് ഇടയാകാറുണ്ടെന്ന ആക്ഷേപം ഉയരാറുണ്ട്. എന്നാൽ വിരലിൽ എണ്ണാവുന്ന ചിലർ മാത്രമാണ് ഇത്തരത്തിൽ വിളി കേൾക്കേണ്ടി വരുന്നത്. എല്ലാവരും അങ്ങനെ അല്ല, ചുരുക്കം ചിലർ മാത്രമാണ് അത്തരത്തിൽ പെരുമാറുന്നത്. ബിരുദവും ബിരുദാനന്ത ബിരുദവും കഴിഞ്ഞവരും ബസുകളിൽ ജോലി ചെയ്യുന്നുണ്ട്.

അത്തരത്തിൽ ബിടെക് കഴിഞ്ഞ ഒരു ബസ് ഡ്രൈവർ ഇപ്പോൾ ആലപ്പുഴ എൻഫോഴ്സ് മെന്റ് ആർ.ടി ഓഫീസിലെ അസി.മോട്ടോർ വെഹിക്കിളാണ്. ഇന്നലെ വരെ ചെങ്ങന്നൂർ - ചാരുംമൂട് റൂട്ടിൽ സർവ്വീസ് നടത്തുന്ന എസ്.എസ് ട്രാവൽസിലെ ഡ്രൈവറായിരുന്ന ചുനക്കരതെക്ക് ജ്യോതിസ്സിൽ പുരുഷൻശോഭ ദമ്പതികളുടെ മകനായ ജിതിൻ (28) ആണ് ബസ് ഡ്രൈവർ കുപ്പായത്തിൽ നിന്നും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തസ്തികയിലേക്ക് ഓടിക്കയറിയത്. വർഷങ്ങൾക്കു മുൻപ് എഴുതിയ പിഎസ്‌സി പരീക്ഷയിലൂടെ ഫെബ്രുവരി 27 ന് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി ആലപ്പുഴ ആർ.ടി ഓഫിസിൽ ചുമതലയെടുത്ത ജിതിൻ ഇനി റോഡ് നിയമങ്ങൾ ലംഘിക്കുന്നവരെ പിടിക്കാൻ വഴിയോരത്തുണ്ടാകും.

ആറ്റിങ്ങൽ ഗവ. പോളി ടെക്നിക്കിൽ നിന്ന് ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ എടുത്ത ശേഷം പാറ്റൂർ ശ്രീബുദ്ധ എൻജിനീയറിങ് കോളജിൽ നിന്നു ബിടെക് പൂർത്തിയാക്കി. എൻജിനീയറിങ് യോഗ്യതയുമായി സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്ക് അപേക്ഷിച്ചെങ്കിലും തുച്ഛമായ വേതനമാണ് പലയിടത്തും വാഗ്ദാനം ലഭിച്ചത്. അങ്ങനെയാണ് ബസ് ഡ്രൈവറാകാൻ തീരുമാനിച്ചത്. ബിടെക് ബിരുദധാരി ഡ്രൈവറാകുന്നതിൽ വീട്ടുകാർക്ക് ആദ്യം എതിർപ്പായിരുന്നു. മകനെ ബസിൽ ഡ്രൈവറായി കണ്ടതിന് അച്ഛനമ്മമാരെ കുറ്റപ്പെടുത്താൻ നാട്ടുകാരും മുന്നിലുണ്ടായിരുന്നു. ആരുടെയും വിമർശനം കാര്യമാക്കാതെ ജിതിൻ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടർന്നു. മെച്ചപ്പെട്ട ദിവസ വരുമാനവും ആഴ്ചയിൽ കിട്ടുന്ന അവധിയുമുള്ള ജോലിക്കിടയിൽ പഠിക്കാൻ സമയം കിട്ടിയതാണ് ജോലി ലഭിക്കാൻ ഇടയായത്.

പ്ലസ്ടു പഠനത്തിന് ശേഷം വെക്കേഷൻ സമയത്ത് അടുത്തുള്ള ടൂവീലർ വർക്ക്ഷോപ്പിൽ ജോലിക്ക് പോയിരുന്നു. ഇവിടെ വച്ചാണ് ഒരു ഓട്ടോ മൊബൈൽ മെക്കാനിക്കാകണമെന്ന് ജിതിന് ആഗ്രഹമുണ്ടായത്. അങ്ങനെയാണ് അപേക്ഷ നൽകിയത്. ആറ്റിങ്ങലിൽ ആയിരുന്നു അഡ്‌മിഷൻ കിട്ടിയത്. പഠിക്കാനുള്ള ആഗ്രഹം മൂലം വീട്ടിൽ നിന്നും അകലെയായിട്ടും പോകാൻ തീരുമാനിക്കുകയായിരുന്നു. പഠനത്തിനിടെയാണ് ഡ്രൈവിങ് ലൈസൻസ് എടുത്തത്. പിന്നീട് ബിടെക്കിന് ചേരുകയായിരുന്നു. പഠനം പൂർത്തിയായ ശേഷം ജോലി കിട്ടാതെ വന്നതോടു കൂടി വളയം പിടിക്കാനിറങ്ങുകയായിരുന്നു.

യൂറോപ്പിലേക്ക് പോകണം എന്ന ആഗ്രഹം കൂടി മനസ്സിലുണ്ടായിരുന്നതിനാൽ ജോലിക്കിടയിൽ ഐ.ഇ.എൽ.ടി.എസ് പഠനവും തുടർന്നു. ഉയർന്ന സ്്ക്കോറോടെ ഐ.ഇ.എൽ.ടി.എസ് പാസ്സായതോടെ മാവേലിക്കരയിലെ ബി-ഹുഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഐ.ഇ.എൽ.ടി.എസ് ട്രെയിനറായും ജോലി ചെയ്തു. അതോടെ ബസ് ഡ്രൈവിങ്ങ് ആഴ്ചയിലേക്ക് ചുരുങ്ങി. ഇതിനിടയിലാണ് ജിതിന് നിയമന ഉത്തരവ് ലഭിക്കുന്നത്. സ്വന്തം ജില്ലയിൽ തന്നെ നിയമനം ലഭിച്ചതിൽ ഏറെ സന്തോഷത്തിലുമായി. ചെങ്ങന്നൂർ ഭരണിക്കാവ് റൂട്ടിലെ ബസ് ഡ്രൈവർമാർ എല്ലാം അന്തം വിട്ടിരിക്കയാണ് ജിതിൻ മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടറായി എന്ന വാർത്ത വായിച്ച്. ഇന്നലെ വരെ ഒരു മിനിട്ട് വൈകിയതിന് തട്ടിക്കയറിയ ഡ്രൈവറെ ഇനി സാർ എന്ന് വിളിക്കണം. എങ്കിലും അവർ സന്തോഷത്തിലാണ്. ഒപ്പം ജോലി ചെയ്ത ഒരാൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ വേഗം മനസ്സിലാക്കാൻ കഴിയും. അതിനാൽ തന്നെ വലിയ മാറ്റങ്ങൾ ഉണ്ടാകും എന്ന പ്രതീക്ഷയിലുമാണ് അവർ.

സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ ജനങ്ങൾക്കുള്ള പരാതിയെക്കുറിച്ച്, ഇപ്പോൾ നിയമപാലകന്റെ വേഷത്തിൽ നിൽക്കുമ്പോൾ ജിതിനു പറയാനുണ്ട് 'സമയം പാലിക്കാനാണ് പലപ്പോഴും സ്വകാര്യ ബസ് ഡ്രൈവർമാർ അമിതവേഗമെടുക്കുന്നത്. അശാസ്ത്രീയമായ സമയക്രമീകരണമാണ് പലപ്പോഴും അപകടമുണ്ടാക്കുന്നത്. റൂട്ടിലെ സമയം തെറ്റിയാൽ ബസുകാർ തമ്മിൽ വഴക്കുണ്ടാകും. തിരക്കുള്ള ദിവസങ്ങളിൽ കുരുക്കിൽപ്പെട്ടുപോകുന്ന ബസുകൾക്ക് കൃത്യസമയത്ത് റൂട്ടിൽ ഓടിയെത്താൻ കഴിഞ്ഞില്ലെങ്കിൽ പ്രശ്നമുണ്ടാകും. ബസ് ജീവനക്കാരിൽ വ്യക്തിപരമായി മോശം സ്വഭാവമുള്ളവരുമുണ്ടെങ്കിലും എല്ലാവരും അങ്ങനെയല്ല. ദേഷ്യം നിയന്ത്രിക്കാനും യാത്രക്കാരോട് ഇടപെടാനും ചിലർക്കെങ്കിലും പരിശീലനം നൽകണം. ബസ് ജീവനക്കാരനായിരുന്നു എന്നതു കൊണ്ട് നിയമം ലംഘിക്കുന്നവർക്കെതിരെ യാതൊരു വിട്ടു വീഴ്ചയും ചെയ്യില്ല'. ജിതിന്റെ ഏക സഹോദരി ജ്യോതി പാറ്റൂർ എൻജിനീയറിങ് കോളജിൽ വിദ്യാർത്ഥിനിയാണ്. പിതാവ് പുരുഷൻ സൈനികനാണ്. ഇനി ജിതിൻ സ്വാകാര്യ ബസിന് കൈകാണിക്കുന്നത് നിയമം ലംഘിക്കുന്നുണ്ടോ എന്നറിയാൻ വേണ്ടിയാവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP