Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിതാവ് വിമാനപകടത്തിൽ മരിച്ചതോടെ രാഷ്ട്രീയത്തിൽ; കമൽനാഥിനെ മുഖ്യമന്ത്രിയാക്കിയതിൽ തുടങ്ങിയ ഉടക്ക്; ഗ്വാളിയോർ രാജകുടുംബത്തിലെ ഒരു ലക്ഷം കോടി രുപയുടെ സ്വത്തുതർക്കം തീർപ്പായതോടെ ബന്ധുക്കളുമായി അടുത്തു; ബിജെപിയിലേക്ക് മാറിയ മുൻ ആശ്രിതനോട് പരമ്പരാഗത മണ്ഡലത്തിൽ ലക്ഷം വോട്ടിന് തോറ്റത് ആഘാതമായി; പൂവണിയുന്നത് സിന്ധ്യ കുടുംബം മുഴുവൻ ബിജെപിയിൽ എത്തണമെന്ന മുത്തശ്ശി വിജയരാജ സിന്ധ്യയുടെ സ്വപ്നം; കാവി അണിഞ്ഞ മധ്യപ്രദേശിലെ 'യുവരാജാവ്' ജ്യോതിരാദിത്യ സിന്ധ്യയുടെ ജീവിത കഥ

പിതാവ് വിമാനപകടത്തിൽ മരിച്ചതോടെ രാഷ്ട്രീയത്തിൽ; കമൽനാഥിനെ മുഖ്യമന്ത്രിയാക്കിയതിൽ തുടങ്ങിയ ഉടക്ക്; ഗ്വാളിയോർ രാജകുടുംബത്തിലെ ഒരു ലക്ഷം കോടി രുപയുടെ സ്വത്തുതർക്കം തീർപ്പായതോടെ ബന്ധുക്കളുമായി അടുത്തു; ബിജെപിയിലേക്ക് മാറിയ മുൻ ആശ്രിതനോട് പരമ്പരാഗത മണ്ഡലത്തിൽ ലക്ഷം വോട്ടിന് തോറ്റത് ആഘാതമായി; പൂവണിയുന്നത് സിന്ധ്യ കുടുംബം മുഴുവൻ ബിജെപിയിൽ എത്തണമെന്ന മുത്തശ്ശി വിജയരാജ സിന്ധ്യയുടെ സ്വപ്നം; കാവി അണിഞ്ഞ മധ്യപ്രദേശിലെ 'യുവരാജാവ്' ജ്യോതിരാദിത്യ സിന്ധ്യയുടെ ജീവിത കഥ

എം മാധവദാസ്

ഭോപ്പാൽ: രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞപ്പോൾ ആ സ്ഥാനത്തേക്കുകൂടി പരിഗണിക്കപ്പെട്ട വ്യക്തിത്വം. നേതാവില്ലാതെ അലയുന്ന കോൺഗ്രസിന്റെ യുവത്വത്തിന്റെ മുഖം. ഗ്വാളിയോർ രാജകുടുംബത്തിലെ ഇളമുറക്കാരൻ.... വിശേഷണങ്ങൾ ഏറെയുള്ള ഒരു നേതാവായിരുന്നു മധ്യപ്രദേശിലെ ജ്യോതിരാദിത്യ സിന്ധ്യ. ഇപ്പോൾ അദ്ദേഹം ബിജെപിയിൽ ചേരുകയാണെന്ന വാർത്തകൾ പുറത്തുവരുന്നത് കോൺഗ്രസിനെ ഞെട്ടിച്ചിരിക്കയാണ്. മധ്യപ്രദേശിൽ സിന്ധ്യയെ അനുകൂലിക്കുന്ന 18 എംഎൽഎമാർ കൂടി കാലുമാറുന്നതോടെ, ഇവിടെ കോൺഗ്രസിന്റെ ഭരണത്തിനും അന്ത്യമാവും. ദേശീയ തലത്തിൽ ശക്തമായ നേതൃത്വംപോലുമില്ലാതെ കോൺഗ്രസ് നേതൃത്വത്തിന് ശക്തമായ തിരിച്ചടിയാണ് ഇതോടുകൂടി ഉണ്ടാവുന്നത്.

മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽനാഥുമായി തുടരുന്ന ഭിന്നത മാത്രമല്ല കുടുംബപരമായ ഒരുപാട് പ്രശ്നങ്ങൾ കൂടി സിന്ധ്യയുടെ മനം മാറ്റത്തിന് പിന്നിലുണ്ട്. മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്റ്റാർ കാമ്പയിനർ ആയിരുന്നു ജോതിരാദിത്യ സിന്ധ്യ. അദ്ദേഹം മുഖ്യമന്ത്രിയാവുമെന്ന് പൊതുവെ കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. മുതിർന്ന നേതാവ് കമൽനാഥിനെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് ഭരണ ചക്രം എൽപ്പിച്ചുകൊടുത്ത്. അന്നു തുടങ്ങിയ പ്രശനത്തിന്റെ മൂർധന്യമാണ് ഇന്ന്.

പാർട്ടിയിൽ കമൽനാഥിന്റെ മുഖ്യ എതിരാളിയാണു സിന്ധ്യ. ഈ മാസം അവസാനം നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഒന്നുകിൽ തനിക്കു സീറ്റ് നൽകണമെന്നും അല്ലെങ്കിൽ പാർട്ടി മധ്യപ്രദേശ് ഘടകത്തിന്റെ അധ്യക്ഷനാക്കണമെന്നുമാണ് സിന്ധ്യയുടെ ആവശ്യം. മുതിർന്നനേതാക്കൾക്ക് ആർക്കുംതന്നെ സിന്ധ്യയുമായി കഴിഞ്ഞ ദിവസങ്ങളിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന് 'സ്വൈൻ ഫ്ലൂ' ആണെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നതെന്നും മുതിർന്ന നേതാവും എംപിയുമായ ദിഗ്‌വിജയ് സിങ് തിങ്കളാഴ്ച രാത്രി മാധ്യമങ്ങളോടു പറഞ്ഞത്.

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും ജോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള ഭിന്നത അടുത്തിടെ രൂക്ഷമായിരുന്നു. കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഓർമ്മപ്പെടുത്തി കമൽനാഥിന് അടുത്തിടെ സിന്ധ്യ തുറന്ന കത്തയയ്ക്കുകയും ചെയ്തിരുന്നു. ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടിയെ പിന്തുണച്ചും ജോതിരാദിത്യ സിന്ധ്യ രംഗത്തെത്തിയിരുന്നു. രാജ്യ താൽപര്യത്തിനനുസരിച്ചാണ് മോദി സർക്കാർ ജമ്മുകാശ്മീർ വിഷയത്തിൽ ഇടപെട്ടതെന്നായിരുന്നു സിന്ധ്യയുടെ ട്വീറ്റ്.നേരത്തെ എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനം ജോതിരാദിത്യ സിന്ധ്യ രാജിവച്ചിരുന്നു. ലോക്‌സഭയിലെ തോൽവിയെ തുടർന്ന് അധ്യക്ഷസ്ഥാനം രാജിവച്ച രാഹുൽ ഗാന്ധിയുടെ തീരുമാനത്തിന് പിന്നാലെയായിരുന്നു ഇത്.

2002 ൽ പിതാവിന്റെ മരണശേഷം പാർലെമെന്റിലെത്തിയ ജ്യോതിരാദിത്യ 2004, 2009, 2014 തിരഞ്ഞെടുപ്പിലും വിജയം ആവർത്തിച്ചു . 2007 ൽ ഒന്നാം മന്മോഹൻ സിങ് സർക്കാരിൽ ടെലികോം വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രിയായി. 2009 ൽ രണ്ടാം മന്മോഹൻ സിങ് സർക്കാരിലും സഹമന്ത്രിയായ സിന്ധ്യ 2012 ഒക്ടോബറിൽ ഊർജ വകുപ്പിന്റെ സ്വത്രന്ത്ര ചുമതലയുള്ള സഹമന്ത്രിയായി ഉയർത്തപ്പെട്ടു . മികച്ച ക്രിക്കറ്റ് കളിക്കാരൻ കൂടിയായ സിന്ധ്യ മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ ചെയർമാൻ കൂടി ആണ്

പൂവണിയുന്നത് മുത്തശ്ശി വിജയരാജ സിന്ധ്യയുടെ സ്വപ്നം

ഗ്വാളിയോർ രാജകുടുംബത്തിലെ വിമനായ പിതാവ് മാധവ റാവു സിന്ധ്യയുടെ അപ്രതീക്ഷിതമായ മരണത്തോടെയാണ് ജ്യോതിരാദിത്യ രാഷ്ട്രീയത്തിൽ എത്തുന്നത്. ബാക്കിയുള്ള ബന്ധുക്കൾ എല്ലാം ബിജെപിയിലാണ്. സിന്ധ്യ കുടുംബം മുഴുവൻ ബിജെപിയിൽ എത്തണമെന്ന മുത്തശ്ശിയും മുന്മുഖ്യമന്ത്രിയുമായ രാജ്മാതാ വിജയരാജ സിന്ധ്യയുടെ സ്വപ്നമാണ് ഇപ്പോൾ പൂവണിയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് ഗ്വാളിയോർ ഭരിച്ചിരുന്ന സിന്ധ്യ കുടുംബത്തിലെ, വിജയരാജ സിന്ധ്യയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ആദ്യമായി ചുവടെടുത്തു വച്ചത്. 1957ലെ ഗുണ ലോക്‌സഭാ സീറ്റിൽ നിന്ന് ഇവർ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ചു. എന്നാൽ 1967ൽ ഇവർ കോൺഗ്രസ് വിട്ട് ജനസംഘിലെത്തി. ഗ്വാളിയോർ മേഖലയിൽ ജനസംഘിനും പിന്നീടുണ്ടായ ബിജെപിക്കും നിലമൊരുക്കിക്കൊടുത്തത് വിജയരാജ സിന്ധ്യയുടെ വ്യക്തിപ്രഭാവമായിരുന്നു.

1971ലെ തെരഞ്ഞെടുപ്പിൽ വിജയരാജ ഭിന്ദിൽ നിന്നും അടൽ ബിഹാരി വാജ്‌പേയി ഗ്വാളിയോറിൽ നിന്നും വിജയരാജയുടെ മകൻ മാധവറാവു ഗുണയിൽ നിന്നും ജനസംഘത്തിന്റെ ബാനറിൽ ലോക്‌സഭയിലെത്തി. 26-ാം വയസ്സിലായിരുന്നു ജ്യോതിരാദിത്യയുടെ അച്ഛനായ മാധവറാവുവിന്റെ വിജയം.അടിയന്തരാവസ്ഥയ്ക്കു ശേഷം 1977ൽ മാധവറാവു സിന്ധ്യ ജനസംഘവുമായും അമ്മയുമായും രാഷ്ട്രീയ ബന്ധം അവസാനിപ്പിച്ചു. 1980ലെ തെരഞ്ഞെടുപ്പിൽ ഗുണയിൽ നിന്ന് കോൺഗ്രസ് പിന്തുണയോടെ മാധവറാവു വീണ്ടും ലോക്‌സഭയിലെത്തി. കോൺഗ്രസ് സർക്കാറിൽ മന്ത്രിയായി. അച്ഛന്റെ വഴിയാണ് മകൻ ജ്യോതിരാദിത്യയും തെരഞ്ഞെടുത്തത്.

അതേസമയം, വിജയരാജയുടെ പെൺമക്കളായ വസുന്ധര രാജെയും യശോധര രാജെയും അമ്മയുടെ വഴിയാണ് സ്വീകരിച്ചത്. 1984ൽ വസുന്ധര രാജെ ബിജെപിയുടെ ദേശീയ നിർവാഹക സമിതിയിലെത്തി. ധോൽപൂരിൽ നിന്ന് രാജസ്ഥാൻ നിയമസഭയിലുമെത്തി. വസുന്ധരയുടെ മകൻ ദുഷ്യന്ത് രാജസ്ഥാനിലെ ഝലാവർ മൺലത്തിൽ നിന്ന് ബിജെപി എംപിയായി.യശോധര 1977ൽ യു.എസിലേക്ക് പോയി. സിദ്ധാർത്ഥ് ബൻസാലി എന്ന കാർഡിയോളജിസ്റ്റിനെ വിവാഹം കഴിച്ചു. അവർക്ക് മൂന്നു മക്കളുണ്ട്. ആരും രാഷ്ട്രീയത്തിലില്ല. 1994ൽ ഇന്ത്യയിൽ തിരിച്ചെത്തിയ യശോധര 98ൽ മദ്ധ്യപ്രദേശ് നിയമസഭയിലേക്ക് മത്സരിച്ചു. അഞ്ചു തവണ എംഎ‍ൽഎ ആയ അവർ ശിവരാജ് സിങ് സർക്കാറിൽ മന്ത്രിയായിരുന്നു.

പിതാവിന്റെ വഴിയെ പുത്രനും

2001ൽ അച്ഛൻ മാധവറാവു സിന്ധ്യ വിമാനാപകടത്തിൽ മരിച്ച ശേഷം ഗുണ ലോക്‌സഭാ സീറ്റിൽ മത്സരിച്ചത് ജ്യോതിരാദിത്യയാണ്. 2002ലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച അദ്ദേഹം നാലര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അടുത്ത മൂന്നു ലോക്‌സഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം ഇതേ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. എന്നാൽ അപ്രതീക്ഷിതമായി 2019ലെ തെരഞ്ഞെടുപ്പിൽ ജ്യോതിരാദിത്യ ഇവിടെ തോറ്റു. ഏറെക്കാലമായുള്ള സഹായി കൃഷ്ണപാൽ സിങിനോടായിരുന്നു തോൽവി.

സംസ്ഥാനത്തെ മുഖ്യമന്ത്രി പദത്തിലേക്ക് കമൽനാഥുമായുള്ള പോരാട്ടത്തിൽ ഇതോടെ തിരിച്ചടിയേറ്റു. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയത്തിൽ നിർണായക പങ്കുവഹിച്ചിട്ടും മുഖ്യമന്ത്രി പദത്തിലേക്ക് 23 എംഎ‍ൽഎമാരുടെ പിന്തുണ മാത്രമാണ് സിന്ധ്യയ്ക്ക് കിട്ടിയത്. ഇതോടെ അന്നത്തെ പാർട്ടി അദ്ധ്യക്ഷൻ രാഹുൽഗാന്ധി കമൽനാഥിലെ പരിചയസമ്പത്തിനെ വിശ്വസിച്ചു. സിന്ധ്യയ്ക്ക് ഇനിയും സമയമുണ്ട് എന്നായിരുന്നു ഹൈക്കമാൻഡിന്റെ വിശദീകരണം. സിന്ധ്യ ഗ്രൂപ്പിലെ ആറു പേർക്ക് മന്ത്രി സ്ഥാനം നൽകി എങ്കിലും ജ്യോതിരാദിത്യ പാർട്ടിയിൽ പാർശ്വവൽക്കരിക്കപ്പെട്ടു.

2019 ജനുവരിയിൽ മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗാഹനുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് യുവ നേതാവ് കോൺഗ്രസ് വിടുന്ന എന്ന അഭ്യൂഹങ്ങൾ ശക്തമായത്. 2019 സെപ്റ്റംബറിൽ കോൺഗ്രസ് വിടുമെന്ന റിപ്പോർട്ടുകളോട് അത് നിക്ഷിപ്ത താത്പര്യക്കാരുടെ പ്രചാരണമാണ് എന്നായിരുന്നു സിന്ധ്യയുടെ മറുപടി. നവംബറിൽ തന്റെ ട്വിറ്റർ പ്രൊഫൈലിൽ നിന്ന് പാർട്ടിയുമായി ബന്ധപ്പെട്ട എല്ലാ പദവി റഫറൻസുകളും ജ്യോതിരാദിത്യ ഡിലീറ്റ് ചെയ്തു. പൊതുസേവകനും ക്രിക്കറ്റ് തത്പരനും എന്നായിരുന്നു പിന്നീടുള്ള പ്രൊഫൈൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സിന്ധ്യ ട്വിറ്റർ ബയോയിൽ മാറ്റം വരുത്തിയതെന്നും റിപ്പോർട്ടുകളെത്തുന്നു. മാധവറാവു സിന്ധ്യയുടെ മകനും ബിജെപിയിലേക്കെന്ന സൂചനകൾ അന്നുതന്നെ പുറത്തു വരുന്നത്. ഇതിന് ശേഷം പലപ്പോഴും ജോതിരാദിത്യ സന്ധ്യ ബിജെപിയിൽ പോകുമെന്ന വാർത്തകളെത്തി. പിതൃസഹോദരിയായ വസുന്ധരരാജ സന്ധ്യയുമായി നല്ല അടുപ്പത്തിലായിരുന്നു ജോതിരാദിത്യ സന്ധ്യ. ഇതാണ് ബിജെപിയിലേക്ക് കോൺഗ്രസിന്റെ യുവ നേതാവിനെ അടുപ്പിക്കുന്നതെന്നായിരുന്നു വാർത്തകൾ.

ഒരു ലക്ഷം കോടി രൂപയുടെ ഗ്വാളിയോർ സ്വത്തുകേസ് ഒത്തുതീർപ്പിൽ

2017 ഒക്ടോബറിൽ ഗ്വാളിയോർ രാജകുടുംബത്തിൽ ഉണ്ടായ സ്വത്ത് തീർപ്പാക്കലും ജ്യോതിരാദിത്യതുടെ മാറ്റത്തിന് കാരണമായെന്ന് പറയുന്നു. മകൻ മാധവറാവു സിന്ധ്യയോട് രാഷ്ട്രീയ വൈരാഗ്യം മൂലം മുത്തശ്ശി രാജ്മാതാ വിജയരാജ സിന്ധ്യ കൊടുക്കാതിരുന്ന, സ്വത്ത് ജ്യോതിരാദിത്യക്ക് ഇവർ കൈമാറിയതോടെയാണ് മഞ്ഞുരുകലിന്റെ തുടക്കം.26 വർഷം നീണ്ട ആ തർക്കത്തിൽ ഒരു ലക്ഷം കോടി രുപയുടെ സ്വത്ത് കേസാന് നടന്നത്. ജ്യോതിരാദിത്യ സിന്ധ്യയും അമ്മായിമാരും തമ്മിലായിരുന്നു കേസ്. അമ്മായിമാരായ വസുന്ധര രാജെയും, യശോധര രാജെയും ബിജെപിയുടെ പ്രമുഖ നേതാക്കളാണ്. കേസ് കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കാമെന്നു ജ്യോതിരാദിത്യ സിന്ധ്യ അറിയച്ചതോടെയാണ് കേസിന് പരിഹാരമായത്. അച്ഛന്റെ പെങ്ങന്മാരുമായുള്ള സ്വത്തു കേസ് കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കാമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ഗ്വാളിയർ സെഷൻസ് കോടതിയെ അറിയിക്കയായിരുന്നു.

സിന്ധ്യ രാജവംശത്തിലെ അംഗങ്ങളോട് സ്വത്തുകേസ് ഒത്തുതീർപ്പാക്കി സമൂഹത്തിനു മാതൃക കാട്ടാൻ ഗ്വാളിയർ സെഷൻസ് കോടതി ജഡ്ജി യും വാദത്തിനിടെ നിർദ്ദേശിച്ചിരുന്നു. ഗ്വാളിയർ രാജവംശത്തിന്റെ പിൻതുടർച്ചാവകാശ നിയമപ്രകാരം, താനാണു മുഴുവൻ സ്വത്തിന്റെയും അവകാശിയെന്നു വാദിച്ച് ജ്യോതിരാദിത്യ സിന്ധ്യയാണു രണ്ട് അമ്മായിമാരായ വസുന്ധര രാജെ, യശോധര രാജെ എന്നിവർക്കെതിരെകേസു കൊടുത്തത്. രാജമാതാ വിജയരാജ സിന്ധ്യ മകൻ കോൺഗ്രസ് നേതാവ് മാധവറാവു സിന്ധ്യയുമായി നല്ല ബന്ധത്തിലായിരുന്നില്ല. അതുകൊണ്ട് അവർ സ്വത്തെല്ലാം മകനു പകരം മൂന്നു പെൺമക്കൾക്കായി നൽകുകയായിരുന്നു. ജ്യോതിരാദിത്യ ഇതിനെതിരെയാണു കോടതി കയറിയത്.

ഞെട്ടിച്ചത് സ്വന്തം ആശ്രിതനിൽ നിന്ന് ഏറ്റ കനത്ത തോൽവി

ലോക്സഭാ തെരഞ്ഞെടുപ്പിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ പരാജയം ഏറെ അപ്രതീക്ഷിതവും ഞെട്ടിപ്പിക്കുന്നതുമായിരുന്നു. ചുരുക്കി പറഞ്ഞാൽ ഒരു സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റ് എന്നു തന്നെ പറയേണ്ടിവരും. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഇതാദ്യമായി സിന്ധ്യ കുടുംബത്തിനു പുറത്തുനിന്നും ഒരാൾ ഗുണ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിലേക്കെത്തുകയാണ് ഡോ.കൃഷ്ണപാൽ സിങ് യാദവ് എന്ന ആയുർവേദ ഡോക്ടർ. ഈ കനത്ത തോൽവിയും ജ്യോതിരാദിത്യയുടെ മനം മാറ്റത്തിന് ഇടയാക്കി.

ഡോക്ടറുടെ സംബന്ധിച്ച് പറഞ്ഞാൽ വിജയം ഒരു മധുരമായ പകരം വീട്ടലാണ്. സിന്ധ്യയുടെ അനുയായി ആയിരുന്ന കോൺഗ്രസ് നേതാവ് ഡോ. കെ പി സിങ്ങ് ആണ് ഈ വിജയകഥയിലെ നായകൻ. പതിറ്റാണ്ടുകളായി സിന്ധ്യ കുടുംബത്തിന്റെ തറവാട്ടുസ്വത്തായിരുന്നു ഗുണ മണ്ഡലം. തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ മാധവ് റാവു സിന്ധ്യയുടെ മകൻ ജ്യോതിരാദിത്യ സിന്ധ്യ ജയിക്കുമെന്ന് ഉറപ്പിച്ച മണ്ഡലം. സിന്ധ്യക്കെതിരെ ബിജെപി നിർത്തിയത് ഡോ.കെപി സിങ് യാദവിനെയാണെന്ന് കേട്ടപ്പോൾ പലരും പരിഹസിച്ചു. കാരണം പണ്ട്, സിന്ധ്യയുടെ ഇലക്ഷൻ ഏജന്റായി വാലുപോലെ നടന്നിരുന്ന കോൺഗ്രസ് നേതാവായിരുന്നു സിങ്ങ്. കോൺഗ്രസ് പാളയം വിട്ട് ബിജെപിയിൽ ചേർന്നിട്ട് ഒരു വർഷമാകുന്നതിന് മുൻപാണ് സിങ്ങിന് സീറ്റ് വാഗ്ദാനം ചെയ്യപ്പെട്ടത്.

ഓഫർ സ്വീകരിച്ചപ്പോൾ പലരും ആ തീരുമാനത്തെ ആത്മഹത്യാപരം എന്ന് പരിഹസിച്ചു. ഭർത്താവിനൊപ്പമുള്ള തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രം പങ്കുവെച്ച് സിന്ധ്യയുടെ ഭാര്യ പ്രിയദർശിനി രാജെ സിന്ധ്യയും പരിഹസിച്ചു. ചിത്രത്തിൽ കാറിനുള്ളിൽ വിശ്രമിക്കുന്ന സിന്ധ്യ. പുറത്ത് കഷ്ടപ്പെട്ട് സെൽഫി എടുത്ത കെ പി സിങ്ങ്. ''മഹാരാജാവിന്റെ സെൽഫിയെടുക്കാൻ ക്യൂ നിന്നവരെ തേടിപ്പിടിച്ച് രാജാവിനെതിരെ മത്സരിപ്പിക്കുന്നു'' എന്നായിരുന്നു പ്രിയദർശിനിയുടെ പരിഹാസം. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ എല്ലാം തകിടം മറിഞ്ഞു. പരിഹാസങ്ങൾ വാഴ്‌ത്തുകളായി. തലമുറകളായി സിന്ധ്യ കുടുംബം ജയിച്ചുകയറിയ ഗുണയിൽ സിന്ധ്യ കെ പി സിങ്ങിനോട് തോറ്റു. 1,20,000ത്തിലധികം വോട്ടുകൾക്കാണ് സിങ്ങിന്റെ ജയം.

നാലു വട്ടം ഗുണ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന രഘുവീർ പ്രതാപ് സിങ്ങിന്റെ മകനും തിരക്കുള്ള ഡോക്ടറുമായ ഡോ. കെ പി സിങ്ങ് യാദവ് സജീവ രാഷ്ട്രീയത്തിലെത്തുന്നത് 2004 മുതൽക്കാണ്. മധ്യപ്രദേശ് കോൺഗ്രസിൽ പ്രാദേശിക പദവികൾ വഹിച്ചിരുന്നു. ഒരു തവണ നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും, 2019-ൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് വന്നപ്പോൾ ബിജെപി സിങ്ങിന് ഒരു അവസരം കൂടി കൊടുക്കാൻ ബിജെപി നേതൃത്വം തീരുമാനിക്കുകയായിരുന്നു.

2018ൽ തന്റെ ആത്മാർഥ സുഹൃത്തിന് ഒരു നിയമസഭാ മണ്ഡലം നിഷേധിച്ചതാണ് സിന്ധ്യയുടെ തേരോട്ടത്തെയും രാഷ്ട്രീയ ജീവിതത്തെയും തകിടം മറിച്ചത്. 2004 മുതൽ മൂന്നുവട്ടം സിന്ധ്യ ആയിരുന്നു ഗുണയുടെ എംപി. 2004ലാണ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ആദ്യമായി അമേഠിയിൽനിന്ന് എംപി ആകുന്നത്. രാഹുലും അദ്ദേഹത്തിന് ഏറ്റവും വേണ്ടപ്പെട്ടവരിലൊരാളായ ജ്യോതിരാദിത്യ സിന്ധ്യയും തങ്ങളുടെ കുത്തകയാക്കി വച്ചിരുന്ന മണ്ഡലത്തിൽ ദയനീയമായി തോറ്റതും ഒരേ വർഷം 2019ൽ. അതിൽ രാഹുൽ രാഷ്ട്രീയമായി എതാണ്ട് നിർജജീവമായപ്പോൾ സിന്ധ്യ കോൺഗ്രസിൽനിന്ന് സംഘരാഷ്ട്രീയത്തിലും എത്തുകയാണ്. ഇതോടെ ദേശീയ തലത്തിൽ തന്നെ കോൺഗ്രസ് ഒരിക്കൽ കൂടി ദുർബലമാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP