Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പ്രസിഡന്റ് പദവിയുടെ സമ്മർദത്തിൽനിന്നു രക്ഷപ്പെടാനാണ് ഞാൻ മോണിക്കയുമായി ബന്ധം തുടങ്ങിയത്; ഒരു സ്ത്രീയുടെ ജീവിതം നശിപ്പിച്ചു എന്ന ചിന്ത എന്നെ എന്നും വേട്ടയാടിയിരുന്നു; പിൽക്കാല ജീവിതത്തെ അവൾ എങ്ങനെ നേരിടുമെന്ന് ആലോചിച്ച് വിഷമിച്ചിട്ടുണ്ട്'; ഒടുവിൽ മോണിക്കാ ലെവിൻസ്‌ക്കിയോട് മാപ്പുപറഞ്ഞ് ബിൽ ക്ലിന്റൺ; തന്നെ വശീകരിച്ച് കീഴ്പ്പെടുത്തുകയും നാണംകെടുത്തുകയും ചെയ്ത മോണിക്കക്ക് മാപ്പില്ലെന്ന നിലപാട് തിരുത്തി മൂൻ യുഎസ് പ്രസിഡന്റ്; 'ഹിലരി' ഡോക്യുമെന്റി വൻ ചർച്ചയാവുമ്പോൾ

'പ്രസിഡന്റ് പദവിയുടെ സമ്മർദത്തിൽനിന്നു രക്ഷപ്പെടാനാണ് ഞാൻ മോണിക്കയുമായി ബന്ധം തുടങ്ങിയത്; ഒരു സ്ത്രീയുടെ ജീവിതം നശിപ്പിച്ചു എന്ന ചിന്ത എന്നെ എന്നും വേട്ടയാടിയിരുന്നു; പിൽക്കാല ജീവിതത്തെ അവൾ എങ്ങനെ നേരിടുമെന്ന് ആലോചിച്ച് വിഷമിച്ചിട്ടുണ്ട്'; ഒടുവിൽ മോണിക്കാ ലെവിൻസ്‌ക്കിയോട് മാപ്പുപറഞ്ഞ് ബിൽ ക്ലിന്റൺ; തന്നെ വശീകരിച്ച് കീഴ്പ്പെടുത്തുകയും നാണംകെടുത്തുകയും ചെയ്ത മോണിക്കക്ക് മാപ്പില്ലെന്ന നിലപാട് തിരുത്തി മൂൻ യുഎസ് പ്രസിഡന്റ്; 'ഹിലരി' ഡോക്യുമെന്റി  വൻ ചർച്ചയാവുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്്ടൺ: ലോകത്തിലെ ഏറ്റവും ചർച്ചചെയ്യപ്പെട്ട ലൈംഗിക അപവാദങ്ങളിൽ ഒന്നായിരുന്നു മൂൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റണും മോണിക്ക ലെവിൻസ്‌ക്കിയുമായുള്ളത്. 1990കളിൽ ലോകമെങ്ങുമുള്ള മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ഗോസിപ്പുകഥകൾ കഴിഞ്ഞ് ഇത്രയും വർഷം കഴിഞ്ഞിട്ടും ക്ലിന്റൺ മോണിക്കാ ലെവിൻസിക്കിയോട് മാപ്പു പറഞ്ഞിട്ടില്ലായിരുന്നു. പ്രസിഡന്റായ തന്നെ വശീകരിച്ച് കീഴ്‌പ്പെടുത്തുകയും ലോകമെമ്പാടും തന്നെ നാണംകെടുത്തുകയും, കോടികൾ തന്റെ അക്കൗണ്ടിൽനിന്ന് ചോർത്തുകയും ചെയ്യുകയാണ് മോണിക്ക ചെയ്തത് എന്നായിരുന്നു, 2018ലെ ഇന്റവ്യൂവിലും ക്ലിന്റൻ ആരോപിച്ചത്. മുമ്പും പല തവണ മാധ്യമപ്രവർത്തകർ കുത്തിക്കുത്തി ചോദിച്ചിട്ടും മോണിക്കയോട് ക്ഷമ പറയാൻ അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. എന്നാൽ ഇപ്പോൾ ക്ലിന്റൺ പൂർണ്ണമായും നിലപാട് തിരുത്തിയിരിക്കയാണ്. തന്റെ ഭാര്യയും അമേരിക്കയിലെ രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായ ഹിലരി ക്ലിന്റന്റെ ജീവിതയാത്രയിലേക്ക് വിരൽ ചൂണ്ടുന്ന 'ഹിലരി' എന്ന ഡോക്യുമെന്ററിയിലാണ് ക്ലിന്റൺ മനസ്സുതുറക്കുന്നത്. പ്രസിഡന്റ് പദവിയുടെ സമ്മർദം താങ്ങാനാവതെയാണ് താൻ വൈറ്റ് ഹൗസിലെ ഇന്റേണിയായിരുന്ന, മോണിക്കയുമായി ബന്ധം തുടങ്ങിയതെന്നും ക്ലിന്റൻ തുറന്നു പറയുന്നുണ്ട്. ഹിലിരി ക്ലിന്റണും അക്കാലത്ത് കടന്നുപോയ കടുത്ത മാനസിക സമ്മർദത്തെ കുറിച്ച് പറയുന്നുണ്ട്. ക്ലിന്റൺ തന്നോട് കളവു പറഞ്ഞെന്ന് അറിഞ്ഞപ്പോൾ താൻ നടുങ്ങിപ്പോയെന്നും അവർ വെളിപ്പെട്ുത്തുന്നു.

ചെയ്തത് മാപ്പർഹിക്കാത്ത പ്രവർത്തിയെന്ന് ക്ലിന്റൺ

ഹിലരി എന്നു പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയിൽ സമർഥയായ വിദ്യാർത്ഥിയെന്ന നിലയിലുള്ള ജീവിതകാലം മുതൽ 2016 ൽ ഡോണാൾഡ് ട്രംപിനോട് തോൽക്കുന്ന കാലം വരെയുള്ള ഹിലരിയുടെ ജീവിതമാണ് പറയുന്നത്. കഷ്ടപ്പാടിന്റെ കാലത്തുനിന്നുമുള്ള ഉയർച്ചയും പ്രഥമവനിത കാലത്ത് നേരിട്ട വിവാദവും അപമാനഭാരത്താൽ തലകുനിച്ചുള്ള പടിയിറക്കവും പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തോൽവിയും എല്ലാം അവർ പറയുന്നുണ്ട്. ഒരു സിനിമയെ വെല്ലുന്ന നാടകീയതകളുള്ളതാണ് ഹിലരിയുടെ ജീവിതം. എന്നാൽ ഡോക്യുമെന്ററി ഇപ്പോൾ വിവാദമാകാൻ കാരണം ഭർത്താവ് ക്ലിന്റന്റെ ജീവിതത്തിലെ വിവാദവും അദ്ദേഹത്തിന്റെ ഇംപീച്ച്മെന്റിലേക്കു നയിച്ച നടപടിക്രമങ്ങളുമാണ്. അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും കുപ്രശസ്തമായ മോണിക്ക ലെവിൻസ്‌കി എപ്പിസോഡ്. ഡോക്യുമെന്ററിയിലെ അഭിമുഖത്തിൽ ക്ലിന്റൻ തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു സംസാരിക്കുന്നുണ്ട്; ഹിലരിയും. രണ്ടുപേരും പരസ്യ പ്രസ്താവനകൾ നടത്താൻ മടിച്ചിരുന്ന മോണിക്ക ലെവിൻസ്‌കി വിവാദത്തെക്കുറിച്ചും ഇരുവരും തുറന്നുപറയുന്നു. സ്ഫോടനാത്മകമാണ് പല വിവരങ്ങളും. വൈറ്റ് ഹൗസ് ജീവനക്കാരി മോണിക്ക ലെവിൻസ്‌കി ക്ലിന്റനുമായുള്ള ബന്ധത്തിന്റെ പേരിൽ അപമാനം നേരിട്ട വ്യക്തിയാണ്. ഹിലറിയോടു സഹതാപം തോന്നിയവർ പഴിച്ചതും ശപിച്ചതും മോണിക്കയെയാണ്. പക്ഷേ, താൻ മോണിക്കയോട് മാപ്പ് പറഞ്ഞെന്നാണ് ഡോക്യുമെന്ററിയിൽ ക്ലിന്റൻ വെളിപ്പെടുത്തുന്നത്. താനുമായുണ്ടായ ലൈംഗിക ബന്ധം അവരുടെ ജീവിതം മുഴുവൻ നിഴൽ വീഴ്‌ത്തുന്ന സംഭവമാകുമെന്ന് മനസ്സിലാക്കിയാണു മാപ്പപേക്ഷിച്ചതെന്നും ക്ലിന്റൺ വ്യക്താമക്കുന്നു.

ചില സംഭവങ്ങൾ ജീവിതത്തിൽ ഒഴിവാക്കാനാവാത്തതാണ്. അവ സംഭവിച്ചുകഴിഞ്ഞാൽ പിന്നെ ചെയ്യാവുന്നത്, മുന്നോട്ടുപോകുക എന്നതു മാത്രമാണ്. സംഭവിച്ചതു മറന്നും ഭാവിയിലേക്കു നോക്കിയും മുന്നോട്ടുനടക്കുക. അതാണ് താൻ മോണിക്കയോട് ഉപദേശിച്ചതെന്നും ക്ലിന്റൻ പറയുന്നു. വിവാദം ക്ലിന്റന്റെ ഇംപീച്ച്മെന്റിലേക്ക് നയിച്ചെങ്കിലും സെനറ്റിലെ വിചാരണ അതിജീവിച്ച് അദ്ദേഹം രണ്ടാം തവണയും ഭരണത്തിൽ തുടർന്നു. ഇതിനുമുമ്പ് 2018 ൽ മോനിക്കയെക്കുറിച്ച് ക്ലിന്റൻ പരസ്യപ്രസ്താവന നടത്തിയിരുന്നു. താൻ മാപ്പ് പറഞ്ഞില്ലെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. അത് ഹിലരിക്കു തിരിച്ചടിയാകുകയും ചെയ്തു.

മോനിക്കയുമായുള്ള ലൈംഗിക ബന്ധത്തിന്റെ വാർത്ത പുറത്തുവന്നപ്പോൾ ഗ്രാൻഡ് ജ്യൂറിയോട് ക്ലിന്റൻ കള്ളമാണ് പറഞ്ഞത്. അദ്ദേഹം സംഭവം പൂർണമായി നിഷേധിച്ചു. മോണിക്കയുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല എന്നാണ് ഹിലറിയോടും അദ്ദേഹം പറഞ്ഞിരുന്നത്. ഹിലറി അതു വിശ്വസിക്കുകയും ചെയ്തു. പക്ഷേ പിന്നീട് കുറ്റസമ്മതം നടത്തി. ' ഞാൻ മുറിയിലേക്കു കടന്നുചെന്ന് കിടക്കയിൽ ഇരുന്നു. ഹിലറിയോട് സംസാരിച്ചു. യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായിത്തന്നെ പറഞ്ഞു. എപ്പോൾ എവിടെവച്ച് എന്തു സംഭവിച്ചു എന്ന്. അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നോടുതന്നെ ദേഷ്യം തോന്നുന്നുവെന്നും ഞാൻ പറഞ്ഞു. കുറച്ചുനാളായി ഞങ്ങളുടെ ബന്ധം അത്രനല്ല അവസ്ഥയിലായിരുന്നില്ല. ഞാൻ എന്നെ പ്രതിരോധിക്കുന്നില്ലെന്ന് ഞാൻ തീർത്തുപറഞ്ഞു. ചെയ്തത് മാപ്പർഹിക്കാത്ത പ്രവൃത്തിയാണെന്നും തീർത്തുപറഞ്ഞു- ക്ലിന്റൻ ഓർമിക്കുന്നു.

18 വയസ്സ് മാത്രമുള്ള മകളോട് എങ്ങനെ മോണിക്കയെക്കുറിച്ച് സംസാരിക്കും?

ഈ സംഭവത്തെക്കുറിച്ച് ഹിലരിയും ഡോക്യുമെന്ററിയിൽ സംസാരിക്കുന്നുണ്ട്. '' ഞാൻ ആകെ തകർന്നുപോയി. എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. വ്യക്തിപരമായി മുറിവേറ്റതുപോലെയാണ് എനിക്ക് തോന്നിയത്. എന്നോട് അദ്ദേഹം കള്ളം പറഞ്ഞല്ലോ എന്ന് ഓർത്തപ്പോൾ ഞാൻ പാടേ തകർന്നുപോയി- ഹിലരി പറയുന്നു. പ്രസിഡന്റ് പദവിയിൽ ഇരുന്നകാലത്ത് അനുഭവിച്ച സമ്മർദത്തിൽനിന്നു രക്ഷപ്പെടാനാണ് താൻ മോനിക്കയുമായി ബന്ധം തുടങ്ങിയതെന്നാണ് ക്ലിന്റൻ വിശദീകരിക്കുന്നത്. ജോലിയുടെ സമ്മർദം അക്കാലത്ത് എന്നെ വല്ലാതെ വേട്ടയാടിയിരുന്നു. 30 റൗണ്ട് മത്സരത്തിൽ പങ്കെടുത്തതിനുശേഷം തളർന്നവശനായ ബോക്സറെപ്പോലെയാണ് എനിക്ക് തോന്നിയത്. എല്ലാ സമ്മർദങ്ങളിൽനിന്നും രക്ഷപ്പെടാൻ ഒരവസരം എന്ന നിലയിലാണ് മോണിക്കയുമായുള്ള ബന്ധം എനിക്ക് തോന്നിയത്. എല്ലാം മറക്കാൻ ഒരവസരം- ക്ലിന്റൻ ഓർമിക്കുന്നു.

സംഭവം വലിയ വിവാദമാകുകയും കുടുംബജീവിതം തകരുകയും ചെയ്തപ്പോൾ തങ്ങൾ കൗൺസലിങ്ങിനു വിധേരായി എന്നും ഡോക്യുമെന്ററിയിലെ അഭിമുഖത്തിൽ ഹിലരി പറയുന്നുണ്ട്. ലൈംഗിക വിവാദത്തെക്കുറിച്ച് മകൾ ചെൽസിയോട് ക്ലിന്റൻ തന്നെ പറയണമെന്നു നിർദ്ദേശിച്ചതും ഹിലറി തന്നെയായിരുന്നു. ഭാര്യയോട് എങ്ങനെയെങ്കിലും പറയാം. 18 വയസ്സ് മാത്രമുള്ള മകളോട് എങ്ങനെ മോണിക്കയെക്കുറിച്ച് സംസാരിക്കും.. അതായിരുന്നു ഏറ്റവും വേദനാജനകമെന്നും ക്ലിന്റൻ തുറന്നുസമ്മതിക്കുന്നു.

എല്ലാവരുടെയും ജീവിതത്തിൽ സമ്മർദങ്ങളുണ്ട്. നല്ലതും ചീത്തയുമായ അനുഭവങ്ങളുണ്ട്. നൈരാശ്യങ്ങളും പേടികളുമുണ്ട്. അവയെല്ലാം എന്നെ തെറ്റായ തീരുമാനമെടുക്കാനാണ് പ്രേരിപ്പിച്ചത്. ആദ്യകാലത്ത് കള്ളം പറയാനും- ക്ലിന്റൻ പറയുന്നു. ഒടുവിൽ താൻ പൂർണമായും മാറ്റം സംഭവിച്ച മനുഷ്യനായെന്നും അദ്ദേഹം സമ്മതിക്കുന്നു. വിവാദം കൊടുമ്പിരിക്കൊണ്ട സമയത്തുതന്നെയാണ് ക്ലിന്റൻ കുടുംബവുമൊത്ത് ഒരു അവധിക്കാല യാത്രയ്ക്കു പോകുന്നത്. ആ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഹിലറി ഒരു തീരുമാനത്തിൽ എത്തിയിരുന്നു. തന്റെ ഭർത്താവിനൊപ്പം നിൽക്കുക. അദ്ദേഹത്തെ പിന്തുണയ്ക്കുക. ഈംപീച്ച്മെന്റിനെ നേരിടുക. അവധിക്കാല യാത്ര പൂർത്തിയാക്കി തിരിച്ച് ഹെലികോപ്റ്ററിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കു മടങ്ങുമ്പോൾ ചെൽസി മാതാപിതാക്കളുടെ രണ്ടുപേരുടെയും കൈകൾ തന്റെ കയ്യിലെടുത്തു. ആ നിമിഷം ഞാൻ ഒന്നേ വിചാരിച്ചുള്ളൂ. എന്റെ ദൈവമേ... എത്ര ശക്തയാണ് എന്റെ മകൾ. എത്രമാത്രം ബുദ്ധിമതിയും. ഹിലറി ഓർമിക്കുന്നു.

പിൽക്കാല ജീവിതത്തെ മോണിക്ക എങ്ങനെ നേരിടുമെന്ന് ആലോചിച്ച് താൻ വിഷമിച്ചിട്ടുണ്ടെന്നും ക്ലിന്റൻ അഭിമുഖത്തിൽ സമ്മതിക്കുന്നു. ഒരു സ്ത്രീയുടെ ജീവിതം നശിപ്പിച്ചു എന്ന ചിന്ത തന്നെ വേട്ടയാടിയെന്നും അദ്ദേഹം സമ്മതിക്കുന്നു. ഡോക്യുമെന്ററിക്കുവേണ്ടി 35 മണിക്കൂറാണ് ഹിലറിയെ അഭിമുഖം നടത്തിയത്.. ജീവിതത്തിൽ ഇനി ഒരു മത്സരത്തിനുമില്ല എന്നതുകൊണ്ടാണ് അവസാനമായി എല്ലാം തുറന്നുപറയാൻ താൻ തീരുമാനിച്ചതെന്നാണ് ഡോക്യുമെന്ററിയെക്കുറിച്ച് ഹിലരി പറയുന്നത്. എന്റെ ജീവിതത്തിൽ സംഭവിച്ചതിനെക്കുറിച്ച് ഞാനല്ലെങ്കിൽ മറ്റാരാണ് പറയേണ്ടത്. ഞാൻ പറയുന്നതായിരിക്കും ജനങ്ങൾ വിശ്വസിക്കുന്നത്. ഞാൻ എല്ലാം പറയുക തന്നെ വേണം- തന്റെ തീരുമാനത്തെക്കുറിച്ച് ഹിലറി പശ്ചാത്താപമില്ലാതെ പറയുന്നു. 1995 ലാണ് ക്ലിന്റനും മോനിക്കയും തമ്മിൽ വൈറ്റ് ഹൗസിൽവച്ച് അവഹിതബന്ധമുണ്ടാകുന്നത്. അപ്പോൾ ക്ലിന്റന് 49 വയസ്സ്. മോനിക്ക ലെവിൻസ്‌കിക്ക് 22 ഉം. രണ്ടു വർഷം അവരുടെ ബന്ധം നീണ്ടുനിന്നു. ഇതിനിടെ, 9 തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവന്ന് മോനിക്ക പിന്നീട് തുറന്നു സമ്മതിച്ചു. 1998 ജനുവരി 17 നാണ് സംഭവത്തെക്കുറിച്ചുള്ള ആദ്യത്തെ വാർത്ത പുറത്തുവരുന്നത്. അതു പിന്നീട് അമേരിക്കയെ പിടിച്ചുലച്ച വിവാദമായി മാറുകയും ചെയ്തു.

അവൾ എന്നെ തകർത്തുവെന്ന നിലപാടുതിരുത്തി ക്ലിന്റൺ

മുമ്പു നടന്ന പല അഭിമുഖങ്ങളിലും ക്ലിന്റൺ ആവർത്തിച്ചിരുന്നത് താൻ മോണിക്കയോട്് ഒരിക്കലും ക്ഷമിക്കില്ലെന്നായിരുന്നു. 2018ലും ക്ലിന്റൺ ഈ നിലപാടുതന്നെ ആവർത്തിച്ചു. പ്രസിഡന്റായ തന്നെ വശീകരിച്ച് കീഴ്‌പ്പെടുത്തുകയും ലോകമെമ്പാടും തന്നെ നാണംകെടുത്തുകയും ചെയ്ത മോണിക്ക ലെവിൻസ്‌കിയോട് ക്ഷമ ചോദിക്കുന്ന പ്രശ്‌നമേയില്ലെന്നാണ് എൻബിസി ടെലിവിഷൻ ചാനലുമായി നടത്തിയ വീക്കെൻഡ് അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയത്.

'ഞാനവളോട് സംസാരിച്ചിട്ടുകൂടിയില്ല. ക്ഷമ ചോദിക്കുന്ന പ്രശ്‌നമേയില്ല. ലോകത്തിനുമുന്നിൽ അതിന്റെ പേരിൽ തനിക്കൊരുതവണ ക്ഷമ പറയേണ്ടിവന്നു. അതുതന്നെ ധാരാളം'-്ക്ലിന്റൺ പറയുന്നു. 1990-കളിൽ ലോകമെങ്ങുമുള്ള മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ഗോസിപ്പുകഥകളിലൂടെ അപമാനിക്കപ്പെട്ടതും അതിന്റെ പാപഭാരം മുഴുവൻ പേറേണ്ടിവന്നതും താനാണെന്നും താനാണ് സംഭവത്തിലെ യഥാർഥ ഇരയെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തിലെ ഒട്ടേറെ യാഥാർഥ്യങ്ങൾ ഒഴിവാക്കിയാണ് വാർത്തകൾ പുറത്തുവന്നത്. പ്രസിഡന്റിനെതിരേ ചൂടുള്ള വാർത്ത കിട്ടിയ തിരക്കിലായിരുന്നു മാധ്യമങ്ങളെല്ലാം. തനിക്കെതിരേ ഉയർന്ന ലൈംഗികാരോപണത്തിൽനിന്നും രക്ഷനേടാനായി നിയമയുദ്ധം നടത്തിയതിലൂടെ താൻ വലിയ കടക്കാരനായി മാറിയെന്നും ക്ലിന്റൺ പറയുന്നു.

'ആരും വിശ്വസിക്കില്ലെന്നറിയാം. എങ്കിലും പറയുകയാണ്. വൈറ്റ് ഹൗസിൽനിന്ന് ഞാനിറങ്ങിപ്പോരുമ്പോൾ 1.6 കോടി ഡോളർ കടക്കാരനായിരുന്നു ഞാൻ'-ക്ലിന്റൺ പറഞ്ഞു. പ്രഭാഷണങ്ങളിലൂടെ കോടികൾ വരുമാനമുണ്ടാക്കുന്ന ക്ലിന്റണിന്, ഇപ്പോൾ എട്ടുകോടി ഡോളർ ആസ്തിയുണ്ടെന്നാണ് കണക്കാക്കുന്നത്. വൻതുകയീടാക്കിയാണ് ക്ലിന്റൺ പ്രഭാഷണങ്ങൾക്ക് പോകുന്നത്.

തനിക്കും ക്ലിന്റണിനുമിടയിലുണ്ടായത് ലൈംഗിക ബന്ധമായിരുന്നില്ലെന്ന് മാർ്ച്ചിൽ വാനിറ്റി ഫെയർ മാസികയിൽ വന്ന അഭിമുഖത്തിൽ ലെവിൻസ്‌കി പറഞ്ഞിരുന്നു. എന്നാൽ, പ്രസിഡന്റിനെ വശീകരിച്ച് കീഴ്പപ്പെടുത്തിയ കഥയിലെ നായികയെന്ന രീതിയിൽ ലോകം മുഴുവൻ താൻ അപമാനിക്കപ്പെട്ടുവെന്ന് അവർ പറയുന്നു. അന്നത്തെ സംഭവങ്ങളൊന്നും ഓർക്കാനാഗ്രഹിക്കുന്നില്ലെന്നും അവർ അഭിമുഖത്തിൽ പറഞ്ഞു.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അമേരിക്കൻ ജനതയിൽ മൂന്നിൽരണ്ടുഭാഗവും വിശ്വസിച്ചിട്ടില്ലെന്ന് ക്ലിന്റൺ പറഞ്ഞു. ഭാവനയിൽ സൃഷ്ടിച്ച കാര്യങ്ങളാണ് അന്ന് പുറത്തുവന്നത്. യഥാർഥത്തിൽ നടന്ന കാര്യങ്ങൾ ആർക്കുമറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും അക്കാര്യങ്ങൾ ചികയുന്ന മാധ്യമങ്ങളെ കടുത്ത ഭാഷയിൽ ക്ലിന്റൺ വിമർശിക്കുകയും ചെയ്തു. ഈ നിപാടിൽനിന്നെല്ലാം മാറി സ്വന്തം തെറ്റുകൾ ഏറ്റുപറയുന്ന ക്ലിന്റനെയാണ് ഇപ്പോൾ കാണുന്നത്.

പുസ്തകങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും മോണിക്ക കോടീശ്വരി

കുപ്രസിദ്ധിയാണ് ക്ലിന്റണുമായുള്ള ബന്ധത്തിലൂടെ ഉണ്ടായതെങ്കിലും അതിലൂടെ മോണിക്ക കോടികളാണ് സമ്പാദിച്ചത്. അനുഭവങ്ങൾ പങ്കു വയ്ക്കുന്നതിന് മോണിക്കാ ലെവിൻസ്‌കിക്ക് 12 ദശലക്ഷം ഡോളഞാണ് ഒറ്റപുസ്‌കത്തിൽനിന്ന് കിട്ടിയത്. ക്ലിന്റനും ലവിൻസ്‌കിയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന കൂടുതൽ വിവരങ്ങൾ, തന്റെ ഭാര്യയെ കുറിച്ച് ക്ലിന്റൻ ലെവിൻസ്‌കിയോടു പറഞ്ഞ കുറ്റങ്ങൾ, ക്ലിന്റനു ലെവിൻസ്‌കി അയച്ച പ്രണയ ലേഖനങ്ങൾ തുടങ്ങിയവയും ഇതോടൊപ്പം ഉണ്ടായിരുന്നു. പക്ഷേ ക്ലിന്റുമായുള്ള ബന്ധം തുറന്നു പറഞ്ഞതിന്റെ പേരിൽ ലെവിൻസ്‌കിക്ക് ഒരിടത്തും ജോലി പോലും കിട്ടിയിരുന്നില്ല. ഹാൻഡ് ബാഗ് ഡിസൈൻ മുതൽ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് സോഷ്യൽ സൈക്കോളജി വരെ ലെവിൻസ്‌ക്കി നേടി. എന്നിട്ടും ആരും ലെവിൻ്സ്‌കിയെ ജോലിക്ക് വക്കാൻ തയ്യാറായില്ല. അത് മാത്രമല്ല പ്രായം നാൽ്പ്പതുകഴിഞ്ഞിട്ടും ഇനിയും തനിക്ക് ഒരുബന്ധം ഉണ്ടായിട്ടില്ലെന്നും രണ്ടുവർഷം മുമ്പ് നടത്തിയ അഭിമുഖത്തിൽ മോണിക്ക പരിതപിച്ചിരുന്നു.

മൂന്നുവർഷം മുമ്പ് എ ആൻഡ് ഇ ഡോക്യു സീരീസിന് വേണ്ടി മോണിക്ക നടത്തിയ വെളിപ്പെടുത്തലും വൈറലായിരുന്നു. തന്നെ ആദ്യം കണ്ടപ്പോഴേ ക്ലിന്റൺ ബാത്ത് റൂമിലേക്ക് കൂട്ടിക്കൊണ്ടു പോയി കാര്യം സാധിച്ചിരുന്നുവെന്നാണ് മോണിക്ക പറഞ്ഞത്. ബന്ധപ്പെട്ടതിന് ശേഷം തന്റെ ഉടുപ്പിൽ പറ്റിയ കറ എല്ലാവരും കണ്ടിരുന്നുവെങ്കിലും ആരും അതേക്കുറിച്ച് തന്നോട് പറഞ്ഞില്ലെന്നും മോണിക്ക പരിതപിക്കുന്നു. ഒരു ഡിന്നറിന് ശേഷം ഓവൽ ഓഫീസിലെ ബാത്ത് റൂമിൽ കൊണ്ട് പോയി ക്ലിന്റൺ തന്നെ ഇത്തരത്തിൽ ഉപയോഗിക്കുമെന്ന് താൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ലെന്നും മോണിക്ക പറയുന്നു.അന്ന് തന്റെ നീല വസ്ത്രത്തിലായിരുന്നു കറ വീണിരുന്നതെന്നും മോണിക്ക ഓർത്തെടുക്കുന്നു.

തന്റെ വസ്ത്രത്തിൻ പുറകിൽ ചീരയുടെ ചാറ് പറ്റിയതാണെന്നായിരുന്നു താൻ ധരിച്ചിരുന്നതെന്നും എന്നാൽ മറിച്ചാണ് സംഭവിച്ചതെന്ന് പിന്നീടാണ് തിരിച്ചറിയാൻ സാധിച്ചതെന്നും അപ്പോഴേക്കും എല്ലാവരും ഇത് കണ്ട് താൻ അപമാനിതയായിരുന്നുവെന്നും മോണിക്ക വെളിപ്പെടുത്തുന്നു. അന്ന് താൻ കൂട്ടുകാർക്കൊപ്പം ഡിന്നറിന് പോകുന്നതിനായിരുന്നു ആ മനോഹരമായ നീല വസ്ത്രം ധരിച്ചിരുന്നതെന്നും ഡിന്നറിന് ഇക്കാര്യം കണ്ട ആരും ഇത് തന്നോട് സൂചിപ്പിച്ചില്ലെന്നും മോണിക്ക പറയുന്നു.ആരെങ്കിലും ഇതിനെക്കുറിച്ച് സൂചനയേകിയിരുന്നുവെങ്കിൽ താൻ ബാത്ത് റൂമിൽ പോയി ഇത് കഴുകിക്കളയുമായിരുന്നുവെന്നും മോണിക്ക പറയുന്നു. വൈറ്റ്ഹൗസിലെ ഡൈനിങ് റൂമിൽ വച്ച് ക്ലിന്റൺ തനിക്ക് ഒരു കൂട്ടം സമ്മാനങ്ങൾ നൽകിയിരുന്നുവെന്നും അതിൽ ഒരു ഹാറ്റ് പിന്നുണ്ടായിരുന്നുവെന്നും മോണിക്ക ഓർക്കുന്നു. തനിക്ക് ഹാറ്റുകളണിഞ്ഞാൽ സൗന്ദര്യം വർധിക്കുമെന്നും ക്ലിന്റൻ അന്ന് പുകഴ്‌ത്തിയിരുന്നുവെന്നും മോണിക്ക ഓർക്കുന്നു.

ക്ലിൻന്റേത് ഒടുങ്ങാത്ത ലൈംഗിക അഭിനിവേശം

പിന്നീട് കുറച്ച് കാലം മോണിക്കയില്ലാത്ത ഒരു ദിവസം പോലും ക്ലിന്റന്റെ ജീവിതത്തിലുണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പ്രസിഡന്റായിരുന്ന വേളയിൽ അംബാസിഡർമാരോടും രാഷ്ട്രനേതാക്കന്മാരോടും സംസാരിക്കുമ്പോൾ പോലും മോണിക്കയുമായി ക്ലിന്റൻ ഇടപാടുകൾ നടത്തിയിരുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. ഒരു നാണവും ഇല്ലാതെ ഈ സുന്ദരിയെ തന്റെ കൂടെ കൊണ്ടു നടക്കാൻ ക്ലിന്റൻ താൽപര്യപ്പെട്ടിരുന്നു.വൈറ്റ്ഹൗസിന്റെ ഓരോ മുക്കിലും മൂലയിലും വച്ച് വരെ മോണിക്കയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്നു. എന്തിനേറെ പറയുന്നു ആദരണീയമായ പ്രസിഡന്റിന്റെ ഡെസ്‌കിൽ വച്ച് വരെ അടുത്തിടപഴകാൻ ക്ലിന്റൻ ധൈര്യം കാണിച്ചിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.ഈ വഴിവിട്ട ബന്ധം മൂലം ഇരുവരുടെയും ജീവിതം തന്നെ മാറി മറിഞ്ഞിട്ടും പിന്മാറാൻ ഇവർ തയ്യാറായിരുന്നില്ല. സീക്രട്ട് സർവീസ് ഓഫീസറായ ഗാരി ബൈറൻ തന്റെ പുസ്തകമായ ക്രൈസിസ് ഓഫ് കാരക്ടറിലാണ് പുതിയ ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.

.വൈറ്റ്ഹൗസിൽ രഹസ്യമായ സെക്ഷ്വൽ റോംപ് വരെ ഉണ്ടായിരുന്നുവെന്നാണ് പുതിയ പുസ്തകം വെളിപ്പെടുത്തുന്നത്. ഇവരുടെ പരിധി വിട്ട ലൈംഗികാഭിനിവേശം ഒരു വേള രാജ്യത്തിന്റെ സുരക്ഷിതത്വത്തിന് വരെ ഭീഷണിയുയർത്തിയിരുന്നു. യുകെ, ഇസ്രയേൽ, റഷ്യ എന്നിവിടങ്ങളിൽ ക്ലിന്റൻ ഔദ്യോഗിക സന്ദർശനത്തി പോയപ്പോൾ വരെ ഇദ്ദേഹം മോണിക്കയുമായി ഫോണിൽ ലൈംഗികപരമായ സംഭാഷണങ്ങൾ ഏറെ സമയം നടത്തിയിരുന്നുവെന്നും ബൈറൻ തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു. ഇത്തരത്തിലുള്ള ക്ലിന്റന്റെ ബലഹീനതയെ മുതലെടുത്ത് ഒരിക്കൽ ഇസ്രയേൽ പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നുവെന്ന് മറ്റൊരു പുസ്തകരചയിതാവായ ഡാനിയേൽ ഹാൽപർ തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. താൻ കണ്ടെത്തിയ ക്ലിന്റന്റെ ചില രഹസ്യങ്ങൾ പുറത്ത് വിടാതിരിക്കണമെങ്കിൽ ഇസ്രയേൽ ചാരനെന്ന പേരിൽ അമേരിക്ക തടവിലാക്കിയ ഒരാളെ വിട്ടയക്കണമെന്നായിരുന്നുവത്രെ ഇസ്രയേൽ പ്രധാനമന്ത്രി അന്ന് ബ്ലാക്ക് മെയിൽ ചെയ്തിരുന്നത്.മോണിക്കയുമായുള്ള തന്റെ ഇടപാടുകൾ പരമാവധി രഹസ്യമാക്കി വയ്ക്കാൻ ക്ലിന്റൻ ശ്രമിച്ചിരുന്നുവെങ്കിലും അവരുടെ കിടപ്പറ രഹസ്യങ്ങൾ വരെ അന്താരാഷ്ട്രതലത്തിൽ പരക്കുകയായിരുന്നു.

അന്ന് വെറും 22 വയസ് മാത്രം പ്രായമുള്ള മോണിക്കയെ ഓഫീസിൽ വച്ച് പോലും തനിക്ക് ഓറൽ സെക്‌സ് ചെയ്ത് തരാൻ ക്ലിന്റൻ നിർബന്ധിച്ചിരുന്നുവെന്നാണ് വെളിപ്പെട്ടിരുന്നു..ഒരിക്കൽ ഒരു ഒഴിവ് ദിവസത്തിൽ വൈറ്റ് ഹൗസിലേക്ക് വന്ന ഫോൺ പോലും മോണിക്ക അറ്റന്റ് ചെയ്തിരുന്നുവത്രെ.സീക്രട്ട് സർവീസിന്റെ കണ്ണിൽ പെടാതിരിക്കാൻ മോണിക്ക ക്ലിന്റന്റെ സമീപത്തുള്ള ഓഫീസുകളിലും ഇടനാഴികളിലും ചുറ്റിക്കറങ്ങുന്നത് പതിവായിരുന്നുവെന്നാണ് ബൈറൻ വെളിപ്പെടുത്തുന്നത്. ക്ലിന്റന്റെ രഹസ്യനമ്പറുകൾ വരെ മോണിക്കയ്ക്ക് അറിയാമായിരുന്നുവെന്നും അതിനാൽ മറ്റാരുടെയും ഇടപെടലുകളില്ലാതെ പ്രസിഡന്റിനെ നേരിട്ട് ബന്ധപ്പെടാൻ അവർക്ക് സാധിച്ചിരുന്നുവെന്നും പുതിയ പുസ്തകം വെളിപ്പെടുത്തുന്നു. നിരവധി രാഷ്ട്ര നേതാക്കന്മാരുമായി ക്ലിന്റൻ ഇടപഴകുമ്പോൾ പശ്ചാത്തലത്തിൽ മോണിക്ക നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP