Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണ വൈറസ് പടർന്നു പിടിക്കുന്ന ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യസംഘം ഗസ്സിയാബാദിൽ എത്തി; ടെഹ്‌റാനിൽ നിന്നും തിരികെ എത്തിച്ചത് 58 പേരെ; രക്ഷകനായത് വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ വിമാനം; രാജ്യത്തെ പ്രളയങ്ങളിലും മറ്റു പ്രകൃതി ദുരന്തങ്ങളിലും രക്ഷകനായ ഗ്ലോബ് മാസ്റ്റർ വിമാനത്തിന്റെ പ്രത്യേകത ഏത് മോശം കാലവസ്ഥയിലും ടേക്ക് ഓഫിനും ലാൻഡിങ്ങിനും കഴിയുമെന്നത്; ഇറാനിൽ നിന്നും തിരികെ എത്തിക്കേണ്ടത് വിദ്യാർത്ഥികളും തീർത്ഥാടകരും അടക്കം 1200 ഓളം ഇന്ത്യക്കാരെ

കൊറോണ വൈറസ് പടർന്നു പിടിക്കുന്ന ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യസംഘം ഗസ്സിയാബാദിൽ എത്തി; ടെഹ്‌റാനിൽ നിന്നും തിരികെ എത്തിച്ചത് 58 പേരെ; രക്ഷകനായത് വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ വിമാനം; രാജ്യത്തെ പ്രളയങ്ങളിലും മറ്റു പ്രകൃതി ദുരന്തങ്ങളിലും രക്ഷകനായ ഗ്ലോബ് മാസ്റ്റർ വിമാനത്തിന്റെ പ്രത്യേകത ഏത് മോശം കാലവസ്ഥയിലും ടേക്ക് ഓഫിനും ലാൻഡിങ്ങിനും കഴിയുമെന്നത്; ഇറാനിൽ നിന്നും തിരികെ എത്തിക്കേണ്ടത് വിദ്യാർത്ഥികളും തീർത്ഥാടകരും അടക്കം 1200 ഓളം ഇന്ത്യക്കാരെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കൊറോണ വൈറസ് ബാധ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യസംഘം ഗസ്സിയാബാദിൽ എത്തി. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്നുള്ള 58 തീർത്ഥാടകരെയാണ് വ്യോമസേനാ വിമാനത്തിൽ തരികെ എത്തിച്ചത്. വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ വിമാനത്തിലാണ് ആദ്യസംഘത്തെ ഗസ്സിയാബാദിലെ ഹിൻഡൻ വ്യോമതാവളത്തിൽ എത്തിച്ചത്. കോവിഡ് 19 ബാധയില്ലാത്തവരെയാണ് ആദ്യഘട്ടത്തിൽ ഇന്ത്യയിലെത്തിച്ചത്. ഇവരെ ആരോഗ്യ പരിശോധനകൾക്ക് ശേഷമാകും പുറത്തേക്ക് വിടുക.

തിങ്കളാഴ്ച രാത്രി എട്ടിനാണ് സി-17 വിമാനം തെഹ്‌റാനിലേക്ക് പുറപ്പെട്ടത്. ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് മുന്നോടിയായി ഇവർക്ക് കൊറോണ വൈറസ് ബാധയുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ഡോക്ടർമാരുടെ സംഘം കഴിഞ്ഞ ആഴ്ച ഇറാനിലെത്തിയിരുന്നു. പൂണെയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിൽ എന്നിവയിൽ നിന്നുള്ള അഞ്ച് ഡോക്ടർമാർ അടങ്ങുന്ന സംഘം മാർച്ച് നാലിനാണ് ഇറാനിലേക്ക് തിരിച്ചത്. തുടർന്ന് വിദഗ്ധ സംഘം108 പേരുടെ സ്രവം ഇന്ത്യയിലെത്തിച്ച് പരിശോധിക്കുകയും കോവിഡ് 19 രോഗമില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ച ഇറാനിലെ എംബസി ഉദ്യോഗസ്ഥർക്കും ഇന്ത്യൻ മെഡിക്കൽ സംഘത്തിനും നന്ദി അറിയിക്കുന്നതായി വിദേശകാര്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയുമായി സഹകരിച്ച ഇറാനിയൻ അധികൃതർക്കും ദൗത്യത്തിൽ പങ്കാളിയായ വ്യോമസേനക്കും നന്ദിയറിക്കുന്നു. ഇറാനിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ജയ്ശങ്കർ ട്വിറ്ററിൽ കുറിച്ചു. 1200 ഓളം ഇന്ത്യക്കാരാണ് ഇറാനിലുള്ളത്. ഇതിൽ കൂടുതലും വിദ്യാർത്ഥികളും തീർത്ഥാടകരുമാണ്. തെഹ്‌റാനിലും ഖ്വാമിലും കുടുങ്ങികിടക്കുന്നവർ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

രക്ഷകനായി സി 17 ഗ്ലോബ് മാസ്റ്റർ

അമേരിക്കൻ പ്രസിഡന്റിന് പോലും സുരക്ഷ ഒരുക്കുന്ന വിമാനമാണ് സി 17 ഗ്ലോബ് മാസ്റ്റർ വിമാനം. അമേരിക്കൻ വിമാന നിർമ്മാണ കമ്പനിയായ ബോയിങ്ങിന്റെ ഹെവിലിഫ്റ്റ് ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റാണ് സി-17. 2010 മുതൽ ഇന്ത്യൻ എയർഫോഴ്‌സും ഈ എയർക്രാഫ്റ്റ് ഉപയോഗിക്കുന്നുണ്ട്. സൈനിക ആവശ്യത്തിനുള്ള ചരക്കുകൾ കടത്താനും രക്ഷാപ്രവർത്തനത്തിനുമാണ് ഈ വിമാനം പ്രധാനമായും ഉപയോഗിക്കുന്നത്. ഏതു ദുർഘട സാഹചര്യത്തിലും പ്രവർത്തിക്കാനുള്ള മികവാണ് സി-17നെ ലോകത്തെ സൈനിക ശക്തികളുടെ പ്രിയ വിമാനമാക്കുന്നത്.

1995 മുതൽ യുഎസ് എയർഫോഴ്‌സിന്റെ ഭാഗമാണ് ഈ വിമാനം. പൈലറ്റുമാരും ലോഡ്മാസ്റ്ററും അടക്കം മൂന്നു ജീവനക്കാരാണ് വിമാനത്തിലുള്ളത്. 134 വരെ സൈനികരെയും ഉൾക്കൊള്ളും. 128,100 കിലോഗ്രാം ഭാരമുള്ള ഈ വിമാനത്തിന് 265352 കിലോഗ്രാം വരെ ഭാരം വഹിച്ചു പറന്നുയരാനാവും. 40440 എൽബിഎഫ് ത്രസ്റ്റ് വീതമുള്ള നാല് പ്രാറ്റ് ആൻഡ് വിറ്റ്‌നി ടർബൊ ഫാൻ എൻജിനുകളാണ് ഈ വിമാനത്തിന്. മണിക്കൂറിൽ 830 കിലോമീറ്ററാണ് ക്രൂസിങ് വേഗത. പരമാവധി 45000 അടി ഉയരത്തിൽ വരെ ഈ സഞ്ചരിക്കാൻ സാധിക്കും. ഏതു ദുർഘടമായ റൺവേയിലും ലാൻഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും സി 17 ഗ്ലോബ് മാസ്റ്ററിന് സാധിക്കും. അമേരിക്കയ്ക്ക് പുറമേ ഓസ്‌ട്രേലിയ, കാനഡ, ഇന്ത്യ, കുവൈറ്റ്, ഖത്തർ, യുഎഇ, യുകെ തുടങ്ങിയ രാജ്യങ്ങളും നാറ്റോ സഖ്യസൈന്യവും ഈ വിമാനം ഉപയോഗിക്കുന്നുണ്ട്.

അമേരിക്കൻ വിമാന നിർമ്മാണ കമ്പനിയായ ബോയിങ്ങിന്റെ കൈവശമുള്ള അവസാന സി17 ഗ്ലോബ് മാസ്റ്റർ വിമാനവും ഇന്ത്യ വാങ്ങിയത് കഴിഞ്ഞ വർഷമായിരുന്നു. രാജ്യത്തെ പ്രളയങ്ങളിലും മറ്റു പ്രകൃതി ദുരന്തങ്ങളിലും രക്ഷാപ്രവർത്തനത്തിനായി സി 17 ഗ്ലോബ് മാസ്റ്റർ വിമാനം ഇന്ത്യൻ വ്യോമസേനയ്ക്ക് ഏറെ സഹായമായിരുന്നു. ആറു വിമാനങ്ങൾ കൂടി ഇന്ത്യ ആവശ്യപ്പെട്ടിരുന്നു എന്നാൽ 2015ൽ ഇതിന്റെ നിർമ്മാണം ബോയിങ് നിർത്തിയതിനാൽ വാങ്ങൽ സാധ്യമായില്ല.

നിലവിൽ 10 ഗ്ലോബ് മാസ്റ്റർ വിമാനങ്ങളാണ് ഇന്ത്യക്കുള്ളത്. ബോയിങ് നിർമ്മിച്ച അവസാന സി17 കൂടി ചേർന്നതോടെ ഗ്ലോബ് മാസ്റ്റർ വിമാനങ്ങളുട എണ്ണം 11 ആയി. സൈനിക ദൗത്യത്തിന്റെയും മറ്റു വൻ ദൗത്യങ്ങളുടെയും പ്രധാന ഗതാഗത സേവനമാണ് ബോയിങ്ങിന്റെ സി -17 ഗ്ലോബ് മാസ്റ്റർ കകക. ദീർഘദൂര യാത്രയ്ക്ക് വലിയ യുദ്ധോപകരണങ്ങൾ, സൈനികർ, മാനുഷിക സഹായം എന്നിവ ദൂരത്തേക്ക് കൊണ്ടുപോകാൻ ശേഷിയുള്ളതാണ് സി17.

ലോകത്തെവിടെയും ദുർഘടമായ വ്യോമത്താവളങ്ങളിലും മോശമായ കാലാവസ്ഥയിലും ടേക്ക് ഓഫിനും ലാൻഡിങ്ങിനും കഴിയുമെന്നതും സി17 ഗ്ലോബ് മാസ്റ്ററിന്റെ പ്രത്യേകതയാണ്. സി -17 വിമാനം ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) തന്ത്രപരവും യുദ്ധപരവുമായ എയർലിഫ്റ്റ് ശേഷിയുടെ ഒരു പ്രധാന ഭാഗമാണ്. 2013ൽ സ്‌കൈ ലോർഡ്സ് സ്‌ക്വാഡ്രണിലേക്ക് പ്രവേശനം ലഭിച്ചതു മുതൽ വ്യോമസേനാ ദൗത്യങ്ങളിൽ നിർണായകമായിട്ടുണ്ട്. സമാധാന സംരക്ഷണവും മാനുഷിക സഹായവും ദുരന്തനിവാരണവും രാജ്യത്തിനകത്തും പുറത്തും സി17 വഴി എത്തിച്ചിട്ടുണ്ട്.

ടെക്‌നോലോജിസ്റ്റിക് സപ്പോർട്ടും പ്ലാറ്റ്‌ഫോം ഓപറേറ്റ് ചെയ്യുന്ന എയർക്രൂവിന് വിദഗ്ധ പരിശീലനവും നൽകിയാണ് വ്യോമസേന ഇ17 വിമാനങ്ങളുടെ പരിപാലനം സാധ്യമാക്കുന്നത്. അറ്റകുറ്റപ്പണി, ഫീൽഡ് സപ്പോർട്ട് സേവനങ്ങൾ, പരിഷ്‌ക്കരണങ്ങളും നവീകരണങ്ങളും, ടെക്‌നിക്കൽ മാനുവൽ സപ്പോർട്ട്, ലോജിസ്റ്റിക്‌സ് എൻജിനീയറിങ് സേവനങ്ങൾ എന്നിവയുടെ ഉത്തരവാദിത്തം കമ്പനി തന്നെയാണ് നോക്കിനടത്തുന്നത്. 2016 ൽ സ്ഥാപിതമായ ബോയിങ്ങിന്റെ സി -17 സിമുലേറ്റർ വ്യോമസേനയ്ക്ക് പരിശീലന സേവനങ്ങൾ നൽകുന്നു. എയർക്രൂ, ലോഡ് മാസ്റ്റർമാർക്ക് 5100 മണിക്കൂറിലധികം പരിശീലനം നൽകിയിട്ടുണ്ട്. തുടക്കം മുതൽ ഏകദേശം 100 ശതമാനം സേവനക്ഷമത നിലയും കേന്ദ്രം നിലനിർത്തിയിട്ടുണ്ട്. ലോകമെമ്പാടും 275 പ്രവർത്തനക്ഷമമായ ബോയിങ് നിർമ്മിത സി -17 വിമാനങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP