Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇറ്റലിയിൽ നിന്നെത്തിയ കുടുംബം നിരവധി വീടുകൾ സന്ദർശിച്ചെന്ന് വ്യക്തമായതോടെ ഐത്തലയിൽ എങ്ങും കടുത്ത ആശങ്ക; ഞങ്ങൾ എന്തു ചെയ്യണം എന്ന ചോദ്യവുമായി എത്തിയവരെ ആശ്വസിപ്പിച്ച് എംഎൽഎയും സംഘവും; രോഗികളുമായി സമ്പർക്കം പുലർത്തിയവർ വീടുകളിൽ ഐസോലേഷനിൽ; ഭീതി പരന്നതോടെ നിരത്തിൽ ആളനക്കം തന്നെ കുറവ്; റാന്നിയിൽ സർക്കാർ സ്ഥാപനങ്ങളിലും ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഉപഭോക്താക്കൾ നന്നേ കുറഞ്ഞു; പത്തനംതിട്ടയിലും ഭീതി

ഇറ്റലിയിൽ നിന്നെത്തിയ കുടുംബം നിരവധി വീടുകൾ സന്ദർശിച്ചെന്ന് വ്യക്തമായതോടെ ഐത്തലയിൽ എങ്ങും കടുത്ത ആശങ്ക; ഞങ്ങൾ എന്തു ചെയ്യണം എന്ന ചോദ്യവുമായി എത്തിയവരെ ആശ്വസിപ്പിച്ച് എംഎൽഎയും സംഘവും; രോഗികളുമായി സമ്പർക്കം പുലർത്തിയവർ വീടുകളിൽ ഐസോലേഷനിൽ; ഭീതി പരന്നതോടെ നിരത്തിൽ ആളനക്കം തന്നെ കുറവ്; റാന്നിയിൽ സർക്കാർ സ്ഥാപനങ്ങളിലും ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഉപഭോക്താക്കൾ നന്നേ കുറഞ്ഞു; പത്തനംതിട്ടയിലും ഭീതി

മറുനാടൻ മലയാളി ബ്യൂറോ

റാന്നി: കോവിഡ് 19 സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്കയിലാണ് പത്തനംതിട്ടയിലെ ഐത്തല മേഖല. കൊവിഡ് സ്ഥിരീകരിച്ച 3 അംഗ കുടുംബം നാട്ടിലെത്തിയ ശേഷം ഐത്തലയിലെ ഒട്ടേറെ വീടുകളിലും സ്ഥാപനങ്ങളിലും സൗഹൃദ സന്ദർശനം നടത്തിയിരുന്നു. അമ്പതോളം വീടുകൾ ഇറ്റലിയിൽ നിന്നെത്തിയ കുടുംബം സന്ദർശിച്ചു എന്നാണ് അറിയുന്നത്.

രോഗ ബാധിതരായവരുടെ വീടിനു ചുറ്റുമുള്ള വീടുകളിലും സ്ഥാപനങ്ങളിലും രാജു ഏബ്രഹാം എംഎൽഎ, പഞ്ചായത്തംഗം ബോബി ഏബ്രഹാം എന്നിവർ സന്ദർശനം നടത്തി. മുന്നൂറോളം പേരെ അവർ കണ്ടിരുന്നു. അവരാരും വീടുകൾക്ക് പുറത്തിറങ്ങരുതെന്ന് എംഎൽഎ നിർദ്ദേശം നൽകി. ആരോഗ്യ വകുപ്പ് അധികൃതർ എത്തി ഇവർക്കു വേണ്ട നിർദ്ദേശങ്ങൾ നൽകുമെന്ന് എംഎൽഎ പറഞ്ഞു. ഇവർ സ്ഥിരമായി സഞ്ചരിച്ചിരുന്ന ഓട്ടോ ഡ്രൈവർമാരെയും പരിശോധനയ്ക്ക് വിധേയമാക്കും.

രോഗ ബാധിതരുടെ മാതാപിതാക്കളെ എംഎൽഎയുടെയും പഞ്ചായത്തംഗത്തിന്റെയും സാന്നിധ്യത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതരെത്തി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. രോഗികളുമായി സമ്പർക്കം പുലർത്തിയവർ ഉണ്ടെങ്കിൽ പുറത്തിറങ്ങാതെ വീടുകളിലേക്കു മടക്കാൻ ബോബി ഏബ്രഹാം, മോനായി പുന്നൂസ്, ജേക്കബ് മാത്യു എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് എംഎൽഎ അറിയിച്ചു.

അതേസമയം ഐത്തലയിൽ കൊറോണ സ്ഥിരീകരിക്കും മുൻപ് ആരംഭിച്ച വ്യാജ പ്രചാരണങ്ങൾ രോഗം സ്ഥിരീകരിച്ച ശേഷവും തുടരുന്നു. സമൂഹ മാധ്യമങ്ങൾക്കു പുറമെ വായ്‌മൊഴിയായും പ്രചാരണങ്ങൾ കനക്കുന്നു. ആരോഗ്യ മന്ത്രി രോഗം സ്ഥിരീകരിച്ച ശേഷം റാന്നിയിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടപ്പിച്ചെന്നായിരുന്നു ആദ്യ പ്രചാരണം. മാധ്യമ സ്ഥാപനങ്ങളിലേക്കും മറ്റും വിളിച്ച് പലരും സംഭവം സത്യമാണോയെന്ന് അന്വേഷിക്കുന്നുണ്ടായിരുന്നു. ഇതിനു പിന്നാലെ ഐത്തല ഭാഗത്തേക്ക് ആരെയും പൊലീസ് കടത്തി വിടുന്നില്ലെന്നായി പ്രചാരണം. രോഗ ബാധിതരുടെ വീടിന്റെ സമീപ പ്രദേശങ്ങളിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയതായും കിംവദന്തി പരന്നു. ചിലർ വാഹനങ്ങളിൽ ഐത്തല എത്തി ഇത് സത്യമാണോയെന്ന് അന്വേഷിച്ചു. ഒട്ടേറെ പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും കുപ്രചാരണമുണ്ടായി.

റാന്നിയിൽ നടത്താനിരിക്കുന്ന എല്ലാ പൊതുപരിപാടികളും ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം. ഇതേ തുടർന്ന് വനിതാ ദിനാചരണത്തിന്റെ ഭാഗമായി ഹിൽവാലി ജൂനിയർ ചേംബറിന്റെ നേതൃത്വത്തിൽ ഞായറാഴ്‌ച്ച രാത്രി നടത്താനിരുന്ന വനിതാ നടത്തം ഒഴിവാക്കി. എസ്എൻഡിപി ശാഖായോഗം വലിയകാവ് ശാഖയ്ക്കായി നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനവും ഒഴിവാക്കി. ശിവഗിരി ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയും മന്ത്രി കെ.രാജുവും പങ്കെടുക്കേണ്ട സമ്മേളനവും പരിപാടികളുമാണ് മാറ്റിവച്ചത്.

സർക്കാർ സ്ഥാപനങ്ങളിലും ഹോട്ടലുകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ഉപഭോക്താക്കൾ നന്നേ കുറഞ്ഞു. പത്തനംതിട്ട നഗരത്തിലെ രണ്ട് ഹോട്ടലുകൾ ഉച്ചയോടെ അടച്ചു. കോവിഡ് ബാധ സ്ഥിരീകരിച്ചവർ ചികിത്സയിൽ കഴിയുന്ന പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഒ.പി. വിഭാഗത്തിൽ ഇന്നലെ രോഗികൾ കുറഞ്ഞു. സാധാരണ 1000-1200 രോഗികൾ എത്തിയിരുന്ന ഇവിടെ ഇന്നലെ രാവിലെ എട്ടുമുതൽ വൈകിട്ട് ആറു വരെ ചികിത്സ തേടിയത് 359 പേർ മാത്രം. ഐ.പി. വിഭാഗത്തിൽ ഇന്നലെ രാത്രി 12 മുതൽ വൈകിട്ട് ആറു വരെയുള്ളത് 21 പേർമാത്രമാണ്. സാധാരണ 60 പേരിലധികം ഈ വിഭാഗത്തിൽ പുതുതായി എത്തുമായിരുന്നു. ഇന്നലെ മുതൽ മൂന്നു ദിവസത്തേക്ക് വിദ്യാലയങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചതും ബസുകളിൽ യാത്രക്കാരുടെ എണ്ണം കുറയാൻ ഇടയായി. എന്നാൽ സർക്കാർ സ്ഥാപനങ്ങളിൽ പതിവുപോലെ ജീവനക്കാർ എത്തിയിരുന്നു.

റാന്നി ഇട്ടിയപ്പാറ ടൗൺ മേഖലയോടു ചേർന്നുള്ള ഐത്തല മീമുട്ടുപാറയിൽ രണ്ടു കുടുംബങ്ങളിലെ അഞ്ചു പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ റാന്നി മേഖലയിലെ ജനങ്ങൾ കടുത്ത ഭീതിയിലാണ്. രോഗം സ്ഥിരീകരിച്ച ശേഷമുള്ള പ്രവൃത്തി ദിനമായിരുന്ന ഇന്നലെ പ്രധാന റോഡുകളെല്ലാം ഏറെക്കുറെ ശൂന്യമായിരുന്നു. അപൂർവം വ്യാപാര സ്ഥാപനങ്ങളാണ് ഇട്ടിയപ്പാറ, മാമുക്ക്, പെരുമ്പുഴ, അങ്ങാടി എന്നിവിടങ്ങളിൽ തുറന്നുപ്രവർത്തിച്ചത്. ഉച്ചവരെ തുറന്ന കടകൾ ആരും എത്താത്തു മൂലം പിന്നീട് അടയ്ക്കുകയും ചെയ്തു.

അവധി പ്രഖ്യാപിച്ചതിനാൽ റോഡിൽ വിദ്യാർത്ഥികളുടെ സാന്നിധ്യവും ഉണ്ടായില്ല. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും ഏറെക്കുറെ പൂർണമായി രാവിലെ മുതൽ സർവീസ് നടത്തിയെങ്കിലും യാത്രക്കാർ നന്നേ കുറവായിരുന്നു. ഇന്ധനം നിറയ്ക്കാനുള്ള വരുമാനം പോലും കിട്ടില്ലെന്ന് ഉറപ്പായതോടെ പല സർവീസുകളും ഉച്ചയോടെ നിർത്തിവച്ചു. ഓട്ടോറിക്ഷാ സ്റ്റാൻഡുകളിൽ ആവശ്യത്തിന് ഓട്ടോകൾ ഉണ്ടായിരുന്നെങ്കിലും ചെലവിനുള്ള ഓട്ടം കിട്ടിയത് വിരലിലെണ്ണാവുന്നവർക്കു മാത്രം. ഇന്നലത്തെ മോശം സ്ഥിതി പരിഗണിച്ച് ഇന്ന് ഓടാൻ ഇറങ്ങേണ്ടെന്ന തീരുമാനത്തിലാണ് പല ഓട്ടോറിക്ഷ-ടാക്സി ഡ്രൈവർമാരും.

ചുരുക്കം കടകളിൽ ഒഴികെ മിക്ക വ്യാപാര സ്ഥാപനങ്ങളിലും സാധനങ്ങൾ വാങ്ങാൻ ആളുകളെത്തിയില്ല. ഭൂരിഭാഗം ഹോട്ടലുകളും ചായക്കടകളും പ്രവർത്തിക്കാഞ്ഞതിനാൽ ദൂരെ സ്ഥലങ്ങളിൽനിന്നു റാന്നിയിൽ എത്തിയവർ ഭക്ഷണം കിട്ടാതെ വലഞ്ഞു. സാമൂഹികമാധ്യമങ്ങളിലൂടെയും അല്ലാതെയും പരത്തുന്ന കിംവദന്തികളാണ് ജനങ്ങലെ ഭയത്തിലാക്കുന്നത്. റാന്നിയിൽ ഞായറാഴ്ച രോഗം സ്ഥിരീകരിച്ച അഞ്ചുപേരെക്കൂടാതെ ഏതാനും പേർക്കു കൂടി രോഗം ഉണ്ടെന്നും ആയിരത്തോളം പേരുടെ രക്ത സാമ്പിളുകൾ ആരോഗ്യ വകുപ്പ് പരിശോധനയ്ക്കായി എടുെത്തന്നും മറ്റുമുള്ള കല്ലുവച്ച നുണകളാണ് പ്രചരിക്കുന്നത്. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ റാന്നി മേഖലയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും പത്തു ദിവസത്തേക്ക് അടച്ചിടുകയാണെന്നും റാന്നി വഴിയുള്ള വാഹന ഗതാഗതത്തിന് വിലക്ക് ഏർപ്പെടുത്തിയെന്നും മറ്റുമുള്ള വ്യാജ പ്രചാരണങ്ങളും സജീവമാണ്. ഇവയൊക്കെ റാന്നിയിലേക്ക് ഇന്നലെ ജനങ്ങളും വാഹനങ്ങളും എത്താതിരിക്കാൻ ഇടയാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP