Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരേസമയം രണ്ടു സ്ത്രീകളെ വിവാഹം കഴിച്ച അപൂർവ ജന്മം! പിന്നീട് കേസ് വന്നതോടെ ഒരു ഭാര്യയെ സെക്രട്ടറിയാക്കി; തോട്ടപൊട്ടിച്ച് മീൻ പിടിച്ചതിനും കാട്ടിലേക്ക് പാലം നിർമ്മിച്ചതിനുമൊക്കെ ചുമത്തപ്പെട്ടത് കോടികളുടെ പിഴ; ചൂതാട്ട മാഫിയയുടെയും നികുതി വെട്ടിപ്പുകാരുടെയും തോഴൻ; കളിക്കളത്തിൽ എല്ലാം പുഞ്ചരിയോടെ നേരിടുന്ന പ്ലേമേക്കർ, സ്വകാര്യ ജീവിതത്തിൽ ഒന്നാന്തരം വില്ലൻ; വ്യാജപാസ്‌പോർട്ട് കേസിൽ ഇരുമ്പഴിക്കുള്ളിൽ കിടക്കുന്ന ബ്രസീലിയൻ സൂപ്പർതാരം റൊണാൾഡീഞ്ഞ്യോയുടെ ജീവിത കഥ

ഒരേസമയം രണ്ടു സ്ത്രീകളെ വിവാഹം കഴിച്ച അപൂർവ ജന്മം! പിന്നീട് കേസ് വന്നതോടെ ഒരു ഭാര്യയെ സെക്രട്ടറിയാക്കി; തോട്ടപൊട്ടിച്ച് മീൻ പിടിച്ചതിനും കാട്ടിലേക്ക് പാലം നിർമ്മിച്ചതിനുമൊക്കെ ചുമത്തപ്പെട്ടത് കോടികളുടെ പിഴ; ചൂതാട്ട മാഫിയയുടെയും നികുതി വെട്ടിപ്പുകാരുടെയും തോഴൻ; കളിക്കളത്തിൽ എല്ലാം പുഞ്ചരിയോടെ നേരിടുന്ന പ്ലേമേക്കർ, സ്വകാര്യ ജീവിതത്തിൽ ഒന്നാന്തരം വില്ലൻ; വ്യാജപാസ്‌പോർട്ട് കേസിൽ ഇരുമ്പഴിക്കുള്ളിൽ കിടക്കുന്ന ബ്രസീലിയൻ സൂപ്പർതാരം റൊണാൾഡീഞ്ഞ്യോയുടെ ജീവിത കഥ

എം മാധവദാസ്

ബ്രസീലിയ: 'പുൽത്തകിടിക്ക് തീപ്പിടിപ്പിക്കുന്ന വൈദ്യുത സാന്നിധ്യം'- മാരിവിൽരൂപത്തിൽ വളഞ്ഞ് പന്ത് ഇലപൊഴിയുന്നതുപോലെ ഗോൾപോസ്റ്റിൽ കയറ്റിക്കുന്നവ ലീഫ് ഫാളിങ്ങ് കിക്ക്, സർക്കസ് അഭ്യാസിയുടെ കണിശതയോടെയുള്ള 180 ഡിഗ്രിയിൽനിന്ന് പുറംതിരിഞ്ഞുള്ള ബൈസിക്കിൾ കിക്ക് എന്നിവയിലൂടെയൊക്കെ ലോകമെമ്പാടുമുള്ള  കാൽപ്പന്തുകളിപ്രേമികളുടെഇടനെഞ്ചിൽ കയറിക്കൂടിയ ബ്രീസീലിയിൻ ഫുട്ബോൾ താരം റൊണാൾഡീഞ്ഞ്യോയെ സാക്ഷാൽ പെലെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. നമ്മുടെ മലപ്പുറത്ത് തൊട്ട് മഡഗസ്സ്‌ക്കാറിൽവരെ ലക്ഷക്കണക്കിന് ആരാധകർ ഉള്ള ഈ ഇതിഹാസം താരം ഇപ്പോൾ ഇരുമ്പഴിക്കുള്ളിലാണെന്ന് അറിഞ്ഞാൽ എവരും ഞെട്ടും. വ്യാജ പാസ്പോർട്ടുമായി പാരഗ്വേയിൽ എത്തിയതിന് ജയിലിൽ കിടക്കുകയാണ്, രണ്ടുലോകകപ്പിൽ ബ്രസീലിന്റെ വിജയത്തിന് നിർണ്ണായക പങ്കുവഹിച്ച ഈ താരം.

പക്ഷേ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ കുറച്ചുകാലമായി ഒരു സ്ഥിരം കുറ്റവാളിയെപ്പോലെയാണ് കളിക്കളത്തിലെ ഈ തികഞ്ഞ മാന്യൻ പ്രതികരിക്കാറുള്ളത്. കളിക്കളത്തിൽ എല്ലാം പുഞ്ചരിയോടെ നേരിടുന്ന പ്ലേമേക്കർ, സ്വകാര്യ ജീവിതത്തിൽ ഒന്നാന്തരം വില്ലൻ. റോണോ എന്ന് ബ്രസീലുകാർ സ്നേഹത്തോടെ വിളിക്കുന്ന റൊണാൾഡോ ഡി അസീസ് മൊറീറ എന്ന റാണാൾഡീഞ്ഞ്യോ അങ്ങനെയാണ്. ഒരേസമയം രണ്ടു സ്ത്രീകളെ വിവാഹം കഴിച്ച് വിവാദ നായകനായ ഇദ്ദേഹത്തിന് പരിസ്ഥിതി നാശത്തിന്റെ പേരിലടക്കം ലക്ഷങ്ങൾ പിഴയൊടുക്കേണ്ടി വന്നിട്ടുണ്ട്. അനധികൃതമായ തോട്ടയെറിഞ്ഞ് വൻതോതിൽ മീൻപിടിക്കുക, കാട്ടിലേക്ക് പാലം നിർമ്മിക്കുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾതൊട്ട് കസീനോകളിലെ വാതുവെപ്പും നികുതിവെട്ടിപ്പുംവരെ ഈ താരത്തിനുമേൽ ആരോപണമഴയായിട്ടുണ്ട്.

ബാലൻ ഡി ഓർ ജേതാവായ റോണാൾഡോ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. എഫ്സി ബാഴ്സലോണ, എസി മിലാൻ തുടങ്ങിയ മുൻനിര ക്ലബുകളിൽ കളിച്ചിട്ടുള്ള ഈ 40കാരൻ ബ്രസീലിനായി ലോകകപ്പ് കിരീടവും നേടിക്കൊടുത്തിട്ടുണ്ട്. 2018ലാണ് അദ്ദേഹം സജീവ ഫുട്ബോളിൽ നിന്ന് വിരമിച്ചത്.

ഇതിഹാസ താരത്തെ ഹാജരാക്കിയത് വിലങ്ങുവെച്ച്

വ്യാജ പാസ്പോർട്ടുമായി വെള്ളിയാഴ്ച പരാഗ്വായിൽ അറസ്റ്റിലായ റൊണാൾഡീഞ്ഞ്യോയ്ക്കും സഹോദരൻ റോബർട്ടോയ്ക്കും ഇനിയും ജാമ്യം കിട്ടിയില്ല. ശനിയാഴ്ച രാവിലെ കോടതിയിൽ ഹാജരായ ഇരുവരെയും കരുതൽ തടങ്കലിൽ തന്നെ വയ്ക്കാൻ ജഡ്ജി ക്ലാര റൂയിസ് ഡയസ് ഉത്തരവിട്ടു. രാജ്യത്തിന്റെ സുരക്ഷയ്ക്കു ഭീഷണിയാകുന്ന കുറ്റം ചെയ്തതിനാലാണു ജാമ്യം അനുവദിക്കാത്തതെന്നും ജഡ്ജി പറഞ്ഞു. അസുൻസ്യോനിലെ സ്പെഷലൈസ്ഡ് പൊലീസ് ഗ്രൂപ്പിന്റെ ആസ്ഥാനത്താണ് ഇരുവരെയും തടവിൽ പാർപ്പിച്ചിരിക്കുന്നത്.

സന്ദർശകരിലൊരാളാണ് താരത്തിന് ബെഡും പുതപ്പും നൽകിയത്. രാത്രി വൈകി ഒരു ഫാസ്റ്റ് ഫുഡ് റസ്റ്ററന്റിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുകയും ചെയ്തു. വ്യാജ പാസ്പോർട്ട് കൈവശം വച്ചതിനു പുറമെ ഇരുവരും 'മറ്റു ചില കുറ്റങ്ങളും' ചെയ്തതായി പ്രോസിക്യൂട്ടർ വ്യക്തമാക്കി. ഇക്കാര്യവും അന്വേഷണ പരിധിയിലാണ്. അതേസമയം, 'മറ്റു ചില കുറ്റങ്ങൾ' എന്താണെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയാറായില്ല. അതേസമയം, റൊണാൾഡീഞ്ഞ്യോയെയും സഹോദരനെയും കസ്റ്റഡിയിൽ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഇവരുടെ അഭിഭാഷകൻ സെർജിയോ ക്വിറോസ് ആരോപിച്ചു. വ്യാജ പാസ്പോർട്ട് ഉപയോഗിച്ചതായി ഇരുവരും ഏറ്റുപറഞ്ഞതാണെന്ന് ക്വിറോസ് ചൂണ്ടിക്കാട്ടി. പക്ഷേ, പാരഗ്വായ്ക്ക് എതിരെ ഇരുവരും എന്തെങ്കിലും ചെയ്തതായി തെളിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പാസ്പോർട്ട് വ്യാജമാണെന്ന വിവരം ഇരുവർക്കും അറിയില്ലായിരുന്നു. മാത്രമല്ല, അന്വേഷണവുമായി ഇരുവരും തുടക്കം മുതലേ സഹകരിക്കുന്നുമുണ്ടെന്ന് ക്വിറോസ് പറഞ്ഞു.

അന്വേഷണം പൂർത്തിയാകുന്നതുവരെ ഇരുവരും ജയിലിൽ കഴിയേണ്ടി വരുമെന്നാണ് സൂചന. പാരഗ്വായിലെ നിയമമനുസരിച്ച് ഇത്തരം കേസുകളിൽ അന്വേഷണം പൂർത്തിയാക്കാൻ അധികൃതർക്ക് ആറു മാസം വരെ സമയം ലഭിക്കും. വെള്ളിയാഴ്ചയും ശനിയാഴ്ചയും സമ്പൂർണ സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇരുവരെയും ജയിലിൽ പാർപ്പിച്ചത്. ഇരുവർക്കും സോപ്പും തലയിണയും കൊതുകുവലയും നൽകി. ശനിയാഴ്ച കൈവിലങ്ങുവച്ചാണ് റൊണാൾഡീഞ്ഞ്യോയെയും സഹോദരനെയും കോടതിയിൽ ഹാജരാക്കിയത്. ഞായറാഴ്ച ജയിലിൽ സന്ദർശന ദിവസമായിരുന്നതിനാൽ തടവുകാരുടെ കുടുംബാംഗങ്ങളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ ഇരുവരും ജയിൽ സെല്ലിനുള്ളിൽത്തന്നെ കഴിച്ചുകൂട്ടി.

റൊണാൾഡിഞ്ഞോയും, സഹോദരവും താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് പാസ്പോർട്ട് കണ്ടെത്തിയതായാണ് റിപ്പോർട്ട്. വ്യാജ രേഖയുണ്ടാക്കിയാണ് റൊണാൾഡിഞ്ഞ്യോ ഇവിടേക്കെത്തിയത്. അത് തെറ്റായതിനാലാണ് അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടതെന്ന് പാരാഗ്വെ ആഭ്യന്തര മന്ത്രി പറഞ്ഞു. റൊണാൾഡിഞ്ഞ്യോയുടെ പ്രശസ്തിയെ കുറിച്ചറിയാം. പക്ഷേ നിയമം എല്ലാവർക്ക് മുൻപിലും ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. പാരാഗ്വെയിലെ കാസിനോ ഉടമയുടെ ക്ഷണം സ്വീകരിച്ചാണ് റൊണാൾഡീഞ്ഞ്യോ ഇവിടേക്കെത്തിയത്. നിലവിൽ റൊണാൾഡിഞ്ഞ്യോയ്ക്ക് ബ്രസീലിയൻ പാസ്പോർട്ട് ഇല്ല. 2018ലെ പാരിസ്ഥിതിക കയ്യേറ്റത്തിന് കോടതി വിധിച്ച പിഴ തുക അടക്കാത്തതിനെ തുടർന്നാണ്  പാസ്പോർട്ട് കണ്ടുകെട്ടിയത്.

എട്ടാം വയസ്സിൽ തുടങ്ങിയ ഫുട്ബോൾ കമ്പം

1980 മാർച്ച് 21 ന് ബ്രസീലിലെ പോർട്ടോ അലെഗ്രെ നഗരത്തിലെ ഒരു ഇടത്തരം കുടംബത്തിയാണ് റൊണാൾഡോ ഡി അസീസ് മൊറീറ ജനിച്ചത്. അമ്മ മിഗുവലിന എലി അസിസ് ഡോസ് സാന്റോസ് ഒരു കടയിൽ വിൽപ്പനക്കാരിയായിരുന്നു. പിതാവ്, ജോവോ ഡി അസീസ് മൊറീറ, കപ്പൽശാല തൊഴിലാളിയും പ്രാദേശിക ക്ലബ്ബായ എസ്പോർട്ട് ക്ലൂബ് ക്രൂസീറോയുടെ ഫുട്ബോൾ കളിക്കാരനുമായിരുന്നു.റൊണാൾഡീഞ്ഞോയുടെ ജ്യഷ്ഠൻ റോബർട്ടോയും മികച്ച കളിക്കാരനായിരുന്നു. അദ്ദേഹം പ്രമുഖ ക്ലബ്ലായ ഗ്രാമിയോയുമായി ഒപ്പുവെച്ചതിനുശേഷം, കുടുംബം പോർട്ടോ അലെഗ്രെയിലെ കൂടുതൽ സമ്പന്നമായ ഗ്വാരുജോയിലെ ഒരു വീട്ടിലേക്ക് മാറി. പക്ഷേ റോബർട്ടോയുടെ കരിയർ പരിക്ക് മൂലം വെട്ടിക്കുറച്ചു. ആ സമയത്തു തന്നെയാണ് പിതാവ് നീന്തൽക്കുളത്തിൽ തലയടിച്ച് വീണ് പരിക്കേറ്റത്. അതോടെ കുടുംബം നിത്യദാരിദ്രത്തിലേക്ക് നീങ്ങി. ഇതു പരിഹരിക്കപ്പെട്ടതും റൊണാൾഡീഞ്ഞോ കളിക്കാൻ തുടങ്ങിയതിന് ശേഷമായിരുന്നു.

കുഞ്ഞു റൊണായുടെ ഫുട്ബോൾ കഴിവുകൾ എട്ടാമത്തെ വയസ്സിൽ പൂത്തുതുടങ്ങി. അദ്ദേഹത്തിന് ആദ്യം റൊണാൾഡീഞ്ഞ്യോ - എന്ന വിളിപ്പേര് കിട്ടിയതും അങ്ങനെയാണ്. ബ്രസീലിൽ കുട്ടികളെയാണ് ഇഞ്ഞോ ചേർത്ത് വിളിക്കുന്നത്. അദ്ദേഹം പലപ്പോഴും യൂത്ത് ക്ലബ് മത്സരങ്ങളിലെ ഏറ്റവും പ്രായം കുറഞ്ഞതും ഏറ്റവും ചെറിയ കളിക്കാരനുമായിരുന്നു. ഫുട്സാൽ, ബീച്ച് ഫുട്ബോൾ എന്നിവയിൽ കുറഞ്ഞു റോണോ പ്രത്യക താൽപര്യം വളർത്തിയെടുത്തു, പിന്നീട് ഇത് സംഘടിത ഫുട്ബോളിലേക്കും വ്യാപിച്ചു.13 വയസുള്ളപ്പോൾ ഒരു പ്രാദേശിക ടീമിനെതിരായ 23-0 വിജയത്തിൽ 23 ഗോളുകളും നേടിയപ്പോൾ മാധ്യമങ്ങളുമായുള്ള അദ്ദേഹത്തെ തിരിച്ചറിഞ്ഞു. 1997 ൽ ഈജിപ്തിൽ നടന്ന അണ്ടർ 17 ലോക ചാമ്പ്യൻഷിപ്പിൽ റൊണാൾഡിഞ്ഞ്യോ വളർന്നുവരുന്ന താരമായി , അതിൽ പെനാൽറ്റി കിക്കുകളിൽ രണ്ട് ഗോളുകൾ നേടി. പിന്നീടങ്ങോട്ട് 
തിരിഞ്ഞുനോക്കിയിട്ടില്ല. പക്ഷേ ഫുട്ബോളിൽ വിജയം കൊയ്യുമ്പോഴും വ്യക്തി ജീവിതത്തിൽ അദ്ദേഹം എന്നും വിവാദ നായകൻ ആയിരുന്നു.

ഒരേസമയം രണ്ടു സ്ത്രീകളെ വിവാഹം കഴിച്ച അപൂർവ്വ പ്രതിഭ

വ്യത്യസ്തമായ കേളീ ശൈലികൊണ്ട് ശ്രദ്ധേയനായ അദ്ദേഹം സ്വന്തം വിവാഹ കാര്യത്തിലും അടിമുടി വ്യത്യസ്തനായി എന്നാണ് പത്രങ്ങൾ എഴുതിയത്. ഒരേ സമയം രണ്ടുപേരെയാണ്  റൊണാൾഡീഞ്ഞ്യോ വിവാഹം കഴിച്ചത്. ഈ ഇരട്ടപ്രണയകഥ പുറംലോകത്തെ അറിയിച്ചത് ബ്രസീലിലെ വിഖ്യാത കളിയെഴുത്തുകാരൻ ലിയോ ഡയാസാണ്. ഒപ്പം താമസിക്കുന്ന പ്രിസില കൊയ്ലയെയും ബിയാട്രീസ് സൂസയെയും ആണ് അദ്ദേഹം വിവാഹം കഴിച്ചത്. 2015 ഡിസംബർ മുതൽ റൊണാൾഡീഞ്ഞ്യോ ഇരുവർക്കുമൊപ്പമാണു താമസം. 2016 ഓഗസ്റ്റിലാണു റൊണാൾഡീഞ്ഞോയും ബിയാട്രീസ് സൂസയും പ്രണയത്തിലാകുന്നത്. പ്രിസിലയും റൊണാൾഡീഞ്ഞ്യോയും വർഷങ്ങൾക്കു മുമ്പേ ഒരുമിച്ചു ജീവിക്കുന്നവരാണ്. പിന്നീട് താരം ഇരുവരോടും താരം വിവാഹാഭ്യർഥന നടത്തിയത്. രണ്ടുപേരെയും വിവാഹനിശ്ചയമോതിരവും അണിയിച്ചു. പോക്കറ്റ് മണിയായി ഇരുവർക്കും 1500 പൗണ്ട് വീതം നൽകി. ഒരേ സമ്മാനങ്ങളാണ് രണ്ടുപേർക്കും നൽകാറുമെന്നും ബ്രസീലിയൻ പത്രങ്ങൾ എഴുതിയിരുന്നു. സഹോദരന്റെ ഇരട്ട വിവാഹത്തിൽ അതൃപ്തയായ സഹോദരി ഡിസി വിവാഹ ചടങ്ങുകളിൽ പങ്കെടുക്കില്ലെന്നു വ്യക്തമാക്കി.

എന്നാൽ പിന്നീട് റോണാഡീഞ്ഞ്യോ ഇക്കാര്യം നിഷേധിച്ചു. തനിക്ക് ഒരു ഭാര്യമാത്രമേയുള്ളുവെന്നും മറ്റേത് തന്റെ സെക്രട്ടറിയായണെന്നുമായിരുന്നു റൊണാൾഡീഞ്ഞ്യോയുടെ വിശദീകരണം. നിയമ പ്രശ്നങ്ങളും സ്വത്തുകേസുകളും ഒഴിവാക്കാനുള്ള അടവാണ് ഇതൊന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. ഇത് ആരും മുഖവിലക്കെുടത്തിട്ടില്ല. ഇടക്കാലത്ത് ഒരാൾ പിണങ്ങിപ്പോയെന്നും മാധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ബ്രസിൽ കണ്ടുകെട്ടിയത് 57 വസ്തുവകകൾ

2015ൽ അനധികൃതമായി മീൻ പിടിച്ച റോണോയുടെയും സഹോദരന്റെയും പാസ്പോർറ്റ് 2018ൽ ബ്രസീലിയൻ ഭരണകൂടം തടഞ്ഞു വച്ചിരുന്നു. ഒപ്പം 8.5 മില്ല്യൺ ഡോളർ പിഴയും ഇവർ ഒടുക്കി. നികുതികളും പിഴകളും അടയ്ക്കുന്നതിൽ വീഴ്ചവരുത്തിയതിനെ തുടർന്ന് റൊണാൾഡീഞ്ഞ്യോയുടെ 57 വസ്തുവകകൾ കണ്ടുകെട്ടി. അതിൽ 55 എണ്ണവും ബ്രസീലിലെ റയോ ഡി ജനീറോയിലാണ്. പോർട്ടോ അലെഗ്രയിലെ തന്റെ ലേക്ക് ഹൗസിലേക്ക് പാലം നിർമ്മിച്ചതിന് റൊണാൾഡീഞ്ഞ്യോയുടെ പേരിൽ ഏകദേശം പതിനേഴ് കോടി രൂപ പിഴചുമത്തിയിരുന്നു. പാലം നിർമ്മിച്ചത് കാരണമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങൾ കണക്കിലെടുത്തായിരുന്നു അത്്. നികുതിയിനത്തിലും മറ്റുമായി പതിനാലു കോടിയോളം രൂപ ഇനിയും അടയ്ക്കാനുണ്ട്. ഇതാണ് താരത്തിന് തിരിച്ചടിയായത്. ഇതിനെ തുടർന്ന് താരത്തിന്റെ സ്പാനിഷ്, ബ്രസീലിയൻ പാസ്പോർട്ടുകളും പിടിച്ചെടുത്തു. എന്നാൽ താരത്തിന്റെ വക്കീൽ പറയുന്നത് റൊണാൾഡീന്യോയുടെ വസ്തു വകകൾക്ക് നിയന്ത്രണം വീണിട്ടില്ലെന്നാണ്. തോട്ടപൊട്ടിച്ച് മീൻ പിടിച്ചതിന്, ചൂതാട്ടമാഫിയയെ സഹായിച്ചതിന് ഒക്കെ അദ്ദേഹം ആരോപണ വിധേയനായിരുന്നു.

ബ്രസീലിന്റെ മുൻ ക്യാപ്റ്റൻ കഫുവും നേരത്തേ ഇതേപ്രശ്നം നേരിട്ടിരുന്നു. അന്ന് കഫുവിന്റെ ഉടമസ്ഥതയിലുള്ള വിവിധ വീടുകൾ കോടതി കണ്ടുകെട്ടി. കഴിഞ്ഞ വർഷമായിരുന്നു താരം അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന വിരമിച്ചത്. 2007 ൽ റോണാൾഡീഞ്ഞ്യോ സ്പാനിഷ് പൗരത്വം നേടിയിരുന്നു. ഇ2018 മാർച്ചിൽ റൊണാൾഡിനോ ബ്രസീലിയൻ റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേർന്നു, ഇത് യൂണിവേഴ്സൽ ചർച്ച് ഓഫ് ഗോഡ് ഓഫ് കിങ്ഡവുമായി ബന്ധമുണ്ട്. 2018 ലെ ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റൊണാൾഡിഞ്ഞ്യോ പ്രസിഡന്റ് സ്ഥാനാർത്ഥി ജെയർ ബോൾസോനാരോയെ പിന്തുണച്ചു. പക്ഷേ കേസ് തുലച്ചത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയാണ്.ബസീലിയൻ റിപ്പബ്ലിക്ക് പാർട്ടിയുടെ (പി.ആർ.ബി.) സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു റൊണാൾഡീഞ്ഞ്യോ വെളിപ്പെടുത്തയിരുന്നു. പക്ഷേ വിവാഹ വാർത്തയും അഴിമതിയും അടക്കം പുറത്തുവന്നതോടെ സൂപ്പർ താരത്തിന്റെ സ്ഥാനാർത്ഥിത്വം വെള്ളത്തിലായി.

കേരള സന്ദർശനത്തിനിടയിലും വിവാദം

2016ൽ കേരള സന്ദർശനവും വൻ വിവാദമായി.21 വർഷങ്ങൾക്കു മുമ്പ് നിലച്ച സേട്ട് നാഗ്ജി ഫുട്ബാളിനെ പുനരുജ്ജീവിക്കുക ഏന്ന ലക്ഷ്യത്തോടെയാണ് സംഘാടകർ അദ്ദേഹത്തെ കോഴിക്കോട്ടേക്ക് എത്തിച്ചത്. ടൂർണമെന്റിന്റെ ബ്രാൻഡ് അംബാസിഡറായി റൊണാൾഡീഞ്ഞ്യോയെ എത്തിക്കാൻ കോടിക്കണക്കിന് രൂപയായിരുന്നു ചെലവഴിച്ചത്. പണം മുഴുവനും കിട്ടാതെ എയർപോർട്ടിൽ നിന്ന് പുറത്തുവരില്ലെന്ന് റൊണാൾഡീഞ്ഞ്യോ വ്യക്തമാക്കി. റൊണാൾഡീഞ്ഞ്യോ പങ്കടെുത്ത ബീച്ചിലെ പരിപാടിയിലും സ്റ്റേജിൽ നിറഞ്ഞു നിൽക്കാനായിരുന്നു പലരുടെയും ശ്രമം. ഇതിന് സാധിക്കാത്തവരെല്ലാം പിന്നീട് ടൂർണമെന്റുമായി സഹകരിക്കാതെയായി.


സ്‌പോൺസർമാരായ മോണ്ടിയൽ സ്പോർട്സ് പ്രതിനിധികൾക്ക് പോലും വേദിയിൽ അർഹമായ ഇടം കിട്ടിയില്ല. ഈ തർക്കത്തിനിടയിൽ റൊണാൾഡീഞ്ഞ്യോയ്ക്ക് ഒപ്പമത്തെിയ സഹോദരനെ ഉൾപ്പെടെ വേണ്ട രീതിയിൽ പരിഗണിക്കാൻ സംഘാടകർക്ക് കഴിഞ്ഞില്ല. ഇതോടെ റൊണാൾഡീഞ്ഞ്യോ സംഘാടകരുമായി ഇടഞ്ഞു. നാഗ്ജി ഫുട്‌ബോളിന്റെ പ്രചരണത്തിനായി എത്തിയ ഫുട്‌ബോൾ ഇതിഹാസം അതുകൊണ്ട് തന്നെ കോഴിക്കൊട്ടത്തെിയിട്ടും ഫുട്‌ബോൾ തൊടാൻ പോലൂം കൂട്ടാക്കിയില്ല. കോടിക്കണക്കിന് രൂപ ചെലവിട്ട് റൊണാൾഡീഞ്ഞ്യോയെ എത്തിച്ചതോടെ മോണ്ടിയൽ സ്‌പോർട്‌സും പ്രതിസന്ധിയിലായി.

കോഴിക്കൊട്ടെ മിംസ് ഹോസ്പിറ്റൽ റൊണാൾഡീഞ്ഞ്യോയുടെ സന്ദർശന പരിപാടികൾക്കായി മൂന്നു കോടി രൂപ നൽകാമെന്ന് ഏറ്റിരുന്നു. എന്നാൽ കരാറിൽ വ്യക്തമാക്കിയ പോലെ റൊണാൾഡീഞ്ഞ്യോയെ മിംസ് ആശുപത്രിയിലെ ചടങ്ങിലത്തെിക്കാൻ സംഘാടകർക്ക് കഴിഞ്ഞില്ല. ഇതോടെ തുക നൽകുന്നതിൽ നിന്നും മിംമ്‌സ് ആശുപത്രി പിന്മാറുകയും ചെയ്തു. ഇതോടെ ടൂർണമെന്റ് നഷ്ടത്തിലായി. പക്ഷേ തന്നെ കാണാൻ റോഡിന് ഇരുവശവും തടിച്ചുകൂടിയവരെ അഭിവാദ്യം ചെയ്ത് അദ്ദേഹം പോസ്റ്റ് ഇട്ടിരുന്നു. കോഴിക്കോട് നഗരത്തിലെത്തിയ ബ്രസീൽ ഫുട്ബോൾ താരം റൊണാൾഡിഞ്ഞ്യോ അപകടത്തിൽ നിന്ന് ആൽഭുതകരമായാണ് രക്ഷപ്പെട്ടത്. നടക്കാവ് ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനം മുന്നോട്ട് പോകുമ്പോൾ തൊട്ടുമുമ്പിൽ ട്രാഫിക് സിഗ്നൽ വീഴുകയായിരുന്നു.

സ്‌കൂളിന് മുന്നിലെ ട്രാഫിക് സിഗ്‌നൽ റൊണാൾഡിഞ്ഞ്യോ കയറിയ കാറിനും മുന്നിലുള്ള പൊലീസ് ജീപ്പിനും ഇടയിലേക്ക് വീഴുകയായിരുന്നു. താരത്തെ കാണാനെത്തിയ ആരാധകരുടെ തിക്കിലും തിരക്കിലുമാണ് ട്രാഫിക് സിഗ്‌നൽ മറിഞ്ഞുവീണത്. ഇതും അദ്ദേഹം നവമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

ഇലപൊഴിയും കിക്കിലൂടെ മനം കവർന്ന പ്രതിഭ

ലീഫ് ഫാളിങ്ങ് കിക്ക് ബൈസിക്കിൾ കിക്ക് എന്നിവയിലൂടെ ആരാധകരുടെ മനം കവർന്ന പ്രതിഭയായിരുന്നു റോണാൾഡീഞ്ഞ്യോ.2002 ൽ ഫുട്‌ബോൾ ലോകകപ്പിൽ ക്വാട്ടർ ഫൈനലിൽ ഇഗ്ലണ്ടിനെതിരെ ഇല പോഴിയും കിക്കിലൂടെ നേടിയ ഗോൾ ലോക ഫുടബാളിന്റെ ചരിത്രത്തിലാണ്. ബ്രസീലിനായി 97 കളികളിലായി 33 ഗോളടിച്ചു. ഗ്രെമിയോ, പാരീസ് സെയിന്റ് ജെർമെയ്ൻ, ബാഴ്സലോണ, മിലാൻ, ഫ്ളമെങ്കോ, അത്ലറ്റിക്കോ മിനാരിയോ, ക്വരേറ്റോ, ഫ്ളൂമിനസ് ക്ലബുകൾക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. ബാഴ്സലോണയ്ക്കു വേണ്ടി 2003 മുതൽ 2011 വരെ 145 മത്സരങ്ങളിൽ പന്തു തട്ടി. ഫ്രീകിക്കുകളിലെ പൂർണത റൊണാൾഡീഞ്ഞ്യോയ്ക്കു ലോകമെമ്പാടും ആരാധകരെ നേടിക്കൊടുത്തു.

രണ്ടുതവണ ഫിഫ ലോകഫുട്‌ബോളർ പുരസ്‌കാരവും ഒരു തവണ ബാലൺദ്യോറും നേടിയിട്ടുണ്ട്. ലോകകപ്പിൽ രണ്ടുതവണ കാനറിപ്പടയെ പ്രതിനിധീകരിച്ചു. 2002ൽ ബ്രസീൽ ലോകകപ്പ് നേടിയത് റൊണാൾഡീഞ്ഞോയുടെ മികവിലാണ്. 2003ലാണ് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിൽ നിന്ന് താരം ബാഴ്‌സലോണയിലെത്തിയത്. ഈ ലോകകപ്പിലെ പ്രകടനം റൊണാൾഡിഞ്ഞ്യോയെ യൂറോപ്പിലെ വമ്ബൻ ക്ലബുകളുടെ നോട്ടപ്പുള്ളിയാക്കി. 2003ൽ അദ്ദേഹത്തെ ബാഴ്‌സലോണ സ്വന്തമാക്കി. അഞ്ച് വർഷം നീണ്ട ഈകാലത്തിനിടക്ക് ബ്രസീൽ താരം ബാഴ്‌സയെ ചുമലിലേറ്റി. രണ്ട് ലീഗ് കിരീടങ്ങൾ, 2006ലെ ചാമ്പ്യൻസ് ലീഗ് കിരീടം എന്നിവ ബാഴ്‌സയുടെ ഷോക്കേസിലെത്തിച്ചു. 2005ലെ ബാലൺ ഡി ഓർ പുരസ്‌കാരം ബ്രസീൽ താരത്തിനായിരുന്നു.എ.സി.മിലാന് വേണ്ടി ഇതു വരെ 18 കളികളിൽ നിന്ന് 7 ഗോളുകളും നേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP