Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ധ്യാനത്തിനും ധ്യാനകേന്ദ്രങ്ങൾക്കും എന്തിനാണ് ഇത്രയധികം പബ്ലിസിറ്റി? വിശ്വാസികളുടെ പരാജയങ്ങളും വേദനകളും ചൂഷണം ചെയ്യുമ്പോൾ കീശയിൽ പണം നിറയും; ആള് കൂടുന്നതനുസരിച്ച് പൈസ കൂടുന്ന പരിപാടിയാണിത്; കർത്താവിനെ വിറ്റുകാശാക്കുന്ന കരിസ്മാറ്റിക് കൺവെൻഷനുകൾക്ക് നമ്മൾ കൂട്ട് നിൽക്കരുത്; കരിസ്മാറ്റിക് കൺവെൻഷനുകളെ തള്ളിപ്പറഞ്ഞ സിഎംഐ സഭാ വൈദികനായ ഫാദർ ജോജോ തളികസ്ഥാനത്തിന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറൽ; ഈ വൈദികരെ സൂക്ഷിക്കുക എന്ന മുന്നറിയിപ്പുമായി പ്രവാചകശബ്ദം

ധ്യാനത്തിനും ധ്യാനകേന്ദ്രങ്ങൾക്കും എന്തിനാണ് ഇത്രയധികം പബ്ലിസിറ്റി? വിശ്വാസികളുടെ പരാജയങ്ങളും വേദനകളും ചൂഷണം ചെയ്യുമ്പോൾ കീശയിൽ പണം നിറയും; ആള് കൂടുന്നതനുസരിച്ച് പൈസ കൂടുന്ന പരിപാടിയാണിത്; കർത്താവിനെ വിറ്റുകാശാക്കുന്ന കരിസ്മാറ്റിക് കൺവെൻഷനുകൾക്ക് നമ്മൾ കൂട്ട് നിൽക്കരുത്; കരിസ്മാറ്റിക് കൺവെൻഷനുകളെ തള്ളിപ്പറഞ്ഞ സിഎംഐ സഭാ വൈദികനായ ഫാദർ ജോജോ തളികസ്ഥാനത്തിന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറൽ; ഈ വൈദികരെ സൂക്ഷിക്കുക എന്ന മുന്നറിയിപ്പുമായി പ്രവാചകശബ്ദം

എം മനോജ് കുമാർ

തിരുവനന്തപുരം: ഭൂമി കുംഭകോണങ്ങളും അഴിമതിആരോപണങ്ങളും സീറോ മലബാർ സഭയെ പിടിച്ചുലയ്ക്കുമ്പോൾ വിശ്വാസവുമായി ബന്ധപ്പെട്ടു വീണ്ടും സഭയിൽ വിവാദം. ധ്യാനകേന്ദ്രങ്ങൾ ദൈവത്തെ വിറ്റുകാശാക്കുന്ന ആലയങ്ങളാണെന്ന സിഎംഐ സഭാ വൈദികന്റെ പ്രസംഗമാണ് ഇപ്പോൾ കത്തോലിക്കാ സഭയ്ക്കുള്ളിൽ വിവാദത്തിന്റെ കാറ്റായി വീശുന്നത്. . വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും ഉലച്ച് സഭാ വൈദികനായ ഫാദർ ജോജോ തളികസ്ഥാനം നടത്തിയ പ്രസംഗമാണ് സഭയ്ക്കുള്ളിൽ പുകയുന്നത്. മനസുകൊണ്ട് സഭാ ഉന്നതരിൽ പലരും ഈ പ്രസംഗത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും കരിസ്മാറ്റിക് കൺവെൻഷനുമായി ബന്ധപ്പെട്ടവരിൽ നിന്നും വന്ന എതിർപ്പോടെയാണ് സിഎംഐ സഭാ നേതൃത്വം പ്രശ്‌നത്തിൽ ഇടപെട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൻവിവാദമാണ് ജോജോയുടെ പ്രസംഗവുമായി ബന്ധപ്പെട്ടു ഉയരുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ വരുന്നുണ്ടെങ്കിലും കടുത്ത തെറിവിളി തന്നെയാണ് പ്രസംഗത്തിന്റെ പേരിൽ ഫാദറിന് നേരിടേണ്ടി വന്നിരിക്കുന്നത്. സോഷ്യൽ മീഡിയ വഴിയുള്ള സൈബർ അറ്റാക്ക് തന്നെയാണ് പ്രസംഗത്തിന്റെ പേരിൽ ജോജോയ്ക്ക് നേരെ ഉയരുന്നത്.

നസ്രാണി പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഹൈറേഞ്ചിൽ വെച്ച് കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലാണ് ജോജോയുടെ ഒന്നര മണിക്കൂർ പ്രസംഗം നടക്കുന്നത്. ഈ കഴിഞ്ഞ ദിവസം നടന്ന രണ്ടു സെഷനിൽ ആദ്യത്തെ സെഷനിലാണ് വിശ്വാസികളുടെ വിശ്വാസത്തിനു വേണ്ടി ആഞ്ഞടിച്ചുകൊണ്ട് ഫാദർ പ്രസംഗം നടത്തുന്നത്. ഈ പ്രസംഗമാണ് വിവാദമായത്. കോടികൾ കൈമാറിയുന്ന ഇടപാടാണ് കരിസ്മാറ്റിക് കൺവെൻഷനുകൾ. സഭയിലെ സ്വാധീന ശക്തികളായ ഒരു വലിയ വിഭാഗമാണ് കൺവെൻഷന് പിന്നിലുള്ളത്. സഭയിലെ കരുത്തുറ്റ കരങ്ങളാണ് ഈ കൺവെൻഷനുകളെ നിയന്ത്രിക്കുന്നതും. അതുകൊണ്ട് തന്നെ പ്രസംഗം കൺവെൻഷൻ സംഘത്തെ പിടിച്ചു കുലുക്കി. ഇതൊടെയാണ് ഇവർ സിഎംഐ സഭാ നേതൃത്വത്തിൽ ഇടപെടലുകൾ നടത്തിയത്. കരിസ്മാറ്റിക് കൺവെൻഷനുകൾ തലവേദനയായി വിശ്വാസി സമൂഹത്തിനു അനുഭവപ്പെട്ടു തുടങ്ങിയപ്പോൾ തന്നെയാണ് ഇത് മനസിലാക്കി വിശ്വാസികളുടെ വിശ്വാസത്തെ മുറുകെ പിടിച്ച് ആഞ്ഞടിക്കുന്ന പ്രസംഗം ജിജോ നടത്തിയത്. പ്രസംഗത്തിലെ രണ്ടര മിനിറ്റ് ഭാഗം തന്നെ കരിസ്മാറ്റിക് കൺവെൻഷനുകളുടെ അടിവേരുകൾ തന്നെ പറച്ചെറിയുന്ന വിധത്തിലുള്ളതാണ്.

നിങ്ങൾ വിശ്വാസത്തിൽ വളരാൻ വേണ്ടി പറയുന്നുവെന്നെയുള്ളൂ. ആരും വിശ്വാസികളെ ചൂഷണം ചെയ്യരുത്. നിങ്ങളുടെ പരാജയങ്ങളെയും വേദനകളെയും ചൂഷണം ചെയ്യുമ്പോൾ അവരുടെ കീശയിൽ പണം ഏറുകയാണ്. ആള് കൂടുന്നതനുസരിച്ച് പൈസ കൂടും. എന്തിനാണ് പബ്ലിസിറ്റി ഇത്രയധികം. ധ്യാനകേന്ദ്രങ്ങൾക്കും ധ്യാനങ്ങൾക്കും എന്തിനാണ് ഇത്രയധികം പബ്ലിസിറ്റി. പള്ളിയിൽ തിരുനാൾ വന്നാൽ ലോക്കൽ ചാനൽ തുറന്നുവെയ്ക്കാൻ കഴിയില്ല. മുഴുവൻ സമയം എഴുതി കാണിച്ചു കൊണ്ടിരിക്കും. ഇപ്പോൾ ഇന്നയാൾ കുർബാന ചൊല്ലിക്കൊണ്ടിരിക്കുന്നു... ഇന്നു ഇത്രയധികം ആളുകൾ വന്നിട്ടുണ്ട്. ...നാളെ ഇത്രയധികം ആളുകൾ വരും എന്ന് പ്രതീക്ഷിക്കുന്നു. നാളെ കുർബാന ചൊല്ലുന്നയാൾ ഇന്നയാളാണ്... ഇതെല്ലാം പറഞ്ഞു ആകർഷിക്കുകയാണ്. ഒരു തരത്തിൽ മാർക്കറ്റിങ് നടത്തുകയാണ്. ഒരു തരത്തിൽ കർത്താവീശോ മിശിഹായേ വിറ്റുകാശാക്കുന്നവരായി നമ്മൾ അധപതിച്ചു... അതിനു കൂട്ട് നിൽക്കുന്നവരായി നമ്മളോരോരുത്തരും... കർത്താവിനെ വിറ്റുകാശാക്കരുത്...അത് ചതിയാണ് ചെയ്യുന്നത്. മിശിഹാ തമ്പുരാൻ സഭ സ്ഥാപിച്ചത് അതിനല്ല... വിശ്വാസത്തിൽ നീതി പൂർവ്വം നിലകൊള്ളുന്ന ഒരു സമൂഹത്തെയാണ് നിർമ്മിച്ചത്. അവിടെ നിന്ന് അത് വഴി തെറ്റി... ഓരോരുത്തരും ഒരു ആശയങ്ങൾ പഠിപ്പിക്കുന്നവരായി. നിങ്ങൾ ശരിയായി രീതിയിൽ വിശുദ്ധ ഗ്രാന്ധം വായിക്കൂ, എന്നിട്ട് പറയൂ ഞാനീ പറയുന്നത് തെറ്റാണോ എന്ന്? എന്നിട്ട് നിങ്ങൾ എന്നെ വെല്ലുവിളിക്കൂ....ഈ പറഞ്ഞതുമായി ബന്ധപ്പെട്ടു നിങ്ങൾക്ക് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ ചോദിക്കാം.... ഈ രീതിയിലാണ് ഫാദർ ജോജോയുടെ പ്രസംഗം പുരോഗമിക്കുന്നത്.

ഒരു ദിവസം പത്ത് ലക്ഷത്തോളം പേരാണ് ഈ പ്രസംഗ വീഡിയോ കണ്ടത്. കരിസ്മാറ്റിക് കൺവെൻഷൻ വിശ്വാസത്തെ വിറ്റുകാശാക്കുകയാണ് എന്ന അഭിപ്രായമുള്ളവർ ഏറെയുണ്ട് കത്തോലിക്കാ സഭയിൽ. ഈ പ്രശ്‌നം സഭയ്ക്കുള്ളിൽ ചലനങ്ങൾ സൃഷ്ടിക്കുമ്പോൾ തന്നെയാണ് ഫാദർ ജോജോയുടെ പ്രസംഗം കൂടി വരുന്നത്. അതുകൊണ്ട് തന്നെയാണ് പ്രസംഗത്തെ വിശ്വാസികളിൽ വലിയ പങ്കു കണ്ണുമടച്ച് പിന്തുണയ്ക്കുന്നത്. വരുന്നുണ്ട്. സുറിയാനി സഭയുടെ പാരമ്പര്യങ്ങളിലേക്കും സുറിയാനി ഭാഷയിലേക്കും തിരികെ പോകണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേർ സഭയിലുണ്ട്. അവരുടെ ഉയിർത്തെഴുന്നേൽപ്പാണ് ഫാദർ ജിജോയുടെ പ്രസംഗത്തിലൂടെ നടന്നത്. ഇതാണ് ജോജോയ്ക്കുള്ള സമ്മിതിയുടെ പിറകിൽ. അതുകൊണ്ട് തന്നെ കത്തോലിക്കാ സഭയെ പിടിച്ച് കുലുക്കും വിധം വിവാദം മാറണമെന്നാണ് വിശ്വാസികൾ ആഗ്രഹിക്കുന്നത്.

കരിസ്മാറ്റിക് കൺവെൻഷനുകളുടെ നെറുകിൽ ആഞ്ഞു പ്രഹരിക്കുന്ന പ്രസംഗമാണ് എക്‌സ്ട്രാ സ്മാർട്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വൈദികൻ നടത്തിയിരിക്കുന്നു. ഇതുകൊള്ളേണ്ടിടത്തുകൊണ്ടതോടെയാണ് സിഎംഐ സഭാ നേതൃത്വം പ്രതിസന്ധിയിലായത്. പ്രസംഗം പിൻവലിക്കാൻ ഫാദർക്ക് കഴിയില്ല. ജോജോ നടത്തിയിരിക്കുന്നത് ഒരു പ്രസംഗമാണ്. ഇത് പ്രചരിപ്പിക്കുന്നത് നസ്രാണി പഠനകേന്ദ്രമാണ്. ഈ വീഡിയോ പിൻവലിക്കാൻ കഴിയില്ലെന്ന് നസ്രാണി പഠനകേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ഫാദർ ജോജോയ്ക്ക് ഈ കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയുകയുമില്ല. വന്നുപെട്ടിരിക്കുന്ന കുരുക്കിൽ നിന്ന് എങ്ങിനെ രക്ഷപ്പെടാൻ കഴിയുമെന്ന് സഭയ്‌ക്കോ ഫാദർ ജോജോയ്‌ക്കോ ഒരു പിടിയുമില്ല. പ്രസംഗമാണെങ്കിൽ വല്ലാതെ വൈറലും ആയി മാറിയിട്ടുമുണ്ട്. ആധികാരികതയോടെ പഠിച്ച് നടത്തിയ പ്രസംഗം ആയതിനാൽ ഫാദറിനു ഈ പ്രസംഗം നിഷേധിക്കാൻ കഴിയുകയുമില്ല-ഇതോടെയാണ് സഭയും ഫാദറും ഒരേ പോലെ ധർമ്മ സങ്കടത്തിൽ അകപ്പെടുന്ന അവസ്ഥ വന്നിരിക്കുന്നത്.

ആറു വർഷമായി ചങ്ങനാശ്ശേരി അതിരൂപതയിലാണ് വിവാദ പ്രസംഗം നടത്തിയ ജോജോ തളികസ്ഥാനമുള്ളത്. ചങ്ങനാശ്ശേരി അതിരൂപതയിലെ വേളപ്ര ഇടവകയിലാണ് അതിരമ്പുഴ പള്ളിയിലെ അസിസ്റ്റന്റ്‌റ് വികാരിയായിരുന്നു ആയിരുന്നു. ഈ പ്രസംഗത്തോടെയാണ് വിവാദനായകനായി അച്ചൻ മാറിയിരിക്കുന്നത്. ചരിത്രപരമായി വേരുകളുള്ള എന്നാൽ ഒരു വിഭാഗം വിശ്വാസി സമൂഹത്തിനു തലവേദനയാണ് കരിസ്മാറ്റിക് കൺവെൻഷനുകൾ. പക്ഷെ പല കാരണങ്ങൾക്കൊണ്ടും വിശ്വാസിസമൂഹത്തിനു കൺവെൻഷനുകളെ എതിർക്കാൻ കഴിയാറില്ല. ഈ പ്രശ്‌നം മുന്നിൽ നിൽക്കുമ്പോഴാണ് ഹൈറേഞ്ചു പരിപാടിയിൽ ജോജോ കത്തിക്കയറുന്നത്. ഇതോടെയാണ് സുറിയാനി സഭയുടെ പാരമ്പര്യങ്ങളിലേക്കും സുറിയാനി ഭാഷയിലേക്കും തിരികെ പോകണമെന്ന് ആഗ്രഹിക്കുന്നവർ ജോജോയുടെ പ്രസംഗത്തെ അനുകൂലിച്ച് രംഗത്ത് വന്നത്. ഈ വിശ്വാസ വിഭാഗത്തിന്റെ ഉയിർത്തെഴുന്നേൽപ്പാണ് ഫാദർ ജിജോയുടെ പ്രസംഗത്തിലൂടെ നടന്നത്. ഇത് മനസിലാക്കിയാണ് കൺവെൻഷനുകളെ അനുകൂലിക്കുന്നവർ എതിർപ്പുമായി രംഗത്ത് വരുന്നത്. സൈബർ ആക്രമണം തന്നെയാണ് ഫാദർ ജോജോയുടെ പേരിൽ നടക്കുന്നത്. അതുകൊണ്ട് തന്നെയാണ് അനുകൂലിച്ചു എതിർത്തുമായി സോഷ്യൽ മീഡിയയിൽ പ്രശ്‌നത്തിൽ പ്രകമ്പനങ്ങൾ ഉയരുന്നത്.

1962-ൽ പൊന്തക്കൊസ്ത് പ്രസ്ഥാനമായിട്ടാണ് കരിസ്മാറ്റിക് പ്രസ്ഥാനം ഉടലെടുക്കുന്നത്. 1967ലാണ് കത്തോലിക്കാ സഭയിലേക്ക് കരിസ്മാറ്റിക് പ്രസ്ഥാനം കടന്നുവരുന്നത്. 67-ൽ യൂറോപ്പിലെ ആളുകൾ വിട്ടു പോകുന്നത് പതിവായപ്പോൾ അവരെ പിടിച്ചു നിർത്താനാണ് കത്തോലിക്കാ സഭ ഈയൊരു പ്രസ്ഥാനത്തെ കാനോൻ വെള്ളം തളിച്ച് കത്തോലിക്കാ പ്രസ്ഥാനമാക്കി മാറ്റുന്നത്. സീറോ മലബാർ സഭയാണ് കരിസ്മാറ്റിക് കൺവെൻഷനുകളിൽ സജീവം. മറ്റു സ്ഥലങ്ങളിൽ ഒന്നും ഇത്ര വലിയ അഡിക്ഷനില്ല. പണം ഒഴുകുന്ന വഴികളാണ് കൺവെൻഷൻ. വലിയ വലിയ അസറ്റുകൾ ആണ് ഇതിൽ നിന്നും പിറവിയെടുക്കുന്നത്. നേരത്തെ സന്യാസ സഭകൾ. ഇപ്പോൾ ഇടവകകൾ തന്നെ നടത്തുന്നു. സീറോ മലബാർ സഭയിൽ ആരാധനാ പുനരുദ്ധാരണം നടക്കുന്നില്ല. ആരാധനാ ക്രമത്തിൽ ഊന്നിയ പ്രശ്‌നങ്ങൾ വരുമ്പോൾ എല്ലാവരും മാറി നിൽക്കുന്ന പ്രശ്‌നങ്ങളും വരുന്നുണ്ട്. സുറിയാനി സഭയുടെ പാരമ്പര്യങ്ങളിലേക്കും സുറിയാനി ഭാഷയിലേക്കും തിരികെ പോകണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേർ സഭയിലുണ്ട്. അവരുടെ ഉയിർത്തെഴുന്നേൽപ്പാണ് ഫാദർ ജിജോയുടെ പ്രസംഗത്തിലൂടെ നടന്നത്. ഇതാണ് ഇപ്പോൾ വിശ്വാസി സമൂഹത്തിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ച് പുതിയ വിവാദമായി മാറുന്നത്.

കുരിശുയുദ്ധം തന്നെയാണ് ഫാദർ ജോജോയ്ക്ക് നേരെ നടക്കുന്നത്. ഈ വൈദികരെ സൂക്ഷിക്കുക എന്നാണ് പ്രവാചക ശബ്ദം വൈദിക പ്രസംഗത്തെ ക്കുറിച്ച് പറയുന്നത്. ഈ വൈദികരുടെ വാക്കുകൾ നിരീശ്വരവാദികളുടെ വായിലെ അപ്പക്കഷണങ്ങളായി മാറും എന്നതിന് തെളിവാണ് സോഷ്യൽമീഡിയയിലൂടെ കഴിഞ്ഞ ദിവസം പ്രചരിച്ച രണ്ടു പോസ്റ്റുകൾ. കരിസ്മാറ്റിക് ശുശ്രൂഷകളിൽ സംഭവിക്കുന്ന അത്ഭുതങ്ങളും അടയാളങ്ങളും വെറും തട്ടിപ്പാണെന്നും, പരിശുദ്ധാത്മാവിന്റെ വരങ്ങൾ വെറും അഭിനയമാണെന്നും, ആറാം പ്രമാണ ലംഘനം പാപമാണെന്നു പഠിപ്പിക്കരുതെന്നും വാദിക്കുന്ന ഇക്കൂട്ടർ ആരുടെ കൈയിലെ ഉപകരണങ്ങളാണ് എന്ന സത്യം വിശ്വാസികൾ തിരിച്ചറിയണം-പ്രവാചക ശബ്ദം ആവശ്യപ്പെടുന്നു. യുക്തിവാദികളും കരിസ്മാറ്റിക് വിരോധികളുമായ ഇത്തരം വൈദികർ വിശ്വസികളുടെ ആത്മീയ ജീവിതത്തിൽ വിതക്കുന്ന മാരകമായ വിഷവിത്തുകൾ നാം കണ്ടില്ലന്നു നടിക്കരുത്.

ഇക്കൂട്ടർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ സഭാനേതൃത്വം തയ്യാറാകണം-പ്രവാചക ശബ്ദം ആവശ്യപ്പെടുന്നു. പരിശുദ്ധാത്മാവിന് എതിരായി ആരെങ്കിലും സംസാരിച്ചാൽ, ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല' എന്ന ക്രിസ്തുവിന്റെ വചനം ഓർമ്മിക്കട്ടെ എന്ന് പറഞ്ഞാണ് ജോജോയ്ക്ക് അടക്കമുള്ളവർക്ക് എതിരായ ലേഖനം പ്രവാചക ശബ്ദം അവസാനിപ്പിക്കുന്നത്. എന്തായാലും വിശ്വാസവുമായി ബന്ധപ്പെട്ടു ഫാദർ ജോജോ നടത്തിയ പ്രസംഗം കത്തോലിക്കാ സഭയിൽ പുതിയ വിവാദത്തിനു തുടക്കമിട്ടിരിക്കുകയാണ്. ഈ വിവാദം കത്തിപ്പടരണമെന്നു ആഗ്രഹിക്കുന്നവരിൽ പലരും സഭയുടെ അകത്തളങ്ങളിൽ ഉണ്ടായിരിക്കുന്നതുകൊണ്ടാണ് ഈ വിവാദം കത്തിപ്പടരുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP