Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരണ സംഖ്യ ഒറ്റയടിക്ക് 400ലേക്ക് കുതിച്ചുയർന്നു; എണ്ണായിരത്തോളം പേർക്ക് രോഗ ബാധ; വടക്കൻ ഇറ്റലിയിലെ ഒരു പ്രവിശ്യയിലെ 1.6 കോടി ആളുകളേയും ഐസൊലേഷൻ ക്യാമ്പുകളിലാക്കി; ഏപ്രിൽ മൂന്ന് വരെ ജനങ്ങളുടെ സഞ്ചാ സ്വാതന്ത്ര്യം എടുത്ത് കളഞ്ഞു കൊണ്ട് ഉത്തരവിറക്കി; ധിക്കാരികൾക്ക് മൂന്ന് മാസം തടവ്; ലോകത്തിന്റെ കണ്ണീരായി ഇറ്റലി മാറിയത് ഇങ്ങനെ

മരണ സംഖ്യ ഒറ്റയടിക്ക് 400ലേക്ക് കുതിച്ചുയർന്നു; എണ്ണായിരത്തോളം പേർക്ക് രോഗ ബാധ; വടക്കൻ ഇറ്റലിയിലെ ഒരു പ്രവിശ്യയിലെ 1.6 കോടി ആളുകളേയും ഐസൊലേഷൻ ക്യാമ്പുകളിലാക്കി; ഏപ്രിൽ മൂന്ന് വരെ ജനങ്ങളുടെ സഞ്ചാ സ്വാതന്ത്ര്യം എടുത്ത് കളഞ്ഞു കൊണ്ട് ഉത്തരവിറക്കി; ധിക്കാരികൾക്ക് മൂന്ന് മാസം തടവ്; ലോകത്തിന്റെ കണ്ണീരായി ഇറ്റലി മാറിയത് ഇങ്ങനെ

സ്വന്തം ലേഖകൻ

റോം: ചൈനയ്ക്ക് പിന്നാലെ കൊറോണ വൈറസ് പിടിമുറുക്കിയ ഇറ്റലിയിൽ ഒറ്റയടിക്ക് മരണസംഖ്യ 400ലേക്ക് കുതിച്ചുയർന്നിരിക്കുകയാണ്. മരണ സംഖ്യ 133ൽ നിന്നാണ് ഒറ്റയടിക്ക് 366 ലേക്ക് കുതിച്ചുയർന്നത്. സൗത്തുകൊറിയയേയും കടത്തി വെട്ടി അനിയന്ത്രിതമായി കൊറോണ വൈറസ് പടർന്നു പിടിക്കുമ്പോൾ ഇറ്റലിയിൽ 8000ത്തോളം പേർക്കാണ് രോഗബാധയേറ്റത്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ഏപ്രിൽ മൂന്ന് വരെ വടക്കൻ ഇറ്റലിയിൽ സഞ്ചാര സ്വാതന്ത്ര്യത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. 622 പേർ രോഗത്തിന്റെ പിടിയിൽ നിന്നും പൂർണ്മമായും മുക്തരായപ്പോൾ 650 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ്.

ഇറ്റലിയെ എങ്ങിനെ എങ്കിലും കൊറോണയുടെ പിടിയിൽ നിന്നും രക്ഷിക്കാൻ കഠിന പ്രയത്‌നത്തിലാണ് ഭരണകർത്താക്കൽ. വടക്കൻ ഇറ്റലിയിൽ 1.6 കോടി ജനങ്ങൾക്ക് സമ്പർക്കവിലക്കേർപ്പെടുത്തി. വടക്കൻ ഇറ്റലിയിലെ ഇറ്റലിയിലെ മോഡേന, പർമ, പിയാസെൻസ, റെഗ്ഗിയോ എമീലിയ, റിമിനി, പെസാറോ ആൻഡ് ഉർബിനോ, അലക്സാൻഡ്രിയ, അസ്ടി, നോവാറ, വെർബാനോ കുസിയോ ഒസ്സോല, പഡ്വ, വെർസെല്ലി, ട്രെവിസോ, വെനീസ് എന്നീ 14 പ്രവിശ്യകളിലാണ് സമ്പർക്കവിലക്ക് പ്രഖ്യാപിച്ചത്. ഇവിടങ്ങളിലുള്ളവർക്ക് യാത്രചെയ്യണമെങ്കിൽ അധികാരികളിൽനിന്ന് പ്രത്യേക അനുവാദം വാങ്ങണം. ഇതോടെ ഇറ്റലി പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ് പൊതു ഇടങ്ങളിലും നിരത്തിലോ പോലും ഒരു ഈച്ചയെ പോലും കാണാനില്ല.

ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് നോർത്തേൺ ഇറ്റലിയിലെ ലോംബാർഡിയിലാണ്. ക്വാറന്റൈൻ മറികടന്ന് ഓറഞ്ച് സോൺ കടന്ന് പുറത്ത് പോകുന്നവർ മൂന്ന് മാസത്തെ ജയിൽ ശിക്ഷ അനുഭവിക്കണം. അല്ലെങ്കിൽ 206 യൂറോ പിഴ ഒടുക്കണം. വിവാഹം, ശവസംസ്‌ക്കാരം, മ്യൂസിയം, സിനിമാ, ഷോപ്പിങ് സെന്റേഴ്‌സ് എന്നു വേണ്ട എല്ലാ ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. അടുത്തിടെ അസുഖത്തിന്റെ പിടിയിലായ മാർപാപ്പ വീഡിയോയിലൂടെയാണ് ഞായറാഴ്ചത്തെ പ്രാർത്ഥന വിശ്വാസികൾക്കായി നടത്തിയത്. വീഡിയോയിൽ താൻ ഒരു കൂട്ടിൽ അടയ്ക്കപ്പെട്ട അവസ്ഥയിലാണെന്നും മാർപാപ്പ വ്യക്തമാക്കി.

എല്ലാ പൊതു ഇടങ്ങളും അടഞ്ഞു കിടക്കുകയാണ്. പ്രധാന നഗരങ്ങളായ വെനീസ്, മിലാൻ എന്നിവിടങ്ങളെ വിലക്ക് കാര്യമായി ബാധിച്ചിട്ടുണ്ട്. വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചു. രാജ്യത്തെങ്ങും സ്‌കൂളുകൾ, സിനിമാ തിയേറ്ററുകൾ, ജിം, മ്യൂസിയം, നിശാക്ലബ്ബ് തുടങ്ങിയവ ഏപ്രിൽ മൂന്നുവരെ അടച്ചിടാൻ പ്രധാനമന്ത്രി ജുസെപ്പെ കോൻതെ ഉത്തരവിറക്കി. കൊറോണയെ പ്രതിരോധിക്കാൻ ആത്മാർഥമായ ശ്രമങ്ങളാണ് ഇറ്റലി ചെയ്യുന്നതെന്ന് ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസൂസ് പറഞ്ഞു.

അതേസമയം കൊറോണ വൈറസ് (കോവിഡ്-19) വൈറ്റ്ഹൗസിലും എത്തിയതോടെ ലോകം കൂടുതൽ ജാഗ്രതയിൽ. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെൻസും പങ്കെടുത്ത രാഷ്ട്രീയപരിപാടിക്കെത്തിയ ആൾക്കാണ് വൈറസ് ബാധ. ഇതോടെ ട്രംപിനും കൊറോണ വൈറസ് പിടിപെടുമോ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

ഇറ്റലിയിൽ ഒറ്റദിവസത്തിനിടെ 1247 പേരാണ് രോഗികളായത്. അമ്പതോളംപേർ മരിക്കുകയും ചെയ്തതോടെ ജനസംഖ്യയുടെ നാലിലൊന്നുപേർക്ക് ഇറ്റലി സമ്പർക്കവിലക്ക് ഏർപ്പെടുത്തി. സാമ്പത്തികതലസ്ഥാനമായ മിലാൻ അടക്കമുള്ള വടക്കൻ മേഖലകളിലാണ് പ്രധാനമന്ത്രി ജുസെപ്പെ കോൻതെ ഭരണകൂടം കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ''രാജ്യം അടിയന്തരാവസ്ഥ നേരിടുകയാണ്. ഞങ്ങളുടെ പൗരന്മാരുടെ ആരോഗ്യം സംരക്ഷിക്കുമെന്ന് ഉറപ്പുനൽകാനാണ് ഞങ്ങളാഗ്രഹിക്കുന്നത്. ഇത്തരം നിയന്ത്രണങ്ങളിലൂടെ ചെറുതും വലുതുമായ ഒട്ടേറെക്കാര്യങ്ങൾ ത്യജിക്കേണ്ടിവരുമെന്നറിയാം'' -പ്രധാനമന്ത്രി കോൻതെ പറഞ്ഞു.

ഇറാനിൽ ഞായറാഴ്ച 49 പേർ മരിച്ചതായി ആരോഗ്യമന്ത്രാലയം പറഞ്ഞു. ഇതാദ്യമായാണ് 24 മണിക്കൂറിനിടെ ഇത്രയും വ്യാപകമായി മരണം റിപ്പോർട്ടുചെയ്യപ്പെടുന്നത്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചുള്ള മരണം 194 ആയി. ഇറാനിലെ 31 പ്രവിശ്യകളിലും എത്തിയ വൈറസ് 6566 പേരിലാണ് സ്ഥിരീകരിച്ചത്. ഇതിൽ 1805 പേരും തലസ്ഥാനമായ ടെഹ്‌റാനിൽ താമസിക്കുന്നവരാണ്. ഞായറാഴ്ചമാത്രം 743 പുതിയ കേസുകൾ റിപ്പോർട്ടുചെയ്തതായി ഇറാൻ ആരോഗ്യമന്ത്രാലയവക്താവ് പറഞ്ഞു. വൈറസ് ഇത്രമേൽ വ്യാപകമായിട്ടും കാര്യമായ സമ്പർക്കവിലക്ക് ഏർപ്പെടുത്താൻ അധികൃതർക്കായിട്ടില്ല. അതേസമയം, സ്‌കൂളുകളും സർവകലാശാലകളും അടച്ചിരിക്കുകയാണ്.

ചൈനയ്ക്കുപുറത്ത് ഏറ്റവുംകൂടുതൽ വൈറസ് ബാധയുള്ളത് ദക്ഷിണകൊറിയ, ഇറ്റലി, ഇറാൻ, ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിലാണ്. ചൈനയിൽ ഞായറാഴ്ച 50 പേർക്കും ദക്ഷിണകൊറിയയിൽ 272 പേർക്കും ജർമനിയിൽ 47 പേർക്കും പുതുതായി വൈറസ് ബാധിച്ചു. ജപ്പാനിൽ തടഞ്ഞിട്ട ആഡംബരക്കപ്പലിലടക്കം 1157 പേർക്കും സ്‌പെയിനിൽ 525 പേർക്കും യു.എസിൽ 447 പേർക്കും വൈറസ് ബാധയുണ്ട്.

അതിനിടെ തെക്കേ അമേരിക്കയിലും ആദ്യ വൈറസ് മരണം റിപ്പോർട്ടുചെയ്തു. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽ താമസിക്കുന്ന അറുപത്തിനാലുകാരനാണ് രോഗം ബാധിച്ചത്. അടുത്തിടെ യൂറോപ്പിൽ സന്ദർശനം നടത്തിയ ആളാണ്. ബുധനാഴ്ചമുതൽ ചികിത്സയിലായിരുന്നു. പെറു, ചിലി, പാരഗ്വായ്, കോസ്റ്ററീക്ക, മെക്‌സിക്കോ, ബ്രസീൽ, എക്വഡോർ, കൊളംബിയ എന്നിവിടങ്ങളിലും ഒട്ടേറേപ്പേരെ വൈറസ് ബാധിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP