Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ സ്ഥിരീകരിച്ചത് ഇറ്റലിയിൽ നിന്ന് കേരളത്തിൽ എത്തിയ മൂന്ന് പേർ അടക്കം അഞ്ച് പേരിൽ; 28ന് ക്യൂആർ 126 വെനിസ്-ദോഹ ഫ്ലൈറ്റിലോ 29ന് ക്യൂആർ 514 ദോഹ-കൊച്ചി ഫ്ലൈറ്റിലോ യാത്ര ചെയ്ത എല്ലാ വ്യക്തികളും കൺട്രോൾ റൂമുമായി ബന്ധപ്പെടണം; പോസിറ്റീവ് കേസുകളുടെ കോൺടാക്റ്റ് ട്രെയ്സിങ് വലിയ തലവേദന; റാന്നിയിൽ കോവിഡ് എത്തിച്ചത് എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യാതെ മുങ്ങിയവർ; കോവിഡ് 19 ബാധിത രാജ്യങ്ങളിൽ നിന്നും എത്തിയവരെ കണ്ടെത്താൻ സഹായം തേടി സർക്കാർ

കൊറോണ സ്ഥിരീകരിച്ചത് ഇറ്റലിയിൽ നിന്ന് കേരളത്തിൽ എത്തിയ മൂന്ന് പേർ അടക്കം അഞ്ച് പേരിൽ; 28ന് ക്യൂആർ 126 വെനിസ്-ദോഹ ഫ്ലൈറ്റിലോ 29ന് ക്യൂആർ 514 ദോഹ-കൊച്ചി ഫ്ലൈറ്റിലോ യാത്ര ചെയ്ത എല്ലാ വ്യക്തികളും കൺട്രോൾ റൂമുമായി ബന്ധപ്പെടണം; പോസിറ്റീവ് കേസുകളുടെ കോൺടാക്റ്റ് ട്രെയ്സിങ് വലിയ തലവേദന; റാന്നിയിൽ കോവിഡ് എത്തിച്ചത് എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യാതെ മുങ്ങിയവർ; കോവിഡ് 19 ബാധിത രാജ്യങ്ങളിൽ നിന്നും എത്തിയവരെ കണ്ടെത്താൻ സഹായം തേടി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ചികിത്സയിലുള്ള 5 പേർക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ഇവരിൽ 3 പേർ ഇറ്റലിയിൽ നിന്നുള്ളവരും 2 പേർ അവരുമായി സമ്പർക്കത്തിലേർപ്പെട്ട നാട്ടിലുള്ളവരുമാണ്. ഇവരെല്ലാം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. നിലവിൽ ഇവരുടെ ആരോഗ്യ നിലയിൽ ആശങ്കയില്ലെങ്കിലും വളരെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ നടന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഇവർ ഇറ്റലിയിൽ നിന്നും വന്ന ശേഷം എയർപോർട്ടിൽ റിപ്പോർട്ട് ചെയ്തില്ല. ബന്ധുവീട്ടിൽ വന്ന രണ്ടു പേർ പനിയായി ആശുപത്രിയിൽ വന്നപ്പോഴാണ് ഇറ്റലിയിൽ നിന്നും വന്നവരുണ്ടെന്ന് അറിഞ്ഞത്. ഉടൻ തന്നെ അവരോട് ആശുപത്രിയിൽ അടിയന്തമായി മാറാൻ ആവശ്യപ്പെട്ടു. ഇവർ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം അവഗണിക്കുകയാണുണ്ടായത്. ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് അവർ പറഞ്ഞത്. എന്നാൽ നിർബന്ധപൂർവം ഇവരെ നിരീക്ഷണത്തിലാക്കി സാമ്പിളെടുത്ത് പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവാണെന്ന് അറിഞ്ഞത്.  

ആരോഗ്യ വകുപ്പ് നേരത്തെ ജാഗ്രത നിർദ്ദേശം നൽകിയതാണ്. കോവിഡ് 19 രോഗ ബാധിത പ്രദേശങ്ങളിൽ നിന്നും വരുന്നവർ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. അതവർ കേൾക്കാത്തതിന്റെ ഫലമാണിത്. പോസിറ്റീവ് കേസാണെന്ന് അറിഞ്ഞയുടൻ പത്തനംതിട്ട ജില്ല കളക്ടറും ജില്ല മെഡിക്കൽ ഓഫീസറും ശക്തമായ നടപടി സ്വീകരിച്ചു. ഇന്നലെ അർദ്ധ രാത്രിയിൽ വീഡിയോ കോൺഫറൻസ് നടത്തി എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്തു. ഇന്ന് വൈകുന്നേരത്തോടെ ഇവർ പോയ സ്ഥലങ്ങളും ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട ആളുകളേയും കണ്ടെത്താൻ കഴിയും.

29.02.2020ന് ഇറ്റലിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ പത്തനംതിട്ട ജില്ലയിലെ 3 പേർക്കും അവരുമായി സമ്പർക്കം പുലർത്തിയ 2 പേർക്കുമാണ് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. 28.02.2020ന് QR126 വെനിസ്-ദോഹ ഫ്ലൈറ്റിലോ 29.02.2020ന് QR 514 ദോഹ-കൊച്ചി ഫ്ലൈറ്റിലോ യാത്ര ചെയ്ത എല്ലാ വ്യക്തികളും അതത് ജില്ലകളിലെ കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ടതാണ്. പോസിറ്റീവ് കേസുകളുടെ കോൺടാക്റ്റ് ട്രെയ്സിങ് പുരോഗമിക്കുന്നു. ഇത് ഇന്ന് വൈകിട്ടോടെ പൂർത്തിയാകും.

കോവിഡ് 19 ബാധിത രാജ്യങ്ങളിൽ നിന്നും വരുന്നവർ ഉടൻ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം. അല്ലെങ്കിൽ കുറ്റകരമായി കണക്കാക്കും. അയൽപക്കക്കാരും അറിയിക്കാൻ ശ്രദ്ധിക്കണം. സമൂഹമാകെ ശ്രദ്ധിക്കേണ്ടതാണ്. വിദേശത്തിൽ നിന്നും വന്നവർ നിർബന്ധമായും 28 ദിവസം വീട്ടിലെ നിരീക്ഷണത്തിൽ കഴിയണം. ശക്തമായ നിരീക്ഷണം നടത്താനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്.

ആറ്റുകാൽ പൊങ്കാല നടക്കുകയാണ്. ഇത്രയും മാസങ്ങൾ നടത്തിയ ഒരുക്കങ്ങൾ ഉള്ളതിനാൽ നിർത്തി വയ്ക്കേണ്ടതില്ലെന്നാണ് തീരുമാനം. രോഗലക്ഷണങ്ങളുള്ളവർ ആരും പൊങ്കാല ഇടാൻ വരരുത്. രോഗ ബാധിത രാജ്യങ്ങളിൽ നിന്നും വന്നവർ വീട്ടിൽ തന്നെ പൊങ്കാലയിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പൊങ്കാലയിടാനെത്തുന്നവരുടെ വീഡിയോ ക്ലിപ്പിങ് അടക്കം എടുക്കുന്നതാണ്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ സമ്പർക്കത്തിലുള്ള ആളുകളെ കണ്ടെത്താൻ ഇത് എളുപ്പമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പൊങ്കാല ഒഴിവാക്കാൻ കഴിയില്ലെന്ന് ജില്ലാ കളക്ടർ ഗോപാലകൃഷ്ണൻ പറഞ്ഞു. 23 ഹെൽത്ത് ടീം സജ്ജമാക്കിയിട്ടുണ്ട്. 12 ആംബുലൻസുകളും 5 ബൈക്ക് ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്. റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ അടക്കമുള്ള ടീമുകൾ അതത് സ്ഥലങ്ങളിൽ പനിയോ ജലദോഷമോ ഉള്ളവരേയും രോഗബാധിത പ്രദേശങ്ങളിൽ നിന്നും മടങ്ങിയെത്തിയവരേയും കണ്ടെത്തും. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ്, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ അവബോധം നടത്തുമെന്നും കളക്ടർ വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻഎച്ച്എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, കെ.എം.എസ്.സി.എൽ. എം.ഡി. ഡോ. നവജ്യോത് ഖോസ, ജില്ലാ കളക്ടർ ഗോപാലകൃഷ്ണൻ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, അഡീ. ഡയറക്ടർ ഡോ. വി. മീനാക്ഷി, കോവിഡ് 19 സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. അമർ ഫെറ്റിൽ, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാർ, കെസാക്സ് പ്രോജക്ട് ഡയറക്ടർ ഡോ. ആർ. രമേഷ്, എസ്.എച്ച്.എസ്.ആർ.സി. എക്സി. ഡയറക്ടർ ഡോ. കെ.എസ്. ഷിനു, ജില്ല മെഡിക്കൽ ഓഫീസർ ഡോ. പി.പി. പ്രീത, സംസ്ഥാന പകർച്ചവ്യാധി പ്രതിരോധ സെൽ ഡയറക്ടർ ഡോ. പി.എസ്. ഇന്ദു എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP