Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗുരുവിന്റെ മകനെ മലർത്തിയടിച്ച ശിഷ്യൻ ശിഷ്യൻ! ആജാനുബാഹുവായ സരസ ഹൃദയൻ; ആകാരത്തിൽ കേരളകിസിഞ്ചർ ബേബി ജോണിന്റെ തലയെടുപ്പുള്ള അദ്ദേഹത്തിന്റെ ഉത്തമശിഷ്യൻ; ആർ എസ് പി പിളർന്നപ്പോൾ ഗുരുവിന് താങ്ങും തണലുമായ മദ്യ വ്യവസായി; മദ്യനയത്തിൽ ഉടക്കി ഉമ്മൻ ചാണ്ടിയേയും സുധീരനേയും വെല്ലുവിളിച്ചെത്തിയത് അരവിന്ദാക്ഷന്റെ സിഎംപിയിൽ; പിണറായിയുടെ എല്ലാ വേദികളിലും ഇരിപ്പിടം കിട്ടിയ സുഹൃത്ത്; വിടവാങ്ങുന്നത് ഓണാട്ടുകര അടക്കിവാണ രാഷ്ട്രീയക്കാരനായ മദ്യരാജാവ്; ചവറ വിജയൻ പിള്ള ഇനി ഓർമ്മ

ഗുരുവിന്റെ മകനെ മലർത്തിയടിച്ച ശിഷ്യൻ ശിഷ്യൻ! ആജാനുബാഹുവായ സരസ ഹൃദയൻ; ആകാരത്തിൽ കേരളകിസിഞ്ചർ ബേബി ജോണിന്റെ തലയെടുപ്പുള്ള അദ്ദേഹത്തിന്റെ ഉത്തമശിഷ്യൻ; ആർ എസ് പി പിളർന്നപ്പോൾ ഗുരുവിന് താങ്ങും തണലുമായ മദ്യ വ്യവസായി; മദ്യനയത്തിൽ ഉടക്കി ഉമ്മൻ ചാണ്ടിയേയും സുധീരനേയും വെല്ലുവിളിച്ചെത്തിയത് അരവിന്ദാക്ഷന്റെ സിഎംപിയിൽ; പിണറായിയുടെ എല്ലാ വേദികളിലും ഇരിപ്പിടം കിട്ടിയ സുഹൃത്ത്; വിടവാങ്ങുന്നത് ഓണാട്ടുകര അടക്കിവാണ രാഷ്ട്രീയക്കാരനായ മദ്യരാജാവ്; ചവറ വിജയൻ പിള്ള ഇനി ഓർമ്മ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗുരുവിന്റെ മകനെ മലർത്തിയിച്ച ശിഷ്യൻ, രാഷ്ട്രീയനേതാവ്, ഓണാട്ടുകര അടക്കവാണ മദ്യരാജാവ്, ചവറയുടെ ശബ്ദം എന്നിങ്ങനെ പോകുന്നു ചവറ വിജയൻപിള്ള എന്ന നേതാവിന്റെ വിശേഷണങ്ങൾ. ചവറയുടെ രാഷ്ട്രീയം നിർണയിച്ച പൊതുജീവിതമായിരുന്നു വിജയൻപിള്ളയ്ക്ക്.

ആജാനുബാഹുവായ മനുഷ്യൻ.. നീളൻ കയ്യുള്ള വെള്ള ജുബയും മുണ്ടും വേഷം. ആകാരത്തിൽ കേരളകിസിഞ്ചർ ബേബി ജോണിന്റെ തലയെടുപ്പുള്ള അദ്ദേഹത്തിന്റെ തന്നെ ഉത്തമശിഷ്യൻ. ചവറയിൽ ബേബി ജോണിന്റെ മകൻ മന്ത്രി ഷിബു ബേബിജോണിനെ വീഴ്‌ത്തിയ വിജയൻ പിള്ളയുടെ രാഷ്ട്രീയ ജീവിതത്തിന് ആർഎസ്‌പിയുടെ ഉയർച്ചയിലും താഴ്ചയിലുമുള്ള സ്ഥാനം വളരെ വലുതാണ്. ചവറിലെ ഓരോ മണൽത്തരികൾക്ക് പോലും അദ്ദേഹം സുപരിചിതനായിരുന്നു. മരണവീടായാലും വിവാഹ സത്കാരമായാലും സദാ നടന്നുകയറിച്ചെല്ലുന്ന സധാരണക്കാരൻ. ചവറക്കാരുടെ മനസിൽ വിജയൻപിള്ള എന്ന രാഷ്ട്രീക്കാരനുള്ള സ്വാധീനം അത്രത്തോളമുണ്ടായിരുന്നു.

വിജയൻ പിള്ള ഏത് ഭാഗത്താണോ ആ കക്ഷി ജയിക്കും എന്നതാണ് കഴിഞ്ഞ കുറേ തെരഞ്ഞെടുപ്പുകളിലെ ചവറയുടെ രാഷ്ട്രീയ ഗതിയെന്ന് കണക്കാക്കിയിരുന്നത്. രാഷ്ട്രീയ ഗുരുവിന്റെ മകനെ വീഴ്‌ത്തിയാണ് അദ്ദേഹം ചവറയിൽ തകർപ്പൻ വിജയം കൈവരിച്ചത്. അതായത് ബേബി ജോണിന്റെ മകൻ ഷിബു ബേബി ജോണിനെ. ചവറയുടെ പൾസ് അറിയാവുന്നതായിരുന്നു ആർ എസ് പിയുടെ കോട്ടയിൽ വിജയൻ പിള്ളയുടെ കൈമുതൽ. വിജയൻ പിള്ളയെ ചവറയിൽ സ്ഥാനാർത്ഥിയാക്കിയത് പിണറായി വിജയന്റെ തന്ത്രപരമായ നീക്കമായിരുന്നു. അങ്ങനെ എംഎൽഎയായി. കാലാവധി പൂർത്തിയാകും മുമ്പേ ചവറയുടെ പ്രിയങ്കരൻ വിടവാങ്ങുകയാണ്.

രാഷ്ട്രീയത്തിൽ ഇറങ്ങി വിജയം വരിച്ച എംഎൽഎയായിരുന്നു ചവറയുടെ ഈ പ്രിയങ്കരൻ. ആർ.സി.പിയിൽ നിന്ന് വിട്ടതോടെ സി.എംപിയിലും പിന്നീട്, സിപിഎമ്മിലേക്കും ചുവടുമാറ്റം നാടത്തി. രാഷ്ട്രീയക്കാരൻ, വ്യാപാരി എന്നി നിലകളിൽ അദ്ദേഹത്തിന്റെ നിസ്തുല സേവനം മാറ്റിവയ്ക്കാൻ കഴിയാത്തതാണ്. ചവറ മുതൽ നീണ്ടകര വരെ നീണ്ടുകിടക്കുന്ന പാർട്ടിയെന്ന പരിഹാസം ആർ.എസ്‌പി എന്നും കേട്ടപ്പോഴും വിജയൻപിള്ളയെന്ന ബേബി ജോണിന്റെ ശിഷ്യനെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു ആ രാഷ്ട്രീയജീവിതം.

ബേബി ജോണാണ് വിജയൻപിള്ളയെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത്. 45 കൊല്ലമായി പൊതുരംഗത്ത് സജീവം. 1979ൽ ചവറയിൽ പഞ്ചായത്ത് അംഗമായി. 20 കൊല്ലം പഞ്ചായത്ത് അംഗമെന്ന നിലയിൽ പ്രവർത്തിച്ചു. ബേബി ജോണിന്റെ തെരഞ്ഞെടുപ്പ് വിജയങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചു. 2000-05 കാലത്ത് ജില്ലാ പഞ്ചായത്ത് അംഗമായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി. വിവിധ സംഘടകളുടെ നേതൃസ്ഥാനത്ത് നിന്ന പൊതുപ്രവർത്തന രംഗത്ത് സജീവമായി നിലകൊണ്ടു. ബാർ ഹോട്ടലുകളുടെ ഉടമയാണ് വിജയൻ പിള്ള. ഉമ്മൻ ചാണ്ടി ബാർ ഹോട്ടലുകൾ അടച്ചപ്പോൾ ബിയൻവൈൻ പാർലറുകളിലേക്ക് മാറി. മദ്യവ്യാപാരിയെ ഇടതുമുന്നണി സ്ഥാനാർത്ഥിയാക്കിയെന്ന വിമർശനം യുഡിഎഫ് പ്രചാരണ രംഗത്ത് ഉന്നയിച്ചു. ചവറയിലെ ജനവിധിയെ അതൊന്നും സ്വാധീനിച്ചതേയില്ല

ബേബി ജോൺ നയിച്ച വഴിയിലൂടെയാണ് വിജയൻ പിള്ള രാഷ്ട്രീയത്തിൽ നടന്നത്. ആർഎസ്‌പി പിളർന്നപ്പോൾ ബേബി ജോണിനൊപ്പം പോയി. ബേബി ജോൺ മരിച്ചപ്പോൾ കെ കരുണാകരൻ രൂപീകരിച്ച ഡിഐസിയിൽ ചേർന്നു. ആ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലം ഡിഐസിക്ക് വേണ്ടി പ്രവർത്തിച്ചു. അതിന്റെ നേട്ടം ഡിഐസിക്കുണ്ടായി. ഡിഐസി കോൺഗ്രസിൽ ലയിച്ചപ്പോൾ ഒപ്പം പോകാൻ വിജയൻ പിള്ള ഒരുങ്ങിയില്ല. 2006ൽ എൻകെ പ്രേമചന്ദ്രനെ സഹായിച്ചു. അദ്ദേഹം ജയിച്ചു. കോൺഗ്രസ് നേതാവ് എകെ ആന്റണി ആവശ്യപ്പെട്ടതനുസരിച്ച് വിജയൻ പിള്ള കോൺഗ്രസിലെത്തി. ഡിസിസി സെക്രട്ടറിയായി. 2011ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഷിബു ബേബിജോൺ ജയിച്ചപ്പോൾ അതിന്റെ പിന്നിലെ തന്ത്രങ്ങളും ജയത്തിലേക്കുള്ള കരുനീക്കങ്ങളും വിജയൻപിള്ളയുടെ വകയായിരുന്നു.

ഉമ്മൻ ചാണ്ടി മദ്യയനം പ്രഖ്യാപിച്ചപ്പോൾ വിജയൻപിള്ള യുഡിഎഫിൽനിന്ന് അകന്നു. മദ്യവ്യവസായികൾ കോൺഗ്രസിൽ വേണ്ട എന്ന പരാമർശം കെപിസിസി അധ്യക്ഷൻ വി എം സുധീരൻ നടത്തി. വിജയൻ പിള്ളയെ ലക്ഷ്യമിട്ടായിരുന്നു പരാമർശം. ഡിസിസി സെക്രട്ടറി സ്ഥാനത്തുനിന്ന് വിജയൻ പിള്ള പടിയിറങ്ങി. കോൺഗ്രസ് വിട്ടു. അതിനിടയിൽ എൽഡിഎഫ് സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുത്തു. അതിനാൽ കോൺഗ്രസ് പുറത്താക്കി. രാജിവെച്ചുവെന്ന് വിജയൻപിള്ള പറയും. പുറത്താക്കിയെന്ന് കോൺഗ്രസും.

പിണറായി വിജയൻ നവകേരള മാർച്ച് നടത്തിയപ്പോൾ ചവറയിലും കുന്നത്തൂരിലും പിണറായിക്കൊപ്പം വേദിയിലെത്തി.കുന്നത്തൂരിൽ പിണറായി താമസിച്ചത് വിജയൻപിള്ളയുടെ ഹോട്ടലിലായിരുന്നു. തുടർന്ന് എൽഡിഎഫ് സഹയാത്രികനായി. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സിഎംപി അരവിന്ദാക്ഷൻ വിഭാഗത്തിനൊപ്പം ചേർന്ന് ചവറയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി.

ഉദാരമായി സഹായിക്കും. സംഭാവനകൾ ആവശ്യത്തിന് നൽകും. സാധാരണക്കാർക്കും രാഷ്ട്രീയ നേതൃത്വത്തിനും വിജയൻ പിള്ളയിലേക്ക് അടുപ്പിക്കുന്നത് ഇതൊക്കെതന്നെയാണ്. ബേബി ജോണിന്റെ രാഷ്ട്രീയമുന്നേറ്റത്തിന് അച്ഛന്റെ സഹായം പലവിധത്തിൽ ലഭിച്ചിരുന്നു. പകരമായി രാഷ്ട്രീയാധികാരം ലഭിച്ചപ്പോൾ ബേബി ബോൺ തിരിച്ച് സഹായം ചെയ്തു. വ്യക്തിബന്ധം സൂക്ഷിക്കുന്നതിൽ മുന്നിലെന്നാണ് വിജയൻപിള്ളയുടെ അനുയായികൾ പറയുക. ആരെയും വീടിന് പുറത്ത് നിർത്തില്ല. എല്ലാവരെയും വീട്ടിൽ കയറ്റി ഇരുത്തും. ഒരു ഗ്ലാസ് വെള്ളമെങ്കിലും കൊടുത്തേ സംസാരം തന്നെ തുടങ്ങൂ. മിക്കവാറും ക്ഷണിച്ച എല്ലാ കല്യാണത്തിനും എത്തും.

സഹായം ആവശ്യമായവർക്ക് അത് നൽകും. മറ്റ് നേതാക്കൾ വീട്ടിലെത്തി മടങ്ങുമ്പോൾ വിജയൻപിള്ള മറിച്ചാണെന്നാണ് അനുയായികളുടെ വിശേഷണം. വധൂവരന്മാരെ അനുഗ്രഹിക്കും. വീട്ടിലും. രണ്ടുപേരെയും അനുഗ്രഹിക്കും. മണ്ഡലത്തിൽ നല്ല ബന്ധുബലമുണ്ട്. ഇതെല്ലാം ചേർന്നുവന്നപ്പോൾ മന്ത്രി ഷിബു ബേബി ജോണിനെ കൈവിടാനുള്ള ധൈര്യം ചവറയിലെ വോട്ടർമാർ കാണിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP