Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹി കലാപത്തിൽ കേന്ദ്രം നോട്ടമിട്ടത് മൂന്ന് മലയാളം ചാനലുകളെ; അംബാനിയുടെ ന്യൂസ് 18നെ ഒഴിവാക്കിയത് മറുപടിയിലെ കരുതലുകൾ തിരിച്ചറിഞ്ഞ്; രണ്ട് ചാനലുകളുടെ സംപ്രേഷണം നിർത്തിച്ചത് സമ്മർദ്ദങ്ങൾ ഒഴിവാക്കാൻ അതീവ രഹസ്യമായി; ചാനൽ ബ്ലാക്കായതോടെ മുന്നിൽ നിന്ന് കരുക്കൾ നീക്കിയത് രാജീവ് ചന്ദ്രശേഖർ തന്നെ; ബിജെപി എംപിയായതോടെ ചെയർമാൻ സ്ഥാനം രാജിവച്ചെങ്കിലും പ്രധാന ഓഹരി ഉടമ നടത്തിയത് നിർണ്ണായക നീക്കങ്ങൾ; ഏഷ്യാനെറ്റ് ന്യൂസ് മാപ്പുപറഞ്ഞപ്പോൾ തല ഉയർത്തി മീഡിയാ വൺ

ഡൽഹി കലാപത്തിൽ കേന്ദ്രം നോട്ടമിട്ടത് മൂന്ന് മലയാളം ചാനലുകളെ; അംബാനിയുടെ ന്യൂസ് 18നെ ഒഴിവാക്കിയത് മറുപടിയിലെ കരുതലുകൾ തിരിച്ചറിഞ്ഞ്; രണ്ട് ചാനലുകളുടെ സംപ്രേഷണം നിർത്തിച്ചത് സമ്മർദ്ദങ്ങൾ ഒഴിവാക്കാൻ അതീവ രഹസ്യമായി; ചാനൽ ബ്ലാക്കായതോടെ മുന്നിൽ നിന്ന് കരുക്കൾ നീക്കിയത് രാജീവ് ചന്ദ്രശേഖർ തന്നെ; ബിജെപി എംപിയായതോടെ ചെയർമാൻ സ്ഥാനം രാജിവച്ചെങ്കിലും പ്രധാന ഓഹരി ഉടമ നടത്തിയത് നിർണ്ണായക നീക്കങ്ങൾ; ഏഷ്യാനെറ്റ് ന്യൂസ് മാപ്പുപറഞ്ഞപ്പോൾ തല ഉയർത്തി മീഡിയാ വൺ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഡൽഹി കലാപ റിപ്പോർട്ടിംഗിൽ കേന്ദ്ര സർക്കാർ പ്രതിസ്ഥാനത്ത് നിർത്തിയത് ഏഷ്യാനെറ്റ് ന്യൂസിനേയും ന്യൂസ് 18നേയും മീഡിയാ വണ്ണിനേയും ആയിരുന്നു. ഇതിൽ മൂന്ന് പേർക്കും നേരെ നടപടി എടുക്കാനായിരുന്നു കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ തീരുമാനം. ആദ്യമേ ന്യൂസ് 18 വിശദീകരണത്തിൽ കരുതലുകൾ എടുത്ത് നടപടി ഒഴിവാക്കിയതായാണ് സൂചന. ഇതോടെ വിലക്ക് നടപടി ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്ണിനും എതിരെ മാത്രമായി. ഇരുചെവിയറിയാതെ കേന്ദ്ര സർക്കാർ കരുക്കൾ നീക്കി.

ഇതോടെ ഇന്നലെ ഏഴരയോടെ ഏഷ്യാനെറ്റ് ന്യൂസിന്റേയും മീഡിയാ വണ്ണിന്റേയും വിലക്ക് എത്തി. മീഡിയാ വണ്ണിന് ഇതിന്റെ അറിയിപ്പ് ലഭിച്ചതു പോലും സംപ്രേഷണത്തിൽ നിന്ന് ഒഴിവാക്കിയതിന് ശേഷമാണ്. ഇതോടെ കടുത്ത പ്രതികരണവുമായി മീഡിയാ വൺ രംഗത്ത് എത്തി. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമായി വിശദീകരിച്ച് പത്രക്കുറിപ്പ് ഇറക്കി. അപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മൗനത്തിലായിരുന്നു. ഇതിന്റെ കാരണമാണ് കേന്ദ്ര മന്ത്രി വി മുരളീധരന്റെ മാപ്പു പറയൽ വെളിപ്പെടുത്തലിലൂടെ പൊളിയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് മാപ്പു പറഞ്ഞതോടെയാണ് ശനിയാഴ്ച പുലർച്ചെ വിലക്ക് പിൻവലിച്ചതെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി.മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. നിയമങ്ങൾ പാലിക്കാനുള്ള ഉത്തരവാദിത്വം രാജ്യത്തെ മാധ്യമങ്ങൾക്കുണ്ട്. നിയമം ലംഘിച്ചതിനാണ് നടപടി ഉണ്ടായത്. ഇതിന് പിന്നാലെ ചാനൽ ക്ഷമ ചോദിച്ചതിനാലാണ് സംപ്രേഷണം പുനരാരംഭിച്ചത്. എന്നാൽ രണ്ട് മാധ്യമങ്ങൾക്ക് രണ്ട് നീതി അല്ലാത്തതിനാലാണ് ഏഷ്യാനെറ്റിന് പിന്നാലെ രണ്ടാമത്തെ ചാനലിന്റെ വിലക്കും പിൻവലിക്കാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

തലകുനിക്കാൻ പറഞ്ഞപ്പോൾ മുട്ടിലിഴഞ്ഞ് ഏഷ്യാനെറ്റ്

മാധ്യമ ചരിത്രത്തിലെ അത്യപൂർവ്വ സംഭവമായിരുന്നു ഏഷ്യാനെറ്റ് ന്യൂസിനേയും മീഡിയാ വണ്ണിനേയും വിലക്കിയ തീരുമാനം. ചാനലുകൾ അപ്രത്യക്ഷമായതിന് പിന്നാലെ തന്നെ പ്രതിഷേധ കുറിപ്പുമായി മീഡിയ വൺ രംഗത്തെത്തിയിരുന്നു. മാനേജ്‌മെന്റും ജീവനക്കാരും സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടേയിരുന്നു. ഈ സമയമെല്ലാം അത്ഭുതകരമായ മൗനമായിരുന്നു ഏഷ്യാനെറ്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. എന്നാൽ അതേസമയം, ഡൽഹിയിൽ തിരക്കിട്ട ചർച്ചകളുമായി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ഏഷ്യാനെറ്റ് മാനേജ്‌മെന്റ് സജീവമായിരുന്നു. ഇതിനിടയിലാണ് മാപ്പപേക്ഷ പോലും ഏഷ്യാനറ്റ് നടത്തിയത്. ഈ സമയമത്രയും സംഭവത്തെ അപലപിക്കാനോ എന്താണ് തങ്ങളുടെ ചാനലിന് സംഭവിച്ചത് എന്ന് പറയാനോ ഏഷ്യാനെറ്റ് മാനേജ്‌മെന്റ് തയ്യാറായില്ല.

പുലർച്ചെ മൂന്നരയോടെ സംപ്രേഷണം പുനഃസ്ഥാപിക്കുമ്പോഴും ഏഷ്യാനെറ്റ് കഴിഞ്ഞ കുറേ മണിക്കൂറുകൾ തങ്ങളുടെ ചാനലിന് എന്ത് സംഭവിച്ചു എന്ന് പറയാൻ തയ്യാറായില്ല. പിന്നീട് ഒമ്പതരയോടെ മീഡിയ വൺ സംപ്രേഷണാനുമതി ലഭിച്ച ഉടൻ തന്നെ ബ്രേക്കിങ് വിട്ടത് തന്നെ ഈ സംഭവമായിരുന്നു. മീഡിയ വൺ വാർത്തകൾ സംപ്രേഷണം ചെയ്തതോടെ ഏഷ്യാനെറ്റ് ചാനൽ നിരോധനത്തിനെ എതിർത്തുള്ള പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനിടയിലാണ് കേന്ദ്രമന്ത്രി വി മുരളീധരൻ ഏഷ്യാനെറ്റ് മാപ്പ് പറഞ്ഞെന്ന വാർത്ത പുറത്ത് പറയുന്നത്. ഇതോടെ ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും മയപ്പെട്ടു. പല കാര്യങ്ങളിലും നിശബ്ദത പാലിച്ചു.

തലയുയർത്തി മീഡിയ വൺ

48 മണിക്കൂർ വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ കൃതമയാ വിശദീകരണം മീഡിയാ വൺ നൽകി. സത്യസന്ധമായ വാർത്തകളുമായി മുന്നോട്ട് പോകുമെന്നും മീഡിയാ വണ്ണിന്റെ നിലപാടിൽ ഒരു തരി മാറ്റം വരില്ലെന്നും ചീഫ് എഡിറ്റർ സി.എൽ തോമസ് ലൈവ് ചാനൽ ചർച്ചയിൽ വിശദീകരിച്ചു. ഞങ്ങൾ ഇരുട്ടിലായ 14 മണിക്കൂർ ഈ നാട്ടിലെ രാഷ്ട്രീയ പ്രവർത്തരും സംസ്‌കാരിക പ്രവർത്തകരും നൽകിയ പിന്തുണയ്ക്ക് നന്ദി. 14 മണിക്കൂർ കഴിഞ്ഞപ്പോൾ വിലക്ക് കേന്ദ്ര സർക്കാർ സ്വമേധയാ മാറ്റിയിരിക്കുന്നു. ജനങ്ങളുടെ പിന്തുണയാകാം വിലക്ക് പിൻവലിക്കാൻ കാരണമെന്നും സി.എൽ തോമസ് വിശദമാക്കുന്നു. ജനകീയ വികാരത്തെ സർക്കാർ മാനിക്കുന്നതിൽ സന്തോഷിക്കുന്നു. ഇന്നലെ 7: 30 നാണ് വിലക്ക് തുടങ്ങിയത്. പിന്നീടാണ് വിശദമായ കത്ത് മീഡിയ വണ്ണിന് ലഭിച്ചത്. ഇതുവരെ മീഡിയാ വൺ തുടർന്ന് വന്ന പാത അങ്ങനെ തന്നെ മുന്നോട്ട് കൊണ്ട് പോകും. ജനാധിപത്യത്തിന് കളങ്കം വരുത്താത്ത വാർത്താപാതയുമായി ഇനിയും ചാനൽ മുന്നോട്ട് പോകുമെന്നും സി.എൽ തോമസ് വിശദമാക്കുന്നു. ഇതിനൊപ്പം കേന്ദ്രത്തിന് മാപ്പൊന്നും എഴുതി നൽകിയെന്നും അറിയിച്ചു.

മീഡിയവൺ നിയമവിരുദ്ധമായി മാധ്യമപ്രവർത്തനം ചെയ്തിട്ടില്ല. 1995ലെ കേബിൾ ടിവി ആക്ട് ലംഘിച്ചു എന്നാണ് പരാതി. വർഗിയകലാപം കത്തിക്കാൻ ശ്രമിച്ചു എന്നാണ് കേന്ദ്ര സർക്കാർ നടപടിയിൽ പറയുന്നത്. ഡൽഹിയിൽ നടന്ന കലാപത്തെ അതുപോലെ തുറന്നുകാട്ടുകമാത്രമാണ് ചെയ്തത്. വിചിത്ര സംഭവം ആയതിനാൽ ഡൽഹി പൊലീസ് അനാസ്ഥ കാട്ടിയെന്നാണ് ചാനൽ വാർത്ത നൽകിയത്. ആർ.എസ്.എസിനെ വിമർശിച്ചു എന്ന് പറയുന്നു. കേന്ദ്രസർക്കാർ പിൻവലിച്ച നടപടി സന്തോഷം നൽകുന്നതാണ്. ജനങ്ങൾക്കൊപ്പം നിന്ന് സത്യസന്ധമായ വാർത്തകൾ നൽകുന്നതിൽ ചാനൽ മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും സി.എൽ തോമസ് വിശദമാക്കുന്നു.

കേന്ദ്രത്തിന് നൽകിയ മറുപടിയിൽ കേബിൾ ടിവി ആക്ട് ലംഘിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവർ ആരോപിച്ച ഓരോ കാര്യങ്ങൾക്കും വ്യക്തതയോടെയാണ് മറുപടി നൽകിയതെന്നും മീഡിയ വൺ എഡിറ്റർ ഇൻ ചീഫ് സി.എൽ തോമസ് പ്രതികരിച്ചത്. രാവിലെ 9: 30ന് വിലക്ക് നീക്കിയ ശേഷം 11മണിയുടെ ആദ്യ ബുള്ളറ്റിനിലായിരുന്നു വശദീകരണം നൽകിയത്. എന്നാൽ വിശദീകരണത്തിന് ശേഷം ചാനൽ നേരിട്ട നടപടി ചർച്ചയാക്കിയാണ് മീഡിയാ വൺ രംഗത്തെത്തിയത്.

പ്രതിഷേധത്തിനും കാത്തിരുന്നെങ്കിലും ആരും എത്തിയില്ല

ഏഷ്യാനെറ്റിന്റെയും മീഡിയ വണ്ണിന്റെയും വിലക്ക് സ്ഥിരീകരിച്ചതോടെ രാത്രിയിൽ തന്നെ പത്രപ്രവർത്തക യൂണിയനും കെഎൻഇഎഫും തിരുവനന്തപുരം പ്രസ്‌ക്ലബും പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് പ്രസ്‌ക്ലബിന് മുന്നിൽ നിന്നും ആരംഭിച്ച് ജിപിഓക്ക് മുന്നിലേക്കായിരുന്നു പ്രതിഷേധ മാർച്ച്. മീഡിയ വൺ ജീവനക്കാർ പ്രതിഷേധത്തിനെത്തിയപ്പോൾ ഏഷ്യാനെറ്റിൽ നിന്നും എത്തിയത് പരിപാടി റിപ്പോർട്ട് ചെയ്യാനുള്ള ക്യാമറാമാനും റിപ്പോർട്ടറുമായിരുന്നു. ഏഷ്യാനെറ്റ് ജീവനക്കാർ എത്തിയില്ലെങ്കിലും പ്രതിഷേധത്തിന് മറ്റ് മാധ്യമപ്രവർത്തകരും എത്തി. നാളെ ഇത് തങ്ങൾക്കും സംഭവിച്ചേക്കാം എന്ന തിരിച്ചറിവിൽ നിന്നാണ് പ്രതിഷേധത്തിനായി മാധ്യമപ്രവർത്തകർ എത്തിയത്.

ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിൽ അപാകതയുണ്ടെന്ന് ആരോപിച്ചായിരുന്നു വിലക്ക്. മാർച്ച് ആറിന് രാത്രി ഏഴരയ്ക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. 48 മണിക്കൂർ നേരത്തേക്ക് ഏർപ്പെടുത്തിയ വിലക്ക് ഇന്ന് രാവിലെ 9.30 ഓടെയാണ് നീക്കിയത്. കേബിൾടിവി മാർഗ്ഗ നിർദ്ദേശങ്ങൾ തെറ്റിച്ചതിനെ തുടർന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയമാണ് സംപ്രേഷണം നിർത്തിവെയ്ക്കാൻ കേന്ദ്രം ആവശ്യപ്പെട്ടത്. ആരാധാനാലയങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തു, കലാപം ഏകപക്ഷീയമായി റിപ്പോർട്ട് ചെയ്തു, സംഘർഷ സാധ്യത നിൽക്കുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ കലാപം പടർന്നു പിടിക്കാൻ സഹായിക്കുന്ന രീതിയിൽ റിപ്പോർട്ട് ചെയ്തു മുതലായ കുറ്റങ്ങൾക്കാണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും എതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചത്.

കലാപകാരികൾ സിഎഎ വിരുദ്ധ പ്രക്ഷോഭകർക്ക് നേരെ പൊലീസ് നോക്കി നിൽക്കെയാണ് വെടി ഉതിർത്തു എന്നാണ് റിപ്പോർട്ടർ വാർത്ത നൽകിയത്. എന്നാൽ ഇതെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. കലാപമേഖലയിൽ നിന്ന് റിപ്പോർട്ട് ചെയ്യുമ്പോൾ പാലിക്കേണ്ട മിതത്വം ഏഷ്യാനെറ്റ് ന്യൂസ് ചാനൽ സ്വീകരിച്ചില്ല. സാമൂഹ്യ സ്പർദ്ധ വളർത്തുന്ന രീതിയിൽ റിപ്പോർട്ട് ചെയ്യരുത് എന്ന നിബന്ധന ലംഘിച്ചു. ഒരു വിഭാഗമാണ് കാലപം നടത്തുന്നത് എന്ന രീതിയിൽ ഏകപക്ഷീയമായ വാർത്ത വിതരണരീതി അവലംബിച്ചുവെന്നും വിലക്ക് ഏർപ്പെടുത്തി കൊണ്ടുള്ള ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വിഷയത്തിൽ ചാനലുകളോട് വിശദീകരണം ചോദിച്ചെങ്കിലും നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്ാണ് നടപടി സ്വീകരിച്ചത്. വെള്ളിയാഴ്ച രാത്രി 7.30 ഓടെയാണ് ഇരു ചാനലിന്റേയും സംപ്രേഷണം നിർത്തിവെച്ചത്. ബിജെപി എംപിയായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ. അതുകൊണ്ട് തന്നെ മണിക്കൂറുകൾക്കുള്ളിൽ ഏഷ്യാനെറ്റിന്റെ വിലക്ക് നീങ്ങിയത് സോഷ്യൽ മീഡിയയിൽ ചർച്ചയുമാണ്. ഇതിന് പിന്നാലെയാണ് മീഡിയ വണിന്റെയും വിലക്ക് നീങ്ങിയത്. ഇരു ചാനലുകളുടെയും ലൈവ് ടെലികാസ്റ്റിങ്, ലൈവ് സ്ട്രീമിങ് എന്നിവ നിലവിൽ തടസങ്ങളില്ലാതെ പ്രവർത്തിക്കുന്നുണ്ട്. വെള്ളിയാഴ്ച രാത്രി 7.30 മുതലാണ് ഇരുചാനലുകൾക്കും 48 മണിക്കൂർ നിരോധനം ഏർപ്പെടുത്തിയത്. ഡൽഹി കലാപം സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തതിൽ രണ്ട് ചാനൽ അധികൃതരോടും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നോട്ടീസ് നൽകിയിരുന്നു. ഇതിലെ വിശദീകരണം തള്ളിക്കളഞ്ഞിട്ടാണ് വിലക്ക് ഏർപ്പെടുത്തി ഉത്തരവ് ഇറക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP