Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റിമി ടോമിയും ഇടവേള ബാബുവും കൂറു മാറിയതോടെ ദിലീപ് ക്യാമ്പിൽ വീണ്ടും വലിയ പ്രതീക്ഷ; മഞ്ജു വാര്യരെ വിചാരണ കോടതി എടുത്തിട്ടു കുടഞ്ഞെന്നും മകളെ കൊണ്ട് സമ്മർദ്ദം ചെലുത്തി എന്ന് പറഞ്ഞപ്പോൾ എങ്കിൽ മകളെ കൂടി പ്രതി ചേർക്കട്ടേ എന്ന് ജഡ്ജി ചോദിച്ചെന്നും സിനിമാക്കാർക്കിടയിൽ ചർച്ചകൾ; നടിയെ ആക്രമിച്ച കേസിൽ വിചാരണ മുറുകുമ്പോൾ തങ്ങൾക്ക് അനുകൂലമായാണ് കാര്യങ്ങളെന്ന സൂചന പുറത്തു വിട്ട് ദിലീപും സംഘവും; കലൂരിലെ കോടതി മുറിയിലേക്ക് മലയാള സിനിമയുടെ ശ്രദ്ധമാറുമ്പോൾ

റിമി ടോമിയും ഇടവേള ബാബുവും കൂറു മാറിയതോടെ ദിലീപ് ക്യാമ്പിൽ വീണ്ടും വലിയ പ്രതീക്ഷ; മഞ്ജു വാര്യരെ വിചാരണ കോടതി എടുത്തിട്ടു കുടഞ്ഞെന്നും മകളെ കൊണ്ട് സമ്മർദ്ദം ചെലുത്തി എന്ന് പറഞ്ഞപ്പോൾ എങ്കിൽ മകളെ കൂടി പ്രതി ചേർക്കട്ടേ എന്ന് ജഡ്ജി ചോദിച്ചെന്നും സിനിമാക്കാർക്കിടയിൽ ചർച്ചകൾ; നടിയെ ആക്രമിച്ച കേസിൽ വിചാരണ മുറുകുമ്പോൾ തങ്ങൾക്ക് അനുകൂലമായാണ് കാര്യങ്ങളെന്ന സൂചന പുറത്തു വിട്ട് ദിലീപും സംഘവും; കലൂരിലെ കോടതി മുറിയിലേക്ക് മലയാള സിനിമയുടെ ശ്രദ്ധമാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ സിദ്ദിഖ്, നടി ബിന്ദു പണിക്കർ എന്നിവരെ വിസ്തരിക്കുന്നത് മാറ്റിവെച്ചു. പ്രോസിക്യൂട്ടർ ഹാജരാകാത്തതിനെ തുടർന്നാണ് വിസ്താരം മാറ്റിയത്. ബിന്ദു പണിക്കരെ മറ്റന്നാൾ വിസ്തരിക്കും. സിദ്ദിഖിനെ വിസ്തരിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് കോടതി അറിയിച്ചു. നടി ഭാമയുടെ സാക്ഷി വിസ്താരം ഇന്നലെ മാറ്റിവെച്ചിരുന്നു. മൊഴി നൽകാനായി ഭാമ രാവിലെ കൊച്ചിയിലെ കോടതിയിൽ എത്തിയിരുന്നെങ്കിലും പ്രോസിക്യൂഷൻ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് വിസ്താരം മാറ്റിയത്. മാർച്ച് പതിമൂന്നാം തീയതിയിലേക്കാണ് വിസ്താരം മാറ്റിയത്. ഇങ്ങനെ അപ്രതീക്ഷിതമായ പലതുമാണ് വിചാരണയ്ക്കിടെ നടക്കുന്നത്. അതിവേഗ വിചാരണയെന്ന ലക്ഷ്യം തെറ്റുന്നുവെന്ന സംശയമാണ് ഇതെല്ലാം ഉയർത്തുന്നത്. നേരത്തെ കേസിൽ ഇടവേള ബാബു മൊഴി മാറ്റിയിരുന്നു. റിമി ടോമിയും ദിലീപിനെതിരെ മൊഴി മാറ്റാൻ പ്രോസിക്യൂഷൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന നിലപാടാണ് കോടതിയിൽ പറഞ്ഞത്. ഇതെല്ലാം കേസിനെ സ്വാധീനിക്കുമെന്ന ആശങ്ക സജീവമാണ്.

ഇതിനിടെയാണ് സിനിമാക്കാർക്കിയിൽ മഞ്ജു വാര്യരുടെ വിസ്താവരവും ചർച്ചയാകുന്നത്. നടിയെ ആക്രമിച്ചതിന് പിന്നിൽ ദിലീപിന് പങ്കുണ്ടെന്ന് മഞ്ജു മൊഴി നൽകിയിട്ടില്ല. മറിച്ച് അവരുടെ കുടുംബ പ്രശ്‌നങ്ങളാണ് പറഞ്ഞത്. കാവ്യയുമായുള്ള ദിലീപിന്റെ ബന്ധം താനറിഞ്ഞത് ആക്രമിക്കപ്പെട്ട നടിയിലൂടെയാണെന്നാണ് മഞ്ജു പറഞ്ഞത്. ഇതിനിടെ തന്നെ കേസിൽ മൊഴി മാറ്റി പറയാൻ സമർദ്ദം ചെലുത്തിയെന്ന സൂചനകളും മഞ്ജു പങ്കുവച്ചെന്ന് സിനിമാക്കർക്കിടയിൽ ചർച്ചയാണ്. ദിലീപിനൊപ്പമുള്ള തന്റെ മകളെ കൊണ്ട് ഫോണിൽ വിളിപ്പിച്ചുവെന്ന് മഞ്ജു പറഞ്ഞതായാണ് സിനിമാക്കാർ പറയുന്നത്. ഇത് കേട്ടപ്പോൾ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് മകളെ പ്രതിയാക്കി കേസെടുക്കണമോ എന്ന ചോദ്യം കോടതിയിൽ ഉയർന്നു. ഇതോടെ മഞ്ജു വിയർത്തുവെന്നാണ് സിനിമാക്കാർ പറയുന്നത്. മകളെ കേസിലേക്ക ഈ അമ്മ എന്തിന് വലിച്ചിഴച്ചുവെന്ന ചർച്ചയാണ് ഇവർ ഉയർത്തുന്നത്.

റിമി ടോമിയും ഇടവേള ബാബുവും കൂറു മാറിയതോടെ ദിലീപ് ക്യാമ്പിൽ വീണ്ടും വലിയ പ്രതീക്ഷയാണുള്ളത്. മഞ്ജു വാര്യരെ വിചാരണ കോടതി എടുത്തിട്ടു കുടഞ്ഞെന്നും മകളെ കൊണ്ട് സമ്മർദ്ദം ചെലുത്തി എന്ന് പറഞ്ഞപ്പോൾ എങ്കിൽ മകളെ കൂടി പ്രതി ചേർക്കട്ടേ എന്ന് ജഡ്ജി ചോദിച്ചെന്നുമുള്ള ചർച്ചകളും ഈ ആത്മവിശ്വാസത്തിന് പുതിയ തലം നൽകുന്നു. നടിയെ ആക്രമിച്ച കേസിൽ വിചാരണ മുറുകുമ്പോൾ തങ്ങൾക്ക് അനുകൂലമായാണ് കാര്യങ്ങളെന്ന സൂചന പുറത്തു വിട്ട് ദിലീപും സംഘവും ചർച്ചകൾ സജീവമാക്കുകയാണ്. ഇതിനിടെയാണ് സാക്ഷി വിസ്താരം വൈകുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നത്. അഡ്വക്കേറ്റ് രാമൻപിള്ളയുടെ ഇടപെടലുകൾ ദിലീപിന് തുണയാകുമെന്നും താരം കുറ്റ വിമുക്തി നേടുമെന്നും ദിലീപ് അനുകൂലികൾ പറയുന്നു. എന്നാൽ ഇടവേള ബാബുവിന്റെ മൊഴി മാറ്റമൊന്നും കേസിനെ സ്വാധീനിക്കില്ലെന്നാണ് പ്രോസിക്യൂഷന്റെ പക്ഷം. ഗൂഢാലോചനയും കുറ്റകൃത്യവും കോടതിയിൽ തെളിയുമെന്നും പ്രതികളെല്ലാം ശിക്ഷിക്കപ്പെടുമെന്നും അവരും പറയുന്നു. അങ്ങനെ ഇനിയുള്ള ദിവസം കലൂരിലെ കോടതി മുറിയിൽ നടക്കുന്ന വാദ പ്രതിവാദങ്ങൾ ഏറെ പ്രാധാന്യമുള്ളതാകും. ദിലീപിന്റെ കരിയറിൽ ഏറെ പ്രാധാന്യമുള്ളതായി അത് മാറുകയും ചെയ്യും.

ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതിയായ ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവർത്തകരിൽ നിന്ന് പ്രൊസിക്യൂഷൻ മൊഴിയെടുക്കുന്നത്. ദിലീപ് തന്റെ അവസരങ്ങൾ തട്ടിത്തെറിപ്പിക്കുന്നതായി ആക്രമണത്തിനിരയായ നടി നേരത്തെ മൊഴി നൽകിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഭാമയേയും സാക്ഷിയാക്കിയത്. കേസിലെ പ്രോസിക്യൂഷൻ സാക്ഷിയായിരുന്ന 'അമ്മ'യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു കഴിഞ്ഞ ദിവസം നടന്ന വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. പൊലീസിന് നൽകിയ മൊഴിയിൽ നിന്ന് ബാബു പിന്മാറി. ദിലീപിന് അനുകൂലമായിട്ടാണ് ഇടവേള ബാബുവിന്റെ കൂറുമാറ്റം. സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിച്ചു. കേസിൽ ആദ്യമായിട്ടാണ് ഒരു സാക്ഷി കൂറുമാറുന്നത്. റിമി ടോമി പഴയ കാര്യങ്ങളെല്ലാം കോടതിയിൽ സമ്മതിച്ചു. എന്നാൽ ഗൂഢാലോചനയിൽ ദിലീപിന് നേരിട്ട് പങ്കുണ്ടെന്ന് പറയിക്കാൻ പ്രോസിക്യൂഷൻ സമ്മർദ്ദം ചെലുത്തിയെന്ന് കോടതിയെ റിമി അറിയിച്ചുവെന്നാണ് സിനിമാക്കാർക്കിടയിൽ പ്രചരിക്കുന്നത്. ഇടവേള ബാബു അമ്മയുടെ ജനറൽ സെക്രട്ടറിയാണ്. ഇടവേള ബാബു മൊഴി മാറ്റിയതോടെ മുഖ്യധാര സിനിമാക്കർ ദിലീപിനൊപ്പമാണെന്ന ധാരണ പകരുകയും ചെയ്തു.

ദീലീപ് തന്റെ സിനിമാ അവസരങ്ങൾ തട്ടിക്കളയുന്നതായി ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞെന്നായിരുന്നു ബാബുവിന്റെ മുൻ മൊഴി. ഇക്കാര്യം ദിലീപിനോട് സൂചിപ്പിച്ചെന്നും എന്തിനാണ് ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടുന്നതെന്ന് ചോദിച്ചിരുന്നെന്നും മൊഴിയിലുണ്ടായിരുന്നു. താര സംഘടനയായ അമ്മയുടെ കൊച്ചിയിൽ നടന്ന റിഹേഴ്‌സൽ ക്യാംപിനിടെ നടിയോട് ദിലീപ് മോശമായി പെരുമാറിയ സംഭവവും മൊഴിയിലുൾപ്പെടുത്തിയിരുന്നു. എന്നാൽ കൊച്ചിയിലെ പ്രത്യേക കോടതിയിൽ നടന്ന വിസ്താരത്തിനിടെ ഇടവേള ബാബു പഴയ നിലപാട് തള്ളിപ്പറഞ്ഞു. ഒന്നും ഓർമ്മയില്ലെന്നായിരുന്നു ഇടവേള ബാബുവിന്റെ മൊഴി. അങ്ങനൊരു പരാതിയെപ്പറ്റി ഓർക്കുന്നില്ലെന്നാണ് ഇടവേള ബാബു വ്യാഴാഴ്ച കോടതിയിൽ പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ അമ്മ സംഘടനയിൽ നിന്നും നേരത്തേ പുറത്താക്കിയിരുന്നു. എന്നാൽ പിന്നീട് തിരിച്ചെടുത്തു. ഇതിൽ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാർ സംഘടനയിൽ നിന്നും രാജിവെച്ചിരുന്നു.

നടിയെ ആക്രമിച്ച കേസിനെ ഏറെ പ്രാധാന്യത്തോടെയാണ് സിനിമാക്കാർ എടുത്തിട്ടുള്ളത്. ദിലീപിനെ ശിക്ഷിച്ചാലും വെറുതെ വിട്ടാലും അത് സിനിമയിലെ സമവാക്യങ്ങളെ ബാധിക്കുമെന്ന് ഏവരും കരുതുന്നു. ഇതിനിടെയാണ് മഞ്ജു വാര്യരും മറ്റും എത്തി തുടക്കത്തിൽ ദിലീപിന് എതിരെ മൊഴി നൽകിയത്. ഗൂഢാലോചന തെളിയുമെന്ന സ്ഥിതിയും വന്നു. ഇതിനിടെയാണ് കുഞ്ചാക്കോ ബോബൻ മൊഴി നൽകാനെത്താതെ മാറി നിന്നത്. ആദ്യ ദിവസം കോടതി വാറണ്ട് പുറപ്പെടുവിച്ചു. ഇതോടെ അടുത്ത ദിവസം അവധി അപേക്ഷ നൽകി കുഞ്ചാക്കോ മാറി നിന്നു. ഇതിന് പിന്നാലെയാണ് റിമി ടോമി മൊഴി കൊടുക്കാനെത്തിയത്. പിന്നാലെ ഇടവേള ബാബുവും. റിമി ടോമിയുടേതും മൊഴി മാറ്റമായിരുന്നോ എന്ന ചോദ്യത്തോട് പ്രോസിക്യൂഷൻ പ്രതികരിച്ചിട്ടില്ല. രഹസ്യ വിചാരണയാണ് ഇക്കാര്യത്തിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ പ്രതികളും വാദി ഭാഗവും മൗനത്തിലാണ്. ഇതിനിടെയാണ് സിനിമാക്കാർ എല്ലാം ദിലീപിന് അനുകൂലമാണെന്ന ചർച്ചകളിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.

ഇടവേള ബാബുവിന്റേതാണ് ആദ്യ കൂറുമാറ്റമെന്നാണ് ഉയരുന്ന വിലയിരുത്തൽ. ഇതിനിടെയാണ് റിമി ടോമിയാണ് ആദ്യം ദിലീപിന് അനുകൂലമായി മൊഴി കൊടുത്തതെന്ന് സിനിമാക്കർ പറയുന്നത്. ദിലീപിനെതിരെ മൊഴി കൊടുക്കാൻ തന്റെ മേൽ വലിയ സമ്മർദ്ദം ഉണ്ടെന്ന് പോലും ജഡ്ജി ഹണി എം വർഗ്ഗീസിന് മുന്നിൽ റിമി പറഞ്ഞതായാണ് സിനിമാക്കർ പറയുന്നത്. നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച രാത്രിയിൽ റിമി ടോമി കേസിൽ അറസ്റ്റിലായ ദിലീപുമായി ഫോണിൽ സംസാരിച്ചുവെന്ന റിപ്പോർട്ടുകൾ നേരത്തെ ചർച്ചയായിരുന്നുു. ദിലീപിനേയും കാവ്യയേയും രണ്ടു വട്ടമാണ് റിമി ഫോണിൽ വിളിച്ചതെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17ന് രാത്രി ഒമ്പതിനും 11 നും ഇടയിൽ റിമി, ദിലീപിനേയും കാവ്യയേയും രണ്ടു തവണ ഫോണിൽ വിളിച്ചിരുന്നു. അന്നു തന്നെ വൈകിട്ട് 5നും രാത്രി 12.30നും ദിലീപിനേയും വിളിച്ചിരുന്നതായി പൊലീസിന് തെളിവുകൾ ലഭിച്ചു. ഫെബ്രുവരി 17നായിരുന്നു ആക്രമണം. ഇക്കാര്യം വാർത്തയായത് അടുത്ത ദിവസം രാവിലേയും. ഇതെല്ലാം സംശയങ്ങൾക്ക് ഇട നൽകി. എന്നാൽ കേസിന് ബലം നൽകാൻ റിമിയെ സാക്ഷിയാക്കുകയായിരുന്നു പൊലീസ് ചെയ്തത്. പ്രോസിക്യൂഷൻ സാക്ഷിയായിരുന്നു കേസിൽ ശ്രീകുമാർ മേനോൻ. ശ്രീകുമാർ മേനോനെ പിന്നീട് പ്രോസിക്യൂഷൻ ഒഴിവാക്കി. മഞ്ജു വാര്യരുമായി ശ്രീകുമാർ മേനോൻ തെറ്റിയെന്ന തിരിച്ചറിവിലാണ് ഇത്.

എന്നാൽ ശ്രീകുമാർ മേനോനെ സാക്ഷിയായി എത്തിക്കാൻ ദിലീപ് ശ്രമിക്കുന്നുണ്ട്. കേസിൽ പൊലീസിന് മൊഴി നൽകിയ ശ്രീകുമാർ മേനോനെ പ്രതിഭാഗം സാക്ഷിയായി എത്തിച്ച് കോടതിയിൽ വിസ്തരിക്കും. ഇതിനൊപ്പം മഞ്ജു വാര്യരും ദിലീപും തമ്മിലെ പിണക്കമാണ് കേസിലെ ഗൂഢാലോചനയ്ക്ക് പിന്നിലെ ആരോപണം ഉയരാൻ കാരണമെന്ന വാദവും അഡ്വക്കേറ്റ് രാമൻപിള്ള ചർച്ചയാക്കി കഴിഞ്ഞു. ഇനി കോടതിയിൽ മൊഴി നൽകാനെത്തുന്ന സിനിമാക്കാരുടെ മൊഴി ദിലീപിന് അനുകൂലമായാൽ കേസ് ആകെ താളം തെറ്റും. ഈ ആശങ്ക പ്രോസിക്യൂഷനും ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP