Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇടുക്കി ഡാമിനടുത്ത് ഒരാഴ്ചയ്ക്കിടെ ഉണ്ടായത് അഞ്ച് ഭൂചലനങ്ങൾ; ഭ്രംശ മേഖലകൾ സജീവമാകുകയും പിന്നീട് നിർജീവമാകുകയും ചെയ്യുന്നത് ചലനമുണ്ടാക്കുന്നുവെന്ന് വിലയിരുത്തൽ; ശാസ്ത്ര ലോകം ചൂണ്ടിക്കാട്ടുന്നത് നിർമ്മാണ ചട്ടങ്ങളിൽ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത; ചെറു ചലനങ്ങൾ ഭൗമാന്തർ ഭാഗത്തെ സമ്മർദം കെട്ടി നിൽക്കാതെ പുറത്തേക്കു വിടുന്നത് വലിയ ദുരന്തം ഒഴിവാക്കുമെന്നും വിലയിരുത്തൽ; ഇടുക്കിയും മലയോര മേഖലയും ഭൂചലന സാധ്യതാ സ്ഥലങ്ങൾ തന്നെ

ഇടുക്കി ഡാമിനടുത്ത് ഒരാഴ്ചയ്ക്കിടെ ഉണ്ടായത് അഞ്ച് ഭൂചലനങ്ങൾ; ഭ്രംശ മേഖലകൾ സജീവമാകുകയും പിന്നീട് നിർജീവമാകുകയും ചെയ്യുന്നത് ചലനമുണ്ടാക്കുന്നുവെന്ന് വിലയിരുത്തൽ; ശാസ്ത്ര ലോകം ചൂണ്ടിക്കാട്ടുന്നത് നിർമ്മാണ ചട്ടങ്ങളിൽ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത; ചെറു ചലനങ്ങൾ ഭൗമാന്തർ ഭാഗത്തെ സമ്മർദം കെട്ടി നിൽക്കാതെ പുറത്തേക്കു വിടുന്നത് വലിയ ദുരന്തം ഒഴിവാക്കുമെന്നും വിലയിരുത്തൽ; ഇടുക്കിയും മലയോര മേഖലയും ഭൂചലന സാധ്യതാ സ്ഥലങ്ങൾ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇടുക്കി ഡാം സുരക്ഷിതമോ? ഈ ചർച്ച വീണ്ടും സജീവമാക്കുകയാണ് അണക്കെട്ടിനോട് ചേർന്ന പ്രദേശത്തുണ്ടായ ചെറു ഭൂചലനങ്ങൾ. നിലവിൽ ആശങ്കയ്ക്ക് സാധ്യതയൊന്നുമില്ലെങ്കിലും ഭാവിയിൽ വമ്പൻ ഭൂചലനങ്ങൾ ഈ മേഖലയിൽ ഉണ്ടാകാമെന്നാണ് വിലയിരുത്തൽ. 10 വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കേരളത്തിന്റെ ഭൗമാന്തർഭാഗം സജീവമാകുന്നതായി ഗവേഷകർ പറയുന്നു. ഇടുക്കിയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്ന ഭൂചലനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വിലയിരുത്തൽ. നിർജീവ അവസ്ഥയിൽ നിന്ന് കേരളം വീണ്ടും സജീവ അവസ്ഥയിലേക്കു നീങ്ങുന്നു എന്നതാണ് ഇടുക്കിയിലെ ചെറുചലനങ്ങൾ നൽകുന്ന സൂചന.

ഇടുക്കി, മുല്ലപ്പെരിയാർ ഉൾപ്പെടുന്ന കേരള തമിഴ്‌നാട് അതിർത്തിയിൽ പെരിയാർ, കമ്പം തുടങ്ങിയ ഇടങ്ങളിൽ ഭ്രംശ മേഖലകൾ സജീവമാണ്. ഇടുക്കി അണക്കെട്ടും ഈ അവസ്ഥയുണ്ടാക്കാൻ കാരണമാണ്. പത്തും ഇരുപതും വർഷം കൂടുമ്പോൾ ഭ്രംശ മേഖലകൾ സജീവമാകുകയും പിന്നീട് നിർജീവമാകുകയും ചെയ്യുന്നത് പതിവാണ്. ഇതാണ് ഇപ്പോഴത്തെ ചെറു ചലനങ്ങൾക്ക് കാരണം. ചെറുചലനങ്ങൾ ഭൗമാന്തർ ഭാഗത്തെ സമ്മർദം കെട്ടി നിൽക്കാതെ പുറത്തേക്കു വിടുന്നു എന്ന വിലയിരുത്തലുമുണ്ട്. ഇത് വലിയ ദുരന്തം ഒഴിവാക്കും. ഇന്ത്യയുടെ ഭൂകമ്പ സാധ്യതാ ഭൂപടത്തിൽ മൂന്നാം മേഖലയിലാണ് കേരളം. തമിഴ്‌നാടിനേക്കാൾ ചലന സാധ്യത കൂടുതലാണ് കേരളത്തിൽ. എന്നാൽ ഇതനുസരിച്ചു നിർമ്മാണ ചട്ടങ്ങളിൽ മാറ്റം വരുത്താൻ സംസ്ഥാനം സജ്ജമായിട്ടില്ല.

ഇടുക്കിയിൽ ചെറു ചലനങ്ങൾ ഭാവിക്ക് ഗുണകരമാണെന്ന വിലയിരുത്തലും ഉണ്ട്. റിക്ടർ സ്‌കെയിലിൽ രണ്ടോ മൂന്നോ തീവ്രതയുള്ള ചലനങ്ങളായി ഭൗമാന്തർ ഭാഗത്തെ സമ്മർദം കെട്ടി നിൽക്കാതെ പുറത്തേക്കു വിടുന്ന ചെറു ചലനങ്ങൾ അനുഭവപ്പെടുന്നു. അല്ലാത്ത പക്ഷം ഏറെക്കാലം ഊർജം കെട്ടിനിന്ന് ഒരുമിച്ചു പുറത്തേക്കു വന്നാൽ വൻ ഭൂചലനത്തിന് കാരണമാകും. അത് ദുരന്തമായി മാറുകയും ചെയ്യും. വരാൻ പോകുന്ന ചലനത്തെപ്പറ്റി ഹാം റേഡിയോ ഓപ്പറേറ്റർമാരും മൊബൈൽ സിഗ്‌നൽ നിരീക്ഷിക്കുന്നവരും ചില സൂചനകൾ നേരത്തേ നൽകിയിരുന്നതായി ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നു.

ഈ ഭൂചലനങ്ങൾ അണക്കെട്ടു പ്രേരിതം മാത്രമാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. പ്രളയവും അനുബന്ധ ഭൗമ അവശിഷ്ടങ്ങളായ മണ്ണും പാറയും ചലിച്ചു മാറിയതിന്റെ നേരിയ പ്രതിഫലനം ഉണ്ടായേക്കാം. അതു പഠന വിധേയമാക്കണം. എന്നാൽ പ്രകൃതിദത്തമായ ചലനം ആകാനാണ് കൂടുതൽ സാധ്യത. കലാവസ്ഥാ വകുപ്പ് മൂന്നിൽ താഴെ ശക്തിയുള്ള ചലനങ്ങളുടെ കണക്കെടുക്കുന്നുമില്ല. ഇത് ഭൂകമ്പ സ്ഥിതിവിവരക്കണക്കുകളുടെ അഭാവത്തിലേക്കു നയിക്കുന്നു. കേന്ദ്രവുമായി ചേർന്ന് കൃത്യമായ ദുരന്ത നിവാരണ പദ്ധതി ആവിഷ്‌ക്കരിക്കാൻ സംസ്ഥാനത്തിനു കഴിയാതെ പോകും. ഇതും ഈ ഘട്ടത്തിൽ ചർച്ചയാകുന്നുണ്ട്.

ഭൂകമ്പ സാധ്യത കൂടുതൽ മലയോര മേഖലയിലാണ്. ഇതനുസരിച്ചുള്ള കെട്ടിട നിർമ്മാണച്ചട്ടം ഇടുക്കി- മൂന്നാർ പ്രദേശം ഉൾപ്പെടുന്ന ഹൈറേഞ്ചിൽ നടപ്പാക്കണമെന്ന അഭിപ്രായം ഉയരുന്നുണ്ട്. അണക്കെട്ടുകളുടെ സുരക്ഷ സംബന്ധിച്ചും നിരന്തര നിരീക്ഷണം ആവശ്യമാണ്. ഭൂചലനം സംബന്ധിച്ച കണക്കുകൾ കെ എസ് ഇ ബി പഠന വിധേയമാക്കണമെന്നും അഭിപ്രായം ഉയരുന്നുണ്ട്.

ഒരാഴ്ചയ്ക്കിടെ അഞ്ചാം തവണ ഇടുക്കി ഡാമിനു സമീപം ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിൽ അവസാനത്തെ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഇടുക്കി ആർച്ച് ഡാമിന് 8 കിലോമീറ്റർ ചുറ്റളവിൽ ഇടുക്കി അണക്കെട്ടിനെ ബന്ധിപ്പിച്ചിരിക്കുന്ന കുറത്തിമലയ്ക്കും കല്യാണത്തണ്ട് പാറയ്ക്കും ഇടയിൽ ആണെന്ന് വൈദ്യുതി ബോർഡ് ഗവേഷണ വിഭാഗം അധികൃതർ പറഞ്ഞു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇടുക്കിയിൽ തുടർച്ചയായി ഉണ്ടാകുന്ന ഭൂചലനം പരിശോധിക്കാൻ കേന്ദ്ര ജല കമ്മിഷനോട് ആവശ്യപ്പെട്ട് ഡാം സുരക്ഷാ വിഭാഗം കത്തു നൽകിയിട്ടുണ്ട്. കേന്ദ്ര ജല കമ്മിഷനു കീഴിലുള്ള ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ടീം ഉടൻ എത്തുമെന്ന് ഡാം സുരക്ഷാ വിഭാഗം ചീഫ് എൻജിനീയർ എസ്. സുപ്രിയ പറഞ്ഞു.

ഇടുക്കി അണക്കെട്ടിനു സമീപത്ത് തുടർച്ചയായി ഉണ്ടാകുന്ന ഭൂചലനങ്ങളിൽ ആശങ്ക വേണ്ടെന്ന് വൈദ്യുതി ബോർഡ് ഗവേഷണ വിഭാഗം അറിയിച്ചിട്ടുണ്ട്. പെരിയാർ ഭ്രംശ മേഖല കേന്ദ്രീകരിച്ച് ഇത്തരം ചലനങ്ങളിൽ അസ്വാഭാവികത ഇല്ല. ഇത്തരം ചലനങ്ങൾ മുൻകൂട്ടി കണ്ടാണ് ബൃഹത്തായ അണക്കെട്ടിന്റെ നിർമ്മാണം. റിക്ടർ സ്‌കെയിലിൽ 6 ന് മുകളിൽ രേഖപ്പെടുത്തുന്ന ചലനങ്ങൾ മാത്രമേ ആശങ്കയ്ക്ക് ഇടയാക്കുകയുള്ളൂ എന്നും വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP