Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എങ്ങനെയാണ് ഡൽഹിയിലെ സാമുദായിക വികാരങ്ങൾ ആളിക്കത്തിക്കുവാൻ മലയാള ചാനലുകൾക്ക് കഴിയുക? റിപ്പബ്ലിക് ടിവിയും ടൈംസ് നൗവും പോലുള്ള യഥാർത്ഥ ദുഷിച്ച പ്രചാരണ ചാനലുകൾ അവരുടെ അപകർഷതാബോധം തുടരുകയാണ്! സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് ശശി തരൂരിന്റെ ട്വീറ്റ്; സർക്കാർ മുഖപത്ര ചാനലുകൾക്കെതിരെ എന്തെങ്കിലും നടപടിയുണ്ടോ എന്ന കളിയാക്കലുമായി രാജ്ദ്വീപ് സർദേശായി; ഏഷ്യാനെറ്റ് ന്യൂസിനേയും മീഡിയാ വണിനേയും വിലക്കിയതിനെതിരെ ഉയരുന്നത് വമ്പൻ പ്രതിഷേധം

എങ്ങനെയാണ് ഡൽഹിയിലെ സാമുദായിക വികാരങ്ങൾ ആളിക്കത്തിക്കുവാൻ മലയാള ചാനലുകൾക്ക് കഴിയുക? റിപ്പബ്ലിക് ടിവിയും ടൈംസ് നൗവും പോലുള്ള യഥാർത്ഥ ദുഷിച്ച പ്രചാരണ ചാനലുകൾ അവരുടെ അപകർഷതാബോധം തുടരുകയാണ്! സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് ശശി തരൂരിന്റെ ട്വീറ്റ്; സർക്കാർ മുഖപത്ര ചാനലുകൾക്കെതിരെ എന്തെങ്കിലും നടപടിയുണ്ടോ എന്ന കളിയാക്കലുമായി രാജ്ദ്വീപ് സർദേശായി; ഏഷ്യാനെറ്റ് ന്യൂസിനേയും മീഡിയാ വണിനേയും വിലക്കിയതിനെതിരെ ഉയരുന്നത് വമ്പൻ പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ വാർത്താ ചാനലുകളുടെ സംപ്രേഷണം കേന്ദ്രസർക്കാർ രണ്ടു ദിവസത്തേക്ക് വിലക്കിയതിനെതിരെ ഉയരുന്നത് വ്യാപക പ്രതിഷേധം. ഡൽഹി കലാപം റിപ്പോർട്ട് ചെയ്തപ്പോൾ വാർത്താ വിതരണ സംപ്രേഷണ ചട്ടങ്ങൾ ലംഘിച്ചു എന്നാണ് ആരോപണം. 48 മണിക്കൂറാണ് വിലക്ക്. മാർച്ച് 6 രാത്രി 7.30 മുതൽ മാർച്ച് 8 രാത്രി 7.30 വരെ ചാനലുകൾ ലഭ്യമാകില്ല. ഡൽഹി സംഘർഷം റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് കേന്ദ്ര വാർത്ത പ്രക്ഷേപണ മന്ത്രാലയം ഇരു ചാനലുകൾക്കും വിലക്ക് ഏർപ്പെടുത്തിയത്.1994ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമത്തിന്റെ ലംഘനമാണ് ചനലുകൾ നടത്തിയത്.

2016ൽ സമാനമായ ഉത്തരവിലൂടെ ദേശീയ മാധ്യമമായ എൻഡിടിവിക്കും വാർത്തപ്രേക്ഷപണ മന്ത്രാലയം ഒരു ദിവസത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പഠാൻകോട്ട് അക്രമണവുമായി ബന്ധപ്പെട്ട തന്ത്രപരമായ വിഷയങ്ങൾ റിപ്പോർട്ട് ചെയ്തുവെന്ന് ചൂണ്ടികാട്ടിയായിരുന്നു നടപടി. മീഡിയവണിന്റെയും ഏഷ്യാനെറ്റ് ന്യൂസിന്റെയും സംപ്രേഷണം വിലക്കിയ സംഭവത്തിൽ പ്രതികരണവുമായി പ്രമുഖർ രംഗത്ത് വന്നു. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമാണ് വിലക്കെന്ന് ഇവർ ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥാക്കാലത്തോടാണ് ഇതിനെ ഏവരും താരതമ്യപ്പെടുത്തുന്നത്.

എങ്ങനെയാണ് ഡൽഹിയിലെ സാമുദായിക വികാരങ്ങൾ ആളിക്കത്തിക്കുവാൻ മലയാള ചാനലുകൾക്ക് കഴിയുക? Ré-pubic & TimesCow പോലുള്ള യഥാർത്ഥ ദുഷിച്ച പ്രചാരണ ചാനലുകൾ അവരുടെ അപകർഷതാബോധം തുടരുകയാണ്. @asianetnewstv & @MediaOneTVLÇ മികച്ച സ്വതന്ത്ര മാധ്യമങ്ങളാണ്. #LiftTheBan ഇപ്പോൾ.-ഇതാണ് കോൺഗ്രസ് എംപിയായ ശശി തരൂരിന്റെ ട്വീറ്റ്. മാധ്യമ പ്രവർത്തകനായ രാജ് ദീപ് സർദേശായിയും ചോദ്യവുമായി എത്തി. ഇപ്പോൾ ബ്രേക്കിങ്: ഡൽഹി കലാപത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിന് ഏഷ്യാനെറ്റ്, മീഡിയ 1 എന്നീ രണ്ട് മന്ത്രാലയങ്ങളെയും 48 മണിക്കൂർ നിരോധിച്ചു. സർക്കാർ മുഖപത്ര ചാനലുകൾക്കെതിരെ എന്തെങ്കിലും നടപടിയുണ്ടോ?-ഇതായിരുന്നു രാജ്ദീപ് സർദേശായിയുടെ ചോദ്യം. ഇതും സോഷ്യൽ മീഡിയയിൽ വൈറലായി.

മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്താനുള്ള ഹീനമായ തന്ത്രം-കോടിയേരി

എഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ ചാനലുകളെ 48 മണിക്കൂർ നേരത്തേക്ക് നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അപലപിച്ചു. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്താനുള്ള ഹീനമായ തന്ത്രം ആണിതെന്നു കോടിയേരി ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. ഡൽഹി കലാപം സംബന്ധിച്ച റിപ്പോർട്ടിങ്ങിനെ മുൻനിർത്തിയാണ് കേന്ദ്ര സർക്കാർ നടപടി. അക്രമം നടത്തിയ വർഗീയ ശക്തികൾക്ക് എതിരെയോ നിഷ്‌ക്രിയത്വം പാലിച്ച ഡൽഹി പൊലീസിനെതിരെയോ ചെറുവിരൽ അനക്കാത്തവർ ആണ് മാധ്യമങ്ങൾക്ക് എതിരെ തിരിഞ്ഞിരിക്കുന്നത്. ഇത്തരം നടപടി ജനാധിപത്യ രാജ്യത്തിന് ഭൂഷണം അല്ല. കേന്ദ്ര സർക്കാരിന്റേത് ഫാഷിസ്റ്റ് നടപടിയാണെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹം -മന്ത്രി ശൈലജ

എഷ്യാനെറ്റ് ന്യൂസ്, മീഡിയവൺ ചാനലുകളെ 48 മണിക്കൂർ നേരത്തേക്ക് നിരോധിച്ച കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. തങ്ങളുടെ സ്വാർത്ഥ താൽപര്യത്തിലേക്ക് മാധ്യമങ്ങളെ എത്തിക്കാനുള്ള കുതന്ത്രമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഡൽഹി കലാപം സംബന്ധിച്ച റിപ്പോർട്ടിങ്ങിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നടപടി എന്നത് കൗതുകകരമാണ്. ഫാഷിസ്റ്റ് ഭരണകൂടത്തിനുകീഴിൽ പണയംവെക്കാത്ത മാധ്യമധർമ്മത്തിന്റെ ധീരതയുടെ അടയാളമായി മാറുക തന്നെ ചെയ്യും മാധ്യമങ്ങളെന്നും മന്ത്രി പറഞ്ഞു.

അപ്രഖ്യാപിത അടിയന്തരാവസ്ഥ -മന്ത്രി കടകംപള്ളി

കേരളത്തിലെ പ്രധാന ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ എന്നീ ചാനലുകളുടെ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹമാണ്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്ന സൂചനയാണ് ഈ നടപടിയിലൂടെ ലഭിക്കുന്നത്.

അടിയന്തരാവസ്ഥയെ വെല്ലുന്ന നടപടി -കാനം രാജേന്ദ്രൻ

ഒരു നോട്ടീസുപോലും നൽകാതെ സംപ്രേഷണം നിർത്തിവെപ്പിച്ച കേന്ദ്രസർക്കാർ നടപടി അടിയന്തരാവസ്ഥയെ വെല്ലുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഡൽഹി കലാപം സത്യസന്ധമായി റിപ്പോർട്ട് ചെയ്തതിന്റെ പേരിലാണ് ഈ നടപടി. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമാണിത്. മോദി സർക്കാർ അധികാരത്തിലേറിയ ശേഷം സ്വീകരിച്ചു വരുന്ന മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികളുടെ തുടർച്ചയാണിത് -അദ്ദേഹം പറഞ്ഞു.

ഫാഷിസത്തിന്റെ ഭീകര മുഖം മുല്ലപ്പള്ളി

മീഡിയവൺ, ഏഷ്യാനെറ്റ് ചാനലുകൾക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്ക് ഫാഷിസത്തിന്റെ ഭീകരമുഖം പ്രകടമാക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് ജനതയുടെ വായ്മൂടിക്കെട്ടുന്നതിന് തുല്യമാണ്. നിർഭയവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനത്തെ വരുതിയിലാക്കാനാണ് ശ്രമം. സ്വതന്ത്ര മാധ്യമപ്രവർത്തനം ഇല്ലാതാക്കാനുള്ള ഏതു ശ്രമവും പരാജയപ്പെടുത്തണം. ഫാഷിസ്റ്റ് ഭീകരതക്കെതിരെ ജനം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.

നിരോധനം പിൻവലിക്കണം കെ.പി.എ. മജീദ്

കോഴിക്കോട്: ഡൽഹിയിലെ വംശവെറിയും വംശഹത്യയും ലോകത്തിനുമുന്നിൽ പച്ചയായി കാണിച്ച ഏഷ്യാനെറ്റ്, മീഡിയവൺ ചാനലുകൾ രണ്ടുദിവസത്തേക്ക് നിരോധിച്ചത് വരാനിരിക്കുന്ന കടുത്ത ജനാധിപത്യ ധ്വംസനത്തിലേക്കുള്ള സൂചനയാണെന്നും അപലപനീയമാണെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടിയും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ദുഷ്ടചെയ്തികൾ മറച്ചുപിടിക്കാമെന്നാണ് കേന്ദ്ര ഭരണകൂടത്തിന്റെ വ്യാമോഹം.

ഭരണകൂടം നിശ്ശബ്ദതയാണ് ആഗ്രഹിക്കുന്നത് -വി.ടി. ബൽറാം

ഏഷ്യാനെറ്റിനും മീഡിയവണിനും 48 മണിക്കൂർ വിലക്ക്. ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ. ഭരണകൂടം നിശ്ശബ്ദതയാണ് ആഗ്രഹിക്കുന്നത്, സമ്പൂർണ്ണ വിധേയത്വവും. തിരിച്ചെങ്ങനെ പ്രതികരിക്കണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാമെന്ന് വി.ടി. ബൽറാം ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫാഷിസ്റ്റുകൾ പണ്ടും വാർത്തയെ ഭയപ്പെട്ടിട്ടുണ്ട് -എം. സ്വരാജ്

രണ്ട് മലയാളം ടെലിവിഷൻ ചാനലുകളുടെ സംപ്രേഷണത്തിന് 48 മണിക്കൂർ സമയത്തേയ്ക്ക് വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനം ജനാധിപത്യത്തോടും ഇന്ത്യയോടും തന്നെയുമുള്ള യുദ്ധപ്രഖ്യാപനമാണ്. ആർഎസ്എസ് ഭീകരതയെ തുറന്നു കാണിക്കുന്ന മാധ്യമങ്ങൾക്കെല്ലാമുള്ള താക്കീതും ഭീഷണിയുമാണ്. രണ്ട് ടെലിവിഷൻ ചാനലുകൾക്കെതിരായല്ല മുഴുവൻ മനുഷ്യരുടെയും അറിയുവാനുള്ള അവകാശത്തിനെതിരായ നടപടിയാണിത്.

മാധ്യമ സ്വാതന്ത്ര്യത്തെ കശാപ്പ് ചെയ്യുന്നു ഹമീദ് വാണിയമ്പലം

ഡൽഹിയിലെ വംശഹത്യ മറച്ചുപിടിക്കാൻ സംഘ്പരിവാർ മാധ്യമ സ്വാതന്ത്ര്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന സംഘ്പരിവാർ ഭീകരതയാണ് രാജ്യത്ത് നടമാടുന്നത്. ഡൽഹിയിൽ വംശീയാതിക്രമങ്ങൾക്ക് ആഹ്വാനം ചെയ്ത ബിജെപി നേതാക്കൾക്കെതിരായ വാർത്ത നൽകിയതും കലാപത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പുറത്തുകൊണ്ടുവരികയും ചെയ്തതിനുള്ള പ്രതികാരമായാണ് മീഡിയവണിനും ഏഷ്യാനെറ്റ് ന്യൂസിനും കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. നേരിനും സത്യത്തിനും ഒപ്പം ആർജവത്തോടെ നിലയുറപ്പിച്ച മാധ്യമ പ്രവർത്തകരോടൊപ്പം വെൽഫെയർ പാർട്ടി നിലകൊള്ളും.

ആരും സത്യം പറയാതിരിക്കാനുള്ള 'മുൻകരുതൽ' -ഡിവൈഎഫ്ഐ

രണ്ട് ദൃശ്യമാധ്യമങ്ങൾക്ക് 48 മണിക്കൂർ വിലക്കേർപ്പെടുത്തിയ ബിജെപി സർക്കാർ നടപടി ജനാധിപത്യ മൂല്യങ്ങൾക്കും മാധ്യമ സ്വാതന്ത്ര്യത്തിനും മേലുള്ള നഗ്‌നമായ കടന്നാക്രമണമാണ്. നിർഭയ വാർത്തകളാണ് ഒരു പരിധിവരെ ഡൽഹിയിൽ ഇരകൾക്ക് ആശ്വാസമായത്. പൊലീസിനെ നടപടികൾക്ക് പ്രേരിപ്പിച്ചതും മാധ്യമ ഇടപെടലുകളായിരുന്നു. 2002ലെ ഗുജറാത്ത് വംശഹത്യയെപ്പോലെ പദ്ധതിയിട്ടിരുന്നെങ്കിലും അക്രമങ്ങൾ തുടരാതിരുന്നതിൽ നിർഭയ മാധ്യമ ഇടപെടലുകൾക്ക് വലിയ പങ്കുണ്ടായിരുന്നു. ഇത്തരം സന്ദർഭങ്ങൾ രാജ്യത്ത് ആവർത്തിച്ചാൽ ആരും സത്യം വിളിച്ചുപറയാതിരിക്കാനുള്ള 'മുൻകരുതലാണ്' ഈ നടപടി.

ഫാഷിസം പടിവാതിൽക്കൽ എത്തിക്കഴിഞ്ഞു -ഐ.എൻ.എൽ

ഡൽഹിയിൽ നടന്ന അതിനിഷ്ഠുരമായ കൂട്ടക്കൊലയും കൂട്ട നശീകരണവും വസ്തുനിഷ്ഠമായി സംപ്രേഷണം ചെയ്തതിന് ഏഷ്യാനെറ്റ്, മീഡിയവൺ ചാനലുകൾക്ക് ഏർപ്പെടുത്തിയ 48 മണിക്കൂർ വിലക്ക് ഫാഷിസം പടിവാതിൽ കടന്ന് എത്തിയതിന്റെ വിളംബരമാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാൻ ശ്രമം കെ.യു.ഡബ്ല്യു.ജെ

ഡൽഹി കലാപം റിപ്പോർട്ടുചെയ്തതിന് ഏഷ്യാനെറ്റ്, മീഡിയ വൺ ചാനലുകളുടെ സംപ്രേഷണം നിർത്തിവെപ്പിച്ച കേന്ദ്രസർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി. അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമം. വാർത്ത റിപ്പോർട്ടു ചെയ്തതിന്റെ പേരിൽ ചാനലുകൾക്കെതിരെ നടപടിയെടുക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കൈയേറ്റമാണ്. മാധ്യമങ്ങൾ തങ്ങൾ പറയുന്നതുമാത്രം റിപ്പോർട്ടുചെയ്താൽ മതിയെന്ന നിലപാട് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇത് ആർക്കും അംഗീകരിക്കാനുമാകില്ല.

കേന്ദ്രസർക്കാർ നടപടി അടിയന്തരമായി പിൻവലിക്കണം. സംപ്രേഷണം നിർത്തിവെപ്പിച്ച നടപടിക്കെതിരെ ശനിയാഴ്ച സംസ്ഥാനത്ത് മാധ്യമപ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് കെ.പി. റെജിയും ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP