Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നഗരം മുഴുവൻ സ്തംഭിപ്പിച്ച കെഎസ്ആർടിസി ജീവനക്കാരുടെ ധാർഷ്ട്യത്തിന്റെ കൊമ്പൊടിയുന്നു: ബസുകൾ റോഡിലിട്ട് ഗതാഗതം തടസ്സപ്പെടുത്തിയവരുടെ പേരിൽ അവശ്യ സർവീസ് നിയമപ്രകാരം കേസെടുത്ത് പൊലീസ്; കണ്ടാൽ തിരിച്ചറിയാവുന്ന അൻപതോളം ജീവനക്കാർ പ്രതിപട്ടികയിൽ; സർവീസുകൾ മുടക്കികൊണ്ടുള്ള സമരത്തിൽ നഷ്ടമായത് ഒരു ജീവനും ലക്ഷങ്ങളുടെ വരുമാനവും; കെഎസ്ആർടിസിക്ക് വീഴ്ചപറ്റിയെന്ന് കലക്ടറുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

നഗരം മുഴുവൻ സ്തംഭിപ്പിച്ച കെഎസ്ആർടിസി ജീവനക്കാരുടെ ധാർഷ്ട്യത്തിന്റെ കൊമ്പൊടിയുന്നു: ബസുകൾ റോഡിലിട്ട് ഗതാഗതം തടസ്സപ്പെടുത്തിയവരുടെ പേരിൽ അവശ്യ സർവീസ് നിയമപ്രകാരം കേസെടുത്ത് പൊലീസ്; കണ്ടാൽ തിരിച്ചറിയാവുന്ന അൻപതോളം ജീവനക്കാർ പ്രതിപട്ടികയിൽ; സർവീസുകൾ മുടക്കികൊണ്ടുള്ള സമരത്തിൽ നഷ്ടമായത് ഒരു ജീവനും ലക്ഷങ്ങളുടെ വരുമാനവും; കെഎസ്ആർടിസിക്ക് വീഴ്ചപറ്റിയെന്ന് കലക്ടറുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസിയെ നശിപ്പിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്നത് അതിലെ ജീവനക്കാർ തന്നെയാണെന്ന ആക്ഷേപം കാലങ്ങളായി നിലനിൽക്കുന്നതാണ്. ഇക്കാര്യം ഒരിക്കൽ കൂടി അടിവരയിടുന്ന സംഭവത്തിനാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരം സാക്ഷ്യം വഹിച്ചതും. ജനത്തെ പെരുവഴിയിലാക്കുകയും ഒരാളുടെ മരണത്തിനു കാരണമാവുകയും ചെയ്ത കെ.എസ്.ആർ.ടി.സി.യുടെ മിന്നൽപ്പണിമുടക്കിനിടയിൽ ബസുകൾ റോഡിലിട്ട് ഗതാഗതം തടസ്സപ്പെടുത്തിയവരുടെ പേരിൽ അവശ്യ സർവീസ് നിയമപ്രകാരം (എസ്മ) പൊലീസ് കേസെടുത്തു. ഇതിൽ അമ്പതോളം ജീവനക്കാർ പ്രതികളായേക്കും. പൊതുഗതാഗതസംവിധാനം അവശ്യസർവീസ് നിയമത്തിനുകീഴിൽ വരുന്നതാണ്. ഇത് ലംഘിച്ച് മിന്നൽസമരം നടത്തുകയും ഒപ്പം ബസുകൾ റോഡിലിട്ട് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതിനാണു കേസ്.

അതേസമയം, കെ.എസ്.ആർ.ടി.സി.യുടെ മിന്നൽപ്പണിമുടക്കിനെതിരേ കളക്ടറുടെ പ്രാഥമിക റിപ്പോർട്ട് വന്നിരുന്നു. കെ.എസ്.ആർ.ടി.സി.ക്കു വീഴ്ച സംഭവിച്ചെന്നും ബസുകൾ റോഡിൽ നിരത്തിയിട്ടത് ഗുരുതര തെറ്റാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ, വിശദമായ അന്തിമറിപ്പോർട്ട് കൂടുതൽ പരിശോധനകൾക്കും തെളിവെടുപ്പുകൾക്കും ശേഷം നൽകുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി കിഴക്കേക്കോട്ടയിലെത്തി കെ.എസ്.ആർ.ടി.സി. ജീവനക്കാരിൽനിന്നും പൊലീസ് ഉദ്യോഗസ്ഥരിൽനിന്നും ജനങ്ങളിൽനിന്നും കളക്ടർ മൊഴിയെടുത്തു. മിന്നൽസമരത്തെത്തുടർന്ന് കുഴഞ്ഞുവീണയാളെ ആശുപത്രിയിലെത്തിക്കാൻ സമയമെടുത്തെന്ന് പൊലീസ് കളക്ടർക്ക് മൊഴിയും നൽകി.

ഗതാഗതക്കുരുക്കുകാരണം ആംബുലൻസിന് സംഭവസ്ഥലത്ത് പെട്ടെന്ന് എത്താൻ കഴിഞ്ഞില്ലെന്ന് ഫോർട്ട് സിഐ. മൊഴിനൽകി. അതേസമയം, സമരത്തിന് ഒരു കെ.എസ്.ആർ.ടി.സി. യൂണിയനും ആഹ്വാനം നൽകിയിട്ടില്ലെന്നായിരുന്നു യൂണിയൻ പ്രതിനിധികൾ മൊഴിനൽകിയത്. സംഭവം നടക്കുമ്പോൾ താൻ ഫോർട്ട് പൊലീസ് സ്റ്റേഷനിലായിരുന്നെന്നും അകാരണമായി അറസ്റ്റുചെയ്തു കൊണ്ടുപോവുകയായിരുന്നെന്നുമാണ് കഴിഞ്ഞദിവസം അറസ്റ്റിലായ എ.ടി.ഒ. സാം ലോപ്പസിന്റെ മൊഴി. പൊലീസ് സ്റ്റേഷനിലായിരുന്നതിനാൽ സമരത്തെക്കുറിച്ചോ ഗതാഗതം മുടക്കി ബസുകൾ റോഡിലിട്ടതിനെക്കുറിച്ചോ അറിഞ്ഞില്ലെന്നും അദ്ദേഹം കളക്ടറോടു പറഞ്ഞു.അന്വേഷണത്തിന്റെ ഭാഗമായി സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിക്കും. കൂടുതൽപേരുടെ മൊഴിയുമെടുക്കും. അന്തിമറിപ്പോർട്ട് അടുത്തദിവസം സമർപ്പിക്കുമെന്നും കളക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു.

കടകംപള്ളി സ്വദേശിയായ സുരേന്ദ്രൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിലും കേസെടുത്തിട്ടുണ്ട്. പൊലീസുകാരനെ ആക്രമിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതിന് കഴിഞ്ഞദിവസം അഞ്ചാളുടെ പേരിൽ കേസെടുത്തിരുന്നു. ഇതിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതാണ് വിവാദമായത്. എ.ടി.ഒ. ജേക്കബ് സാം ലോപ്പസ്, ഇൻസ്പെക്ടർ ബി. രാജേന്ദ്രൻ, ഡ്രൈവർ കെ. സുരേഷ് കുമാർ എന്നിവരെയാണ് പൊലീസിനെ ആക്രമിച്ച കേസിൽ കസ്റ്റഡിയിലെടുത്തത്. ഇവരെക്കൂടാതെ കണ്ടാലറിയാവുന്ന രണ്ട് കെ.എസ്.ആർ.ടി.സി. ജീവനക്കാർകൂടി ഈ കേസിൽ പ്രതികളാണ്.

മിന്നൽപ്പണിമുടക്ക് കാരണം മണിക്കൂറുകൾ കാത്തിരുന്നു തളർന്നാണ് സുരേന്ദ്രൻ കുഴഞ്ഞുവീണത്. നിയമം ലംഘിച്ചുള്ള മിന്നൽ സമരമാണ് ഇതിന്റെ പ്രധാന കാരണമെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. അസ്വാഭാവിക മരണത്തിന് എടുത്ത കേസിലും കെ.എസ്.ആർ.ടി.സി. ജീവനക്കാർ പ്രതികളായേക്കും. സ്വകാര്യ ബസിന്റെ അനധികൃതർ സർവീസ് ജില്ലാ ട്രാൻസ്പോർട് ഓഫിസർ (ഡിടിഒ) ജേക്കബ് സാം ലോപ്പസ് തടഞ്ഞതുമായി ബന്ധപ്പെട്ട തർക്കത്തിൽ പൊലീസ് ഇടപെട്ടതോടെയാണ് കെഎസ്ആർടിസി ജീവനക്കാരുടെ യൂണിയൻ മിന്നൽ പണിമുടക്കിലേക്ക് എത്തിയത്.

കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽ സമരത്തിനെതിരെയാണ് ആർടിഒയുടെ റിപ്പോർട്ടു നൽകിയത്. വാഹനങ്ങൾ ഉപയോഗിച്ച് ഗതാഗതം തടസപ്പെടുത്തിയത് തെറ്റാണ്. ഗാരേജിൽ കിടന്ന ബസുകൾ പോലും റോഡിലിറക്കിയാണു ഗതാഗതം തടസ്സപ്പെടുത്തിയത്. സ്വകാര്യ ബസിന്റെ നിയമലംഘനം ചോദ്യം ചെയ്ത രീതിയും തെറ്റാണ്. ഗതാഗതം തടസ്സപ്പെടുത്തിയതിന് ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആർടിഒ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത്. കെഎസ്ആർടിസി മിന്നൽ പണിമുടക്കിൽ ജീവനക്കാർക്കെതിരെ കർശന നടപടി വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനു നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് നടപടി ശക്തമാക്കി സർക്കാർ മുന്നോട്ട് പോകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP