Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊതുസമൂഹവും കൈവിട്ട കെഎസ്ആർടിസിയെ സർക്കാരും ഉപേക്ഷിക്കുന്നു; മിന്നൽ പണിമുടക്ക് അപമാനകരമായ സമരാഭാസമെന്ന കടകംപള്ളിയുടെ പ്രസ്താവനക്ക് പിന്നാലെ സമരക്കാരെ കാത്തിരിക്കുന്നത് എട്ടിന്റെ പണി; പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാരുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുമായി സർക്കാർ; എസ്മ ബാധകമാക്കണമെന്ന് കളക്ടർ; ഭരണവും സമരവുമെന്ന പതിവ് പണി പാളിയതോടെ ജീവനക്കാരെ കൈവിട്ട് പ്രതിച്ഛായ കാക്കാൻ സിപിഎമ്മും

പൊതുസമൂഹവും കൈവിട്ട കെഎസ്ആർടിസിയെ സർക്കാരും ഉപേക്ഷിക്കുന്നു; മിന്നൽ പണിമുടക്ക് അപമാനകരമായ സമരാഭാസമെന്ന കടകംപള്ളിയുടെ പ്രസ്താവനക്ക് പിന്നാലെ സമരക്കാരെ കാത്തിരിക്കുന്നത് എട്ടിന്റെ പണി; പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാരുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുമായി സർക്കാർ; എസ്മ ബാധകമാക്കണമെന്ന് കളക്ടർ; ഭരണവും സമരവുമെന്ന പതിവ് പണി പാളിയതോടെ ജീവനക്കാരെ കൈവിട്ട് പ്രതിച്ഛായ കാക്കാൻ സിപിഎമ്മും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കെഎസ്ആർടിസി കെഎസ്ആർടിസി തൊഴിലാളികൾ ബസുകൾ തിരുവനന്തപുരം നഗരത്തിൽ നടുറോഡിൽ നിരത്തിയിട്ട് മിന്നൽ പണിമുടക്ക് നടത്തിയ സംഭവത്തിൽ കർശന നടപടിക്കൊരുങ്ങി സർക്കാർ. സമരത്തിനെതിരെ പൊതുവികാരം ശക്തമായ സാഹചര്യത്തിലാണ് ട്രേഡ് യൂണിയനെ കൈവിട്ടും തല്ക്കാലം പ്രതിച്ഛായ സംരക്ഷിക്കാൻ സർക്കാർ ഒരുങ്ങുന്നത്. കെഎസ്ആർടിസിയിൽ എസ്മ ബാധകമാക്കണമെന്നാണ് കളക്ടറുടെ പ്രാഥമിക റിപ്പോർട്ട്. അന്തിമ റിപ്പോർട്ട് ശനിയാഴ്ച സമർപിക്കും.

കെഎസ്ആർടിസിയുടെ മിന്നൽ സമരത്തിനെതിരെ ജനരോഷം ശക്തമാകുന്ന സാഹചര്യത്തിലാണ് കർശന നടപടിയിലേക്ക് സർക്കാർ നീങ്ങുന്നത്. തലസ്ഥാനത്തെ അഞ്ച് മണിക്കൂർ ദുരിതത്തിലാക്കിയ മിന്നൽ പണിമുടക്കിൽ പങ്കെടുത്ത കെഎസ്ആർടിസി ജീവനക്കാരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കർശന നടപടിക്കാണ് സർക്കാർ ഒരുങ്ങുന്നത്. റോഡിൽ ബസ് നിരത്തി ഗതാഗത സ്തംഭനം ഉണ്ടാക്കിയ ജീവനക്കാരുടെ പട്ടിക നൽകാൻ കളക്ടർ പൊലീസിനോട് ആവശ്യപ്പെട്ടു.

പല പരാതികളിലായി ഇതിനകം 6 കേസുകൾ കെഎസ്ആടിസി ജീവനക്കാർക്കെതിരെ തമ്പാനൂർ ,ഫോർട്ട് സ്റ്റേഷനുകളിൽ എടുത്തിട്ടുണ്ട്. ഗതാഗതസ്തംഭനത്തിനിടെ കുഴഞ്ഞുവീണ സുരേന്ദ്രന്റെ അസ്വാഭാവിക മരണത്തിനും കേസുണ്ട്. ബസ്സുകൾ കൂട്ടത്തോടെ റോഡിൽ നിർത്തി ഇറങ്ങിപ്പോയ ഡ്രൈവർമാരുടേയും കണ്ടക്ടർമാരുടെയും പട്ടിക ശേഖരിച്ചു വരികയാണ്. മിന്നൽ പണിമുടക്ക് തെറ്റെന്നാണ് കലക്ടറുടെ പ്രാഥമിക റിപ്പോർട്ട് .അന്തിമ റിപ്പോർട്ടിന്‌ശേഷമാകും ജീവനക്കാർക്കെതിരായ നടപടി.

അന്വേഷണച്ചുമതലയുള്ള കലക്ടർ കെ.ഗോപാലകൃഷ്ണൻ കിഴക്കേക്കോട്ടയിലും പഴവങ്ങാടിയിലും ഇന്ന് തെളിവെടുപ്പ് നടത്തി. കെഎസ്ആർടിസി ജീവനക്കാർ പൊലീസിനെ കയ്യേറ്റം ചെയ്തതോടെയാണ് എടിഒയെയടക്കം കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് വിശദീകരണം . പൊലീസ് ഭീഷണിപ്പെടുത്തി കസ്റ്റഡിയിലെടുത്തുവെന്നാണ് കെഎസ്ആർടിസി ജീവനക്കാർ നൽകിയ മൊഴി. പൊലീസിനോട് കലക്ടർ സിസി ടിവിദൃശ്യങ്ങൾ ആവശ്യപ്പെട്ടു. സമരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ച സുരേന്ദ്രന്റെ മൃതദേഹം ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്തു. വൈകിട്ടോടെ വിതുരയിലെ സുരേന്ദ്രന്റെ അച്ഛന്റെ വീട്ട് വളപ്പിൽ സംസ്‌ക്കരിച്ചു.

കെഎസ്ആർടിസി മിന്നൽ പണിമുടക്ക് ഇന്ന് നിയമസഭയേയും പ്രക്ഷുബ്ദമാക്കിയിരുന്നു. കെഎസ്ആർടിസി മിന്നൽ പണിമുടക്കിനെ സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി. മുഖ്യമന്ത്രി സഭയിലുണ്ടായിട്ടും നോട്ടിസിനു മറുപടി പറയാത്തത് പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കി. മുഖ്യമന്ത്രിക്കു പകരം മറുപടി പറഞ്ഞ കടകംപള്ളി സുരേന്ദ്രൻ, അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയ പ്രതിപക്ഷ അംഗം എം.വിൻസെന്റിനെ ആക്ഷേപിച്ചതായി ആരോപിച്ചു പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

തലസ്ഥാനം നേരിട്ട ദുരിതത്തിനു ഗതാഗത മന്ത്രിയോ മുഖ്യമന്ത്രിയോ മറുപടി പറയണമെന്നു വിൻസെന്റ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി മറുപടി പറയാതെ ഒളിച്ചോടുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനത്തെ അനാഥരാക്കി. ഫോൺ കോൾ കൊണ്ട് ഒരു മിനിട്ടിൽ പരിഹരിക്കേണ്ട വിഷയമാണ് സർക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ട് ആറു മണിക്കൂർ നീണ്ടത്. സർക്കാരിന്റെ നിഷ്‌ക്രിയത്വം കലാപ സമയത്തെ ഡൽഹി ഭരണകൂടത്തെ ഓർമിപ്പിക്കുകയാണ്. ആറു മണിക്കൂർ കലാപമുണ്ടായപ്പോൾ ചെറുവിരൽ അനക്കാത്ത കലക്ടറെയാണ് അന്വേഷണം ഏൽപ്പിച്ചിരിക്കുന്നത്. സമാനതകളില്ലാത്ത സംഭവത്തിൽ അന്വേഷണം നടത്തണമെന്നും വിൻസെന്റ് ആവശ്യപ്പെട്ടു.

നടന്നത് അപമാനകരമായ സമരാഭാസമാണെന്നു മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുപടി നൽകി. വിഷയത്തിന്റെ ഗൗരവം സർക്കാരിനു ബോധ്യമുണ്ട്. അടിയന്തരപ്രമേയം അവതരിപ്പിക്കാൻ മുൻനിരക്കാരില്ലേ, പിൻനിരക്കാരനായ വിൻസെന്റിനെ ഗൗരവമുള്ള വിഷയം ഉന്നയിക്കാൻ ചുമതലപ്പെടുത്തിയത് എന്തിനാണെന്ന മന്ത്രിയുടെ ചോദ്യം പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. അവർ പ്രതിഷേധവുമായി നടത്തളത്തിലേക്കിറങ്ങി. സീറ്റുകളിൽ ഇരിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഒടുവിൽ പ്രതിപക്ഷ നേതാവ് ഇടപെട്ടാണ് അംഗങ്ങളെ പിന്തിരിപ്പിച്ചത്.

അടിയന്തരപ്രമേയ നോട്ടിസ് നൽകിയത് മുഖ്യമന്ത്രിക്കാണെന്നും സഭയിലെ ഓഫിസിലുണ്ടായിട്ടും അദ്ദേഹം സഭാ നടപടികളിൽ പങ്കെടുത്തില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഇത്രയും പ്രശ്‌നമുണ്ടായിട്ടും തിരുവനന്തപുരത്തിന്റെ ചുമതലയുള്ള മന്ത്രി ആറു മണിക്കൂർ എവിടെ ആയിരുന്നെന്നും അദ്ദേഹം ചോദിച്ചു. വിൻസെന്റിന് എതിരേയുള്ള പരാമർശം മന്ത്രി പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സഭയിൽ എല്ലാ എംഎൽഎമാർക്കും ഒരേ അവകാശമാണെന്ന് വിഷയത്തിലിടപെട്ടുകൊണ്ട് സ്പീക്കർ പറഞ്ഞു. വിൻസെന്റിനെ ആക്ഷേപിച്ചിട്ടില്ലെന്നു വ്യക്തമാക്കിയ മന്ത്രി കടകംപള്ളി, കുറച്ചുകൂടി ഗൗരവമുള്ള നേതാക്കൾ പ്രമേയം അവതരിപ്പിക്കണം എന്നേ ഉദ്ദേശിച്ചുള്ളൂ എന്ന് ആവർത്തിച്ചത് വീണ്ടും പ്രതിപക്ഷ ബഹളത്തിനിടയാക്കി.

സർക്കാർ ലാഘവത്തോടെയല്ല വിഷയത്തെ കണ്ടതെന്ന് മന്ത്രി കടകംപള്ളി പറഞ്ഞു. കെഎസ്ആർടിസി ബസുകൾ തലങ്ങും വിലങ്ങും ഇട്ട് ഡ്രൈവർമാർ ഇറങ്ങിപ്പോയതാണ് പ്രശ്‌നം വഷളാക്കിയത്. ജില്ലാ ട്രാൻസ്‌പോർട്ട് ഓഫിസർ ജേക്കബ് സാം ലോപ്പസ് ഐഎൻടിയുസി നേതാവാണ്. സിഐടിയു നേതാവ് അവിടെ ഉണ്ടായിരുന്നില്ല. നിസാര കാര്യത്തിന് ജനങ്ങളെ ബന്ദിയാക്കി. ഇതിൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ, പ്രതിപക്ഷം ഉന്നയിച്ച മിക്ക ആരോപണങ്ങൾക്കും മന്ത്രിക്കു മറുപടി ഉണ്ടായിരുന്നില്ല. ആരോപണ പ്രത്യാരോപണങ്ങൾക്കൊടുവിൽ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപോയി.

കഴിഞ്ഞ കുറേ നാളുകളായി ഭരണവും സമരവും എന്ന അടവ് നയമാണ് കെഎസ്ആർടിസിയിൽ സിപിഎം സ്വീകരിക്കുന്നത്. ഗതാഗത വകുപ്പും കെഎസ്ആർടിസിയും ഭരിക്കുന്നത് ഇടത് മുന്നണിയാണ്. കെഎസ്ആർടിസി മാനേജ്‌മെന്റ് കമ്മിറ്റിയിൽ സിഐടിയു-സിപിഎം നേതാക്കളും ഉണ്ട്. എന്നാൽ, ശ്മ്പളവും പെൻഷനും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്താതെ തൊഴിലാളികളെ സംഘടിപ്പിച്ച് പ്രതിഷേധങ്ങൾ നടത്തുകയാണ് സിഐടിയു-സിപിഎം നേതാക്കൾ. ഇത് മറ്റ് സംഘടനകൾ ചർച്ചയാക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടെയാണ് ഭരണത്തിന്റെ വീഴ്‌ച്ചയായും തൊഴിലാളികളുടെ ധാർഷ്ട്യമായും പൊതുസമൂഹം ചൂണ്ടിക്കാണിക്കുന്ന മിന്നൽ പണിമുടക്ക്. മിന്നൽപണിമുടക്കിന്റെ ഉത്തരവാദിത്തം അതിൽ പങ്കെടുത്ത തൊഴിലാളികളുടെ തലയിൽ കെട്ടിവെച്ച് തൽക്കാലം തലയൂരാനാണ് സർക്കാർ ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP