Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊള്ളാച്ചിയിൽ ലീസിന് എടുത്തത് കോഴിഫാം; അവിടുത്തെ ആവശ്യങ്ങൾക്ക് ചുറ്റിക്കറങ്ങാൻ ആഡംബര കാർ; പ്രളയഫണ്ട് ദുരിതാശ്വാസ ഫണ്ട് വെട്ടിച്ച വിഷ്ണു പ്രസാദ് പണം ചിലവഴിച്ച വഴികൾ ഇങ്ങനെ; കാക്കനാട്ടെ വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നു അനധികൃതമായി എത്തിച്ച 2,50,000 രൂപ തിരിച്ചു പിടിക്കാൻ ദേനാ ബാങ്കിന്റെ നോട്ടീസ്; ദുരിത ബാധിതർക്ക് ഫണ്ട് ലഭിക്കാതെ പോയപ്പോഴും സിപിഎം പ്രാദേശിക നേതാക്കൾ അടിച്ചുമാറ്റിയത് 13 ലക്ഷം രൂപ

പൊള്ളാച്ചിയിൽ ലീസിന് എടുത്തത് കോഴിഫാം; അവിടുത്തെ ആവശ്യങ്ങൾക്ക് ചുറ്റിക്കറങ്ങാൻ ആഡംബര കാർ; പ്രളയഫണ്ട് ദുരിതാശ്വാസ ഫണ്ട് വെട്ടിച്ച വിഷ്ണു പ്രസാദ് പണം ചിലവഴിച്ച വഴികൾ ഇങ്ങനെ; കാക്കനാട്ടെ വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നു അനധികൃതമായി എത്തിച്ച 2,50,000 രൂപ തിരിച്ചു പിടിക്കാൻ ദേനാ ബാങ്കിന്റെ നോട്ടീസ്; ദുരിത ബാധിതർക്ക് ഫണ്ട് ലഭിക്കാതെ പോയപ്പോഴും സിപിഎം പ്രാദേശിക നേതാക്കൾ അടിച്ചുമാറ്റിയത് 13 ലക്ഷം രൂപ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നു 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ അന്വേഷണം പുരോഗമിക്കുമ്പോൾ പുറത്തുവരുന്നത് തട്ടിപ്പിന്റെ വിവരങ്ങളാണ്. തട്ടിയെടുത്ത പണം കൊണ്ടു അടിപൊളി ജീവിതം നയിക്കുകയായിരുന്നു ഇവർ. പ്രളയദുരിതത്തിൽ പെട്ടവർ സഹായം കിട്ടാതെ ആത്മഹത്യ ചെയ്യുമ്പോഴാണ് അർഹതപ്പെട്ട പണം നേതാക്കൾ അടിച്ചുമാറ്റിയത്. കലക്ടറേറ്റിലെ ക്ലാർക്കായ വിഷ്ണു പ്രസാദിന്റെ സഹായത്തോടെയാണ് സിപിഎം പ്രാദേശിക നേതാക്കളുടെ സംഘം തട്ടിപ്പു നടത്തിയത്.

പൊള്ളാച്ചിയിൽ 6 ലക്ഷം രൂപ പ്രതിവർഷ ലീസിനു കോഴി ഫാം, അവിടത്തെ ആവശ്യങ്ങൾക്കു സഞ്ചരിക്കാനായി ആഡംബര കാർ, ആർഭാട ജീവിതം. കലക്ടറേറ്റിലെ പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പു കേസിലെ പ്രതി വിഷ്ണു പ്രസാദ് പണം ചെലവഴിച്ച വഴികൾ തേടിപ്പോയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്കു കിട്ടിയ വിവരങ്ങളാണിവ. ഇന്നലെ വിഷ്ണുവിന്റെ വീട്ടിൽ റെയ്ഡ് നടത്തിയ അന്വേഷണ സംഘം ലാപ്‌ടോപ്പും ഏതാനും രേഖകളും കസ്റ്റഡിയിലെടുത്തു.

കലക്ടറേറ്റിനു സമീപം താമസിക്കുന്ന കോഴി ഫാം ഉടമ ബി.മഹേഷ് ആണ് ഫണ്ട് തട്ടിപ്പു ഗൂഢാലോചനയുടെ സൂത്രധാരൻ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. പണം തട്ടിയെടുക്കാമെന്ന സൂചന വിഷ്ണുവിൽ നിന്നു ലഭിച്ചപ്പോൾ തന്നെ മഹേഷ് പദ്ധതി തയാറാക്കി. സിപിഎം സസ്‌പെൻഡ് ചെയ്ത ലോക്കൽ കമ്മിറ്റിയംഗം എം.എം.അൻവറിനെയും സിപിഎമ്മിന്റെ തന്നെ മറ്റൊരു പ്രാദേശിക നേതാവിനെയും സംഘത്തിൽ ഉൾപ്പെടുത്തിയതു മഹേഷാണ്. ഈ നേതാവിനെയും ഭാര്യയെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കും.

മഹേഷിന്റെ നിർദ്ദേശ പ്രകാരമാണ് അൻവറിന്റെയും പ്രാദേശിക നേതാവിന്റെ ഭാര്യയുടെയും പേരിലുള്ള അക്കൗണ്ടിലേക്ക് പണം മാറ്റാൻ ധാരണയായത്. അൻവറും മഹേഷും ഒളിവിലാണ്. രണ്ടുമൂന്നു തവണ വിഷ്ണു സ്വന്തം താൽപര്യ പ്രകാരവും പിന്നീടു മഹേഷിന്റെ നിർബന്ധ പ്രകാരവുമാണ് ദുരിതാശ്വാസ ഫണ്ടിലെ പണം സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. അൻവറിനെയും മഹേഷിനെയും പിടികൂടി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകു.

മഹേഷ് കുടുംബ സമേതം യാത്ര ചെയ്യുമ്പോൾ അപകടം സംഭവിച്ചു ചികിത്സയിലാണെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. ഇതു ശരിയാണോ എന്നു പൊലീസ് അന്വേഷിക്കുന്നു . അൻവർ ഇന്നലെ ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരാകുമെന്നു അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും എത്തിയില്ല. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത വിഷ്ണു പ്രസാദിനെ തിങ്കളാഴ്ച രാത്രി തൃക്കാക്കര പൊലീസ് സ്റ്റഷനിലാണ് താമസിപ്പിച്ചത്. അവിടെ നിന്ന് ഇന്നലെ രാവിലെ മാവേലിപുരത്തെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി.

ഒരു ബാങ്കിൽ നിന്നു മറ്റൊരു ബാങ്കിലേക്കും അവിടെ നിന്നു മറ്റൊരു ബാങ്കിലേക്കും ഫണ്ട് ട്രാൻസ്ഫർ ചെയ്താണു പ്രതികൾ പണം തട്ടിയതെന്നു വിജിലൻസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുരന്തനിവാരണ വിഭാഗം ഓഫിസിൽ നിന്നു പ്രളയബാധിതർക്കു ബാങ്ക് അക്കൗണ്ടുകൾ വഴി നൽകിയ ഫണ്ട് ട്രാൻസ്ഫർ നടക്കാതെ കിടന്നിരുന്നത് അക്കൗണ്ടുകളിൽ തിരുത്തലും തിരിമറിയും നടത്തി അയ്യനാട് സർവീസ് സഹകരണ ബാങ്ക് അക്കൗണ്ടിലേക്കും ഇവിടെ നിന്നു മറ്റൊരു ബാങ്കിലേക്കും ഇവിടെ നിന്നു മൂന്നാം പ്രതിയുടെ ഭാര്യയുടെ അക്കൗണ്ടിലേക്കും ട്രാൻസ്ഫർ ചെയ്താണു തട്ടിപ്പു നടത്തിയത്. മൂന്നാം പ്രതിയായ അൻവറിനെ പ്രളയം ബാധിച്ചിട്ടില്ല. ഇയാൾക്കു പണം ലഭിച്ചതിനെ തുടർന്നു കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ പരാതികളെ തുടർന്നാണു കലക്ടറേറ്റ് കേന്ദ്രീകരിച്ചു രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും നടത്തിയ വൻ തട്ടിപ്പ് പുറത്തു വന്നത്.

അതേലമയം സസ്‌പെൻഷനിലായ ക്ലാർക്ക് വിഷ്ണു പ്രസാദിന്റെ സഹായത്തോടെ കാക്കനാട്ടെ വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്കു പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നു അനധികൃതമായി എത്തിയ 2,50,000 രൂപ തിരിച്ചു പിടിക്കാൻ ദേനാ ബാങ്ക് ബ്രാഞ്ചിന് കലക്ടർ നോട്ടിസ് നൽകി. ഫണ്ട് വെട്ടിപ്പിനെ തുടർന്നു ഒളിവിൽ കഴിയുന്ന സിപിഎം നേതാവ് എം.എം.അൻവറിന്റെ സുഹൃത്തുകൂടിയായ സിപിഎം പ്രാദേശിക നേതാവിന്റെ ഭാര്യയാണ് വീട്ടമ്മ. ബാങ്കിന്റെ മറുപടി ലഭിച്ച ശേഷം തുടർ നടപടിയുണ്ടാകും. നിയമപരമായി പണം തിരിച്ചു പിടിക്കാൻ ബാങ്കിനു ബാധ്യതയില്ല. ഒരാളുടെ അക്കൗണ്ടിൽ എത്തിയ പണം അയാൾ പിൻവലിച്ചാൽ തിരിച്ചു ചോദിക്കാൻ നിർവാഹമില്ലെന്നാണ് ബാങ്ക് അധികൃതരുടെ വാദം. വീട്ടമ്മ പണം തിരിച്ചടയ്ക്കുന്നില്ലെങ്കിൽ റവന്യു റിക്കവറി നടപടി കൈക്കൊള്ളാനാണ് തീരുമാനം.

കേസിൽ അറസ്റ്റിലായ കലക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗം സെക്ഷൻ ക്ലാർക്ക് കാക്കനാട് മാവേലിപുരം വിഷ്ണു പ്രസാദിനെ (30) വിജിലൻസ് കോടതി 17 വരെ റിമാൻഡ് ചെയ്തു. വിഷ്ണു പ്രസാദിന്റെ ജാമ്യാപേക്ഷയും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷയും 7നു കോടതി പരിഗണിക്കും. ഇന്നലെ വൈകിട്ട് 3നാണു വിഷ്ണു പ്രസാദിനെ വിജിലൻസ് അന്വേഷണം സംഘം കോടതിയിൽ ഹാജരാക്കിയത്.

അതിനിടെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നു 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരു സിപിഎം നേതാവു കൂടി പ്രതിയായി. സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം എൻ.എൻ.നിധിൻ(33), ഭാര്യ ഷിന്റു(29) എന്നിവരെ ക്രൈംബ്രാഞ്ച് അറശ്‌റഖ്‌റു ചെയ്യുകയും ചെയത്ു. മറ്റൊരു പ്രതി കലക്ടറേറ്റിനു സമീപം താമസിക്കുന്ന കൊല്ലം സ്വദേശി ബി.മഹേഷ് ഇന്നലെ രാത്രി പൊലീസിൽ കീഴടങ്ങിയതായി സൂചനയുണ്ട്. കേസിൽ പ്രതിയായ ഇതേ ലോക്കൽ കമ്മിറ്റി അംഗം എം.എം.അൻവർ ഒളിവിലാണ്. കലക്ടറേറ്റ് ദുരിതാശ്വാസ വിഭാഗത്തിൽ സെക്ഷൻ ക്ലാർക്കും എൻജിഒ യൂണിയൻ അംഗവുമായ വിഷ്ണുപ്രസാദിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

അതിനിടെ പ്രളയത്തിൽ നാശമുണ്ടായവർക്കു നഷ്ടപരിഹാരം നേരിട്ടു നൽകിയാൽ രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും വിഹിതം കൈപ്പറ്റുമെന്ന ആശങ്കമൂലം ബാങ്ക് അക്കൗണ്ടുകൾ വഴി കൈമാറാനുള്ള സർക്കാർ ശ്രമവും പാളുന്നു. ബാങ്ക് അക്കൗണ്ടുകളിലേക്കു പണം കൈമാറുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങൾ മൂലം കഴിഞ്ഞ വർഷത്തെ പ്രളയത്തിനുശേഷം സർക്കാർ അനുവദിച്ച നഷ്ടപരിഹാരം അര ലക്ഷത്തിലേറെ പേർക്കു ലഭിച്ചില്ല. സർക്കാർ കണക്കുപ്രകാരം അടിയന്തര സഹായമായി അനുവദിച്ച 10000 രൂപ, 38000 പേരുടെ അക്കൗണ്ടുകളിൽ നിന്നു മടങ്ങി. വീടുകളുടെ നാശനഷ്ടത്തിന് 49900 പേർക്ക് അനുവദിച്ച തുക 18000 പേരുടെ അക്കൗണ്ടുകളിൽ നിന്നു മടങ്ങി. പ്രധാനമന്ത്രിയുടെ ജൻധൻ യോജന പ്രകാരം ബാങ്ക് അക്കൗണ്ട് തുടങ്ങിയവർക്ക് അനുവദിച്ച തുകയാണ് തിരിച്ചുവന്നതിൽ ഭൂരിഭാഗവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP