Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളാ ഹൈക്കോടതിയിലേക്ക് മൂന്ന് അഭിഭാഷകർക്ക് അടക്കം നാല് പുതിയ ജഡ്ജിമാർക്ക് കൂടി നിയമനം; നീതി പീഠത്തിലേറുന്ന നാലു പേരും പ്രഗത്ഭരായ നിയമജ്ഞർ: ഹൈക്കോടതിയിലേക്ക് എത്തുന്നവരിൽ കോഴിക്കോട് ജില്ലാ ജഡ്ജിയായ വനിതയും ജസ്റ്റിസ് കെ.ടി. തോമസിന്റെ മകനും

കേരളാ ഹൈക്കോടതിയിലേക്ക് മൂന്ന് അഭിഭാഷകർക്ക് അടക്കം നാല് പുതിയ ജഡ്ജിമാർക്ക് കൂടി നിയമനം; നീതി പീഠത്തിലേറുന്ന നാലു പേരും പ്രഗത്ഭരായ നിയമജ്ഞർ: ഹൈക്കോടതിയിലേക്ക് എത്തുന്നവരിൽ കോഴിക്കോട് ജില്ലാ ജഡ്ജിയായ വനിതയും ജസ്റ്റിസ് കെ.ടി. തോമസിന്റെ മകനും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേരളാ  ഹൈക്കോടതിയിലേക്ക് മൂന്ന് അഭിഭാഷകർക്ക് അടക്കം നാല് പുതിയ ജഡ്ജിമാർക്ക് കൂടി നിയമനം ലഭിച്ചു. കേരള ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിമാരായാണ് നാലു പേർക്കും ബുധനാഴ്ച നിയമനം ലഭിച്ചത്. അഭിഭാഷകരായ ടി.ആർ. രവി, ബെച്ചു കുര്യൻ തോമസ്, പി. ഗോപിനാഥ് എന്നിവരെയും കോഴിക്കോട് ജില്ലാജഡ്ജി എം.ആർ. അനിതയെയുമാണ് ഹൈക്കോടതിയിലേക്കു നിയമിച്ചത്. രണ്ടുവർഷത്തേക്കാണു നിയമനം.

സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസിന്റെ മകനാണ് ബെച്ചു കുര്യൻ തോമസ്. മേനോൻ ആൻഡ് പൈ ലോ ഫേമിലെ പാർട്ണറാണ് മുതിർന്ന അഭിഭാഷകനായ പി. ഗോപിനാഥ്. സർക്കാർ പ്ലീഡറായിരുന്നു ടി.ആർ. രവി. 47 ജഡ്ജിമാരുടെ തസ്തികയുള്ള കേരള ഹൈക്കോടതിയിൽ 15 ഒഴിവാണുള്ളത്. നീതി പീഠത്തിലേറുന്ന നാലു പേരും കഴിവുറ്ര നിയമജ്ഞരണ്.

എം.ആർ. അനിത
നാലുവർഷമായി കോഴിക്കോട് ജില്ലാ ജഡ്ജിയായി പ്രവർത്തിച്ചുവരുന്ന ഇവർ നേരത്തേ എം.എ.സി.ടി. ജഡ്ജി, കുടുംബകോടതി ജഡ്ജി, അഡീ. ജില്ലാ ജഡ്ജി (ഫാസ്റ്റ്ട്രാക് കോടതി), ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളം ലോ കോളേജിൽനിന്ന് എൽഎൽ.ബി. പാസായശേഷം 1991-ൽ അഡീഷണൽ മുൻസിഫായി കൊച്ചിയിലാണ് ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ചത്.

തൃശ്ശൂർ കുഴിക്കാട്ടുശ്ശേരി പരേതനായ രാമൻ മുദിലിക്കുളത്തിന്റെ മകളാണ്. ഭർത്താവ്: ടി.കെ. ജനാർദനൻ. മക്കൾ: ടി.ജെ. അമൃത (റിസർവ് ബാങ്ക്, ലീഗൽ മാനേജർ, മുംബൈ), ടി.ജെ. കൃഷ്ണാനന്ദ് (എം.ബി.എ. വിദ്യാർത്ഥി, സി.എം.എസ്. ബിസിനസ് സ്‌കൂൾ, െബംഗളൂരു).

ടി.ആർ. രവി
പാലക്കാട് ശ്രീകൃഷ്ണപുരം പെരുമാങ്ങോട് തിരുമുപ്പത്ത് പരേതനായ ആയുർവേദ ഡോക്ടർ ടി.ആർ. രാഘവ വാര്യരുടെയും ടി.വി. ലക്ഷ്മിക്കുട്ടിയുടെയും മകനാണ് ടി.ആർ. രവി. കോഴിക്കോട് ഗവ. ലോ കോളേജിൽനിന്നാണ് എൽഎൽ.ബി. പാസായത്. 1993 മുതൽ 1999 വരെ ഇന്ത്യൻ ലോ റിപ്പോർട്സിന്റെ (കേരള സീരീസ്) ഓണററി റിപ്പോർട്ടറായിരുന്നു. സീനിയർ ഗവൺമെന്റ് പ്ലീഡർ, വനംവകുപ്പിന്റെ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ, കേരള ഹൈക്കോടതി സ്റ്റാറ്റിയൂട്ടറി റൂൾസ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

തിരുവനന്തപുരം ശ്രീ ചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി, കേരള ഗ്രാമീൺ ബാങ്ക് എന്നിവയുടെ സ്റ്റാൻഡിങ് കോൺസലുമായിട്ടുണ്ട്. ഭാര്യ സിന്ധു രവി തൃപ്പൂണിത്തുറ ചോയ്സ് സ്‌കൂളിൽ കെ.ജി. വിഭാഗം അദ്ധ്യാപികയാണ്.

മക്കൾ: സിദ്ധാർഥ് ആർ. വാരിയർ (ബി.ബി.എ.എൽഎൽ.ബി. വിദ്യാർത്ഥി ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ബെംഗളൂരു), മൈഥിലി ആർ. വാരിയർ (ബി.കോം വിദ്യാർത്ഥിനി, പി.എസ്.ജി. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, കോയമ്പത്തൂർ). സഹോദരൻ: ടി.ആർ. ശശി വാരിയർ (എക്സിക്യൂട്ടീവ് ഡയറക്ടർ, അഷ്ടാംഗ ആയുർവേദിക് പ്രൈവറ്റ് ലിമിറ്റഡ്.)

ബെച്ചു കുര്യൻ തോമസ്
റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസിന്റയും തരുണി തോമസിന്റെയും മകൻ. എറണാകുളം ലോ കോളേജിൽനിന്ന് ഒന്നാം റാങ്കോടെ എൽഎൽ.ബി. പാസായി. ബ്രിട്ടീഷ് കൗൺസിൽ ചീവ്‌നിങ് സ്‌കോളർഷിപ്പുമായി കോളേജ് ഓഫ് ലോ യോർക്കിൽനിന്ന് കൊമേഴ്സ്യൽ ലോ പരിശീലനം പൂർത്തിയാക്കി.

സുപ്രീംകോടതിയിലും പ്രാക്ടീസുണ്ട്. ഭരണഘടന, ആർബിട്രേഷൻ, സിവിൽ, ക്രിമിനൽ, സർവീസ്, നികുതി, മരിടൈം തുടങ്ങി വിവിധ നിയമമേഖലകളിൽ കഴിവു തെളിയിച്ചിട്ടുണ്ട്. ഭാര്യ: മീനു (ഡയറക്ടർ പ്ലാന്റ് ലിപിഡ്സ് പ്രൈവറ്റ് ലിമിറ്റഡ്). മക്കൾ: അഡ്വ. സൂസാൻ കുര്യൻ, തരുൺ തോമസ് കുര്യൻ (എൻജിനിയറിങ് സ്റ്റുഡന്റ് പി.എസ്.ജി. കോളേജ് അൻഡ് ടെക്നോളജി).

പി. ഗോപിനാഥ്
എറണാകുളം വളഞ്ഞമ്പലം പെരിഞ്ചേരി കുടുംബാംഗമായ പി. ഗോപിനാഥ് പരേതനായ എ.ജി. നായരുടെയും അഹല്യയുടെയും മകനാണ്. എറണാകുളം ഗവ. ലോ കോളേജിൽനിന്ന് ഒന്നാംറാങ്കോടെയാണ് എൽഎൽ.ബി. പാസായത്. 1998-ൽ പൂർണ സ്‌കോളർഷിപ്പോടെ കേംബ്രിജ് സർവകലാശാലയിൽനിന്ന് എൽഎൽ.എം. പാസായി. മടങ്ങിയെത്തി ഹൈക്കോടതിയിൽ പ്രാക്ടീസ് തുടർന്നു.

പിന്നീട് കേന്ദ്രസർക്കാരിന്റെ സീനിയർ സ്റ്റാൻഡിങ് കോൺസലായിരുന്നു. രണ്ടുതവണ തുടർച്ചയായി കേന്ദ്രസർക്കാരിന്റെ കോൺസൽ, സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസിന്റെ സീനിയർ സ്റ്റാൻഡിങ് കോൺസൽ എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള ഹൈക്കോടതിയിലെ പ്രായംകുറഞ്ഞ സീനിയർ അഭിഭാഷകനായിരുന്നു. ഭാര്യ: പ്രിയ ജി. മേനോൻ. മക്കൾ: പാർവതി, ഗായത്രി (ഇരുവരും ഗ്ലോബൽ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP