Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നഗരം മുഴുവൻ സ്തംഭിപ്പിച്ച കെഎസ്ആർടിസി ജീവനക്കാരുടെ ഹുങ്ക് ഗാരേജിലെ ബസുകളം റോഡിൽ ഇറക്കി; ക്ഷമ നശിച്ച ജനം കൈവെക്കുമെന്ന അവസ്ഥ വന്നിട്ടും നടുറോഡിൽ ബസിട്ട് മർക്കട മുഷ്ടി; സർവീസുകൾ മുടക്കികൊണ്ടുള്ള സമരത്തിൽ നഷ്ടമായത് ഒരു ജീവനും ലക്ഷങ്ങളുടെ വരുമാനവും; പൊതുജനത്തെ വലച്ച മിന്നൽ മണിമുടക്കിൽ ജീവനക്കാർക്കെതിരെ കർശന നടപടി വേണമെന്നു മുഖ്യമന്ത്രി; ജീവൻ പൊലിഞ്ഞതിൽ കേസെടുത്തു മനുഷ്യാവകാശ കമ്മീഷനും; ആനവണ്ടിയെ കുത്തുപാള എടുപ്പിക്കുന്നവരുടെ ധാർഷ്ട്യത്തിന്റെ കൊമ്പൊടിയുമോ?

നഗരം മുഴുവൻ സ്തംഭിപ്പിച്ച കെഎസ്ആർടിസി ജീവനക്കാരുടെ ഹുങ്ക് ഗാരേജിലെ ബസുകളം റോഡിൽ ഇറക്കി; ക്ഷമ നശിച്ച ജനം കൈവെക്കുമെന്ന അവസ്ഥ വന്നിട്ടും നടുറോഡിൽ ബസിട്ട് മർക്കട മുഷ്ടി; സർവീസുകൾ മുടക്കികൊണ്ടുള്ള സമരത്തിൽ നഷ്ടമായത് ഒരു ജീവനും ലക്ഷങ്ങളുടെ വരുമാനവും; പൊതുജനത്തെ വലച്ച മിന്നൽ മണിമുടക്കിൽ ജീവനക്കാർക്കെതിരെ കർശന നടപടി വേണമെന്നു മുഖ്യമന്ത്രി; ജീവൻ പൊലിഞ്ഞതിൽ കേസെടുത്തു മനുഷ്യാവകാശ കമ്മീഷനും; ആനവണ്ടിയെ കുത്തുപാള എടുപ്പിക്കുന്നവരുടെ ധാർഷ്ട്യത്തിന്റെ കൊമ്പൊടിയുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആനവണ്ടിയെ കുളംതോണ്ടുന്നതിൽ മുഖ്യപങ്കുവഹിക്കുന്നത് അതിലെ ജീവനക്കാർ തന്നെയാണെന്ന ആക്ഷേപം കാലങ്ങളായി നിലനിൽക്കുന്നതാണ്. ഇക്കാര്യം ഒരിക്കൽ കൂടി അടിവരയിടുന്ന സംഭവത്തിനാണ് ഇന്നലെ തിരുവനന്തപുരം നഗരം സാക്ഷ്യം വഹിച്ചത്. സ്വകാര്യ ബസിന്റെ അനധികൃതർ സർവീസ് ജില്ലാ ട്രാൻസ്‌പോർട് ഓഫിസർ (ഡിടിഒ) ജേക്കബ് സാം ലോപ്പസ് തടഞ്ഞതുമായി ബന്ധപ്പെട്ട തർക്കത്തിൽ പൊലീസ് ഇടപെട്ടതോടെയാണ് കെഎസ്ആർടിസി ജീവനക്കാരുടെ യൂണിയൻ കരുത്തിന്റെ ഈഗോ ഹർട്ടായാത്. ഇതോടെ നടുറോഡിൽ ബസ്‌നിർത്തിയിട്ട് പ്രതിഷേധിക്കുന്ന ധാഷ്ട്യത്തിലേക്ക് ഇത് വഴിമാറി. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയും ഒരു ജീവൻ കുരുതി കൊടുക്കുകയും ചെയ്തതോടെയാണ് ഈ മർക്കട മുഷ്ടി അവസാനിപ്പിക്കാൻ കെഎസ്ആർടിസി ജീവനക്കാർ തയ്യാറായത്. പൊരിയുന്ന വെയിലിൽ നിന്നു യാത്രക്കാർ വലഞ്ഞതും അടക്കം ഒരു ജീവൻ നഷ്ടമാകുകയും ചെയ്ത സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. മിന്നൽ പണിമുടക്കിൽ ലക്ഷങ്ങളുടെ നഷ്ടമാണ് കെഎസ്ആർടിസിക്ക് ഉണ്ടായത.

കെഎസ്ആർടിസി ജീവനക്കാരുടെ മിന്നൽ സമരത്തിനെതിരെയാണ് ആർടിഒയുടെ റിപ്പോർട്ടു നൽരകിയത്. വാഹനങ്ങൾ ഉപയോഗിച്ച് ഗതാഗതം തടസപ്പെടുത്തിയത് തെറ്റാണ്. ഗാരേജിൽ കിടന്ന ബസുകൾ പോലും റോഡിലിറക്കിയാണു ഗതാഗതം തടസ്സപ്പെടുത്തിയത്. സ്വകാര്യ ബസിന്റെ നിയമലംഘനം ചോദ്യം ചെയ്ത രീതിയും തെറ്റാണ്. ഗതാഗതം തടസ്സപ്പെടുത്തിയതിന് ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആർടിഒ റിപ്പോർട്ടിൽ സൂചിപ്പിച്ചു.

കെഎസ്ആർടിസി മിന്നൽ പണിമുടക്കിൽ ജീവനക്കാർക്കെതിരെ കർശന നടപടി വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനു നിർദ്ദേശം നൽകി. ബസുകൾ നിരത്തിൽ നിർത്തിയിട്ടതും ഗതാഗതം സ്തംഭിപ്പിച്ചതും തെറ്റാണ്. ഇത്തരം പ്രവണതകൾ അതീവ ഗൗരവത്തോടെ കാണണം. കലക്ടറുടെ റിപ്പോർട്ടിന്മേൽ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. കെഎസ്ആർടിസി - പൊലീസ് തർക്കത്തിൽ തിരുവനന്തപുരം കലക്ടർ അന്വേഷണം തുടങ്ങി. കെഎസ്ആർടിസി എംഡിയോടും പൊലീസ് കമ്മിഷണറോടും സംസാരിച്ചു. മിന്നൽ സമരങ്ങളോ പൊതുനിരത്തു കയ്യേറിയുള്ള സമരങ്ങളോ അനുവദിക്കില്ലെന്ന് കലക്ടർ പറഞ്ഞു. വ്യാഴാഴ്ച യൂണിയൻ പ്രതിനിധികളെ കണ്ടശേഷം മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകും.

സ്വകാര്യബസിന്റെ ക്രമക്കേട് തടഞ്ഞ ഡിടിഒ ഉൾപ്പെടെ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ചാണു കെഎസ്ആർടിസി ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയത്. കിഴക്കേകോട്ട, തമ്പാനൂർ, നെടുമങ്ങാട് ഡിപ്പോകളിലെ ജീവനക്കാർ പണിമുടക്കിയതോടെ സർവീസുകൾ നിലച്ചു. കിഴക്കേക്കോട്ടയിൽ റോഡിൽ കെഎസ്ആർടിസി ബസുകൾ നിരനിരയായി നിർത്തിയിട്ടതോടെ ഗതാഗതക്കുരുക്കിൽ നഗരം നിശ്ചലമായി. പൊലീസും കെഎസ്ആർടിസി ജീവനക്കാരും തമ്മിലുള്ള ചർച്ചകൾ ഫലംകാണാതെ വന്നതോടെ സമരം മണിക്കൂറുകൾ പിന്നിടുകയായിരുന്നു.

വൈകിട്ടു മൂന്നു മണിയോടെയാണു സർവീസ് പുനഃരാരംഭിച്ചത്. വൈകിട്ട് അഞ്ചോടെ ജീവനക്കാരെ ജാമ്യത്തിൽ വിട്ടയച്ചപ്പോഴേക്കും ആയിരങ്ങൾ വലയുകയും ഒരു യാത്രക്കാരന്റെ ജീവൻ പൊലിയുകയും ചെയ്തിരുന്നു. പൊലീസുകാരെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ചിട്ടില്ലെന്നു മോചിതനായ ഡിടിഒ സാം ലോപ്പസ് പറഞ്ഞു. രാവിലെ ചട്ടം ലംഘിച്ച സ്വകാര്യബസുകാരെ സഹായിക്കാനാണു പൊലീസ് ശ്രമിച്ചത്. സുരേന്ദ്രന്റെ മരണം ദൗർഭാഗ്യകരമാണ്. ബസ് നിരത്തിയിട്ടുള്ള സമരത്തോടു യോജിപ്പില്ലെന്നും സാം പറഞ്ഞു.

കെഎസ്ആർടിസി ജീവനക്കാരുടെ ധാഷ്ട്യത്തിന്റെ രക്തസാക്ഷിയായി സുരേന്ദ്രൻ

കെഎസ്ആർടിസി ജീവനക്കാരുടെ ധാഷ്ട്യത്തിൽ രക്തസാക്ഷിയായി മാറുകയായിരുന്നു കാച്ചാണി സ്വദേശി സുരേന്ദ്രൻ. തലസ്ഥാനത്തെ സ്തംഭിപ്പിച്ച കെഎസ്ആർടിസി മിന്നൽ പണിമുടക്കിനിടെ, ഗതാഗതക്കുരുക്കിൽപെട്ട യാത്രക്കാരൻ ചികിത്സ കിട്ടാതെ മരിക്കുകയായിരുന്നു. കിഴക്കേകോട്ട സ്റ്റാൻഡിൽ ദീർഘനേരം ബസ് കാത്തിരുന്ന കുമാരപുരം ചെന്നിലോട് പാറുവിള വീട്ടിൽ ടി.സുരേന്ദ്രനാണു (65) കുഴഞ്ഞുവീണു മരിച്ചത്. സമീപത്തുണ്ടായിരുന്ന ഒരു സ്ത്രീ പ്രഥമശുശ്രൂഷ നൽകാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഗവ. ജനറൽ ആശുപത്രിയിൽ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

വഴിനീളെ ബസുകൾ നിർത്തിയിട്ടുണ്ടായ 5 മണിക്കൂർ ഗതാഗതസ്തംഭനം പരിഹരിക്കാൻ പൊലീസും ഇടപെടാൻ സർക്കാരും സമരം പിൻവലിക്കാൻ കെഎസ്ആർടിസി ജീവനക്കാരുടെ സംഘടനകളും മടിച്ചുനിന്നു. എല്ലാവരുടെയും വാശിയുടെ ഇരയായി ഒരു യാത്രക്കാരന്റെ ജീവൻ പൊലിഞ്ഞതോടെയാണു സമരം പിൻവലിച്ചത്. പൊലീസുമായി സംഘർഷമുണ്ടാക്കിയെന്ന പേരിൽ 3 കെഎസ്ആർടിസി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു ജാമ്യമില്ലാ വകുപ്പുകൾ ചുമത്താനൊരുങ്ങിയെങ്കിലും, സംഘടനാ നേതാക്കളുടെയും കെഎസ്ആർടിസി മാനേജ്‌മെന്റിന്റെയും സമ്മർദത്തെ തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സ്വകാര്യ ബസിനെതിരെ നടപടിയെടുത്തിട്ടില്ല. കുമാരപുരം സ്വദേശിയായ സുരേന്ദ്രൻ ഇപ്പോൾ കാച്ചാണി ഇറയൻകോട്ടാണു താമസം.

കിഴക്കേകോട്ടയിൽ നിന്ന് ആറ്റുകാലിലേക്കു സ്വകാര്യ ബസ് ആളെ കയറ്റുന്നതു ജില്ലാ ട്രാൻസ്‌പോർട് ഓഫിസർ (ഡിടിഒ) ജേക്കബ് സാം ലോപ്പസ് തടഞ്ഞതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. തുടർന്ന് സ്വകാര്യ ജീവനക്കാർ പ്രതിഷേധിച്ചു. ഇതോടെ ഡിടിഒയുടെ എതിർപ്പ് കണക്കാക്കാതെ പൊലീസ് സ്വകാര്യ ബസ് വിട്ടയയ്ക്കുന്നു. പൊലീസും കെഎസ്ആർടിസി ജീവനക്കാരുമായി തർക്കം. സ്വകാര്യ ബസ് ജീവനക്കാരുടെ വാഗ്വാദം. തങ്ങളെ ആക്രമിക്കാൻ കെഎസ്ആർടിസി ഉദ്യോഗസ്ഥർ ശ്രമിച്ചതായി പൊലീസ്. ബലപ്രയോഗത്തിലൂടെ ഡിടിഒയെ ജീപ്പിൽ കയറ്റി പൊലീസ് കൊണ്ടുപോകുന്നു. കൺട്രോളിങ് ഇൻസ്‌പെക്ടർ ബി.രാജേന്ദ്രൻ, മറ്റൊരു ഉദ്യോഗസ്ഥൻ കെ. സുരേഷ്‌കുമാർ എന്നിവരും അറസ്റ്റിൽ. സംഘർഷത്തിൽ പരുക്കേറ്റ സ്റ്റേഷൻ മാസ്റ്റർ സി.എസ്. അനിൽ കുമാർ, ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ വി. ശിവകുമാർ എന്നിവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. തുടർന്നാണ മിന്നൽ പണിമുടക്ക് തുടങ്ങിയത്. ഇതോടെ ഗതാഗതം പൂർണായും സ്തംഭിക്കുന്ന അവസ്ഥവന്്‌നു.

മിന്നൽ പണിമുടക്കിനെതിരെ കടുത്ത ജനരോഷം ഉയർന്നതോടെ കർശന നടപടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനു നിർദ്ദേശം നൽകി. ബസുകൾ നിരത്തിൽ നിർത്തിയിട്ടതും ഗതാഗതം സ്തംഭിപ്പിച്ചതും ഗുരുതര കൃത്യവിലോപമായി കാണണം. കലക്ടറുടെ റിപ്പോർട്ടിൽ അതിവേഗം നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എല്ലാ സംഭവങ്ങളും അന്വേഷിക്കാൻ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി ശശീന്ദ്രൻ അറിയിച്ചു. പൊലീസിന്റെ ഭാഗത്തു വീഴ്ച ഉണ്ടോ എന്നും അന്വേഷിക്കും. പണിമുടക്കിനെക്കുറിച്ചു ട്രാൻസ്‌പോർട്ട് കമ്മിഷണറും അന്വേഷണത്തിന് ഉത്തരവിട്ടു.

പണിമുടക്കിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തു. കെഎസ്ആർടിസി മാനേജിങ് ഡയറക്ടറും സിറ്റി പൊലീസ് കമ്മിഷണറും മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടറും സിറ്റി പൊലീസ് കമ്മിഷണറും വിശദമായ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കേസ് 18-ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP