Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കത്തിയെരിയുന്ന കുംഭച്ചൂടിലേക്ക് പൊതുജനത്തിനെ ഇറക്കിവിട്ടത് സംഘശക്തി എന്ന ധാർഷ്ട്യം; നടുറോഡിൽ നിരത്തിയിട്ട ബസുകൾ തലസ്ഥാന നഗരത്തെ നിശ്ചലമാക്കിയപ്പോൾ നിസ്സഹായരായി നിന്നത് സ്ത്രീകളും പിഞ്ച് കുഞ്ഞുങ്ങളും വൃദ്ധരും അടങ്ങുന്ന യാത്രക്കാർ; പൊട്ടിക്കരഞ്ഞും പൊട്ടിത്തെറിച്ചും രോഷപ്രകടനം പൊലീസിനോടും; തിരുവനന്തപുരത്ത് കെഎസ്ആർടിസി ജീവനക്കാർ ഇന്ന് നടത്തി അവസാനിപ്പിച്ചത് മരണമണി മുഴങ്ങുന്ന പ്രസ്ഥാനത്തിന് കുഴിവെട്ടുന്ന പ്രകടനം

കത്തിയെരിയുന്ന കുംഭച്ചൂടിലേക്ക് പൊതുജനത്തിനെ ഇറക്കിവിട്ടത് സംഘശക്തി എന്ന ധാർഷ്ട്യം; നടുറോഡിൽ നിരത്തിയിട്ട ബസുകൾ തലസ്ഥാന നഗരത്തെ നിശ്ചലമാക്കിയപ്പോൾ നിസ്സഹായരായി നിന്നത് സ്ത്രീകളും പിഞ്ച് കുഞ്ഞുങ്ങളും വൃദ്ധരും അടങ്ങുന്ന യാത്രക്കാർ; പൊട്ടിക്കരഞ്ഞും പൊട്ടിത്തെറിച്ചും രോഷപ്രകടനം പൊലീസിനോടും; തിരുവനന്തപുരത്ത് കെഎസ്ആർടിസി ജീവനക്കാർ ഇന്ന് നടത്തി അവസാനിപ്പിച്ചത് മരണമണി മുഴങ്ങുന്ന പ്രസ്ഥാനത്തിന് കുഴിവെട്ടുന്ന പ്രകടനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാന നഗരം കഴിഞ്ഞ അഞ്ച് മണിക്കൂറോളം സാക്ഷ്യം വഹിച്ചത് സംഘടിത ശക്തിയുടെ ധാർഷ്ട്യത്തിനും ജനങ്ങളുടെ നിസ്സഹായതക്കും. പണിമുടക്കിന്റെ പേരിൽ നടുറോഡിൽ വാഹനങ്ങൾ ഉപേക്ഷിച്ച് കെഎസ്ആർടിസി ഡ്രൈവർമാരും കണ്ടക്ടർമാരും പോയതോടെ കുംഭച്ചൂടിൽ ഉരുകിയൊലിച്ച് നാട്ടുകാർ നിസ്സഹായരായി. ഒരു ചെറു കാറിന് പോലും പോകാൻ ഇടമില്ലാത്ത രീതിയിൽ ബസുകൾ തിരുവനന്തപുരം നഗരത്തിലെ റോഡുകളിൽ നിറഞ്ഞ് കിടന്നോടെ ആശുപത്രിയിൽ പോകാനുള്ളവർ പോലും നിസ്സഹായതയോടെ കണ്ണീർ വാർത്ത് വേനൽച്ചൂടിൽ നിന്നു. ഇതിനിടയിൽ കിഴക്കേകോട്ടയിൽ ഒരാൾ കുഴഞ്ഞ് വീണു. ഗുരുതരാവസ്ഥയിലായ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാത്തുനിൽപ്പ് കൂടിയതോടെ പലരും പ്രതികരിച്ച് തുടങ്ങി. എന്നാൽ നടുറോഡിൽ നിൽക്കുന്ന ട്രാഫിക് പൊലീസുകാർക്ക് പോലും എന്താണ് ചെയ്യേണ്ടതെന്ന നിശ്ചയമില്ലായിരുന്നു. എറ്റിഒ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിൽ എടുത്തതിനെതിരെയാണ് കെഎസ്ആർടിസി ജീവനക്കാരുടെ പ്രതിഷേധം ഉണ്ടായത്. കാര്യങ്ങൾ കൈവിട്ട് പോയതോടെ നിയമം മറക്കാൻ പൊലീസും തയ്യാറായി. അറസ്റ്റ് ചെയ്ത എടിഒയെ സ്‌റ്റേഷൻ ജാമ്യത്തിൽ വിടാൻ പൊലീസ് തയ്യാറായതോടെയാണ് കെഎസ്ആർടിസി ജീവനക്കാർ സമരം അവസാനിപ്പിച്ച് ബസിൽ കയറാൻ തയ്യാറായത്.

അറസ്റ്റ് ചെയ്ത ജീവനക്കാരെ സ്റ്റേഷൻ ജാമ്യത്തിൽ വിടും എന്ന ഉറപ്പ് ലഭിച്ചതോടെയാണ് സമരം പിൻവലിക്കാൻ യൂണിയൻ നേതാക്കൾ തീരുമാനിച്ചത്. നഗര, ദീർഘദൂര സർവീസുകൾ നിർത്തിവെച്ചതോടെ അഞ്ച് മണിക്കൂറോളമാണ് തലസ്ഥാന നഗരം നിശ്ചലമായത്. സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് ജീവനക്കാർ അറിയിച്ചു. എന്നാൽ, സമരത്തിനെതിരെ തെരുവിലിറങ്ങിയ നാട്ടുകാർ റോഡ് ഉപരോധിക്കുകയാണ്.

രോഗികളടക്കമുള്ള നൂറുകണക്കിനാളുകളാണ് അപ്രതീക്ഷിതമായ മിന്നൽ പണിമുടക്കിനെ തുടർന്ന് നടുറോഡിൽ കുടുങ്ങിയത്. അക്ഷമരായ യാത്രക്കാർ തമ്പാനൂരിൽ റോഡ് ഉപരോധിച്ചു. കിഴക്കേക്കോട്ട ഡിപ്പോക്ക് സമീപത്തെ റോഡിൽ യാത്രക്കാരും കുത്തിയിരുന്ന് പ്രതിഷേധിച്ചു. മറ്റ് വാഹനങ്ങളും യാത്രക്കാർ തടഞ്ഞു. കെഎസ്ആർടിസി സമരം പിൻവലിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. കെഎസ്ആർടിസി ബസുകൾ ആദ്യം സർവീസ് നടത്തിയിട്ട് മറ്റ് വാഹനങ്ങൾ പോയാൽ മതി എന്ന നിലപാടിലാണ് യാത്രക്കാർ. പ്രതിഷേധിക്കുന്ന യാത്രക്കാരെ അനുനയിപ്പിച്ച് ഗതാഗത കുരുക്ക് നീക്കാൻ പൊലീസുകാർ ശ്രമിക്കുന്നുണ്ട്.

സ്വകാര്യ ബസ് റൂട്ട് മാറി ഓടിയത് ചോദ്യം ചെയ്ത സിറ്റി ഡിടിഒയെ അകാരണമായി പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് ആരോപിച്ചാണ് സർവീസുകൾ ജീവനക്കാർ നിർത്തിവച്ചത്. ആറ്റുകാൽ ക്ഷേത്രത്തിലേക്ക് സൗജന്യമായി സമാന്തര സർവ്വീസ് നടത്തിയ സ്വകാര്യ ബസ് കെഎസ്ആർടിസി എടിഒ തടഞ്ഞു. സ്വകാര്യ ബസ്സിലെ ഭിന്നശേഷിക്കാരനായ ജീവനക്കാരെ എടിഒ മർദ്ദിച്ചതായും പരാതിയുണ്ട്. ഈ സംഭവത്തിൽ എടിഒയെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് സമരം തുടങ്ങിയത്. എറ്റിഒ സാം ലോപ്പസ്, ഡ്രൈവർ സുരേഷ്, ഇൻസ്‌പെക്ടർ രാജേന്ദ്രൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആദ്യം സിറ്റി സർവ്വീസുകളാണ് നിർത്തിവെച്ചതെങ്കിലും പിന്നീട് തമ്പാനൂരിൽ നിന്നുള്ള ദീർഘദൂര സർവ്വീസുകളും ജീവനക്കാർ നിർത്തിവെച്ചു. യാത്രക്കാർ പലരും ബസിൽ കയറിയെങ്കിലും ബസ്സെടുക്കാൻ ജീവനക്കാർ തയ്യാറാകുന്നില്ല. ഫോർട്ട് പൊലീസ് സ്റ്റേഷനിൽ മുന്നിൽ കെഎസ്ആർടിസി ജീവനക്കാർ പ്രതിഷേധിക്കുകയാണ്. കിഴക്കേക്കോട്ടയിൽ നിന്ന് ആറ്റുകാലിലേക്ക് സ്വകാര്യ ബസുകൾ അനധികൃതമായി സർവീസ് നടത്തുന്നുവെന്നാണ് കെഎസ്ആർടിസി ജീവനക്കാർ ആരോപിക്കുന്നത്. ഒപ്പം സിറ്റി ഡിപ്പോയിലെ സർവീസുകളെല്ലാം നിർത്തിവെച്ചു. കിഴക്കേകോട്ടയിൽ ബസുകൾ നിർത്തി ഇട്ടാണ് ജീവനക്കാർ ഫോർട്സ്റ്റേഷൻ ഉപരോധിച്ചത്.

സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കെഎസ്ആർടിസി ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്ക് നഗര ജീവിതം നിശ്ചലമാക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി എംഡിക്കും സിറ്റി പൊലീസ് കമ്മീഷണർക്കും നിർദ്ദേശം നൽകി.

മരണ മണി മുഴങ്ങുന്ന കെഎസ്ആർടിസിയുടെ കുഴിവെട്ടിയ സമരം

മരണ മണിയും മുഴക്കിയാണ് നിലവിൽ കെഎസ്ആർടിസി ഓടുന്നത്. വരവിൽ കൂടുതൽ ചെലവ് എന്നതാണ് കെഎസ്ആർടിസി നേരിടുന്ന വെല്ലുവിളി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പലപ്പോഴും ശമ്പളവും പെൻഷനും പോലും സർക്കാർ നൽകുന്ന പണം കൊണ്ടാണ് നൽകുന്നത്. സ്വകാര്യ ബസുകളിൽ ഒരു ബസിന് നാല് ജീവനക്കാർ എന്ന നിലയിൽ ഓടുമ്പോൾ കെഎസ്ആർടിസിയിൽ ഒന്നിന് പതിനൊന്ന് എന്നതാണ് സ്റ്റാഫ് പാറ്റേൺ. കെഎസ്ആർടിസിയെ രക്ഷിക്കണം എന്നാഗ്രഹിക്കുകയും നിലനിർത്താൻ പരിശ്രമിക്കുകയും കാത്തുനിന്ന് കെഎസ്ആർടിസിയിൽ കയറുകയും ചെയ്യുന്നവരെയാണ് ഇന്ന് ജീവനക്കാർ കത്തിയെരിയുന്ന പൊരിവെയിലിലേക്ക് ഇറക്കിവിട്ടത്.

ജനാധിപത്യ മൂല്യങ്ങളെ വെല്ലുവിളിച്ച സമരം

ജനാധിപത്യ സമൂഹത്തിൽ സമരത്തിനും പ്രതിഷേധത്തിനും പണിമുടക്കിനും ഉൾപ്പെടെ അവകാശം ഉണ്ടെങ്കിലും ഇന്ന് കെഎസ്ആർടിസി ജീവനക്കാർ നടത്തിയത് കാടത്തം എന്ന പദം മാത്രമാകും യോജിക്കുക. പണിമുടക്കി എന്ന് മാത്രമല്ല, നടുറോഡിൽ വാഹനങ്ങൾ നിരത്തി ഇട്ടതോടെ ഒരു സൈക്കിളിന് പോലും നഗരത്തിലൂടെ പോകാൻ കഴിയാത്ത സാഹചര്യം സംജാതമായി. മുൻകൂട്ടി അറിയിച്ച് നടത്തുന്ന സമരങ്ങളും പ്രകടനങ്ങളും പണിമുടക്കുകളും മൂലം നഗരം നിശ്ചലമാകാറുണ്ടെങ്കിലും ജനം പെരുവഴിയിൽ, കത്തുന്ന പൊരിവെയിലിൽ- സ്ത്രീകളും പിഞ്ച് കുഞ്ഞുങ്ങളും പരസഹായമില്ലാതെ നടക്കാനാകാത്ത വൃദ്ധരുമടക്കം - പെട്ടുപോയത് കെഎസ്ആർടിസി ജീവനക്കാരുടെ ധാർഷ്ട്യം കാരണമായിരുന്നു.

സമരചരിത്രങ്ങളുടെ മഹിമ കെടുത്തിയ സമരം

തീക്ഷ്ണമായ സമരങ്ങളിലൂടെയായിരുന്നു കെഎസ്ആർസിയിലെ ജീവനക്കാർ പല ആനുകൂല്യങ്ങളും നേടിയെടുത്തത്. 1936ൽ ശ്രീമൂലം പ്രജാസഭയിൽ പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ പയനിയർ മുതലാളിയിൽ നിന്നും പിടിച്ചെടുത്ത 13 ബസുകളിലൂടെയാണ് കെഎസ്ആർടിസിയുടെ ചരിത്രം ആരംഭിക്കുന്നത്. 1938ൽ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ടിന്റെ ആദ്യ സർവ്വീസ് രാജകുടുംബാംഗങ്ങളുമായി കവടിയാർ കൊട്ടാരമുറ്റത്തുനിന്നും ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക്. ബ്രിട്ടനിൽ നിന്നുമെത്തിയ ബാൾട്ടർ സായിപ്പായിരുന്നു ആദ്യ എംഡി.

തൊഴിലാളികൾ അതിക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയ കാലമായിരുന്നു അത്. ചെറിയ പിഴവുകൾക്കോ വൈകലുകൾക്കോ പോലും ക്രൂരപീഡനങ്ങൾ തൊഴിലാളികൾ ഏറ്റുവാങ്ങി. അങ്ങനെയാണ് തിരുവനന്തപുരത്തിന്റെ സ്വന്തം ആശാൻ കെ വി സുരേന്ദ്രനാഥ് മുൻകൈയെടുത്ത് നോൺ പെൻഷനബിൾ ട്രാൻസ്പോർട്ട് യൂണിയന് രൂപം കൊടുക്കുന്നത്. മുത്തുകറുപ്പ പിള്ളയായിരുന്നു ആദ്യ പ്രസിഡന്റ്. അത്യുജ്ജ്വലങ്ങളായ പോരാട്ടങ്ങൾക്കാണ് പിന്നീട് നാട് സാക്ഷ്യം വഹിച്ചത്. എൻ സി ശേഖറും പട്ടം താണുപിള്ളയും പിന്നീട് സംഘടനയുടെ സാരഥികളായി. പിന്നീട് തിരുവിതാംകൂർ പ്രധാനമന്ത്രിയായ പട്ടം യൂണിയന്റെ സമരങ്ങളെ അടിച്ചമർത്തുവാൻ ശ്രമിച്ചതും ചരിത്രമാണ്.

1952 ൽ ടി വി തോമസ് യൂണിയന്റെ പ്രസിഡന്റും കെ വി സുരേന്ദ്രനാഥ് ജനറൽ സെക്രട്ടറിയുമാകുന്നതോടെ സംഘടനയുടെ സമരവീര്യം പതിന്മടങ്ങ് വർദ്ധിച്ചു. 1954 ൽ കേരള ചരിത്രത്തിൽ രക്തശോഭയോടെ തെളിഞ്ഞു നിൽക്കുന്ന ട്രാൻസ്പോർട്ട് സമരത്തിന് നാട് സാക്ഷ്യം വഹിച്ചു. പെൻഷൻ, ബോണസ്, ഗ്രാറ്റുവിറ്റി എന്നിവ ആവശ്യപ്പെട്ട് തൊഴിലാളികൾ ആരംഭിച്ച സമരം കമ്മ്യുണിസ്റ്റ് പാർട്ടി ഏറ്റെടുത്തു. വെളിയം ഭാർഗ്ഗവൻ, ഇ പത്മനാഭൻ, അനിരുദ്ധൻ, ഫക്കീർഖാൻ തുടങ്ങി അനവധി നേതാക്കൾ അറസ്റ്റിലായി. അന്നത്തെ പാർട്ടിയുടെ യുവനേതാവായിരുന്ന വെളിയം ഭാർഗ്ഗവന്റെ ഒരു വശത്തെ മീശ കൊടിൽ ഉപയോഗിച്ച് പിഴുത് മാറ്റിയാണ് അന്ന് പൊലീസുകാർ രസിച്ചത്. സമരത്തിൽ പങ്കെടുത്തിന് തൊഴിലാളികളായ സത്യരാജപണിക്കരെയും പി കെ രാമനെയും ജോലിയിൽ നിന്നും പിരിച്ചുവിട്ടു. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി 1957ൽ അധികാരത്തിലെത്തിയപ്പോഴാണ് അവരെ തിരിച്ചെടുത്തത്. 1962ൽ യൂണിയൻ സംസ്ഥാന സെക്രട്ടറിയായിരിക്കെ കുമാരപിള്ള കമ്മീഷന് മുന്നിൽ തൊഴിലാളികളുടെ ആവശ്യങ്ങൾ അവതരിപ്പിക്കവെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു പി കെ രാമൻ.

അതിനു ശേഷവും ത്യാഗ നിർഭരമായ പോരാട്ടങ്ങളിലൂടെയും കമ്മ്യുണിസ്റ്റു പാർട്ടി അധികാരത്തിലെത്തുമ്പോൾ അനുവദിച്ചു നൽകിയ ആനുകൂല്യത്തിലൂടെയുമാണ് ട്രാൻസ്പോർട്ട് ജീവനക്കാർക്കും സമൂഹത്തിൽ മാന്യമായി ജീവിക്കുവാനുള്ള അവസ്ഥയുണ്ടായത്. സംസ്ഥാനത്തിന്റെ നട്ടെല്ലായ പൊതുഗതാഗത സംവിധാനമാണ് കെ എസ് ആർടിസി. സാധാരണക്കാരായ നിരവധി പേർ ആശ്രയിക്കുന്ന കെഎസ്ആർടിസിയെ നിലനിർത്തണമെന്ന് പൊതുസമൂഹം ഒന്നടങ്കം ആഗ്രഹിക്കുമ്പോഴാണ് സംഘടിത ശക്തിയുടെ അഹന്തയിൽ പൊതുജനത്തിനെ പെരുവഴിയിൽ ഇറക്കിവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP