Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാർ ഇവാനിയസ് കോളേജിൽ നിന്ന് ട്രാവൽ ആൻഡ് ടൂറിസം വിദ്യാർത്ഥികൾ സ്റ്റഡി ടൂറിന് പോയതുകൊറോണ പടർന്ന് പിടിക്കുന്ന ബാങ്കോക്കിൽ! തിരുവനന്തപുരത്ത് നിന്നുള്ള പിജി വിദ്യാർത്ഥികളെ തായ് ലണ്ടിൽ നിന്ന് തിരിച്ചെത്തിക്കാൻ കഴിയുമോ എന്ന ആശങ്ക സജീവമാക്കി കോവിഡ് 19; 50 അംഗ സംഘത്തിന്റെ യാത്രാക്കഥ കേട്ട് ഞെട്ടി ആരോഗ്യ വകുപ്പ്; തിരിച്ചെത്തിയാലും എല്ലാവരേയും 'ഐസുലേഷനിൽ' ആക്കും

മാർ ഇവാനിയസ് കോളേജിൽ നിന്ന് ട്രാവൽ ആൻഡ് ടൂറിസം വിദ്യാർത്ഥികൾ സ്റ്റഡി ടൂറിന് പോയതുകൊറോണ പടർന്ന് പിടിക്കുന്ന ബാങ്കോക്കിൽ! തിരുവനന്തപുരത്ത് നിന്നുള്ള പിജി വിദ്യാർത്ഥികളെ തായ് ലണ്ടിൽ നിന്ന് തിരിച്ചെത്തിക്കാൻ കഴിയുമോ എന്ന ആശങ്ക സജീവമാക്കി കോവിഡ് 19; 50 അംഗ സംഘത്തിന്റെ യാത്രാക്കഥ കേട്ട് ഞെട്ടി ആരോഗ്യ വകുപ്പ്; തിരിച്ചെത്തിയാലും എല്ലാവരേയും 'ഐസുലേഷനിൽ' ആക്കും

എം മനോജ് കുമാർ

തിരുവനന്തപുരം: കൊറോണ വൈറസ് ബാധിതമായ ബാങ്കോക്കിലേക്ക് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ വിദ്യാർത്ഥി സംഘം സ്റ്റഡി ടൂറിനു പോയത് വിവാദമാകുന്നു. രണ്ടു ദിവസം മുൻപാണ് വിദ്യാർത്ഥി സംഘം ബാങ്കോക്കിന് തിരിച്ചത്. ഇവർ നിലവിൽ ബാങ്കോക്കിലാണ്. ബാങ്കോക്ക് ഉൾപ്പെടുന്ന തായ് ലണ്ട് കൊറോണ ബാധിത രാജ്യമാണ്.

കൊറോണ ബാധിത രാജ്യങ്ങളിൽ സന്ദർശനം നടത്തരുതെന്ന് നിർദ്ദേശമുള്ളപ്പോൾ തന്നെയാണ് മാർ ഇവാനിയോസ് കോളേജിലെ വിദ്യാർത്ഥി സംഘം ബാങ്കോക്കിലേക്ക് തിരിച്ചത്. ട്രാവൽ ആൻഡ് ടൂറിസം ബാച്ചിലെ പിജി വിദ്യാർത്ഥികളാണ് ബാങ്കോക്കിൽ പോയത്. ഇനിയും രണ്ടു ദിവസം കഴിഞ്ഞു മാത്രമേ ഇവർ തിരികെ എത്തുകയുള്ളൂ. ലോകത്തു പടർന്നു പിടിക്കുന്ന കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരിക്കെ തന്നെയാണ് കേരളത്തിലെ വിദ്യാർത്ഥി സംഘം ബാങ്കോക്കിലേക്ക് തിരിച്ചിരിക്കുന്നത്. കേരള വിദ്യാർത്ഥി സംഘത്തിന്റെ ബാങ്കോക്ക് യാത്ര ആരോഗ്യവകുപ്പ് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് അധികൃതർ സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ വിദ്യാർത്ഥികൾ തിരിച്ചെത്തിയാലും വീട്ടിലേക്ക് പോകാൻ അനുവദിക്കില്ല. വൈറസ് ബാധയില്ലെന്ന് ഉറപ്പിച്ച ശേഷമേ വീട്ടിലേക്ക് അയയ്ക്കൂ.

വിദ്യാർത്ഥി സംഘത്തിനു തിരികെ എത്താൻ കഴിയുമോ എന്ന സംശയവും ഇപ്പോൾ ഉയർന്നു വന്നിട്ടുണ്ട്. കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നുള്ള ഫ്‌ളൈറ്റുകൾ ഇപ്പോൾ കൂട്ടത്തോടെ റദ്ദ് ചെയ്യപ്പെടുകയാണ്. ഡൽഹി , ബാങ്കോക്ക്, സിങ്കപ്പുർ റൂട്ടിൽ ഉൾപ്പെടെ 54 രാജ്യാന്തര റൂട്ടുകളിലെ ഫ്‌ളൈറ്റുകൾ വിസ്താര റദ്ദാക്കിയിട്ടുണ്ട്. മുംബൈ-സിങ്കപ്പുർ ഫ്‌ളൈറ്റുകളും, ഡൽഹി-സിങ്കപ്പുർ ഫ്‌ളൈറ്റുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. വിദ്യാർത്ഥി സംഘമുള്ള ബാങ്കോക്കിലെ ഫ്‌ളൈറ്റാണ് വിസ്താര റദ്ദ് ചെയ്തിരിക്കുന്നത്. നിരവധി രാജ്യങ്ങൾ രാജ്യാന്തര യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തന്നെയാണ് ഫ്‌ളൈറ്റുകൾ റദ്ദ് ചെയ്യപ്പെടുന്നതും.

കൊറോണ ഭീതി കാരണം കേരളവും അതി ജാഗ്രതയിലാണ്. മൂന്നു പേർക്ക് കേരളത്തിൽ വൈറസ് ബാധ ഉണ്ടായി. ഇവർക്കൊപ്പം ചൈനയിൽ നിന്നു വന്ന 79 പേർക്കു കൂടി രോഗം ഉണ്ടായേക്കാം എന്നാണ് ആരോഗ്യമന്ത്രി പറഞ്ഞിരിക്കുന്നത്. ആരോഗ്യമന്ത്രിയുടെ വാക്കുകളിൽ പ്രതിഫലിക്കുന്നത് ഈ കാര്യത്തിലുള്ള ആശങ്ക തന്നെയാണ്. ഈ ആശങ്ക സംസ്ഥാനത്ത് പടരുമ്പോൾ തന്നെയാണ് വിദ്യാർത്ഥി സംഘത്തിന്റെ ബാങ്കോക്ക് യാത്രയും വന്നിരിക്കുന്നത്.  

വിദ്യാർത്ഥി സംഘം ബാങ്കോക്കിൽ ആണുള്ളത് എന്ന് മാർ ഇവാനിയോസ് പ്രിൻസിപ്പാൾ ജോർജ് മറുനാടൻ മലയാളിയോട് സമ്മതിച്ചു. രണ്ടു ദിവസം മുൻപാണ് സംഘം ബാങ്കോക്കിന് തിരിച്ചത്. നിലവിൽ ഇവർ ബാങ്കോക്കിലാണ് ഉള്ളത്. രണ്ടു ദിവസം കഴിഞ്ഞാൽ ഇവർ തിരികെ എത്തും-പ്രിൻസിപ്പാൾ പറഞ്ഞു. കൊറോണ ബാധയുടെ കാര്യം പറഞ്ഞപ്പോൾ, ബാങ്കോക്ക് ഉൾപ്പെടുന്ന തായ്‌ലണ്ട് കൊറോണ ബാധിത രാജ്യമാണെന്ന് പറഞ്ഞപ്പോൾ ആ രണ്ടാം സ്റ്റെപ്പിലേക്ക് നിങ്ങൾ പോകരുത് എന്നാണ് പ്രിൻസിപ്പാൾ മറുപടി പറഞ്ഞത്. കേരളത്തിലെ വിദ്യാർത്ഥി സംഘത്തിന്റെ ബാങ്കോക്ക് യാത്ര ആരോഗ്യവകുപ്പ് അധികൃതരെയും ഞെട്ടിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞില്ല. ഈ കാര്യം അന്വേഷിക്കും എന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോക്ടർ സരിത ആർ.എൽ. മറുനാടനോട് പറഞ്ഞത്.

സംഭവത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ അന്വേഷണം തുടങ്ങിയിട്ടുണ്ട്. തായ്‌ലണ്ട് കൊറോണ ബാധിത രാജ്യമാണ്. അവിടെ കുട്ടികൾ എങ്ങിനെ എത്തുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ മറുനാടനോട് ചോദിച്ചത്. കൊറോണ ബാധിത രാജ്യങ്ങളിലേക്ക് വിസയില്ല. പിന്നെങ്ങിനെ ബാങ്കോക്കിലേക്ക് വിദ്യാർത്ഥി സംഘം എത്തും? ഈ യാത്ര ആരോഗ്യവകുപ്പ് അന്വേഷിക്കും. ഇപ്പോൾ തന്നെ വിജിലൻസ് വിംഗിന് ഈ വിവരം കൈമാറും. ആരൊക്കെ എപ്പോൾ പോയെന്നും എങ്ങിനെ ഇവർക്ക് വിസ ലഭിച്ചു എന്നൊക്കെ അന്വേഷിക്കും. യാത്രയ്ക്ക് അനുവാദം നൽകിയതിനെക്കുറിച്ചും അന്വേഷണം വരും. വിദ്യാർത്ഥി സംഘം എയർപോർട്ടിൽ എത്തിയാൽ തന്നെ അവരെ പരിശോധനയ്ക്ക് വിധേയമാക്കും. ഇവരെ ക്വാറന്റെനു വിധേയമാക്കുകയും ചെയ്യും. വിദ്യാർത്ഥി സംഘം എത്തിയാൽ ആദ്യ പരിശോധനകൾ എയർപോർട്ടിൽ വച്ചു തന്നെ നടത്തും. ഏതെങ്കിലും രീതിയിലുള്ള ഇൻഫെക്ഷൻ ഇവർക്ക് ബാധിച്ചോ എന്ന് പരിശോധിക്കും. ഇവർ വീട്ടിൽ എത്തിയാൽ ഞങ്ങൾ പറയുന്ന സമയം വരെ വീടിനകത്തെ മുറിയിൽ നിന്നും പുറത്തിറങ്ങരൂത് എന്ന നിർദ്ദേശം നൽകും. ഇവർക്ക് കൊറോണ ബാധിത ലക്ഷണങ്ങൾ കണ്ടാൽ ഐസൊലെഷനു വിധേയമാക്കും-ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.

കൊറോണ ഭീതി പടർന്നതിനെ തുടർന്ന് കേരളത്തിൽ അതിജാഗ്രതയാണ്. അതിന്റെ ഭാഗമായി തന്നെയാണ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപനവും നടത്തിയത്. 14 ജില്ലകളിലും ജാഗ്രതാ സമിതി രൂപീകരിച്ചിട്ടുണ്ട്. നടപടികൾ പേടിപ്പിക്കാനല്ല, കരുതലാണെന്നാണ് ആരോഗ്യമന്ത്രി പ്രതികരിച്ചത്. ചൈനയിലെ വുഹാനിൽനിന്നു തിരിച്ചെത്തിയ ഒരു വിദ്യാർത്ഥിക്കുകൂടി തിങ്കളാഴ്ച നോവൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്തെയും രാജ്യത്തെയും മൂന്നാമത്തെ കൊറോണ ബാധ കേസാണ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർത്ഥിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും ആരോഗ്യനിലയിൽ ആശങ്കയ്ക്കു വകയില്ല. ഈ വിദ്യാർത്ഥിയുമായി ബന്ധപ്പെട്ട അഞ്ച് പേരും നിരീക്ഷണത്തിലാണ്. തൃശൂർ, ആലപ്പുഴ ജില്ലകളിലാണ് നേരത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്നു പേരും സഹപാഠികൾ ആണെന്നാണു വിവരം. ഇവർ ഒരുമിച്ചാണ് ചൈനയിൽനിന്നു തിരിച്ചത്.

രോഗം ബാധിച്ചയുടൻ ജീവൻ അപകടത്തിലാകുന്ന വിധം മാരകമല്ല കൊറോണ വൈറസ്. നന്നായി വിശ്രമിച്ച് ഐസലേഷൻ നിരീക്ഷണം കഴിഞ്ഞാൽ ആരോഗ്യം വീണ്ടെടുക്കാം; മറ്റുള്ളവർക്കു പകരുന്നത് തടയുകയും ചെയ്യാം. കൊറോണവൈറസ് ബാധയിൽനിന്നു നമ്മുടെ നാടിന്റെ രക്ഷാകവചം ആരോഗ്യവകുപ്പിന്റെ ജാഗ്രതയാണെന്നാണ് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. . രോഗബാധിത പ്രദേശങ്ങളിൽ നിന്നു വന്നവരെ കണ്ടെത്താൻ വിമാനത്താവളങ്ങളിലും മറ്റും മികച്ച സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം ചൈനയിൽ നിന്നു യാത്ര ചെയ്യുന്നവർക്കുള്ള ഓൺ ലൈൻ വീസ (ഇ വീസ) സേവനം ഇന്ത്യ നിർത്തിവച്ചു. ചൈനീസ് പാസ്‌പോർട്ടുള്ള പൗരന്മാർക്കും അവിടെ താമസിക്കുന്ന വിദേശികൾക്കും തൽക്കാലത്തേക്ക് ഇ വീസ അനുവദിക്കില്ല. മുൻപ് അനുവദിച്ച ഇ വീസകൾക്കും സാധുതയുണ്ടാവില്ല. കൊറോണ വൈറസ് ബാധിച്ചു ചൈനയിൽ മരിച്ചവരുടെ എണ്ണം 300 പിന്നിട്ടു.

13 വരെ ചൈനയിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രോഗം പൊട്ടിപ്പുറപ്പെട്ട ഹ്യുബെ പ്രവിശ്യ ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. കൊറോണ ഭീതി മൂലം ടോക്യോ ഒളിമ്പിക്സ് മാറ്റിവച്ചേക്കാൻ സാധ്യതയെന്ന് വാർത്തയാണ് ഇപ്പോൾ ജപ്പാനിൽ നിന്നും വരുന്നത്. ജപ്പാൻ ഒളിമ്പിക്‌സ് മന്ത്രി സീക്കോ ഹാഷിമോട്ടോയുടെ വാക്കുകൾ തന്നെയാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. ഒളിമ്പിക്സിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് വൈറസ് ഭീതി ഉടലെടുക്കുന്നത്. ഇതെല്ലാം തന്നെ കൊറോണ ഭീതി ലോകത്തെ എങ്ങനെയൊക്കെ ബാധിച്ചു എന്നതിന്റെ തെളിവുകളായി നിലനിൽക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP