Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിഴിഞ്ഞത്തിന് താൽപ്പര്യവുമായി മോദിയുടെ സുഹൃത്ത്; തുറമുഖ നിർമ്മാണത്തിന് ടെൻഡർ നൽകിയത് അദാനി മാത്രം; ആവശ്യപ്പെടുന്നത് 1625 കോടിയുടെ ഗ്രാന്റ്; കേരളത്തിന്റെ സ്വപ്‌ന പദ്ധതിയക്ക് വീണ്ടും ജീവൻ

വിഴിഞ്ഞത്തിന് താൽപ്പര്യവുമായി മോദിയുടെ സുഹൃത്ത്; തുറമുഖ നിർമ്മാണത്തിന് ടെൻഡർ നൽകിയത് അദാനി മാത്രം; ആവശ്യപ്പെടുന്നത് 1625 കോടിയുടെ ഗ്രാന്റ്; കേരളത്തിന്റെ സ്വപ്‌ന പദ്ധതിയക്ക് വീണ്ടും ജീവൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ടെൻഡർ നിർദ്ദേശങ്ങളുമായി ഒരു കമ്പനി മാത്രം. അദാനി പോർട്‌സ് ലിമിറ്റഡ് ആണ് ടെൻഡർ സമർപിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായ ഇന്ത്യൻ ബഹുരാഷ്ട കമ്പനിയാണ് അദാനി. ടെൻഡർ സമർപ്പണത്തിനുള്ള സമയം 5.30 ന് സമാപിച്ചു. ടെൻഡർ ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേഡ് സമിതി പരിഗണിക്കും.

7525 കോടി രൂപയുടെ ടെണ്ടറാണ് അദാനി ഗ്രൂപ്പ് സമർപ്പിച്ചത്. മൊത്തം തുകയിൽ 4089 കോടി രൂപ അദാനി ഗ്രൂപ്പ് മുടക്കും. 1635 കോടി രൂപ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ചേർന്ന് നൽകണം. ഇന്നായിരുന്നു ടെൻഡർ നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന ദിവസം. ഒറ്റ കമ്പനിമാത്രമാണ് ടെൻഡർ സമർപ്പിച്ചത്. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കമ്പനിയാണ് അദാനി ഗ്രൂപ്പ്. അവസാന മണിക്കൂറിലായിരുന്നു ടെൻഡർ നൽകൽ. നേരത്തേ ടെൻഡർ സമർപ്പിക്കാനുള്ള അവസാന ദിവസമായിട്ടും ആരും സമീപിക്കാതിരുന്നതിനേത്തുടർന്ന് സമയം നീട്ടി നൽകുകയായിരുന്നു.

അദാനി ഗ്രൂപ്പ് സമർപ്പിച്ച ടെണ്ടർ ചീഫ് സെക്രട്ടറി അധ്യക്ഷനും തുറമുഖ വകുപ്പ് സെക്രട്ടറി, വിഴിഞ്ഞം പോർട്ട്‌സ് ലിമിറ്റഡ് സിഇഒ എന്നിവർ അംഗങ്ങളുമായ എംപവേർഡ് സമിതി പരിഗണിച്ച് തുടർ നടപടികൾ തീരുമാനിക്കും. ഒരു ടെണ്ടർ മാത്രമുള്ള സ്ഥിതിക്ക് റീ ടെണ്ടർ ക്ഷണിക്കണോ അതോ അദാനി ഗ്രൂപ്പിനെ തന്നെ നിർമ്മാണ ചുമതല ഏൽപ്പിക്കണോ എന്നീ കാര്യങ്ങളിലും സമിതിയാണ് തീരുമാനിക്കുക. തുടർന്ന് സംസ്ഥാന സർക്കാർ അന്തിമ തീരുമാനമെടുക്കും. അദാനിയെ കൂടാതെ ഗാമൺ ഇന്ത്യ, എസാർ പോർട്‌സ്, എസ്.ആർ.ഇ.ഐ ഫഒ.എച്ച്.എൽ കൺസോർഷ്യം, ഹുണ്ടായി കൺസോർഷ്യം എന്നീ കമ്പനികളാണ് വിഴിഞ്ഞം പദ്ധതിയുടെ നിർമ്മാണവും നടത്തിപ്പും ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് ടെണ്ടർ രേഖകൾ വാങ്ങിയിരുന്നത്. ഇതിനിടെ അദാനി കമ്പനി നാലു കോടി രൂപ മുടക്കി വിഴിഞ്ഞത്ത് സാങ്കേതിക പഠനം നടത്തിയിരുന്നു.

1635 കോടിയുടെ ഗ്രാന്റാണ് തുറമുഖ നിർമ്മാണത്തിന് അദാനി ആവശ്യപ്പെടുന്നത്. മൊത്തം പദ്ധതി തുകയുടെ നാൽപ്പത് ശതമാനമാണ് ഇത്. ഒറ്റ ടെൻഡറുള്ളതിനാൽ കൂടുതൽ ചർച്ചകൾക്കും ശ്രമിക്കും. അതിന് ശേഷമാകും കരാർ ഉറപ്പിക്കുക. അതോടെ തുറമുഖ നിർമ്മാണവും തുടങ്ങും. മൊത്തം 7525 കോടി രൂപയാണ് ആദ്യ ഘട്ട നിർമ്മാണത്തിനുള്ള പദ്ധതി ചെലവ്. ഇതിൽ 818 കോടി രൂപ വയബലിറ്റി ഫണ്ടായി കേന്ദ്ര സർക്കാർ നൽകും. ഇത് പതിനഞ്ച് വർഷത്തിന് ശേഷം തിരിച്ചു നൽകണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്താണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഗുജറാത്ത് കേന്ദ്രീകരിച്ചുള്ള ഈ ബിസിനസുകാരനെ വിഴിഞ്ഞം പദ്ധതി ഏൽപ്പിക്കുന്നതിൽ വൈരുദ്ധ്യമുണ്ട്.

ഇടത് സർക്കാരിന്റെ കാലത്ത് നടന്ന ടെൻഡറിലും അദാനി പങ്കെടുത്തിരുന്നു. എന്നാൽ സുരക്ഷാ കാരണങ്ങളാൽ പദ്ധതിയുടെ ഭാഗമാകാൻ അന്നത്തെ കോൺഗ്രസിന്റെ നേതൃത്വത്തിലെ യുപിഎ സർക്കാർ അനുവദിച്ചില്ല. അങ്ങനെ ടെൻഡർ സമർപ്പിച്ചത് ഒരു കമ്പനി മാത്രമായി ചുരുങ്ങി. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് 1991ൽതന്നെ രൂപം നൽകിയിരുന്നു. കടലിന്റെ സ്വാഭാവികമായ ആഴവും അന്താരാഷ്ട്ര കപ്പൽചാലുമായുള്ള സാമീപ്യവുമാണ് വിഴിഞ്ഞത്തിന്റെ ഏറ്റവും വലിയ ആകർഷണീയത. കൊളംബോ അടക്കമുള്ള തുറമുഖങ്ങളെക്കാൾ ഉയരാനുള്ള സാധ്യതയും ഏറെയായിരുന്നു. പക്ഷേ തുടക്കം മുതൽ പദ്ധതിക്ക് എതിർപ്പുകൾ വീണു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വന്നപ്പോൾ കടൽ നികത്തി തുറമുഖം നിർമ്മിക്കാനും പദ്ധതി തയാറാക്കി. ചില നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും ഏറ്റെടുത്ത കമ്പനി പിന്നീട് പിന്മാറുകയായിരുന്നു.

അതിന് ശേഷമാണ് അന്താരാഷ്ട്ര ടെൻഡറിലേക്ക് പോയത്. ഇതിന് മൂമ്പ് അന്താരാഷ്ട്ര ടെൻഡറുകളാണ് വിളിച്ചത്. മൂന്നിന്റെയും ഫലം ഒന്നുതന്നെയായിരുന്നു.ആദ്യ ടെൻഡറിൽ യോഗ്യത നേടിയ കമ്പനിക്ക് ചൈനീസ് പങ്കാളിയെ ചൊല്ലിയായിരുന്നു പ്രശ്‌നം. യോഗ്യത നേടിയ കമ്പനിക്ക് സുരക്ഷാ അനുമതി ലഭിച്ചില്ല. ടെൻഡർ റദ്ദാക്കി വീണ്ടും വിളിച്ചു. ലാൻകോ കൊണ്ടപ്പള്ളി എന്ന കമ്പനിയാണ് യോഗ്യതനേടിയത്. എന്നാൽ സൂം എന്ന കമ്പനി തങ്ങൾക്കാണ് അർഹതയെന്ന് കാട്ടി നിയമനടപടി തുടങ്ങി. കരാർ കിട്ടിയ കമ്പനിയും പിന്മാറിയതോടെ വീണ്ടും ടെൻഡറിലേക്ക് പോയി. ഇതിനിടെ നിക്ഷേപ സംഗമം അടക്കം പല നടപടികളും സർക്കാർ സ്വീകരിച്ചു. വിഴിഞ്ഞത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് ശ്രമം തുടങ്ങി. റോഡ്‌റെയിൽ ബന്ധത്തിനും നടപടിയായി. കുടിവെള്ളം, വൈദ്യുതി എന്നിവക്കും പദ്ധതിയുണ്ടാക്കി.

മൂന്നാമതും അന്താരാഷ്ട്ര ടെൻഡർ വിളിച്ചപ്പോൾ രണ്ട് കമ്പനികളാണ് അന്തിമഘട്ടത്തിലെത്തിയത്. ഇതിൽ വെൽപ്‌സൺ കൺസോർട്ടിയത്തിന് മാത്രമാണ് സുരക്ഷാഅനുമതി ലഭിച്ചത്. അന്ന് സുരക്ഷാ അനുമതി നിഷേധിച്ചത് അദാനി ഗ്രൂപ്പിനായിരുന്നു. ഇതോടെ അന്ന് ഒരു കമ്പനി മാത്രമായി മത്സരം ഇല്ലാതായി. സാമ്പത്തിക ടെൻഡർ തുറന്നപ്പോൾ ഇവർ 479.5 കോടി രൂപ ഗ്രാന്റ് ആവശ്യപ്പെട്ടു. പിന്നീട് 399.5 കോടിയായി കുറക്കാൻ തയാറായിട്ടും സർക്കാറിന് സ്വീകാര്യമായില്ല. തൊടു ന്യായങ്ങൾ പറഞ്ഞാണ് അന്ന് അദാനി പോർടിന് ടെൻഡറിൽ പങ്കെടുക്കാനുള്ള അനുമതി നിഷേധിച്ചത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയുമായുള്ള സൗഹൃദമെന്ന രാഷ്ട്രീയ കാരണവും അദാനി ഗ്രൂപ്പിന് വിനയായിയെന്ന് വിലയിരുത്തലുണ്ടാകുന്നത്. ഇതെല്ലാം മോദി പ്രധാനമന്ത്രിയായപ്പോൾ മാറി.

നാലാം ടെൻഡറിന്റെ ആദ്യഘട്ടത്തിൽ എട്ടുലക്ഷം രൂപ ചെലവിൽ ദർഘാസ് രേഖകൾ വാങ്ങിയ മൂന്ന് കമ്പനികൾ (അദാനി പോർട്‌സ്, എസ്സാർ പോർട്‌സ്, സ്രേ ഒ.എച്ച്.എൽ കൺസോർഷ്യം) ടെൻഡർ സമർപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ എല്ലാവരും വിട്ടുനിന്നു. ഇതോടെയാണ് ആശങ്ക സജീവമായത്. അന്താരാഷ്ട്ര ലോബിയുടെ ഇടപെടലാണ് ഇതിന് കാരണമെന്ന് വാദമുയർന്നു. ഇതോടെ ഇതോടെ തുറമുഖ നിർമ്മാണത്തിന്റെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താൽപ്പര്യ പ്രകാരമെന്ന രീതിയിൽ കേരളം ചില ഇടപെടൽ നടത്തി. അതാണ് ഫലം കാണുന്നത്. ടെൻഡർ നൽകേണ്ട അവസാന തീയതിയിൽ ആരും എത്തിയില്ല. ഇതേ തുടർന്നാണ് ആരും ടെൻഡറിൽ പങ്കെടുക്കാത്തതിൽ ഞെട്ടിയെന്ന് തുറമുഖമന്ത്രി പറഞ്ഞത്. അദാനി ഗ്രൂപ്പിന് തുറമുഖ നിർമ്മാണ് ഏൽപ്പിക്കാനുള്ള ഒത്തുകളിയാണ് ഇതെന്ന് മറുനാടൻ മലയാളി അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.

പിന്നീട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ട് അദാനി പോർട് ഉടമയുമായി സംസാരിക്കുമെന്നും വ്യക്തമാക്കി. ഇതെല്ലാം സമ്മതിക്കുയും ചെയ്തു. ഈ ചർച്ചയോടെ കംമ്പോട്ടാഷ് നിയമത്തിൽ ഇളവിന് മനസ്സ് കൊണ്ട് കേന്ദ്രം സമ്മതിച്ചു. ആദ്യമായി തുറമുഖത്തിന് വയബിലിറ്റി ഗ്യാപ് ഫണ്ടും നൽകാമെന്ന് അറിയിച്ചു. ഏതായാലും വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകാൻ ഇത്തരം ഇടപെടലുകൾ അനിവാര്യവുമായിരുന്നു. അതാണ് മുഖ്യമന്ത്രി നടത്തിയതും. ടെൻഡർ പലതവണ നീട്ടിക്കൊടുത്തിട്ടും ആരും നൽകിയില്ല. ആരും ടെൻഡറിൽ പങ്കെടുത്തില്ലെന്ന് മുഖ്യമന്ത്രിക്കും തുറമുഖ മന്ത്രിക്കും അറിയാമായിരുന്നു. എന്നാൽ അന്നൊന്നും ആരുമായും സംസാരിക്കാനോ കേരളത്തിന്റെ നിലപാട് വിശദീകരിക്കാനോ തയ്യാറായില്ല. തുറമുഖ നിർമ്മാണത്തിന് ആർക്കും താൽപ്പര്യമില്ലെന്ന് വരുത്താൽ സർക്കാരിന് കഴിഞ്ഞു. അതിന് ശേഷം ടെൻഡർ ഒരുമാസം കൂടി നീട്ടി. അദാനിയുമായി മുഖ്യമന്ത്രി സംസാരിച്ചു. എല്ലാ ഉറപ്പും നൽകി. പിന്നീട് ടെൻഡർ തുറന്നപ്പോൾ അദാനി മാത്രം. ഇതോടു കൂടി ടെൻഡറിൽ ഒരു കമ്പനി മാത്രമേ ഉള്ളൂവെങ്കിലും പൊതു താൽപ്പര്യം ഉയർത്തി അവർക്ക് തന്നെ നൽകാൻ കഴിയും.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗത്തിന്റെ തീരുമാന പ്രകാരമായിരുന്നു ആദാനിയുമായുള്ള ചർച്ച. കബോട്ടാഷ് നിയമത്തിന്റെ ഇളവുമായി ബന്ധപ്പെട്ട അവ്യക്തതയാണ് പിന്മാറ്റത്തിന് കാരണമെന്ന് അദാനി ഗ്രൂപ്പ് ചർച്ചയിൽ മുഖ്യമന്ത്രിയെ അറിയിച്ചു. ഇക്കാര്യം പരിഹരിക്കുമെന്ന് കമ്പനിക്ക് മുഖ്യമന്ത്രി ഉറപ്പുനൽകി. കബോട്ടാഷ് നിയമത്തിലെ ഇളവ് ഇപ്പോൾ പ്രസക്തമായ വിഷയമല്ല. പദ്ധതി പ്രവർത്തനം തുടങ്ങുമ്പോൾ മാത്രമാണ് കബോട്ടാഷ് നിയമത്തിൽ ഇളവ് വേണ്ടിവരുന്നത്. എങ്കിലും ഇക്കാര്യം നേരത്തെ തന്നെ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ സംസ്ഥാന സർക്കാർ പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിരുന്നുവെന്നും പ്രധാനമന്ത്രി ഇതിനോട് അനുകൂലമായാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കബോട്ടാഷ് നിയമത്തിൽ ഇളവ് കിട്ടുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെയാണ് ടെൻഡറിൽ പങ്കെടുക്കാൻ അദാനി ഗ്രൂപ്പ് തയ്യാറായത്. ഇതോടെ വിഴിഞ്ഞം പദ്ധതിക്ക് ജീവൻ വയ്ക്കും.

കേരളത്തോട് ചേർന്ന കുളച്ചലിൽ തുറമുഖ നിർമ്മാണത്തിനുള്ള കേന്ദ്രത്തിന്റെ ശ്രമം വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാവിക്ക് വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ അദാനിയുടെ സാന്നിധ്യം വിഴിഞ്ഞത്തിന് ഗുണകരമാകും. കേന്ദ്ര ഉപരിതകപ്പൽ ഗതാഗത സഹമന്ത്രി പൊൻ രാധാകൃഷ്ണൻ മുൻകൈയെടുത്താണ് കുളച്ചലിലെ തുറമുഖം വികസിപ്പിക്കാൻ ശ്രമം നടത്തുന്നത്. ഇതാണ് വിഴഞ്ഞത്തിന് വെല്ലുവിളിയാകുന്നതെന്ന വാദവുമുണ്ട്. ഈ സാഹചര്യത്തിൽ അദാനിയെ ഒപ്പം നിറുത്തിയാൽ പ്രധാനമന്ത്രിയുടെ പിന്തുണ ലഭിക്കും. കംബോട്ടാഷ് നിയമങ്ങളിലടക്കം വിഴിഞ്ഞത്തിന് ആനുകൂല്യം ലഭിക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ അദാനിയുടെ ടെൻഡർ മന്ത്രിസഭാ യോഗം അംഗീകരിക്കുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP