Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊല്ലത്ത് പാമ്പുകടിയേറ്റ അഞ്ചു വയസ്സുകാരന് വിഷഹാരിയായ സ്ത്രീ നൽകിയത് കരുമുളക്; 'പരിശോധനയ്ക്കു ശേഷം' പറഞ്ഞത് കുഴപ്പമില്ലെന്ന്; ആശുപത്രിയിൽ കൊണ്ടുപോയത് കുട്ടി ഛർദിച്ച് കുഴഞ്ഞു വീണതോടെ; ഈ കുടുംബം കഴിഞ്ഞത് മൺകട്ട കെട്ടി തകരവും പ്ലാസ്റ്റിക് ഷീറ്റും മേഞ്ഞ ഒറ്റമുറി കൂരയിൽ; കഷ്ടിച്ചു നിവർന്നു നിൽക്കാവുന്ന ഉയരമുള്ള വീട്ടിൽ ഏതു വഴി വേണമെങ്കിലും ഇഴജന്തുക്കൾക്ക് അകത്തു കയറാം; കേരളാമോഡൽ വികസന നേട്ടങ്ങളുടെ മറുപുറമായി കൊല്ലത്തെ ശിവജിത്തിന്റെ ദാരുണ മരണം

കൊല്ലത്ത് പാമ്പുകടിയേറ്റ അഞ്ചു വയസ്സുകാരന് വിഷഹാരിയായ സ്ത്രീ നൽകിയത് കരുമുളക്; 'പരിശോധനയ്ക്കു ശേഷം' പറഞ്ഞത് കുഴപ്പമില്ലെന്ന്; ആശുപത്രിയിൽ കൊണ്ടുപോയത് കുട്ടി ഛർദിച്ച് കുഴഞ്ഞു വീണതോടെ; ഈ കുടുംബം കഴിഞ്ഞത് മൺകട്ട കെട്ടി തകരവും പ്ലാസ്റ്റിക് ഷീറ്റും മേഞ്ഞ ഒറ്റമുറി കൂരയിൽ; കഷ്ടിച്ചു നിവർന്നു നിൽക്കാവുന്ന ഉയരമുള്ള വീട്ടിൽ ഏതു വഴി വേണമെങ്കിലും ഇഴജന്തുക്കൾക്ക് അകത്തു കയറാം; കേരളാമോഡൽ വികസന നേട്ടങ്ങളുടെ മറുപുറമായി കൊല്ലത്തെ ശിവജിത്തിന്റെ ദാരുണ മരണം

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: പാമ്പുകടിച്ച പരിയാരത്തുനിന്നുള്ള എട്ടുവയസ്സുകാരൻ വിഷഹാരിയുടെ ചികിൽസക്കുശേഷം മരിച്ച വാർത്ത ഏതാനും മാസങ്ങൾക്ക് മുമ്പ് കേരളത്തിന്റെ നൊമ്പരമായിരുന്നു. ഇപ്പോൾ ഇതാ കൊല്ലത്ത് ഒരു അഞ്ചുവയസ്സുകാരനും ഏതാണ്ട് സമാനമായ സാഹചര്യത്തിൽ മരിച്ചു. പാമ്പു കടിച്ച ഈ കുട്ടിക്ക് സമീപത്തെ വിഷഹാരിയായ സ്ത്രീ കരുമുളക് ചവയ്ക്കാൻ കൊടുക്കയും കുഴപ്പമില്ലെന്ന് പറയുകയുമാണ് ചെയ്തത്. എന്നാൽ കുട്ടി പിന്നീട് ചർദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തതോടെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നത്. അ്പ്പോഴേക്കും വിഷയം പടർന്ന് കുട്ടിയെ രക്ഷിക്കാൻ പറ്റാത്ത അവസ്ഥയിലാവുകയായിരുന്നു. അടച്ചുറപ്പില്ലാത്ത വീടും ചികിൽസ വൈകിയതുമാണ കൊല്ലം മാവടി മണിമന്ദിരത്തിൽ ശിവജിത്തി (പൊന്നു-5) ന്റെ മരണത്തിന് ഇടയാക്കിയത്. സാമൂഹിക സുരക്ഷയെക്കുറിച്ചും വിദ്യാഭ്യാസ- ആരോഗ്യമേഖലയിലെ പുരോഗതിയിലും കേമത്തം നടിക്കുന്ന കേരളത്തിന്റെ നമ്പർ 1 ബ്രാൻഡ് എന്ന പ്രചാരണത്തിന്റെ മറുവശം കൂടിയാണിത്.

യ്ാതൊരു സുരക്ഷയും ഇല്ലാത്ത വീട്ടിലായിരുന്നു കുട്ടി താമസിച്ചിരുന്നത്. മൺകട്ട കെട്ടി തകരവും പ്ലാസ്റ്റിക് ഷീറ്റും മേഞ്ഞ ഒറ്റമുറി കൂരയാണ് ഇവരുടെ വീട്. സിമന്റ് കട്ട അടുക്കി മരപ്പലക അടിച്ച ഒരു ചെറിയ മുറിയും ചേർന്നുണ്ട്. ശിവജിത്തിന്റെ അച്ഛൻ കൂലിപ്പണിക്കാരനായ മണിക്കുട്ടൻ തന്നെ കെട്ടിപ്പൊക്കിയതാണ് ഈ മാടം. കഷ്ടിച്ചു നിവർന്നു നിൽക്കാവുന്ന ഉയരമേ വീടിനുള്ളൂ. ഏതു വഴി വേണമെങ്കിലും ഇഴജന്തുക്കൾക്ക് അകത്തു കയറാം. ഉള്ളിലെ കട്ടിലിൽ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ശിവജിത്ത് ഉറങ്ങിയിരുന്നത്. സഹോദരി ശിവഗംഗ തൊട്ടടുത്ത കുടുംബവീട്ടിൽ അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒപ്പവും. രാവിലെ ഉറക്കമുണർന്നപ്പോഴാണ് ശിവജിത്ത് കാലിലെന്തോ കടിച്ചെന്നും വേദനിക്കുന്നുവെന്നും പറഞ്ഞത്. റോഡിൽ നിന്നു അൽപം ഉള്ളിലാണ് വീടെന്നതിനാൽ അച്ഛൻ മണിക്കുട്ടൻ മകനെയും കൂട്ടി നടന്നാണ് റോഡിലെത്തിയത്.

പോകും വഴി അയൽപക്കത്തെ ഗൃഹനാഥയെ ശിവജിത്ത് കാല് കാണിക്കുകയും തേൾ കുത്തിയതാണെന്നു പറയുകയും ചെയ്തു. റോഡിലെത്തി ഓട്ടോറിക്ഷ പിടിച്ച് ഇവർ ആദ്യം പോയത് വിഷവൈദ്യയായ ഒരു സ്ത്രീയുടെ വീട്ടിലേക്കാണ്. കുട്ടിക്കു കുരുമുളക് ചവയ്ക്കാൻ നൽകിയ സ്ത്രീ പരിശോധനയ്ക്കു ശേഷം കുഴപ്പമില്ലെന്നു പറഞ്ഞതായി മണിക്കുട്ടൻ പറഞ്ഞു. പക്ഷേ കുട്ടി ഛർദിക്കുകയും കുഴഞ്ഞുവീഴാൻ തുടങ്ങുകയും ചെയ്തതോടെയാണ് പുത്തൂരിലും പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ പരിശോധനയിലാണ് പാമ്പ് കടിച്ചതാണെന്നു സ്ഥിരീകരിച്ചത്. പക്ഷേ അപ്പോഴേക്കും വൈകിപ്പോയിരുന്നു. അടച്ചുറപ്പുള്ള ഒരു വീടുണ്ടായിരുന്നെങ്കിൽ പൊന്നുമോന് ഇതു സംഭവിക്കില്ലായിരുന്നു എന്നു മണിക്കുട്ടനും സങ്കടപ്പെടുന്നു.

ഉള്ള വീടും ജപ്തി ഭീഷണിയിലാണെന്നു മരിച്ച ശിവജിത്തിന്റെ മുത്തച്ഛൻ സോമൻ പറഞ്ഞു. ഇവർക്ക് ആകെയുള്ളത് 8 സെന്റ് വസ്തുവാണ്. ഇതു സോമന്റെ ഭാര്യ സരസമ്മയുടെ പേരിലാണ്. ഈ പുരയിടത്തിലാണ് കുടുംബവീടും തൊട്ടടുത്തായി ശിവജിത്തിന്റെ കുടുംബത്തിന്റെ ഒറ്റമുറിക്കൂരയും നിലകൊള്ളുന്നത്. സോമനും ഭാര്യയും ഇളയമകനും കുടുംബവുമാണു കുടുംബവീട്ടിൽ താമസിക്കുന്നത്. 7 വർഷം മുൻപ് സഹകരണ ബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു.

ഇതിന്റെ തിരിച്ചടവു മുടങ്ങിയതിനാൽ ഇപ്പോൾ വീടും വസ്തുവും ജപ്തിഭീഷണിയിലാണ്. ബാങ്കിന് ഈടു വച്ചിരിക്കുന്നതിനാൽ 2 മക്കളുടെ പേരിലും വസ്തു എഴുതി നൽകിയിട്ടുമില്ല. വീടും വസ്തുവും ഇല്ലാത്തവരുടെ പട്ടികയിൽ തന്നെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂല നടപടി ഉണ്ടായില്ലെന്നും മണിക്കുട്ടൻ പറഞ്ഞു.വസ്തു ഉള്ളതിനാൽ വീടും വസ്തുവും ഇല്ലാത്ത പട്ടികയിൽ ഇവരെ പരിഗണിക്കാൻ കഴിയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജി.സരസ്വതി അറിയിച്ചു. വസ്തു പേരിലായാൽ ഉടൻ വീട് നൽകുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. മോഹിച്ചു സ്വന്തമാക്കിയ കളിപ്പാട്ടവും നെഞ്ചോടു ചേർത്താണ് ശിവജിത്ത് മടങ്ങിയത്. ശിവജിത്ത് ആവശ്യപ്പെട്ടത് അനുസരിച്ച് ദിവസങ്ങൾക്കു മുൻപാണ് മണിക്കുട്ടൻ ഒരു മണ്ണുമാന്തി കളിപ്പാട്ടം വാങ്ങി നൽകിയത്. പക്ഷേ കളിച്ചു കൊതി തീരും മുൻപേ ശിവജിത്തിനെ മരണം തട്ടിയെടുത്തു. സംസ്‌കാരത്തിനു മുൻപ് പുതുമ മാറാത്ത ഈ കളിപ്പാട്ടം അച്ഛൻ ശിവജിത്തിന്റെ നെഞ്ചോട് ചേർത്തുവച്ചപ്പോൾ കണ്ടു നിന്നവർ വിങ്ങിപ്പൊട്ടി.

അതേസമയം പാമ്പുകടിച്ചാൽ ഉടൻതന്നെ ശാസ്ത്രീയ ചികിൽസ തേടുകയാണ് വേണ്ടെതെന്നും, പാമ്പുവിഷം അകത്തെത്തിയാൽ ആന്റിവെനം ചികിൽസമാത്രമാണെന്ന് പോവഴിയെന്നും ജനകീയ ആരോഗ്യപ്രവർത്തകർ ആവർത്തിച്ച് പ്രചാരണം നടത്തുന്നുണ്ട്.

ഇതുസംബന്ധിച്ച് ഡോ ജിനേഷ് പി എസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

സാക്ഷര കേരളം പ്രബുദ്ധ കേരളം എന്നൊന്നും ഇനിയുമിനിയും വിളിക്കരുത്...

ഇന്നും വായിച്ചത് അതേ വാർത്തയാണ്.

കഴിഞ്ഞതവണ പരിയാരത്തുനിന്നുള്ള 8 വയസുകാരൻ ആയിരുന്നെങ്കിൽ ഇത്തവണ കൊല്ലത്തു നിന്നുള്ള 5 വയസുകാരൻ ആണ് മരണപ്പെട്ടിരിക്കുന്നത്.

അച്ഛനും അമ്മയ്ക്കും ഒപ്പം ഉറങ്ങിക്കിടന്ന അഞ്ച് വയസുകാരൻ തന്റെ കാലിൽ എന്തോ കടിച്ചെന്ന് അമ്മയെ അറിയിച്ചു. അമ്മ നോക്കിയപ്പോൾ കുട്ടിയുടെ കാലിൽ രണ്ട് പാടുകളും ചോരയും വരുന്നത് ശ്രദ്ധയിൽപെട്ടു. ഉടനെ അടുത്തുള്ള വൈദ്യന്റെ അടുത്ത് ചികിത്സതേടിയ ശേഷം തിരികെ വീട്ടിലെത്തിയപ്പോഴേക്കും കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായിത്തുടങ്ങിയിരുന്നു. തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഷഹാരി കുട്ടിക്ക് കുരുമുളക് കൊടുത്തു എന്നാണ് വാർത്ത.

സങ്കടകരമാണ്, ആ കുട്ടിയുടെയുടെ വേർപാടിൽ അനുശോചിക്കുന്നു.

ഗോൾഡൻ അവർ എന്നൊന്നുണ്ട്, മലയാളത്തിൽ സുവർണ നാഴിക എന്നുപറയാം. എന്തുതരം അപകടവും ആയിക്കോട്ടെ, ശരിയായ ശാസ്ത്രീയ ചികിത്സാ സൗകര്യമുള്ള സ്ഥലത്ത് എത്രയും പെട്ടെന്ന് എത്തിയാൽ, രക്ഷപ്പെടാനുള്ള സാധ്യത അത്രയും വലുതായിരിക്കും. ആ സമയമാണ് അശാസ്ത്രീയ ചികിത്സയുടെ പേരിൽ നഷ്ടപ്പെടുന്നത്.

കേരളത്തിൽ ആകെ 101 തരം പാമ്പുകൾ ആണുള്ളത്. അതിൽ തന്നെ മനുഷ്യ ജീവന് അപകടകരമായ രീതിയിൽ വിഷമുള്ള 10 പാമ്പുകൾ മാത്രം. അതിൽ അഞ്ചെണ്ണം കടൽപാമ്പുകൾ ആണ്. അതായത് കരയിൽ കാണുന്ന 96 തരം പാമ്പുകൾ 5 തരത്തിന് മാത്രമേ മനുഷ്യന്റെ ജീവൻ അപഹരിക്കാൻ കഴിവുള്ളൂ എന്നർത്ഥം. മൂർഖൻ (Cobra), വെള്ളിക്കെട്ടൻ (Krait), അണലി (Russell's Viper), ചുരുട്ട മണ്ഡലി (Saw-scaled Viper), മുഴമൂക്കൻ കുഴിമണ്ഡലി (Hump-nosed Pit Viper) എന്നിവയാണ് അവ. മനുഷ്യ ജീവന് അപകടകരമായ ഈ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണം ആവുകയുമില്ല. ഇര പിടിച്ചതിന് ശേഷമുള്ള കടികളിലും പല്ലുകൾ ആഴത്തിൽ ഇറങ്ങാത്ത കടികളിലും മനുഷ്യ ശരീരത്തിലേക്ക് മരണ കാരണമാകാവുന്ന അളവിൽ വിഷം പ്രവേശിക്കണം എന്ന് നിർബന്ധമില്ല. ഈ രണ്ട് സാധ്യതകളുമാണ് പലപ്പോഴും അശാസ്ത്രീയ ചികിത്സകർ ഉപയോഗിക്കുന്നത്.

ഒരു കാര്യം കൂടി, എല്ലാവരും ഭീതിയോടെ വർണ്ണിക്കുന്ന രാജവെമ്പാല കടിച്ച് കേരളത്തിൽ മനുഷ്യ മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിനു കാരണങ്ങൾ പലതാവാം.

പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിർവീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളിൽ നിന്നാണ് നിർമ്മിക്കുന്നത്. മനുഷ്യ മരണത്തിന് കാരണമാകാവുന്ന മൂർഖൻ, വെള്ളിക്കെട്ടൻ, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു പാമ്പുകളുടെ വിഷം കുതിരയിൽ കുത്തിവച്ച്, കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി രക്തത്തിൽ നിന്നും വേർതിരിച്ചെടുക്കുന്നു. ഇതാണ് മറുമരുന്ന്. പൂനയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, മുംബൈയിലെ ഹാഫ്കൈൻ ബയോഫാർമസ്യൂട്ടിക്കൽസ്, ഭാരത സീറം ആൻഡ് വാക്സിൻസ്, ഹൈദരാബാദിലെ വിൻസ് ബയോപ്രൊഡക്റ്റ്സ് എന്നിവിടങ്ങളിൽ ആന്റി സ്നേക്ക് വെനം (ASV) എന്ന ഈ മറുമരുന്ന് നിർമ്മിക്കുന്നു.

കല്ല് ശരീരത്തിൽ വച്ചാലോ, പച്ചിലകൾ പിഴിഞ്ഞൊഴിച്ചാലോ ഈ പാമ്പുകളുടെ വിഷത്തിന് മരുന്നാവില്ല എന്ന് ചുരുക്കം.

മന്ത്രവാദം നടത്തിയും ഒറ്റമൂലി പ്രയോഗിച്ചും പാമ്പുകടിയേറ്റവരെ രക്ഷിച്ചു എന്ന അവകാശവാദം മുഴക്കുന്നവർക്ക് പത്മശ്രീ അടക്കമുള്ള ബഹുമതികൾ നൽകുമ്പോൾ, അവർ വിതയ്ക്കുന്ന അശാസ്ത്രീയതകൾക്ക് ഇരയാകുന്നത് സാധാരണക്കാരാണ്. ഇതൊക്കെ വിശ്വസിക്കുന്ന സാധാരണക്കാരാണ് വീണ്ടും വീണ്ടും ഈ അബദ്ധത്തിൽ ചാടുന്നത്. എന്തിലും ഏതിലും പഴമയുടെ സിദ്ധാന്തം നിറച്ചാൽ, നഷ്ടപ്പെടുന്നത് നമ്മുടെ കുഞ്ഞുങ്ങളുടെ ജീവനാണ് എന്ന് മറക്കരുത്. വ്യക്തി അനുഭവസാക്ഷ്യങ്ങൾ വാരി വിതറിക്കൊണ്ട് നാട്ടുചികിത്സക്കായി വാദിക്കുന്നവർക്ക് ഇതൊന്നും അറിയേണ്ടതില്ല.

സുവർണ്ണ നിമിഷങ്ങളെ കുറിച്ച് ഒരു വാക്കുകൂടി. പാമ്പുകടികളിൽ ബഹുഭൂരിപക്ഷവും സംഭവിക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. പാമ്പുകടിക്കെതിരെയുള്ള മറുമരുന്ന് അടക്കമുള്ള സൗകര്യങ്ങളുള്ള ആശുപത്രികൾ നഗരങ്ങളിലും. സുവർണ്ണനിമിഷങ്ങൾ ഇല്ലാതാവാൻ ഈ ഒറ്റക്കാരണം മതി. ഇതിന്റെ കൂടെ സ്വകാര്യ നാട്ട് വിഷ ചികിത്സാകേന്ദ്രങ്ങൾ കൂടിയാകുമ്പോൾ എല്ലാം പൂർത്തിയാകും.

ഓർക്കുക, ഈ മരണങ്ങൾ പലപ്പോഴും അശാസ്ത്രീയതയുടെ സന്തതികളാണ് ...

മൊബൈൽ ഫോണിൽ ഫേസ്‌ബുക്കും വാട്സാപ്പും വീഡിയോ ചാറ്റിംഗും ഉപയോഗിക്കുന്നവർ പൗരാണികതയുടെ പേരും പറഞ്ഞ് 'വിഷചികിത്സ' എന്ന് അബദ്ധത്തിന തലവെച്ച് കൊടുക്കുന്നൂ. എന്ത് പറയാനാണ് !

സങ്കടകരം...

മുൻപ് പലതവണ എഴുതിയിട്ടുള്ള പോസ്റ്റാണ്. ഒരിക്കൽ കൂടി എഴുതുകയാണ്. ഇങ്ങനെ എഴുതുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ എന്നറിയില്ല. പക്ഷേ ഇപ്പോൾ സാധിക്കുന്നത് എഴുതുക മാത്രമാണ് എന്നുള്ളതുകൊണ്ട് വീണ്ടും എഴുതുന്നു. ഒരാൾക്കെങ്കിൽ ഒരാൾക്ക് കാര്യങ്ങൾ ശരിയായി മനസ്സിലാക്കാൻ സാധിച്ചാലോ...

എത്ര തവണ എഴുതിയിട്ടും പറഞ്ഞിട്ടും കാര്യമുണ്ടെന്ന് തോന്നുന്നില്ല.

ഇനിയെങ്കിലും പാമ്പുകടിയേറ്റ കുട്ടികൾക്ക് ആധുനികവൈദ്യശാസ്ത്രം പരിശീലിക്കുന്ന മികച്ച ആശുപത്രികളിൽ ചികിത്സ നൽകാത്ത മാതാപിതാക്കൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ തയ്യാറാവണം. സങ്കടം കൊണ്ട് പറയുന്നതാണ്.

ഇങ്ങനെ അബദ്ധം പറ്റുന്ന മാതാപിതാക്കളും തെറ്റായ സന്ദേശങ്ങളുടെ, പാരമ്പര്യത്തിൽ ഊന്നിയ സന്ദേശങ്ങളുടെ ഇരകളാണ്. പാമ്പുകടി വിഷയത്തിൽ തികഞ്ഞ അശാസ്ത്രീയ വാർത്തകൾ നൽകുന്ന കേരളകൗമുദി പോലുള്ള പത്രങ്ങളുടെ ഇരകളാണ്.

ഒക്കെ ശരിയാണ്... പക്ഷേ നിയമ നടപടി ഉണ്ടാകുമെന്ന ഒരു ചർച്ച ഉയർന്നു വന്നാൽ ചിലപ്പോൾ സാഹചര്യങ്ങൾ മെച്ചപ്പെടുമായിരിക്കും.

ശാസ്ത്രീയ ചികിത്സ ലഭിച്ചാൽ പോലും ചില ഗുരുതരമായ സാഹചര്യങ്ങളിൽ രക്ഷപ്പെടുത്താൻ സാധിച്ചില്ല എന്ന് വരാം. അപ്പോഴാണ് വിഷഹാരികളുടെ അടുത്തുപോയി സമയം കളയുന്നത്...

സങ്കടകരം...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP