Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരത്വ വിഷയത്തിൽ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മിഷൻ സുപ്രീംകോടതിയിൽ കക്ഷിചേരാൻ അപേക്ഷ നൽകിയത് അന്തർദേശീയ തലത്തിൽ ഇന്ത്യൻ നയതന്ത്ര നീക്കങ്ങൾക്ക് തിരിച്ചടി; ഇന്ത്യൻ നിയമത്തെ പുറത്തുനിന്നുള്ള ഏജൻസി സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുന്നത് പതിവില്ലാത്ത നടപടി; പരമാധികാര രാഷ്ട്രമായ ഇന്ത്യയുടെ ആഭ്യന്തരവിഷയത്തിൽ ഇടപെടാൻ പുറത്തുനിന്നുള്ള കക്ഷിക്ക് യാതൊരു അവകാശവുമില്ലെന്ന് പറഞ്ഞ് തിരിച്ചടിച്ച് ഇന്ത്യയും; പൗരത്വ നിയമത്തിലെ പുതിയ നീക്കങ്ങളെ കരുതലോടെ കണ്ട് കേന്ദ്രം

പൗരത്വ വിഷയത്തിൽ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മിഷൻ സുപ്രീംകോടതിയിൽ കക്ഷിചേരാൻ അപേക്ഷ നൽകിയത് അന്തർദേശീയ തലത്തിൽ ഇന്ത്യൻ നയതന്ത്ര നീക്കങ്ങൾക്ക് തിരിച്ചടി; ഇന്ത്യൻ നിയമത്തെ പുറത്തുനിന്നുള്ള ഏജൻസി സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുന്നത് പതിവില്ലാത്ത നടപടി; പരമാധികാര രാഷ്ട്രമായ ഇന്ത്യയുടെ ആഭ്യന്തരവിഷയത്തിൽ ഇടപെടാൻ പുറത്തുനിന്നുള്ള കക്ഷിക്ക് യാതൊരു അവകാശവുമില്ലെന്ന് പറഞ്ഞ് തിരിച്ചടിച്ച് ഇന്ത്യയും; പൗരത്വ നിയമത്തിലെ പുതിയ നീക്കങ്ങളെ കരുതലോടെ കണ്ട് കേന്ദ്രം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലെ കേസിൽ കക്ഷി ചേരാൻ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മിഷൻ അപേക്ഷ നൽകിയത് നയതന്ത്ര തലത്തിൽ ഇന്ത്യയ്ക്ക് തിരിച്ചടി. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ മുസ്ലിംരാഷ്ട്രങ്ങൾ നിലപാട് സ്വീകരിച്ച വേളയിലാണ് ഇത്തരമൊരു അപ്രതീക്ഷിത നീക്കം ഉണ്ടായത്. കോടതിയെ സഹായിക്കുന്ന അമിക്കസ് ക്യൂറി ആയി കക്ഷിചേരാനാണ് ആഗ്രഹിക്കുന്നതെന്ന് ഹൈക്കമ്മിഷണർ മിഷേൽ ബാച്ലെ അപേക്ഷയിൽ പറഞ്ഞിട്ടുണ്ട്. മുസ്ലിം രാഷ്ട്രങ്ങളെ പൗരത്വ നിയമം ആഭ്യന്തര പ്രശ്‌നമാണെന്ന മറുപടിയാണ് ഇന്ത്യ നൽകിയത്.

പൗരത്വ നിയമം വിവേചനപരമാണെന്ന് കമ്മിഷൻ അഭിപ്രായപ്പെട്ടു. ഇന്ത്യൻനിയമത്തെ പുറത്തുനിന്നുള്ള ഏജൻസി സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുന്നതു പതിവില്ലാത്തതാണെന്ന് നിയമ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. കമ്മിഷന്റെ ഇടപെടലിൽ വിദേശകാര്യ മന്ത്രാലയം ശക്തമായ എതിർപ്പറിയിച്ചു. അതേസമയം പരമാധികാര രാഷ്ട്രമായ ഇന്ത്യയുടെ ആഭ്യന്തരവിഷയത്തിൽ ഇടപെടാൻ പുറത്തുനിന്നുള്ള കക്ഷിക്ക് ഒരവകാശവുമില്ലെന്ന് വിദേശകാര്യവക്താവ് രവീഷ് കുമാർ പറഞ്ഞു. നിയമങ്ങളുണ്ടാക്കാൻ പാർലമെന്റിനു പരമാധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര മനുഷ്യാവകാശനിയമങ്ങളെ രാജ്യങ്ങൾ ബഹുമാനിക്കണമെന്നും കുടിയേറ്റക്കാർക്ക് വിവേചനരഹിതമായ പരിഗണന നൽകണമെന്നും കമ്മിഷൻ സുപ്രീംകോടതിയിൽ നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടു. എല്ലാ കുടിയേറ്റക്കാർക്കും ജാതി, മത, ദേശ വ്യത്യാസമില്ലാതെ മനുഷ്യാവകാശമുണ്ട്. വിവേചനരഹിതവും തുല്യവുമായ പരിഗണനയ്ക്ക് അവർ അർഹരാണ്. അന്താരാഷ്ട്ര മനുഷ്യാവകാശനിയമങ്ങൾ പൗരന്മാരെന്നും പൗരത്വമില്ലാത്തവരെന്നും ആരെയും തരംതിരിക്കുന്നില്ല. അതിനാൽ, തങ്ങളുടെ അധീനമേഖലയിലുള്ള കുടിയേറ്റക്കാർ, അവർ നിയമവിരുദ്ധ കുടിയേറ്റക്കാരായാൽപ്പോലും വിവേചനം പാടില്ല -കമ്മിഷൻ അപേക്ഷയിൽ ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്രക്കോടതിക്ക് പുറമേ, യു.എസ്., ഏഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ പരമോന്നത കോടതികളിലും മുൻപ് പല കേസുകളിലും അമിക്കസ് ക്യൂറിയായിട്ടുണ്ടെന്നും കമ്മിഷൻ അവകാശപ്പെട്ടു. പൗരത്വനിയമഭേദഗതിക്ക് ഭരണഘടനാസാധുതയുണ്ട്. ഭരണഘടനാമൂല്യങ്ങളെല്ലാം അതു പാലിക്കുന്നുമുണ്ട്. വിഭജനത്തിന്റെ ദുരന്തത്തിൽനിന്നുണ്ടായ മനുഷ്യാവകാശപ്രശ്‌നങ്ങളെ അംഗീകരിക്കാനുള്ള രാജ്യത്തിന്റെ ബാധ്യതയാണ് നിയമത്തിൽ പ്രതിഫലിക്കുന്നത്. നിയമവാഴ്ചയുള്ള ജനാധിപത്യരാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ സ്വതന്ത്രമായ നീതിന്യായവ്യവസ്ഥയിൽ പൂർണവിശ്വാസമുണ്ടെന്നാണ് രവീഷ് കുമാർ അഭിപ്രായപ്പെട്ടത്.

പൗരത്വ ഭേദഗതി നിയമത്തിലൂടെ ചില മതങ്ങൾക്കും കുടിയേറ്റക്കാർക്കും ആനുകൂല്യം ലഭിക്കുമ്പോൾ ചില മതങ്ങളിലെ കുടിയേറ്റക്കാരെ അപകടാവസ്ഥയിലാക്കിയെന്ന് അപേക്ഷയിൽ പറയുന്നു. ഇന്ത്യയുടെ പൗരത്വ നിയമത്തെയും പൗരത്വ രജിസ്റ്ററിനെയും പറ്റി ബാഷ്ലെറ്റ് കഴിഞ്ഞ മാസങ്ങളിൽ ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും ഇന്ത്യയിലെ മുസ്ലിങ്ങളെ രാജ്യമില്ലാത്ത ജനതയാക്കി മാറ്റുമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ആരോപിച്ചിരുന്നു. ഡൽഹി കലാപത്തെയും ഗുട്ടെറസ് അപലപിച്ചിരുന്നു.

അതിനിടെ ഡൽഹി കലാപത്തെക്കുറിച്ച് ഇറാൻ വിദേശകാര്യമന്ത്രിയുടെ പരാമർശത്തിൽ എതിർപ്പുമായി ഇന്ത്യ രംഗത്തെത്തി. ഒരു മതവിഭാഗത്തിനെതിരെ ആസൂത്രിതമായി നടന്ന ആക്രമണമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി ജാവദ് സരിഫ് ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയിലെ ഇറാൻ സ്ഥാനപതി അലി ചെഗേനിയെ വിളിച്ചു വരുത്തി വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചു. പൗരത്വനിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതേക്കുറിച്ച് ഒന്നും പറയാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യാ സന്ദർശന വേളയിൽ അഭിപ്രായപ്പെട്ടിരുന്നു. വിദേശ രാജ്യങ്ങളിൽ അടക്കം പൗരത്വ നിയമത്തിന് എതിരെ പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്. ഇതിനിടെയാണ് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മിഷൻ സുപ്രീംകോടതിയിൽ കക്ഷിചേരാൻ അപേക്ഷ നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP