Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കണ്ണൂർ വിമാനത്താവളത്തിൽ മന്ത്രിമാരുടെയും സിപിഎം ഉന്നതരുടെയും പേരു പറഞ്ഞുള്ള തട്ടിപ്പിന്റെ വ്യാപ്തി വളരെ വലുത്; വിമാനത്താവളത്തിൽ ജോലിയും കരാറുകളും വാഗ്ദാനം ചെയ്ത് എട്ട് ജില്ലകളിൽ നിന്നായി തട്ടിയെടുത്തത് 100 കോടിയോളം രൂപ; കേറ്ററിങ് കരാർ നൽകാമെന്ന പേരിലും കരാർ ഉറപ്പിച്ചു കോടികൾ വാങ്ങി; ഉയർന്ന പോസ്റ്റിലുള്ള ജോലിക്കായി പലരും കൈമാറിയത് അഞ്ച് ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ; കത്തുകളും ഓഫർലെറ്ററും മുതൽ എല്ലാം അടിമുടി വ്യാജം; രജിസ്‌ട്രേഷൻ ഫീസ് അടക്കം വാങ്ങി അടിമുടി തട്ടിപ്പ്

കണ്ണൂർ വിമാനത്താവളത്തിൽ മന്ത്രിമാരുടെയും സിപിഎം ഉന്നതരുടെയും പേരു പറഞ്ഞുള്ള തട്ടിപ്പിന്റെ വ്യാപ്തി വളരെ വലുത്; വിമാനത്താവളത്തിൽ ജോലിയും കരാറുകളും വാഗ്ദാനം ചെയ്ത് എട്ട് ജില്ലകളിൽ നിന്നായി തട്ടിയെടുത്തത് 100 കോടിയോളം രൂപ; കേറ്ററിങ് കരാർ നൽകാമെന്ന പേരിലും കരാർ ഉറപ്പിച്ചു കോടികൾ വാങ്ങി; ഉയർന്ന പോസ്റ്റിലുള്ള ജോലിക്കായി പലരും കൈമാറിയത് അഞ്ച് ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ; കത്തുകളും ഓഫർലെറ്ററും മുതൽ എല്ലാം അടിമുടി വ്യാജം; രജിസ്‌ട്രേഷൻ ഫീസ് അടക്കം വാങ്ങി അടിമുടി തട്ടിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ മന്ത്രിമാരുടെയും മുതിർന്ന സിപിഎം നേതാക്കളുടെയും പേരു പറഞ്ഞു കൊണ്ട് ജോലിയും കരാറുകളും വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിന്റെ വ്യാപ്തി വളരെ വലുത്. വിമാനത്താവളത്തിൽ ജോലിയും കരാറുകളും വാഗ്ദാനം ചെയ്ത് 8 ജില്ലകളിൽ നിന്നായി തട്ടിപ്പു സംഘം നേടിയത് 100 കോടിയിലേറെ രൂപയാണെന്നാണ് ലഭിക്കുന്ന വിവരം. ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിച്ചതുമായി ബന്ധപ്പെട്ട വിവരം പുറത്തുവന്നതോടെ ജോലി തട്ടിപ്പിന് ഇരയായ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തി.

ജോലി വാഗ്ദാനം ചെയ്തു പണം വാങ്ങിയതു മുതൽ കേറ്ററിങ് കരാർ നൽകാമെന്ന പേരിൽ കോടികളുടെ ഇടപാട് ഉറപ്പിച്ച സംഭവം വരെയുണ്ട് ഇക്കൂട്ടത്തിൽ. ജോലി വാഗ്ദാനം ചെയ്തവരോട് 10,000 രൂപ മുതലാണ് ആവശ്യപ്പെട്ടത്. ഉയർന്ന പോസ്റ്റിലുള്ള ജോലിക്കായി 5 മുതൽ 12 ലക്ഷം രൂപ വരെ പലരും കൈമാറിയിട്ടുമുണ്ട്. കേറ്ററിങ് കരാറിന്റെ പേരിൽ രണ്ടര കോടിയോളം രൂപയുടെ ഇടപാട് ഉറപ്പിച്ചിരുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നത്. ഭരണത്തിൽ സിപിഎമ്മാണ് ഉള്ളത് എന്നതിനാൽ ഈ നേതാക്കളുടെ പേരു ചൂണ്ടിക്കാട്ടിയാണ് ആക്രമണം നടത്തിയത്.

രാഷ്ട്രീയവും വ്യക്തിബന്ധങ്ങളും മറയാക്കി മാത്രമല്ല തട്ടിപ്പുകൾ നടന്നതെന്നും വ്യക്തമായി. വിമാനത്താവള കമ്പനികൾ, എയർപോർട്ട് അഥോറിറ്റി, എയർലൈൻ കമ്പനികൾ, ഗ്രൗണ്ട് ഹാൻഡ്ലിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പേരിലുള്ള വ്യാജ കത്തുകളും തട്ടിപ്പിന് ഉപയോഗിച്ചിട്ടുണ്ട്. വ്യോമയാന രംഗത്തെ പ്രശസ്ത സ്ഥാപനങ്ങളുടെ പേരിനോടു സാദൃശ്യമുള്ള പേരിൽ വ്യാജ വെബ്‌സൈറ്റുകൾ തയാറാക്കിയും തൊഴിൽ വെബ്‌സൈറ്റുകളിൽ പരസ്യം നൽകിയുമാണ് ഇവർ ഉദ്യോഗാർഥികളെ ആകർഷിച്ചത്.

റജിസ്‌ട്രേഷൻ ഫീസ്, യൂണിഫോം ഫീസ്, ഷൂ വാങ്ങാനുള്ള തുക, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ഫീസ് എന്നിങ്ങനെ പലഘട്ടങ്ങളിലായി പതിനായിരക്കണക്കിനു രൂപ ഓരോ ഉദ്യോഗാർഥിയിൽ നിന്നും ഈടാക്കും. ചിലരോട് ഇന്റർവ്യൂവിൽ പരാജയപ്പെട്ടുവെന്നും ചെറിയ കോഴ്‌സ് ചെയ്താൽ എല്ലാം ശരിയാവുമെന്നും നിർദ്ദേശിച്ച് സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ചെയ്യിപ്പിച്ച സംഭവങ്ങളുമുണ്ട്.

നിർധന കുടുംബങ്ങളിൽ നിന്നുള്ളവർക്കു മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ സൗജന്യമായി ജോലി ശരിയാക്കിക്കൊടുക്കാമെന്നു വാഗ്ദാനം ചെയ്തും തട്ടിപ്പു നടത്തി. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇവർ നിർദ്ദേശിക്കുന്ന കേന്ദ്രങ്ങളിൽ എത്തണം. ചുരുങ്ങിയതു 10,000 രൂപയെങ്കിലും ഓരോരുത്തരിൽ നിന്നും ഇങ്ങനെ തട്ടിയെടുത്ത സംഭവങ്ങളുമുണ്ട്. അസൽ സർട്ടിഫിക്കറ്റുകളും പാസ്‌പോർട്ടും സംഘത്തിന്റെ കയ്യിൽ അകപ്പെട്ടുപോയതിനാൽ അവ തിരിച്ചുകിട്ടില്ല എന്ന ആശങ്കയിൽ പരാതി നൽകാൻ മടിക്കുന്നവരും പ്രതികളുടെ രാഷ്്ട്രീയ സ്വാധീനം ഭയന്നു നഷ്ടം സഹിക്കുന്നവരുമുണ്ട് ഇരകളുടെ കൂട്ടത്തിൽ.

സുഹൃത്തുക്കൾ വഴിയോ ബന്ധുക്കൾ വഴിയോ ഉദ്യോഗാർഥികളെ സ്വാധീനിച്ചായിരുന്നു തട്ടിപ്പു സംഘം വിലസിയത്. രാഷ്ട്രീയരംഗത്തു പിടിപാടുണ്ടെന്നു വിശ്വസിപ്പിച്ചു. കൂടാതെ തൊഴിൽ വെബ്‌സൈറ്റുകൾ വഴി അപേക്ഷ ക്ഷണിച്ചു. സമൂഹമാധ്യമങ്ങളിൽ നൽകുന്ന പരസ്യങ്ങളിൽ വിശ്വസിച്ചവരും ചതിയിൽപെട്ടു. മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും കിയാൽ മാനേജിങ് ഡയറക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും പേരുകൾ ദുരുപയോഗിച്ചാണു തട്ടിപ്പ് നടത്തിയത്. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്തതായി ആരോപിച്ച് ചക്കരക്കൽ, എടക്കാട്, തലശ്ശേരി, പയ്യന്നൂർ, കണ്ണൂർ സിറ്റി, പിണറായി പൊലീസ് സ്റ്റേഷനുകളിൽ ഒട്ടേറെ പരാതികളാണ് എത്തിയത്. തൊഴിലന്വേഷകരെ സമീപിച്ച് അവരുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലികൾ തരപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് വലയിൽ വീഴ്‌ത്തുന്നത്.

രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരണവും കിയാൽ ഡയറക്ടർ ബോർഡിലെ സ്വാധീനത്തെക്കുറിച്ചുള്ള വീരവാദവും കേട്ടാണു പലരും പണം നൽകിയത്. വിമാനത്താവളത്തിലേക്കു കൂട്ടിക്കൊണ്ടുപോയി അവിടെവച്ച് സർട്ടിഫിക്കറ്റുകൾ നൽകാൻ ആവശ്യപ്പെട്ട സംഭവങ്ങളുമുണ്ട്. വിമാനത്താവളത്തിനു പുറത്തുവച്ച് സർട്ടിഫിക്കറ്റുകൾ വാങ്ങി കൂട്ടത്തിലൊരാൾ ടെർമിനൽ കെട്ടിടത്തിനുള്ളിലേക്ക് പോകുന്നതോടെ ഉദ്യോഗാർഥികളുടെ വിശ്വാസം വർധിക്കും. വിമാനത്താവളം പ്രവർത്തനം തുടങ്ങുന്നതിനു മുൻപേ വലവിരിച്ച സംഘം നൂറുകണക്കിനുപേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നാണു തുടർച്ചയായി എത്തുന്ന പരാതികളിൽ നിന്നു മനസ്സിലാക്കുന്നത്. വിദേശത്തെ ജോലി രാജിവച്ചു വന്നവരും ഉയർന്ന കോഴ്‌സുകളിൽ പ്രവേശനം ലഭിച്ചിട്ടും വിമാനത്താവളത്തിലെ ജോലി പ്രതീക്ഷിച്ച് അവസരങ്ങൾ നഷ്ടപ്പെടുത്തിയവരുമുണ്ട് കൂട്ടത്തിൽ.

വിമാനത്താവളം ഉദ്ഘാടനം ചെയ്ത് ഒരു വർഷത്തിലേറെ കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതിനെത്തുടർന്നാണ് പരാതികൾ പൊലീസ് സ്റ്റേഷനുകളിലേക്ക് എത്തിത്തുടങ്ങിയത്. കഴിഞ്ഞ ആഴ്ച ഒറ്റദിവസം പയ്യന്നൂർ സ്റ്റേഷനിൽ ലഭിച്ചത് 5 പരാതികളാണ്. ഇതിൽ അറസ്റ്റിലായ 3 പേർ റിമാൻഡിലാണ്. എട്ടു പേരിൽ നിന്നായി 25 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിനു തലശ്ശേരി പൊലീസ് 5 പേർക്കെതിരെ കേസെടുത്തിരുന്നു. സിറ്റി സ്റ്റേഷനിലെ പരാതിയിൽ ദമ്പതികൾക്കെതിരെ കേസുണ്ട്. തട്ടിപ്പ് സംഘങ്ങളിലൊന്നിന്റെ പ്രധാന സൂത്രധാരനെന്ന് കരുതുന്ന തലശ്ശേരിയിലെ മുഹമ്മദ് ഒനാസിസ് നാട്ടിൽനിന്ന് മുങ്ങി. വേറെയും സംഘങ്ങൾ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയതായി റിപ്പോർട്ടുണ്ട്.

വിമാനത്താവളത്തിൽ ഒഴിവുണ്ടാവുകയോ അപേക്ഷ ക്ഷണിക്കുകയോ ചെയ്യാത്ത തസ്തികകളിലേക്കാണ് നിയമനം വാഗ്ദാനം ചെയ്ത് പണം തട്ടുന്നത്. ഒനാസിസിന്റെ അക്കൗണ്ടിലേക്ക് ഓൺലൈനായാണ് പലരും പണം നൽകിയത്. അണ്ടലൂരിലെ സരിൻ പരിചയപ്പെടുത്തിയത് പ്രകാരം ഒനാസിസിന് പണം നൽകി വഞ്ചിക്കപ്പെട്ടതായി പിണറായി പൊലീസ് സ്റ്റേഷനിലും കേസെടുത്തു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി പൊലീസിന് കൈമാറുകയായിരുന്നു.

ഒനാസിസിന്റെ നേതൃത്വത്തിലുള്ള സംഘം വിവിധ തസ്തികകളിൽ നിയമനത്തിന് നാലുലക്ഷം രൂപയാണ് ഓരോരുത്തരിൽനിന്നും ആവശ്യപ്പെട്ടത്. രണ്ടരലക്ഷം രൂപ വീതം ആദ്യഗഡുവായി വാങ്ങി. ബാങ്ക് അക്കൗണ്ടിലേക്ക് ഓൺലൈനായേ പണം നൽകാവൂ എന്ന് പറഞ്ഞത് വിശ്വാസ്യത വർധിപ്പിച്ചെന്നാണ് പരാതിക്കാർ പറയുന്നത്. എൻജിനീയർ, സ്റ്റോർ ഇൻ ചാർജ്, ഐ.ടി. പ്രോഗ്രാമർ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം വാഗ്ദാനം ചെയ്തത്.

പണം വാങ്ങുന്നതിനു മുന്നോടിയായി ഉദ്യോഗാർഥികളെ ഒനാസിസ് വിമാനത്താവളത്തിനടുത്തേക്ക് വിളിച്ചുവരുത്തി സർട്ടിഫിക്കറ്റ് പരിശോധന നടത്തിയതായും വ്യക്തമായി. പണം കൊടുത്ത് വഞ്ചിതരായവരിൽ മിക്കവരും നാണക്കേട് കാരണം പരാതി നൽകാൻ തയ്യാറാവുന്നില്ല. പല സംഘങ്ങളും ഇപ്പോഴും തട്ടിപ്പ് നടത്തുന്നുണ്ടെന്ന വിവരം പുറത്തുവന്നതിനെത്തുടർന്നാണ് ചിലരെങ്കിലും പരാതിയുമായെത്തിയത്.

കാടാച്ചിറ മാളികപ്പറമ്പിലെ മുൻ സിപിഎം. പ്രവർത്തകൻ രാജേഷിനെതിരേയും വിമാനത്താവളത്തിൽ തൊഴിൽ വാഗ്ദാനം ചെയ്ത് വഞ്ചിച്ചതിന് കേസുണ്ട്. പരാതികളെത്തുടർന്ന് രാജേഷിനെ സിപിഎമ്മിൽനിന്ന് പുറത്താക്കി. വിവിധ സ്റ്റേഷനുകളിലായി ഒട്ടേറെ പരാതികളെത്തിയ സാഹചര്യത്തിൽ കേന്ദ്രീകൃത അന്വേഷണം വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

നേരത്തെ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മുസ്ലിം ലീഗ് പഞ്ചായത്തംഗവും കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളും അറസ്റ്റിലായിരുന്നു. വ്യവസായ മന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. ചെറുവത്തൂർ പഞ്ചായത്തിലെ മുസ്ലിം ലീഗ് അംഗവും തൃക്കരിപ്പൂർ യൂത്ത് ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമായ അനൂപ്, കോൺഗ്രസ് ചെറുവത്തൂർ മണ്ഡലം വൈസ് പ്രസിഡന്റും ഐഎൻടിയുസി നേതാവുമായ വി.വി ചന്ദ്രൻ, യൂത്ത് കോൺഗ്രസ് നേതാവ് പ്രിയദർശൻ എന്നിവരാണ് അറസ്റ്റിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP