Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം പിളർത്തി ജോണി നെല്ലുരിനെ ആദ്യം ഒപ്പമെത്തിച്ചു: ഇടതുമുന്നണിയിലെ ഫ്രാൻസിസ് ജോർജിനെയും കൂടെകൂട്ടാനുള്ള തന്ത്രത്തിൽ ജോസഫ്; കെ.സി. ജോസഫും ആന്റണി രാജുവും എൽ.ഡി.എഫിനൊപ്പം തന്നെ; ഇടതുമുന്നണിക്കൊപ്പമുള്ള ജനാധിപത്യ കേരള കോൺഗ്രസും പിളർപ്പിലേക്ക്; തെരഞ്ഞെടുപ്പിൽ തിരിച്ചടി മുന്നിൽ കണ്ടുകൊണ്ട് പ്രശ്‌നങ്ങൾ വേഗത്തിൽ ഒതുക്കാൻ നേതൃത്വം

കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം പിളർത്തി ജോണി നെല്ലുരിനെ ആദ്യം ഒപ്പമെത്തിച്ചു: ഇടതുമുന്നണിയിലെ ഫ്രാൻസിസ് ജോർജിനെയും കൂടെകൂട്ടാനുള്ള തന്ത്രത്തിൽ ജോസഫ്; കെ.സി. ജോസഫും ആന്റണി രാജുവും എൽ.ഡി.എഫിനൊപ്പം തന്നെ; ഇടതുമുന്നണിക്കൊപ്പമുള്ള ജനാധിപത്യ കേരള കോൺഗ്രസും പിളർപ്പിലേക്ക്; തെരഞ്ഞെടുപ്പിൽ തിരിച്ചടി മുന്നിൽ കണ്ടുകൊണ്ട് പ്രശ്‌നങ്ങൾ വേഗത്തിൽ ഒതുക്കാൻ നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: വളരും തോറും പിളരും, പിളരും തോറും വളരും. അറുപതുകളുടെ തുടക്കം മുതലേ കേരളാ രാഷ്ട്രീയത്തിൽ മുഴങ്ങിക്കേൾക്കുന്ന വാക്കുകളാണ്. ഇപ്പോഴും ആ വാക്കുകൾക്ക് കോട്ടം തട്ടാതെ കേരളാകോൺഗ്രസ് ഇപ്പോഴും പരിപാലിച്ചു പോകുന്നുമുണ്ട്. കുട്ടനാട് സീറ്റ് സംബന്ധിച്ച് ചർച്ച തുടങ്ങിയതോടെയാണ് കേരളാ കോൺഗ്രസിനുള്ള പിരിമുറുക്കങ്ങളും അസ്വാരാസ്യങ്ങളും പുറത്തേക്ക് എത്തിതുടങ്ങിയത്. എന്നാൽ, നാളുകളായി തുടരുന്ന സീറ്റ് സംബന്ധിച്ച് യുഡിഎഫ് നേതൃത്വത്തിൽ ഇന്നും തീരാ തലവേദനയായി മാറിയിരിക്കുകാണ് കുട്ടനാട്.

എന്നാൽ കോൺ്ഗ്രസിലെ പിളർപ്പിന് പിന്നാലെ ഇടതുമുന്നണിക്കൊപ്പമുള്ള ജനാധിപത്യ കേരള കോൺഗ്രസും പിളർപ്പിലേക്കെന്ന് സൂചന. പാർട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിലുള്ളവർ കേരള കോൺഗ്രസ് (എം) ലെ ജോസഫ് വിഭാഗത്തിൽ ലയിക്കും. മുൻ എംപി. വക്കച്ചൻ മറ്റത്തിൽ, സംഘടനാ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി എംപി. പോളി, പാർട്ടി സെക്രട്ടറിയും കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ തോമസ് കുന്നപ്പള്ളി തുടങ്ങിയ നേതാക്കളും ചെയർമാനെ അനുഗമിക്കുമെന്നാണ് സൂചന.

എന്നാൽ, തലമുതിർന്ന നേതാക്കളായ ഡോ. കെ.സി. ജോസഫ്, ആന്റണി രാജു തുടങ്ങിയവർ ഇടതുമുന്നണിക്കൊപ്പം ഉറച്ചുനിൽക്കും. മറ്റൊരു പ്രധാന നേതാവായ പി.സി. ജോസഫ് ഇതുവരെയും നിലപാടു സ്വീകരിച്ചിട്ടില്ലെന്നാണു വിവരം. ഈ മാസം 14-ന് കോട്ടയത്ത് പാർട്ടിയുടെ സംസ്ഥാന കമ്മറ്റി ചേരും. ഇതിനു മുമ്പു തന്നെ പാർട്ടി പിളരുമെന്നാണു സൂചന. ഫ്രാൻസിസ് ജോർജിനെ ഒപ്പം കൂട്ടാൻ ജോസഫ് വിഭാഗം നേരത്തേ ശ്രമം ആരംഭിച്ചിരുന്നു. ഇതുസംബന്ധിച്ച് ഇരുവിഭാഗവും അനൗപചാരിക ചർച്ചകൾ നടത്തി. ഫ്രാൻസിസ് ജോർജ് വിഭാഗവുമായി പ്രാരംഭ ചർച്ച നടത്തിയിരുന്നതായി പി.ജെ. ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജോസ് കെ.മാണിയുമായുള്ള അഭിപ്രായഭിന്നതമൂലമാണു ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിലുള്ള വിഭാഗം കേരള കോൺഗ്രസ് (എം) വിട്ട്, ജനാധിപത്യ കേരള കോൺഗ്രസ് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ ഭാഗമായി നാലു സീറ്റിൽ മത്സരിച്ചെങ്കിലും ഒരിടത്തും ജയിച്ചില്ല. ഇതേത്തുടർന്നു പാർട്ടിയുടെ ഭാവിയും അനിശ്ചിതത്വത്തിലായി.

മാണി ഗ്രൂപ്പ്, ജോസഫ്-ജോസ് കെ.മാണി വിഭാഗങ്ങളായി പിരിഞ്ഞു സാഹചര്യത്തിൽ ഫ്രാൻസിസ് ജോർജിന്റെ മടക്കം ബുദ്ധിമുട്ടുണ്ടാക്കില്ലെന്നാണു ജോസഫിന്റെ കണക്കുകൂട്ടൽ. യഥാർത്ഥ കേരള കോൺഗ്രസ് (എം) ആരുടേതെന്ന തർക്കം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന് മുന്നിലാണ്. തർക്കം തുടരുന്ന സാഹചര്യത്തിൽ പാർട്ടി പേരും രണ്ടില ചിഹ്നവും മരവിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. ഏതെങ്കിലും പാർട്ടിയെ തെരഞ്ഞെടുപ്പു കമ്മിഷൻ സംസ്ഥാന പാർട്ടിയായി അംഗീകരിക്കണമെങ്കിൽ ഒരു എംപി.യും രണ്ടു എംഎ‍ൽഎമാരും വേണം.

അതല്ലെങ്കിൽ നാല് എംഎ‍ൽഎ.മാർ വേണം. നിലവിൽ ജോസ് കെ. മാണി വിഭാഗത്തിന് ഈ യോഗ്യത ഉണ്ട്. എന്നാൽ, ഈ നിബന്ധന പാലിക്കാൻ ജോസഫ് വിഭാഗത്തിന് ഒരു എംഎ‍ൽഎയുടെ കൂടി ആവശ്യമുണ്ട്. ഉടനടി ഒരു എംപി. സ്ഥാനം സ്വന്തമാക്കാൻ സാധ്യത ഇല്ലാത്തതിനാൽ എംഎ‍ൽഎമാരുടെ എണ്ണം വർധിപ്പിക്കാനാണ് നീക്കം. അടുത്തു വരുന്ന കുട്ടനാട് ഉപതെരഞ്ഞെടുപ്പിനെയാണ് ഇതിനായി ജോസഫ് വിഭാഗം ഉന്നമിടുന്നത്. ഇതിനായി പരമാവധി ശക്തി സംഭരിക്കുകയാണ് ആദ്യ ലക്ഷ്യം. കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം പിളർത്തി ജോണി നെല്ലുരിനെ ഒപ്പമെത്തിച്ചതിനു പിന്നാലെ ഫ്രാൻസിസ് ജോർജിനെയും കൂടെകൂട്ടാനുള്ള തന്ത്രം ഇതിന്റെ ഭാഗമാണ്.

അതേസമയം, കുട്ടനാട്ടിലെ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിൽ എൻസിപിയിൽ സമവായമായില്ല. സംസ്ഥാന നിർവാഹക സമിതിയും തിരഞ്ഞെടുപ്പ് കമ്മിറ്റിയും ചേർന്നെങ്കിലും ഒരു പേരിലേക്കെത്താൻ ഇതുവരെ കഴിഞ്ഞില്ല. തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ.തോമസ്, നിർവാഹകസമിതി അംഗം സലിം പി മാത്യു, ദേശീയ സെക്രട്ടറി കെ.ജെ ജോസ് മോൻ എന്നിവരുടെ പേരുകളാണ് ഉയർന്നുവന്നത്. എന്നാൽ, കുട്ടനാട്ടിൽ ഡോ. കെ.സി.ജോസഫിനെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ മുതിർന്ന നേതാക്കൾ സമീപിച്ചെന്ന വെളിപ്പെടുത്തലുമായി ജനാധിപത്യ കേരള കോൺഗ്രസ് വൈസ് ചെയർമാൻ ആന്റണി രാജു. ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ജോസഫ് വിഭാഗത്തിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് ആന്റണി രാജുവിന്റെ വെളിപ്പെടുത്തൽ നടത്തിയിരുന്നു.

കൂടാതെ, എന്തു വില കൊടുത്തും കുട്ടനാട് വിജയിച്ചേ മതിയാവൂ എന്ന നിലപാടിലാണ് നേതൃത്വത്തിന്റെ കണക്കൂട്ടൽ. എന്നാൽ കേരളാ കോൺഗ്രസ് എമ്മിലെ ഇരുവിഭാഗവും തർക്കം തുടരുന്ന സാഹചര്യത്തിൽ മുന്നണി നേതൃത്വം തെരഞ്ഞെടുപ്പിൽ തിരിച്ചടി മുന്നിൽ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ, എത്രയും വേഗം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നീക്കത്തിലാണ് നേതൃത്വം. പി ജെ ജോസഫ് ജോസ് കെ മാണി വിഭാഗങ്ങൾ തമ്മിൽ സമവായത്തിൽ എത്തുകയാണെങ്കിൽ കുട്ടനാട് കേരളാ കോൺഗ്രസിന് തന്നെ നൽകും. തർക്കം തുടരുകയാണെങ്കിൽ ഇരുവിഭാഗങ്ങളെയും രാഷ്ട്രീയ സാഹചര്യം ബോധ്യപ്പെടുത്തി സീറ്റ് ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. ഇക്കാര്യത്തിൽ മുന്നണിയിലെ മറ്റ് കക്ഷികളുടെയും ഒപ്പം സഭാ നേതൃത്വത്തിന്റെയും പിന്തുണ കോൺഗ്രസിനുണ്ട്.

കഴിഞ്ഞ തവണ മത്സരിച്ച ജോസഫ് വിഭാഗത്തിന് തന്നെയാണ് സീറ്റിന് അവകാശം എന്നത് തന്നെയാണ് മുന്നണി നേതൃത്വത്തിന്റെയും നിലപാട്. ജോസ് കെ മാണി വിഭാഗം കുട്ടനാട് സീറ്റിൽ അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും, സമ്മർദ തന്ത്രം മാത്രമായാണ് നേതൃത്വം അതിനെ കാണുന്നത്. സീറ്റ് ഏറ്റെടുക്കേണ്ടി വന്നാൽ തന്നെ ജോസഫ് വിഭാഗം വലിയ തർക്കങ്ങളിലേക്ക് കടക്കാതെ വിട്ടുവീഴ്ചയ്ക്ക് തയാറാകുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP