Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ ഹാജർ കണക്കുകൂട്ടിയതിൽ പിഴവുണ്ടോയെന്ന് പരിശോധിക്കുമെന്ന് കോളജ് പ്രിൻസിപ്പൽ; മരണത്തിന് താനോ കോളേജ് അധികൃതരോ ഉത്തരവാദികളല്ല; പരീക്ഷ എഴുതാൻ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് മാതാപിതാക്കൾ തന്നെ വന്ന് കണ്ടിട്ടില്ലെന്നും പ്രിൻസിപ്പൽ; കോളജ് അധികൃതർക്കെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ; പരീക്ഷ എഴുതാൻ കഴിയാഞ്ഞതിനെ തുടർന്ന് ആത്മഹത്യ ചെയ്ത മലബാർ ക്രിസ്ത്യൻ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ ജസ്പ്രീത് സിംഗിനെ ചൊല്ലി വിവാദം

വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ ഹാജർ കണക്കുകൂട്ടിയതിൽ പിഴവുണ്ടോയെന്ന് പരിശോധിക്കുമെന്ന് കോളജ് പ്രിൻസിപ്പൽ; മരണത്തിന് താനോ കോളേജ് അധികൃതരോ ഉത്തരവാദികളല്ല; പരീക്ഷ എഴുതാൻ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് മാതാപിതാക്കൾ തന്നെ വന്ന് കണ്ടിട്ടില്ലെന്നും പ്രിൻസിപ്പൽ; കോളജ് അധികൃതർക്കെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ; പരീക്ഷ എഴുതാൻ കഴിയാഞ്ഞതിനെ തുടർന്ന് ആത്മഹത്യ ചെയ്ത മലബാർ ക്രിസ്ത്യൻ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ ജസ്പ്രീത് സിംഗിനെ ചൊല്ലി വിവാദം

കെ വി നിരഞ്ജൻ

കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളെജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ ജസ്പ്രീത് സിംഗിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിഷേധം തുടരുന്നു. എസ് എഫ് ഐയ്ക്ക് പിന്നാലെ ഇന്നലെ കോളെജിലേക്ക് കെ എസ് യു പ്രവർത്തകർ മാർച്ച് നടത്തി. ജലപീരങ്കി ഉൾപ്പെടെ ഉപയോഗിച്ചാണ് പൊലീസ് മാർച്ചിനെ നേരിട്ടത്. ഇതേ സമയം ആത്മഹത്യയുമായി ബന്ധപ്പെട്ട് കുട്ടിയുടെ ഹാജർ നില കണക്കുകൂട്ടിയതിൽ പിഴവുണ്ടോയെന്ന് പരിശോധിക്കാൻ സ്റ്റാഫ് കൗൺസിൽ നിർദ്ദേശിച്ചതായി കോളജ് പ്രിൻസിപ്പൽ ഗോഡ്വിൻ സാംരാജ് പറഞ്ഞു. പരീക്ഷ എഴുതാൻ സാധിക്കാത്തതിനെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യചെയ്തതിൽ കോളജിലെ എല്ലാവർക്കും വലിയ ദുഃഖമുണ്ട്. എന്നാൽ പുറമേ പ്രചരിക്കുന്നരീതിയിൽ അതിന് താനോ മറ്റുള്ളവരോ ഉത്തവരാദികളല്ല. ജസ്പ്രീതിന് നാലാം സെമസ്റ്ററിൽ 62 ശതമാനം മാത്രമാണ് ഹാജരുണ്ടായിരുന്നത്. അതിനാൽ ഡബിൾ കണ്ടോനേഷൻ അടച്ചാണ് നാലാം സെമസ്റ്റർ പരീക്ഷ ഏഴുതിയത്. ഡബിൾ കണ്ടോനേഷൻ ഒരിക്കൽ അവകാശപ്പെട്ടാൽ ഡിഗ്രികാലയളവിൽ വീണ്ടും ഇതിന് സാധിക്കില്ല. ഇക്കാരണത്താലാണ് ആറാം സെമസ്റ്ററിൽ വിദ്യാർത്ഥിക്ക് പരീക്ഷ എഴുതാൻ സാധിക്കാതിരുന്നത്.

ഈ സെമസ്റ്ററിൽ കോളജിലെ 11 ഡിപ്പാർട്ട് മെന്റുകളിൽ നിന്നുമായി 15 വിദ്യാർത്ഥികൾ സെമസ്റ്റർ ഔട്ടാവുകയും നാല് വിദ്യാർത്ഥികൾ കോളജ് ഔട്ടാകുകയും ചെയ്തിട്ടുണ്ട്. അറ്റൻഡൻസ് ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിച്ചശേഷം ജസ്പ്രീത് പരാതിയുമായി കോളജ് പ്രിൻസിപ്പലിനെയോ ഗ്രിവൻസ് സെല്ലിനെയോ സമീപിച്ചിട്ടില്ല. ജസ്പ്രീത് യൂണിവേഴ്സിറ്റിയിലേക്ക് പ്രത്യേകം അപേക്ഷനൽകിയശേഷം കുട്ടിയുടെ മുൻ കൺടോണേഷൻ വിവരങ്ങൾ ആവശ്യപ്പെട്ട് കോളജിലേക്ക് മെയിൽ വന്നിരുന്നു. ഇതിന് മറുപടിയും നൽകി. ഒരോ വിദ്യാർത്ഥിക്കും അവരുടെ ഹാജർ അറിയുന്നതിനുള്ള മാർഗം കോളജ് ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥിക്ക് ആറാം സെമസ്റ്റിൽ 47 ശതമാനം ഹാജരാണ് ഉണ്ടായിരുന്നതെന്നും എൻസിസിയുടേയും മറ്റ് പാഠ്യേതര പ്രവർത്തനങ്ങളുടെയും പരമാവധി ഹാജർ നൽകിയിട്ടും 67 ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. അതേസമയം പരീക്ഷ എഴുതാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ മാതാപിതാക്കളാരും തന്നെ വന്നുകണ്ടിട്ടില്ലെന്നും മറിച്ചുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

നേരത്തെ കോളെജ് മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ജസ്പ്രീത് സിംഗിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. തന്റെ മകൻ ആത്മഹത്യ ചെയ്യുവാൻ കാരണം ക്രിസ്ത്യൻ കോളെജിന്റെ മനുഷ്യത്വമില്ലാത്ത നടപടിയാണെന്ന് പിതാവ് മന്മോഹൻ സിങ് ആരോപിച്ചിരുന്നു. 68 ശതമാനം ഹാജരുള്ള തന്റെ മകനെ പരീക്ഷ എഴുതുവാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പല പ്രാവശ്യം കോളജിനെ സമീപിച്ചെങ്കിലും അംഗീകരിക്കുവാൻ അവർ തയാറായില്ല. ഒടുവിൽ യൂണിവേഴ്സിറ്റിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലമെന്ന് പിതാവ് പറഞ്ഞു. എന്നാൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് കോളെജ് പ്രിൻസിപ്പൽ ഇപ്പോൾ വ്യക്തമാക്കിയിട്ടുള്ളത്.

പിതാവ് കരഞ്ഞു കാലുപിടിച്ച് പറഞ്ഞിട്ടും മാനേജ്മെന്റ് ധിക്കാരപരമായ സമീപനം സ്വീകരിച്ചുവെന്നാണ് സഹോദരിമാരുടെ ആരോപണം. വല്യമ്മയുടെ മരണവുമായി ബന്ധപ്പെട്ട് ജസ്പ്രീത് കുടുംബസമേതം പഞ്ചാബിൽ പോയിരുന്നു. തിരിച്ചുവരുമ്പോൾ പൗരത്വ സമരത്തെ തുടർന്ന് ഡൽഹിയിൽ നിന്നുള്ള ട്രെയിനുകൾ റദ്ദാക്കിയതിനാൽ യാത്ര നടത്തുവാൻ കഴിഞ്ഞില്ല. ഇത് മൂലം അവസാന സമയം ഒരാഴ്‌ച്ചത്തെ ഹാജർ നഷ്ടമായി. ഈ കാര്യം കോളേജ് അധികാരികളെ അറിയിച്ചെങ്കിലും അവർ അംഗീകരിക്കുവാൻ തയ്യാറായില്ലെന്നാണ് സഹോദരിമാരായ ബൽവിന്ദ് കൗറും ഗുർപ്രീത് കൗറും ആരോപിക്കുന്നത്.

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളെജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു ജസ്പ്രീത് സിങ്. ഉത്തർപ്രദേശിൽ നിന്ന് കോഴിക്കോട്ട് വന്ന് ഹോട്ടൽ ബിസിനസ്സ് നടത്തുന്ന കുടംബത്തിലെ അംഗം. മാതാപിതാക്കളും രണ്ടു സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ഈ വിദ്യാർത്ഥി. പഠനത്തോടൊപ്പം അച്ഛന്റെ ഹോട്ടലിൽ സഹായത്തിനും പോവുമായിരുന്നു ജസ്പ്രീത്. എൻ സി സി കാഡറ്റ് എന്ന നിലയിലും കോളജിൽ സജീവമായിരുന്നു. സിവിൽ സർവ്വീസ് ആയിരുന്നു ലക്ഷ്യം. പരീക്ഷ എഴുതുകാൻ കഴിയില്ലെന്ന് ബോധ്യമായതോടെയാണ് കഴിഞ്ഞ ഞായറാഴ്ച ജസ്പ്രീത് ആത്മഹത്യ ചെയ്തത്.

ജസ്പ്രീത് കലാലയങ്ങളിലെ ഇരട്ടനീതിയുടെ ഇരയെന്ന് യുവമോർച്ച

കോഴിക്കോട് : വിദ്യാർത്ഥി സംഘടന നേതാക്കൾക്കും യൂനിയൻ നേതാക്കൾ നിർദ്ദേശിക്കുന്നവർക്കും പരിധിവിട്ട ഹാജർ ഇളവുകളും മറ്റു സഹായങ്ങളും ചെയ്യുന്ന കോളേജധികൃതരും യൂനിവേഴ്സിറ്റിയും ജസ്പ്രീതിന് നീതി നിഷേധിച്ചെന്നും യൂനിവേഴ്സിറ്റിയുടെയും പ്രിൻസിപ്പാളിന്റെയും ഇരട്ടനീതിയുടെ ഇരയാണ് ജസ്പ്രീതെന്നും യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി.പ്രകാശ്ബാബു പറഞ്ഞു. ജസ്പ്രീതിനേക്കാൾ ഹാജർ കുറവായ ചില സംഘടന നേതാക്കളെ പരീക്ഷ എഴുതാൻ മലബാർ ക്രിസ്ത്യൻ കോളജിൽ കോളജിൽ സമ്മർദ്ദത്തിന് വഴങ്ങി പ്രിൻസിപ്പലും യൂനിവേഴ്സിറ്റിയും അനുവദിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ കുറ്റമറ്റ അന്വേഷണം നടത്തി കറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജസ്പ്രീതിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP