Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി മറ്റൊരാളെ വിവാഹം കഴിച്ചിട്ടും കാമുകനെ മറക്കാനായില്ല; കാമുകനൊപ്പം ഒളിച്ചോടിപ്പോയ 'നവവധു'വിനെ ഏഴ് വർഷത്തിന് ശേഷം യുവാവ് കണ്ട് മുട്ടിയത് രണ്ട് കുട്ടികൾക്കും നിലവിലെ ഭർത്താവിനുമൊപ്പം; സ്ത്രീധനത്തിനായി ഭാര്യയെ കൊന്ന് കുഴിച്ച് മൂടിയവൻ എന്ന പേരുദോഷം മാറിയതിന്റെ ആശ്വാസത്തിൽ യുവാവും

വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി മറ്റൊരാളെ വിവാഹം കഴിച്ചിട്ടും കാമുകനെ മറക്കാനായില്ല; കാമുകനൊപ്പം ഒളിച്ചോടിപ്പോയ 'നവവധു'വിനെ ഏഴ് വർഷത്തിന് ശേഷം യുവാവ് കണ്ട് മുട്ടിയത് രണ്ട് കുട്ടികൾക്കും നിലവിലെ ഭർത്താവിനുമൊപ്പം; സ്ത്രീധനത്തിനായി ഭാര്യയെ കൊന്ന് കുഴിച്ച് മൂടിയവൻ എന്ന പേരുദോഷം മാറിയതിന്റെ ആശ്വാസത്തിൽ യുവാവും

മറുനാടൻ മലയാളി ബ്യൂറോ

ഭുവനേശ്വർ: ഏഴ് വർഷം മുമ്പ് കാമുകനൊപ്പം ഒളിച്ചോടിപ്പോയ ഭാര്യയെ കണ്ടെത്തിയ യുവാവിന് ഇനി കൊലക്കേസ് പ്രതി എന്ന മേൽവിലാസം ഇല്ല. കഴിഞ്ഞ ഏഴ് വർഷമായി സമൂഹത്തിന് മുന്നിൽ ഭാര്യയെ കൊലപ്പെടുത്തി മൃതശരീരം എങ്ങോ മറവ് ചെയ്ത ക്രൂരൻ എന്ന നിലയിൽ ജീവിക്കേണ്ടി വന്ന അഭയ സുത്തർ എന്ന യുവാവാണ് അന്വേഷണ സംഘത്തെ വെല്ലുന്ന പാടവത്തോടെ ഏഴ് വർഷം മുമ്പ് കാണാതായ തന്റെ ഭാര്യയെ അന്വേഷിച്ച് കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടതോടെയാണ് ഇയാളുടെ ഭാര്യ മൊഹറാന തന്റെ കാമുകനൊപ്പം ഒളിച്ചോടിയത്. ആരോടും പറയാതെ ഒരു ദിവസം യുവതി അപ്രത്യക്ഷയാകുകയായിരുന്നു. ഇതോടെ അഭയ സുത്തർ തങ്ങളുടെ മകളെ കൊലപ്പെടുത്തി എന്ന ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ഒഡീഷയിലെ ചൗലിയ ഗ്രാമത്തിലാണ് സംഭവം.

2013 ഏപ്രിൽ മാസത്തോടെയാണ് അഭയ സൂത്തറിന്റെ ജീവിതം സംഘർഷഭരിതമായി തുടങ്ങിയത്. അതേവർഷം ഫെബ്രുവരി ഏഴിനായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. സാമഗോള ഗ്രാമത്തിലെ ഇത്തിശ്രീ മൊഹറാന എന്ന യുവതിയായിരുന്നു വധു. എന്നാൽ വിവാഹം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞതോടെ ഇത്തിശ്രീയെ അഭയയുടെ വീട്ടിൽനിന്ന് കാണാതായി. അതോടെ അദ്ദേഹത്തിന്റെ ദുരിതനാളുകളും ആരംഭിച്ചു. ഭാര്യയെ കാണാതായ ദിവസം മുതൽ അഭയ സൂത്തർ സ്വന്തംനിലയിൽ അന്വേഷണം നടത്തിയിരുന്നു. എന്നാൽ അതെല്ലാം വിഫലമായതോടെ 2013 ഏപ്രിൽ 20-ന് പാത്കുര പൊലീസ് സ്റ്റേഷനിൽ ഭാര്യയെ കാണാനില്ലെന്ന പരാതി നൽകി. പൊലീസ് കേസെടുത്തെങ്കിലും കാര്യമായ അന്വേഷണമൊന്നും നടന്നില്ല.

ഇതിനിടെ, യുവതിയുടെ മാതാപിതാക്കൾ അഭയക്കെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. മകളെ അഭയ കൊലപ്പെടുത്തിയതാണെന്നും സ്ത്രീധനത്തിന്റെ പേരിൽ മർദിച്ചിരുന്നതായും ഇവർ പരാതി നൽകി. മകളെ കൊലപ്പെടുത്തിയ അഭയ മൃതദേഹം എവിടെയോ ഉപേക്ഷിച്ചതാണെന്നും ഇവർ പൊലീസിനോട് പറഞ്ഞു. ഇതോടെ കാര്യങ്ങളുടെ ഗതിമാറി. പൊലീസ് അഭയ സൂത്തറിനെ അറസ്റ്റ് ചെയ്തു, കൊലക്കുറ്റം ചുമത്തി. ഇതോടെ സമൂഹത്തിന് മുന്നിൽ യുവാവ് ക്രൂരനായ കൊലപാതകിയും തെളിവ് നശിപ്പിച്ചവനും അത്യാർത്തിക്കാരനും ഒ്‌ക്കെയായി ചിത്രീകരിക്കപ്പെട്ടു.

ഏകദേശം ഒരുമാസത്തോളമാണ് അഭയ സൂത്തർ ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസിൽ ജയിലിൽ കഴിഞ്ഞത്. എന്നാൽ കൊല്ലപ്പെട്ടെന്ന് പറഞ്ഞ യുവതിയുടെ മൃതദേഹം കണ്ടെടുക്കാൻ കഴിയാതിരുന്നതോടെ നിയമപോരാട്ടങ്ങൾക്കൊടുവിൽ ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചു. അന്നുമുതൽ അഭയ സൂത്തർ തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.

സമൂഹത്തിന് മുന്നിൽ താൻ നിരപരാധിയാണെന്ന് തെളിയിക്കണമെന്ന് അദ്ദേഹം മനസിലുറപ്പിച്ചു. ഓരോദിവസവും കാണാതായ ഭാര്യയെ തേടിയുള്ള അന്വേഷണത്തിൽ മുഴുകി. പലയിടങ്ങളിൽ നേരിട്ടുപോയി കാര്യങ്ങൾ തിരക്കി. ആ അന്വേഷണം ഏഴ് വർഷങ്ങൾ നീണ്ടു. ഒടുവിൽ ദിവസങ്ങൾക്ക് മുമ്പ് അഭയ സൂത്തർ തന്റെ അന്വേഷണത്തിൽ വിജയിച്ചു. ഒഡീഷയിലെ പുരിയിലെ പിപിലി എന്ന സ്ഥലത്തുനിന്ന് എല്ലാവരും മരിച്ചെന്ന് വിശ്വസിച്ച തന്റെ ഭാര്യയെ കണ്ടെത്തി.

രാജീവ് ലോച്ചൻ എന്നയാൾക്കൊപ്പമാണ് അഭയ തന്റെ ഭാര്യയെ കണ്ടത്. ഉടൻതന്നെ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി ഇരുവരെയും പിടികൂടുകയും ചെയ്തു. കഴിഞ്ഞദിവസം ഇരുവരെയും കോടതിയിൽ ഹാജരാക്കിയതോടെ 2013 ൽ രജിസ്റ്റർ ചെയ്ത കേസിൽനിന്ന് അഭയ കുറ്റവിമുക്തനായി. ഏഴ് വർഷങ്ങൾക്ക് ശേഷം അഭയ സൂത്തർ അഭിമാനത്തോടെ ജനങ്ങൾക്ക് മുന്നിൽനിന്നു. ഭാര്യയെ കൊലപ്പെടുത്തിയ ക്രൂരനെന്ന് ഇനി ആരും അഭയ സൂത്തറിനെ വിളിക്കില്ല. വർഷങ്ങളായി തന്റെ പേരിൽ ചാർത്തിയ കുറ്റത്തിൽനിന്ന് സ്വന്തമായി നടത്തിയ അന്വേഷണത്തിലൂടെ അഭയ സൂത്തർ മോചിതനായി, നിരപരാധിത്വം തെളിയിച്ചു.

വിവാഹത്തിന് വളരെ മുമ്പ് തന്നെ യുവതി രാജീവുമായി പ്രണയത്തിലായിരുന്നു. എന്നാൽ, രാജീവിനെ വിവാഹം കഴിക്കുന്നതിന് വീട്ടുകാർ എതിരായിരുന്നു. ഇതിനിടെ, വീട്ടുകാർ അഭയ സുത്തറുമായുള്ള വിവാഹം നിശ്ചയിച്ചു. വിവാഹത്തിന് ശേഷവും യുവതി കാമുകനുമായി ബന്ധം തുടർന്നു. തന്റെ ഭർത്താവുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാതിരിക്കാനും ഈ സമയം യുവതി ശ്രമിച്ചു. ഇത്തരത്തിൽ കൂടുതൽ നാൾ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് യുവതിക്കും കാമുകനും അറിയാമായിരുന്നു. ഭർത്താവിന്റെ വീട്ടിൽ നിന്നും രക്ഷപെടുന്നതിനുള്ള പദ്ധതികൾ ഇരുവരും ചേർന്ന് തയ്യാറാക്കി.

ഗ്രാമത്തിൽ നിന്നും പുറത്ത് പോകുക എന്നത് മാത്രമല്ല വെല്ലുവിളി എന്ന് ഇരുവർക്കും അറിയാമായിരുന്നു. മറ്റെവിടെ എങ്കിലും പോയി താമസിച്ചാൽ മാത്രമേ തങ്ങൾക്ക് സ്വസ്ഥമായ് ജീവിക്കാനാകൂ എന്ന് യുവതിയും കാമുകനും നിശ്ചയിച്ചു. ഇതിനായി ഗുജറാത്തിൽ ചെറിയ തൊഴിൽ കൂടി ശരിയാക്കിയ ശേഷമാണ് കാമുകൻ ഭർതൃമതിയായ തന്റെ കാമുകിയെ ഒപ്പം കൂട്ടിയത്.

രാജീവുമായി പ്രണയത്തിലായിരുന്ന താൻ സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്ന് ഇത്തിശ്രീ കോടതിയിൽ നൽകിയ മൊഴി നൽകി. വിവാഹത്തിന് മുമ്പ് തന്നെ രാജീവുമായി അടുപ്പമുണ്ടായിരുന്നു. എന്നാൽ ഈ ബന്ധത്തെ വീട്ടുകാർ എതിർത്തു. തുടർന്നാണ് അഭയ സൂത്തറുമായുള്ള വിവാഹം നടക്കുന്നത്. എന്നാൽ അതിനുശേഷവും രാജീവുമായുള്ള ബന്ധം തുടർന്ന യുവതി വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷം ഒളിച്ചോടുകയായിരുന്നു. ഏഴ് വർഷത്തോളം ഗുജറാത്തിൽ താമസിച്ച ഇരുവരും അടുത്തിടെയാണ് ഒഡീഷയിൽ തിരിച്ചെത്തിയത്. ഈ ബന്ധത്തിൽ രണ്ട് മക്കളുമുണ്ട്.

ഇപ്പോൾ താൻ സന്തോഷവാനും സംതൃപ്തനുമാണെന്നായിരുന്നു അഭയ സൂത്തറിന്റെ പ്രതികരണം. പൊലീസ് തന്റെ ഭാര്യയെ കണ്ടെത്താൻ ശ്രമിക്കാതിരുന്നപ്പോൾ നിരപരാധിത്വം തെളിയിക്കേണ്ടത് തന്റെ കടമയായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പൊലീസിന്റെ അനാസ്ഥയ്ക്കെതിരെയും ഒരാളെ കള്ളക്കേസിൽ പ്രതിയാക്കി പീഡിപ്പിച്ചതിനെതിരെയും ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്ന് സാമൂഹികപ്രവർത്തകനായ പ്രതാപ് ചന്ദ്ര മൊഹന്ദി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP