Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടിയൊഴുക്കുള്ള സ്ഥലമാണ് ആ ബണ്ട്; കനാൽ തുറന്നിരുന്നതിനാൽ വലിയ ശക്തിയിൽ ജല പ്രവാഹം ഉണ്ടായിരുന്നു; ഈ സ്ഥലത്ത് പത്തു വർഷത്തിനുള്ളിൽ അഞ്ചുപേർ മരണപ്പെട്ടിട്ടുണ്ട്; അവിടെ വള്ളിക്കിടയിൽ മൃതദേഹം കുടുങ്ങിക്കിടന്നതു കണ്ടെത്തിയത് അന്വേഷണ വഴികൾ ശരിയായിരുന്നു എന്നതിന് തെളിവ്; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നത് മുങ്ങിമരണം; ലബോറട്ടറി പരിശോധനകൾ കഴിഞ്ഞാൽ അഡീഷണൽ റിപ്പോർട്ട് കിട്ടും; ദേവനന്ദ മനസ്സിലെ മായാത്ത ദുഃഖമെന്ന് മുഖ്യമന്ത്രി; ഇളവൂരിലെ വേദന നിയമസഭയിൽ ചർച്ചയാക്കി ചെന്നിത്തല

അടിയൊഴുക്കുള്ള സ്ഥലമാണ് ആ ബണ്ട്; കനാൽ തുറന്നിരുന്നതിനാൽ വലിയ ശക്തിയിൽ ജല പ്രവാഹം ഉണ്ടായിരുന്നു; ഈ സ്ഥലത്ത് പത്തു വർഷത്തിനുള്ളിൽ അഞ്ചുപേർ മരണപ്പെട്ടിട്ടുണ്ട്; അവിടെ വള്ളിക്കിടയിൽ മൃതദേഹം കുടുങ്ങിക്കിടന്നതു കണ്ടെത്തിയത് അന്വേഷണ വഴികൾ ശരിയായിരുന്നു എന്നതിന് തെളിവ്; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നത് മുങ്ങിമരണം; ലബോറട്ടറി പരിശോധനകൾ കഴിഞ്ഞാൽ അഡീഷണൽ റിപ്പോർട്ട് കിട്ടും; ദേവനന്ദ മനസ്സിലെ മായാത്ത ദുഃഖമെന്ന് മുഖ്യമന്ത്രി; ഇളവൂരിലെ വേദന നിയമസഭയിൽ ചർച്ചയാക്കി ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നമ്മുടെ മനസ്സിൽ നിന്നും ഒരിക്കലും മായാത്ത വേദനയായി മാറിയിരിക്കുകയാണ് ദേവനന്ദ. കാലത്തിനുപോലും മായ്ക്കാനാകാത്തതാണ് ആ കുഞ്ഞിന്റെ അച്ഛനമ്മമാരുടെ ദുഃഖമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുടവട്ടൂർ സ്വദേശികളായ പ്രദീപിന്റെയും ധന്യയുടെയും മകളായ ഏഴുവയസ്സുള്ള ആ കുട്ടിയെ കാണാതായ വിവരം അറിഞ്ഞതുമുതൽ ഈ സമൂഹമാകെ മനസ്സുകൊണ്ട് ആ അച്ഛനമ്മമാരുടെ മനസ്സിന്റെ ഒപ്പം ഉണ്ടായിരുന്നു. ആ കുഞ്ഞിന് ഒന്നും പറ്റരുതേ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുകൊണ്ടിരുന്നുവെന്നും നിമയസഭയെ മുഖ്യമന്ത്രി അറിയിച്ചു. ദേവനന്ദയുടെ വിയോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

പൊലീസ് അടക്കമുള്ള സർക്കാർ സംവിധാനങ്ങളാകെ ഈ ഘട്ടത്തിൽ കുഞ്ഞിനെ കണ്ടെത്താൻ എല്ലാ സാധ്യതകളും ഉപയോഗിച്ചുകൊണ്ട് ഉറക്കമിളച്ച് എന്നവണ്ണം അവിടെ കേന്ദ്രീകരിച്ചു. ഗവൺമെന്റ് പൊതുവിലും, ഞങ്ങളൊക്കെ തന്നെയും ഓരോ ഘട്ടത്തിലും ആ നാടിന്റെയും ആ കുടുംബത്തിന്റേയും ഉത്കണ്ഠ പങ്കിട്ടുകൊണ്ടാണിരുന്നത്. ചെറിയ ഇടവേളകളിൽ ആ കുഞ്ഞിനെക്കുറിച്ച് വിളിച്ച് അന്വേഷിച്ചു കൊണ്ടേയിരുന്നു. ഏതുവിധേനയും കുഞ്ഞിനെ ജീവനോടെ കണ്ടെത്തുവാൻ നിർദ്ദേശങ്ങൾ നൽകിക്കൊണ്ടും അതിന് മേൽനോട്ടം വഹിച്ചുകൊണ്ടുമിരുന്നു. എല്ലാ പ്രതീക്ഷകളും അവസാനിപ്പിക്കും വിധമാണ് ആ തെരച്ചിൽ അവസാനിച്ചത് എന്നത് സഭക്ക് അറിയാവുന്ന കാര്യമാണ്. സഭയുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ഈ ദുഃഖം നമ്മുടെയൊക്കെ ദുഃഖമാണ്.

പല ഊഹാപോഹങ്ങളും അനുമാനങ്ങളും ഈ സംഭവത്തെ തുടർന്നുണ്ടായി. എന്നാൽ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലേ പൊലീസിനു നീങ്ങാനാവൂ. ശാസ്ത്രീയമായ അന്വേഷണ വഴിയിൽ പൊലീസ് തന്നെ ഒടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നതു അറിയാമല്ലോ. അടിയൊഴുക്കുള്ള സ്ഥലമാണ് ആ ബണ്ട്. കനാൽ തുറന്നിരുന്നതിനാൽ വലിയ ശക്തിയിൽ ജലപ്രവാഹമുണ്ടായിരുന്നുതാനും. ഈ സ്ഥലത്ത് പത്തുവർഷത്തിനുള്ളിൽ അഞ്ചുപേർ മരണപ്പെട്ടിട്ടുണ്ട്. ചുരുക്കത്തിൽ അപായകരമായ സ്ഥാനമാണിത്. അവിടെ വള്ളിക്കിടയിൽ കുഞ്ഞിന്റെ മൃതദേഹം കുടുങ്ങിക്കിടന്നതു കണ്ടെത്തിയതിൽ നിന്നുതന്നെ പൊലീസിന്റെ അന്വേഷണ വഴികൾ ശരിയായിരുന്നു എന്നു തെളിയുന്നുണ്ട്.

27-ന് കാലത്ത് കാണാതായ വിവരമറിഞ്ഞയുടൻതന്നെ പൊലീസ്-ഫയർ സെക്യൂരിറ്റി ഭടന്മാർ അന്വേഷണം കേന്ദ്രീകരിച്ചത് ഇവിടെ തന്നെയാണ്. പിന്നീട് വളരെ സാമർത്ഥ്യമുള്ള പൊലീസ് നായ തലേന്ന് ദേവനന്ദ ധരിച്ചിരുന്ന വസ്ത്രം മണത്തിട്ട് നേരേപോയത് വള്ളക്കടവിലേക്കു തന്നെ. അവിടെ അതിന്റെ വഴി അടഞ്ഞു. തുടർന്ന് അവിടം കേന്ദ്രീകരിച്ച് അന്വേഷിക്കുകയായിരുന്നു. 28-ന് രാവിലെ അഞ്ചു മണിക്ക് പൊലീസിന്റെയും ഫയർഫോഴ്‌സിന്റെയും കോസ്റ്റൽ വാർഡന്മാരുടെയും സഹായത്തോടെ പള്ളമൺ ആറിൽ വീണ്ടും തിരച്ചിൽ ആരംഭിക്കുകയായിരുന്നു. രാവിലെ 7.30 ഓടെ പള്ളിമൺ ആറിലെ തടത്തിൽമുക്കിൽ നടന്ന തിരച്ചിലിൽ 400 മീറ്റർ മാറിയ ഭാഗത്ത് ദേവനന്ദയുടെ ദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞു. രക്ഷാകർത്താക്കളും തിരിച്ചറിഞ്ഞു.

കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത ഉടൻതന്നെ വയർലസ്സ് മെസ്സേജ് മുഖാന്തിരം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കും റയിൽ അലർട്ടുകളിലേക്കും ജാഗ്രതാ സന്ദേശങ്ങൾ അയച്ചു. കേന്ദ്ര വെബ് പോർട്ടലായ ട്രാക്ക് ചൈൽഡിൽ വിവരം നൽകി. വാട്‌സ്അപ്പ്, ഫേസ്‌ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെയും വിവരങ്ങൾ നൽകി. കുഞ്ഞിന്റെ ചിത്രങ്ങളും അടയാളങ്ങളും പ്രചരിപ്പിച്ചു. സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി എന്നർത്ഥം. 13 അംഗ അന്വേഷണസംഘം രൂപീകരിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള അമ്പതോളം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി തിരച്ചിൽ നടത്തി. ഡോഗ് സ്‌ക്വോഡ്, സയന്റിഫിക് എക്‌സ്‌പെർട്ട്, ഫിംഗർ പ്രിന്റ് എക്‌സ്‌പെർട്ട് എന്നിവരുടെ സേവനങ്ങൾ ഉപയോഗിച്ചു. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. വീടിനു സമീപത്തൂടെ ഒഴുകുന്ന പള്ളിമൺ ആറിൽ ഫയർഫോഴ്‌സ് സേനാംഗങ്ങളുടെ സേവനം ഉപയോഗിച്ച് തിരച്ചിൽ നടത്തി.

കേസിന്റെ KP Act 57(1)(A) പ്രകാരമുള്ള വകുപ്പ് CrPC 174 എന്ന് ഭേദഗതി ചെയ്തിട്ടുണ്ട്. സയന്റിഫിക് എക്‌സ്പർട്ട്, ഫിംഗർപ്രിന്റ് എക്‌സ്പർട്ട്, ഫോട്ടോഗ്രാഫർ എന്നിവരുടെ സഹായത്തോടെ ആവശ്യമായ തെളിവുകൾ ശേഖരിച്ച ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫോറൻസിക് വിഭാഗത്തിലെ Team of Doctors നെക്കൊണ്ട് പോസ്റ്റ്‌മോർട്ടം നടത്തി. Postmortem Certificate 'Postmortem findings are consistent with death due to drowning. Additional report will follow on receipt of laboratory investigations' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കാണാതായ കുട്ടി ഏതെങ്കിലും തരത്തിൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് അറിയുന്നതിനായി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ദേവനന്ദയുടെ മൃതദേഹത്തിൽ നിന്നും ശേഖരിച്ച തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി കെമിക്കൽ എക്‌സാമിനേഷൻ ലബോറട്ടറി, ഫോറൻസിക് സയൻസ് ലബോറട്ടറി എന്നിവിടങ്ങളിലേക്ക് അയച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.

ഈ സഭയും ഈ സർക്കാരും വിങ്ങുന്ന ആ കുടുംബത്തിനൊപ്പമുണ്ട്. ഒറ്റപ്പെട്ടനിലയിൽ കുഞ്ഞുങ്ങളെ കണ്ടാൽ ശ്രദ്ധിക്കണമെന്ന് പൊലീസിന് നിർദ്ദേശം നൽയിട്ടുണ്ട്. പൊലീസ് മാത്രമല്ല, നാട്ടുകാരും ഇക്കാര്യത്തിൽ ശ്രദ്ധവെക്കണം. ദേവനന്ദയുടെ കാര്യത്തിൽ സംഭവിച്ചത്, ആ കുട്ടി ആരുടെയും ശ്രദ്ധയിൽപ്പെട്ട രീതിയിലല്ല ആ വഴിപോയത് എന്നതാണ്. ദേവനന്ദ കേരളത്തിന്റെ മനസ്സിലെ മായാത്ത ദുഃഖമാണ്. ഇനി അങ്ങനെയൊരു ദുരന്തം കേരളത്തിലുണ്ടാവാതിരിക്കാനുള്ള ജാഗ്രത നമ്മുടെയെല്ലാം ഭാഗത്തുനിന്നുണ്ടാവണം-മുഖ്യമന്ത്രി പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP