Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദേശ രാജ്യങ്ങളിലെ വൻകിട കമ്പനികളുടെ ബാങ്ക് വിവരങ്ങൾ ചോർത്തി പണം തട്ടിപ്പ്; എടിഎം കാർഡ് ഉപയോഗിച്ച് പലപ്പോഴായി പിൻവലിച്ചത് 50 ലക്ഷത്തിലേറെ രൂപ: മൂന്ന് മലയാളികൾ അടക്കം നാലു പേർ അറസ്റ്റിൽ

വിദേശ രാജ്യങ്ങളിലെ വൻകിട കമ്പനികളുടെ ബാങ്ക് വിവരങ്ങൾ ചോർത്തി പണം തട്ടിപ്പ്; എടിഎം കാർഡ് ഉപയോഗിച്ച് പലപ്പോഴായി പിൻവലിച്ചത് 50 ലക്ഷത്തിലേറെ രൂപ: മൂന്ന് മലയാളികൾ അടക്കം നാലു പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കാസർകോട്: വിദേശ രാജ്യങ്ങളിലെ വൻകിട കമ്പനികളുടെ അക്കൗണ്ട് വിവരങ്ങൾ ചോർത്തി വ്യാജ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയെടുക്കുന്ന നാലംഗ സംഘം കാസർകോഡ് നിന്നും പിടിയിലായി. മൂന്ന് മലയാളികളും ഒരു തമിഴ്‌നാട്് സ്വദേശിയുമാണ് അറസ്റ്റിലായത്. തമിഴ്‌നാട് തൃശ്ശിനാപള്ളി ഇനാംദാർ തോപ്പിലെ പി.ജയറാം (30), കോട്ടയം രാമപുരം ഏഴാച്ചേരിയിലെ സന്തു എസ്. നെപ്പോളിയൻ (21), കോഴിക്കോട് കോഴഞ്ചേരി താമരശ്ശേരി ചെമ്പക്കടവ് ആശാരി കുടിയിൽ ഹൗസിൽ അഖിൽ ജോർജ് (27), കണ്ണൂർ ആലക്കോട് കാരിക്കയം മണക്കടല് കാപ്പിൽ ഹൗസിൽ കെ.ബി. ആൽബിൻ (25) എന്നിവരെയാണ് സിഐ സി.എ. അബ്ദുൽറഹീമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

വ്യാജ എടിഎം കാർഡ് ഉപയോഗിച്ച് ഇവർ പലപ്പോഴായി 50 ലക്ഷം രൂപയ്ക്ക് മുകളിൽ തട്ടിയെടുത്തതായാണ് വിവരം. പണത്തിന് പുറമേ ഈ കാർഡുകൾ ഉപയോഗിച്ച് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങളും വാങ്ങിയതായും പൊലീസ് കണ്ടെത്തി. ഇവർ സഞ്ചരിച്ച കാറും 17 എടിഎം കാർഡുകളും ലാപ്‌ടോപും സ്വൈപ്പിങ് മെഷീനും മൊബൈൽ ഫോണും10,000 രൂപയും പിടിച്ചെടുത്തു. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.

ടൗൺ പൊലീസ് സ്റ്റേഷനു സമീപത്തെ കാനറ ബാങ്കിന്റെ എടിഎം കൗണ്ടറിൽ നിന്നും പണം പിൻവലിക്കാൻ എത്തിയ സംഘത്തെ കണ്ട് പന്തികേട് തോന്നിയ നാട്ടുകാർ പൊലീസിൽ അറിയിച്ചതോടെയാണ് വൻ തട്ടിപ്പ് വെളിയിൽ വന്നത്. വ്യാജ കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിക്കാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ പരിസരവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നു പൊലീസ് എത്തി കൗണ്ടറിന്റെ അകത്ത് നിന്ന് ഒരാളെയും സമീപത്ത് നിർത്തിയിട്ടിരുന്ന കാറിൽ നിന്നു 3 പേരെയും പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് തെളിഞ്ഞത്.

സംഘത്തിന്റെ സൂത്രധാരനായ തമിഴ്‌നാട് സ്വദേശി ജയറാമിനെതിരെ സമാനരീതിയിലുള്ള രണ്ടു കേസുകൾ തമിഴ്‌നാട്ടിലുണ്ടെന്ന് കേസ് അന്വേഷിക്കുന്ന എസ്‌ഐമാരായ ഷേയ്ഖ് അബ്ദുൽറസാഖ്, കെ.അജിത എന്നിവർ പറഞ്ഞു. വ്യാജ കാർഡ് ഉപയോഗിച്ച് 50 ലക്ഷത്തിലേറെ രൂപ ഇതിനകം ബാങ്കുകളിൽ നിന്നു പിൻവലിച്ചിട്ടുണ്ട്. ഇതിനു പുറമെ സ്വർണം, ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വ്യാജ കാർഡ് ഉപയോഗിച്ച് കടകളിൽ നിന്നു വാങ്ങിയിട്ടുണ്ട്.

കാനഡയിലുള്ള ബന്ധുവാണ് വൻകിട കമ്പനികളുടെയും വ്യക്തികളുടെയും ബാങ്ക് വിവരങ്ങൾ ചോർത്തി ജയറാമിന് നൽകുന്നത്. കൂടുതലും തട്ടിപ്പിനിരയായത് വിദേശികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ ഗോവയിലേക്ക് പോകുന്ന വഴിയാണ് പണം പിൻവലിക്കാൻ കാനറ ബാങ്കിന്റെ എടിഎം കൗണ്ടറിലെത്തിയതെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP