Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശ്രീദേവി ജോലി ചെയ്ത് അധ്വാനിച്ച് ജീവിക്കട്ടേ.... അച്ഛൻ ഒട്ടും തന്നെ ഇതൊന്നും ശ്രദ്ധിക്കുന്ന ആളല്ല... വർഷത്തിൽ ഒരിക്കലേ വരൂ. പോകുമ്പോൾ ഒരു കുഞ്ഞുണ്ടാകണം; അച്ഛന്റെ ജോലി എന്ന് പറയുന്നത് ഇത് മാത്രമാണെന്നാണ് പുള്ളി കരുതിയിരിക്കുന്നത്; ശ്രീദേവി സംഭവമെന്നാൽ രണ്ട് പേരെ സന്തോഷകരമായി പാർട്ടിയിൽ നിന്ന് പുറത്താക്കിയ സംഭവം! വീടുദാന ചടങ്ങിനിടെ യുവതിയേയും ഭർത്താവിനെയും അവഹേളിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; കൈതമുക്കിലെ മണ്ണ് തിന്നൽ വീണ്ടും വിവാദമാകുമ്പോൾ

ശ്രീദേവി ജോലി ചെയ്ത് അധ്വാനിച്ച് ജീവിക്കട്ടേ.... അച്ഛൻ ഒട്ടും തന്നെ ഇതൊന്നും ശ്രദ്ധിക്കുന്ന ആളല്ല... വർഷത്തിൽ ഒരിക്കലേ വരൂ. പോകുമ്പോൾ ഒരു കുഞ്ഞുണ്ടാകണം; അച്ഛന്റെ ജോലി എന്ന് പറയുന്നത് ഇത് മാത്രമാണെന്നാണ് പുള്ളി കരുതിയിരിക്കുന്നത്; ശ്രീദേവി സംഭവമെന്നാൽ രണ്ട് പേരെ സന്തോഷകരമായി പാർട്ടിയിൽ നിന്ന് പുറത്താക്കിയ സംഭവം! വീടുദാന ചടങ്ങിനിടെ യുവതിയേയും ഭർത്താവിനെയും അവഹേളിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; കൈതമുക്കിലെ മണ്ണ് തിന്നൽ വീണ്ടും വിവാദമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വീടുദാന ചടങ്ങിനിടെ ഗുണഭോക്താവായ യുവതിയേയും ഭർത്താവിനെയും അവഹേളിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവനന്തപുരത്ത് ദാരിദ്ര്യത്തെ തുടർന്ന് കുട്ടി മണ്ണു തിന്നെന്ന വിവാദത്തിലായ കുടുംബത്തെയാണ് അവർക്ക് വീട് കൈമാറുന്ന ചടങ്ങിൽ കടകംപള്ളി അവഹേളിച്ചത്. രണ്ടു പാർട്ടി പ്രവർത്തകരുടെ പണി കളഞ്ഞതാണ് വീട്ടമ്മ എന്നാണ് കടകംപള്ളി പൊതുചടങ്ങിൽ പറഞ്ഞു തുടങ്ങിയത്.

രണ്ട് പേരെ സന്തോഷകരമായി പാർട്ടിയിൽ നിന്ന് പുറത്താക്കിയ സംഭവമാണ് ശ്രീദേവി സംഭവമെന്നത് ഈ സന്ദർഭത്തിൽ ഓർമിക്കാതിരിക്കാൻ നിർവ്വാഹകമില്ല. ശ്രീദേവിക്ക് നല്ല ആരോഗ്യമെല്ലാം ഉണ്ട്. ആരോഗ്യം ഉണ്ട് എന്ന കാര്യത്തിൽ നിങ്ങൾക്കെല്ലാം സംശയമില്ലല്ലോ? ശ്രീദേവി ജോലി ചെയ്ത് അധ്വാനിച്ച് ജീവിക്കട്ടേ....  അയാൾ അയാളുടെ വഴിക്ക് പോകട്ടേ.. അച്ഛൻ ഒട്ടും തന്നെ ഇതൊന്നും ശ്രദ്ധിക്കുന്ന ആളല്ല.അയാൾ മഹാ കുഴപ്പക്കാരനാണ്. വർഷത്തിൽ ഒരിക്കലേ വരൂ. പോകുമ്പോൾ ഒരു കുഞ്ഞുണ്ടാകണം. വേറെ ഒരു ഉത്തരവാദിത്തമൊന്നുമില്ല. അച്ഛന്റെ ജോലി എന്ന് പറയുന്നത് ഇത് മാത്രമാണെന്നാണ് പുള്ളി കരുതിയിരിക്കുന്നത്,-മന്ത്രി പറഞ്ഞു.

കൈതമുക്കിലാണ് കുട്ടികൾ മണ്ണ് തിന്ന സംഭവമുണ്ടായത്. അന്ന് ശിശുക്ഷേമ സമിതിയുടെ ജനറൽ സെക്രട്ടറിയായ എസ് പി ദീപക്കിനും വഞ്ചിയൂർ ലോക്കൽ കമ്മറ്റി സെക്രട്ടറിയായ വിമലിനുമാണ് പാർട്ടിയിൽ അച്ചടക്ക നടപടിയുണ്ടായത്. മണ്ണ് തിന്നുവെന്ന സംഭവം പിണറായി സർക്കാരിന് വലിയ അവമതിപ്പുണ്ടാക്കി. ഇതിന് കാരണം ദീപക്കാണെന്നാണ് സിപിഎം വിലയിരുത്തിയത്. ഇതേ തുടർന്ന് ദീപക്കിനെ പാർട്ടി തരംതാഴ്‌ത്തി. വിമലിനെ ലോക്കൽ കമ്മറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. ദീപക്കും വിമലും കടകംപള്ളിയുമായി ഏറെ അടുപ്പമുള്ള നേതാവാണ്. ദീപക്കിനെ കടകംപള്ളിയുടെ അതിവിശ്വസ്തന്മാരിൽ ഒരാളായാണ് ഏവരും വിലയിരുത്തിയിരുന്നത്. ഇതിന്റെ അമർഷമാണ് വീട് ദാന ചടങ്ങിൽ കടകംപള്ളി വാക്കുകളിലൂടെ രേഖപ്പെടുത്തിയതെന്നാണ് വിലയിരുത്തൽ.

എന്നാൽ ഒരു കുടുംബത്തെ പൊതുവേദിയിൽ ഇങ്ങനെ കളിയാക്കാമോ എന്നതാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന ചോദ്യം. തീർത്തും അവഹേളിക്കലായിരുന്നു മന്ത്രിയുടെ പരമാർശമെന്നാണ് അഭിപ്രായം ഉയരുന്നത്. കൈതമുക്ക് റെയിൽവേ പുറമ്പോക്കിൽ താമസിച്ചിരുന്ന കുടുംബത്തിലെ കുട്ടികൾ വിശപ്പുമൂലം മണ്ണു വാരി തിന്നുവെന്ന ദീപക്കിന്റെ പരാമർശമാണു വിവാദത്തിന് കാരണം. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ടു ദീപക് നടത്തിയ പരാമർശം സർക്കാരിന് അവമതിപ്പുണ്ടാക്കിയെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു.

ദീപക്കിനോടു വിശദീകരണം തേടണമെന്നു പാർട്ടി ജില്ലാ സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് ദീപക്കിനെതിരേ നടപടി വേണമെന്നു സിപിഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കാൻ പാർട്ടി ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തലിന് പിന്നാലെ വൃത്തിഹീനമായ സാഹചര്യത്തിലാണ് കൈതമുക്കിലെ കുടുംബം താമസിച്ചിരുന്നതെങ്കിലും കുട്ടികൾക്ക് മണ്ണു വാരി തിന്നേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന സംസ്ഥാന ബാലവകാശ കമ്മിഷന്റെ കണ്ടെത്തലുകളെ അംഗീകരിക്കുന്ന നിലപാടുമായി ശിശുക്ഷേമ സമിതി രംഗത്തെത്തിയിരുന്നു.

കുട്ടിയുടെ അമ്മ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കമ്മിഷൻ ചെയർമാൻ പി സുരേഷ് വ്യക്തമാക്കിയിരുന്നു. കുട്ടികൾ മണ്ണു തിന്നു എന്ന വാർത്ത തെറ്റിദ്ധാരണ മൂലം ഉണ്ടായതാണെണാണ് ശിശുക്ഷേമ സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കെ എസ്‌പി ദീപക് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. വിഷയം വളച്ചൊടിച്ച് സർക്കാരിനെതിരെ ഉപയോഗിക്കുന്നു. ശിശുക്ഷേമ സമിതിക്ക് ഇതിൽ പ്രതിഷേധമുണ്ട്. ഈ സാഹചര്യത്തിൽ മണ്ണ് തിന്നൽ വിവാദത്തിൽ നിന്നും മാധ്യമങ്ങൾ ഒഴിഞ്ഞു മാറണമെന്നാണ് ശിശുക്ഷേമ സമിതിയുടെ ആവശ്യമെന്നും വാർത്താക്കുറിപ്പിൽ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതോടെ വിവാദങ്ങൾ ഒഴിവാകുമെന്ന് ദീപക് കരുതിയെങ്കിലും ഇന്നലെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റും ദീപക്കിനെതിരേ നടപടി ആവശ്യപ്പെട്ടതോടെയാണ് അദ്ദേഹം രാജിവയ്ക്കാൻ തയ്യാറായത്.

കുട്ടികൾ വിശപ്പ് സഹിക്കാനാകാതെ മണ്ണ് വാരിത്തിന്നതായ വാർത്തകൾ തെറ്റെന്ന് അമ്മ ശ്രീദേവി വിശദീകരിക്കുകയും ചെയ്തു. കുട്ടികളിൽ ഒരാൾക്ക് മണ്ണ് തിന്നുന്ന ശീലമുണ്ട്. എത്ര ശ്രമിച്ചിട്ടും മാറ്റാനാകുന്നില്ല. കളിക്കുന്നതിനിടയിൽ മണ്ണ് തിന്നത് ഉദ്യോഗസ്ഥർ കണ്ടതാണ് തെറ്റിദ്ധാരണയ്ക്ക് കാരണം. പട്ടിണിമൂലം കുട്ടികൾ മണ്ണ് വാരിത്തിന്നതായ പ്രചാരണത്തിൽ ദുഃഖമുണ്ടെന്നും ശ്രീദേവി ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് പറഞ്ഞിരുന്നു.

'കുട്ടികളെ അച്ഛൻ കുഞ്ഞുമോൻ നിരന്തരം ഉപദ്രവിക്കുമായിരുന്നു. അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് ശിശുക്ഷേമ സമിതിയോട് ഏറ്റെടുക്കാൻ ആവശ്യപ്പെട്ടത്. കുട്ടികൾ പട്ടിണി കിടന്നിട്ടില്ല. നഗരസഭ വീടും ജോലിയും നൽകിയതിൽ സന്തോഷമുണ്ട്. 630 രൂപ ദിവസ വേതനത്തിൽ 15 ദിവസത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കാനാണ് നിർദ്ദേശം. ഫ്‌ളാറ്റ് ലഭിച്ചാൽ കുട്ടികളെ എല്ലാവരെയും ഒപ്പം നിർത്താനാണ് ആഗ്രഹമെ'ന്നും ശ്രീദേവി പറഞ്ഞിരുന്നു. എൽഡിഎഫ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള നുണപ്രചാരണങ്ങളുടെ മുനയൊടിക്കുന്നതാണ് ശ്രീദേവിയുടെ വെളിപ്പെടുത്തൽ എന്ന് ദേശാഭിമാനിയും എഴുതി. അത്തരത്തിലൊരു കുടുംബത്തെയാണ് മന്ത്രി പൊതുവേദിയിൽ കളിയാക്കുന്നത്.

കുട്ടികൾക്ക് പൂർണ വളർച്ചയുണ്ടെന്ന് ഡോക്ടർമാരുടെ സംഘം സാക്ഷ്യപ്പെടുത്തി. ഭക്ഷണം എത്തിച്ചിരുന്നത് ഡിവൈഎഫ്ഐ കുട്ടികൾക്ക് ഭക്ഷണമില്ലാത്ത സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് പ്രദേശവാസികളും പറഞ്ഞു. ഗൃഹനാഥൻ കുടുംബത്തിന് ചെലവിന് പണം നൽകിയിരുന്നില്ല. പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകർ ആവശ്യമായ ഭക്ഷണ സാമഗ്രികൾ എല്ലാ മാസവും എത്തിച്ചിരുന്നു. അയൽക്കാരും സഹായിച്ചു. മുമ്പും കുടുംബത്തെ ഉപദ്രവിച്ചതിന് കുഞ്ഞുമോനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രദേശത്തെ സിപിഐ എം-- ഡിവൈഎഫ്ഐ പ്രവർത്തകരാണ് മുൻകൈയെടുത്തത്. അപ്പോഴൊന്നും സ്ഥലത്തെ ബിജെപി കൗൺസിലർ കോമളവല്ലിയോ എംഎൽഎ വി എസ് ശിവകുമാറോ സഹായിച്ചില്ലെന്നും ദേശാഭിമാനി എഴുതിയിരുന്നു.

കുടുംബത്തിന്റെ ദയനീയാവസ്ഥ പുറത്തുവന്നതുമുതൽ ശ്രദ്ധേയമായ ഇടപെടലാണ് സംസ്ഥാന സർക്കാർ കൈക്കൊണ്ടത്. മുതിർന്ന നാല് കുട്ടികളെയും ശിശുക്ഷേമ സമിതി ഏറ്റെടുത്തു. നഗരസഭ കുടുംബത്തിന് വീടും ശ്രീദേവിക്ക് ജോലിയും നൽകി. മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് ശ്രീദേവിയെയും ഇളയ കുട്ടികളെയും പൂജപ്പുര മഹിളാ മന്ദിരത്തിലേക്ക് മാറ്റി. ഇവരുടെ സൗകര്യത്തിനായി അമ്മയെയും കുട്ടികളെയും വെള്ളനാട്ടെ സ്വകാര്യ സ്ഥാപനത്തിലേക്ക് മാറ്റാനും തീരുമാനിച്ചു. കുടുംബത്തിന് റേഷൻ കാർഡും നൽകി. അതിന് ശേഷമാണ് സ്വന്തമായി വീട് വച്ചു നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP