Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മീറ്റിങ് വയ്ക്കുക എപ്പോഴും വിമാനത്താവള പരിസരത്ത്; പണം വാങ്ങും മുമ്പ് സർട്ടിഫിക്കറ്റ് പരിശോധന; പുറത്തുവച്ച് സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷം വിശ്വാസ്യത കൂട്ടാൻ കൂട്ടത്തിൽ ഒരാൾ ടെർമിനൽ കെട്ടിടത്തിന് ഉള്ളിലേക്ക് പോകും; ജോലി തരപ്പെടുത്താൻ സംഘം ചോദിക്കുന്നത് 15 ലക്ഷത്തിലേറെ; കണ്ണൂർ ജില്ലയിൽ നിന്ന് മാത്രം തട്ടിയെടുത്തത് അഞ്ച് കോടിയിലേറെ; മുഖ്യസൂത്രധാരൻ മുഹമ്മദ് ഒനാസിസ് മുങ്ങി; കണ്ണൂർ എയർപോർട്ടിലെ തട്ടിപ്പ് മന്ത്രിമാരുടെയും സിപിഎമ്മുകാരുടെയും പേരുപറഞ്ഞ്

മീറ്റിങ് വയ്ക്കുക എപ്പോഴും വിമാനത്താവള പരിസരത്ത്; പണം വാങ്ങും മുമ്പ് സർട്ടിഫിക്കറ്റ് പരിശോധന; പുറത്തുവച്ച് സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷം വിശ്വാസ്യത കൂട്ടാൻ കൂട്ടത്തിൽ ഒരാൾ ടെർമിനൽ കെട്ടിടത്തിന് ഉള്ളിലേക്ക് പോകും; ജോലി തരപ്പെടുത്താൻ സംഘം ചോദിക്കുന്നത് 15 ലക്ഷത്തിലേറെ; കണ്ണൂർ ജില്ലയിൽ നിന്ന് മാത്രം തട്ടിയെടുത്തത് അഞ്ച് കോടിയിലേറെ; മുഖ്യസൂത്രധാരൻ മുഹമ്മദ് ഒനാസിസ് മുങ്ങി; കണ്ണൂർ എയർപോർട്ടിലെ തട്ടിപ്പ് മന്ത്രിമാരുടെയും സിപിഎമ്മുകാരുടെയും പേരുപറഞ്ഞ്

ആർ പീയൂഷ്

കണ്ണൂർ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടുന്ന സംഘങ്ങൾ വിലസുന്നു. ജില്ലയിലെ ഉദ്യോഗാർഥികളിൽ നിന്നു മാത്രം 5 കോടി രൂപയിലേറെ തട്ടിയെടുത്തതായാണു പൊലീസിന്റെ പ്രാഥമിക നിഗമനം. മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും കിയാൽ മാനേജിങ് ഡയറക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും പേരുകൾ ദുരുപയോഗിച്ചാണു തട്ടിപ്പ് നടത്തുന്നത്.

ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്തതായി ആരോപിച്ച് ചക്കരക്കൽ, എടക്കാട്, തലശ്ശേരി, പയ്യന്നൂർ, കണ്ണൂർ സിറ്റി, പിണറായി പൊലീസ് സ്റ്റേഷനുകളിൽ ഒട്ടേറെ പരാതികളാണ് എത്തിയത്. തൊഴിലന്വേഷകരെ സമീപിച്ച് അവരുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലികൾ തരപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് വലയിൽ വീഴ്‌ത്തുന്നത്.

രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരണവും കിയാൽ ഡയറക്ടർ ബോർഡിലെ സ്വാധീനത്തെക്കുറിച്ചുള്ള വീരവാദവും കേട്ടാണു പലരും പണം നൽകിയത്. വിമാനത്താവളത്തിലേക്കു കൂട്ടിക്കൊണ്ടുപോയി അവിടെവച്ച് സർട്ടിഫിക്കറ്റുകൾ നൽകാൻ ആവശ്യപ്പെട്ട സംഭവങ്ങളുമുണ്ട്. വിമാനത്താവളത്തിനു പുറത്തുവച്ച് സർട്ടിഫിക്കറ്റുകൾ വാങ്ങി കൂട്ടത്തിലൊരാൾ ടെർമിനൽ കെട്ടിടത്തിനുള്ളിലേക്ക് പോകുന്നതോടെ ഉദ്യോഗാർഥികളുടെ വിശ്വാസം വർധിക്കും.

വിമാനത്താവളം പ്രവർത്തനം തുടങ്ങുന്നതിനു മുൻപേ വലവിരിച്ച സംഘം നൂറുകണക്കിനുപേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നാണു തുടർച്ചയായി എത്തുന്ന പരാതികളിൽ നിന്നു മനസ്സിലാക്കുന്നത്. വിദേശത്തെ ജോലി രാജിവച്ചു വന്നവരും ഉയർന്ന കോഴ്സുകളിൽ പ്രവേശനം ലഭിച്ചിട്ടും വിമാനത്താവളത്തിലെ ജോലി പ്രതീക്ഷിച്ച് അവസരങ്ങൾ നഷ്ടപ്പെടുത്തിയവരുമുണ്ട് കൂട്ടത്തിൽ.

വിമാനത്താവളം ഉദ്ഘാടനം ചെയ്ത് ഒരു വർഷത്തിലേറെ കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതിനെത്തുടർന്നാണ് പരാതികൾ പൊലീസ് സ്റ്റേഷനുകളിലേക്ക് എത്തിത്തുടങ്ങിയത്. കഴിഞ്ഞ ആഴ്ച ഒറ്റദിവസം പയ്യന്നൂർ സ്റ്റേഷനിൽ ലഭിച്ചത് 5 പരാതികളാണ്. ഇതിൽ അറസ്റ്റിലായ 3 പേർ റിമാൻഡിലാണ്. എട്ടു പേരിൽ നിന്നായി 25 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിനു തലശ്ശേരി പൊലീസ് 5 പേർക്കെതിരെ കേസെടുത്തിരുന്നു. സിറ്റി സ്റ്റേഷനിലെ പരാതിയിൽ ദമ്പതികൾക്കെതിരെ കേസുണ്ട്. തട്ടിപ്പ് സംഘങ്ങളിലൊന്നിന്റെ പ്രധാന സൂത്രധാരനെന്ന് കരുതുന്ന തലശ്ശേരിയിലെ മുഹമ്മദ് ഒനാസിസ് നാട്ടിൽനിന്ന് മുങ്ങി. വേറെയും സംഘങ്ങൾ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയതായി റിപ്പോർട്ടുണ്ട്.

വിമാനത്താവളത്തിൽ ഒഴിവുണ്ടാവുകയോ അപേക്ഷ ക്ഷണിക്കുകയോ ചെയ്യാത്ത തസ്തികകളിലേക്കാണ് നിയമനം വാഗ്ദാനം ചെയ്ത് പണം തട്ടുന്നത്. ഒനാസിസിന്റെ അക്കൗണ്ടിലേക്ക് ഓൺലൈനായാണ് പലരും പണം നൽകിയത്. അണ്ടലൂരിലെ സരിൻ പരിചയപ്പെടുത്തിയത് പ്രകാരം ഒനാസിസിന് പണം നൽകി വഞ്ചിക്കപ്പെട്ടതായി പിണറായി പൊലീസ് സ്റ്റേഷനിലും കേസെടുത്തു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി പൊലീസിന് കൈമാറുകയായിരുന്നു.

ഒനാസിസിന്റെ നേതൃത്വത്തിലുള്ള സംഘം വിവിധ തസ്തികകളിൽ നിയമനത്തിന് നാലുലക്ഷം രൂപയാണ് ഓരോരുത്തരിൽനിന്നും ആവശ്യപ്പെട്ടത്. രണ്ടരലക്ഷം രൂപ വീതം ആദ്യഗഡുവായി വാങ്ങി. ബാങ്ക് അക്കൗണ്ടിലേക്ക് ഓൺലൈനായേ പണം നൽകാവൂ എന്ന് പറഞ്ഞത് വിശ്വാസ്യത വർധിപ്പിച്ചെന്നാണ് പരാതിക്കാർ പറയുന്നത്. എൻജിനീയർ, സ്റ്റോർ ഇൻ ചാർജ്, ഐ.ടി. പ്രോഗ്രാമർ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം വാഗ്ദാനം ചെയ്തത്.

പണം വാങ്ങുന്നതിനു മുന്നോടിയായി ഉദ്യോഗാർഥികളെ ഒനാസിസ് വിമാനത്താവളത്തിനടുത്തേക്ക് വിളിച്ചുവരുത്തി സർട്ടിഫിക്കറ്റ് പരിശോധന നടത്തിയതായും വ്യക്തമായി. പണം കൊടുത്ത് വഞ്ചിതരായവരിൽ മിക്കവരും നാണക്കേട് കാരണം പരാതി നൽകാൻ തയ്യാറാവുന്നില്ല. പല സംഘങ്ങളും ഇപ്പോഴും തട്ടിപ്പ് നടത്തുന്നുണ്ടെന്ന വിവരം പുറത്തുവന്നതിനെത്തുടർന്നാണ് ചിലരെങ്കിലും പരാതിയുമായെത്തിയത്.

കാടാച്ചിറ മാളികപ്പറമ്പിലെ മുൻ സിപിഎം. പ്രവർത്തകൻ രാജേഷിനെതിരേയും വിമാനത്താവളത്തിൽ തൊഴിൽ വാഗ്ദാനം ചെയ്ത് വഞ്ചിച്ചതിന് കേസുണ്ട്. പരാതികളെത്തുടർന്ന് രാജേഷിനെ സിപിഎമ്മിൽനിന്ന് പുറത്താക്കി. വിവിധ സ്റ്റേഷനുകളിലായി ഒട്ടേറെ പരാതികളെത്തിയ സാഹചര്യത്തിൽ കേന്ദ്രീകൃത അന്വേഷണം വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

നേരത്തെ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മുസ്ലിം ലീഗ് പഞ്ചായത്തംഗവും കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളും അറസ്റ്റിലായിരുന്നു. വ്യവസായ മന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. ചെറുവത്തൂർ പഞ്ചായത്തിലെ മുസ്ലിം ലീഗ് അംഗവും തൃക്കരിപ്പൂർ യൂത്ത് ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമായ അനൂപ്, കോൺഗ്രസ് ചെറുവത്തൂർ മണ്ഡലം വൈസ് പ്രസിഡന്റും ഐഎൻടിയുസി നേതാവുമായ വി.വി ചന്ദ്രൻ, യൂത്ത് കോൺഗ്രസ് നേതാവ് പ്രിയദർശൻ എന്നിവരാണ് അറസ്റ്റിലായത്.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജൂനിയർ എക്‌സിക്യൂട്ടീവ് പോസ്റ്റിലേക്ക് ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ സംഘം 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പയ്യന്നൂർ സ്വദേശി രാഹുൽ എന്നയാളിൽ നിന്ന് 50,000 രൂപ അഡ്വാൻസായി കൈപ്പറ്റി. ബാക്കി തുക നൽകാനായി വിളിച്ചപ്പോൾ സംസാരത്തിൽ സംശയം തോന്നിയ രാഹുൽ പയ്യന്നൂർ പൊലീസിനെ അറിയിക്കുകയായിരുന്നു.

ബാക്കി പണം നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയാണ് സംഘത്തെ പൊലീസ് പിടികൂടിയത്. വ്യവസായ മന്ത്രിയുമായും മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫുമായും ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നത്. ഇതിന് മുൻപും സമാനമായ രീതിയിൽ ഇവർ ലക്ഷങ്ങൾ കൈക്കലാക്കിയിട്ടുണ്ട്. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് തലശേരിയിൽ മറ്റൊരു സംഘം പണം തട്ടിയതായി നേരത്തെ പരാതി ഉയർന്നിരുന്നു. രണ്ട് സംഘവും തമ്മിൽ ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

പ്രിയദർശനും രാഹുലും കോളജിൽ ഒരുമിച്ച് പഠിച്ചവരാണ്. ഈ പരിചയംവച്ചാണ് രാഹുലിന് വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് കൂട്ടുപ്രതികളായ മറ്റ് രണ്ടുപേർ സഹിതം തട്ടിപ്പിന് ശ്രമിച്ചതെന്നും കണ്ണൂർ വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന പലരും തങ്ങൾ മുഖാന്തരം ജോലി തരപ്പെട്ടവരാണെന്നും ഇവർ ഉദ്യോഗാർത്ഥികളോട് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP