Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നൈപുണ്യശേഷിയുള്ള തൊഴിൽശക്തിയെ വാർത്തെടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി രാമകൃഷ്ണൻ; ഒഡെപെക് പരിശീലനകേന്ദ്രങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത് സർക്കാർ ഗൗരവമായി പരിഗണിക്കുമെന്നും തൊഴിൽ മന്ത്രി

നൈപുണ്യശേഷിയുള്ള തൊഴിൽശക്തിയെ വാർത്തെടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി രാമകൃഷ്ണൻ; ഒഡെപെക് പരിശീലനകേന്ദ്രങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത് സർക്കാർ ഗൗരവമായി പരിഗണിക്കുമെന്നും തൊഴിൽ മന്ത്രി

സ്വന്തം ലേഖകൻ

തൃശൂർ: നൈപുണ്യശേഷിയുള്ള തൊഴിൽശക്തിയെ വാർത്തെടുക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണൻ. കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസിന്റെ സഹകരണത്തോടെ ഓവർസീസ് ഡവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡ് അങ്കമാലിയിൽ ആരംഭിച്ച ഭാഷാപരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വിദേശരാജ്യങ്ങളിൽ തൊഴിൽതേടുന്നവർക്ക് വിദേശഭാഷകളിൽ മികച്ച പരിജ്ഞാനം നേടാനാവശ്യമായ പരിശീലനസൗകര്യങ്ങൾ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അങ്കമാലി ഇൻകൽ പാർക്കിൽ ഭാഷാ പഠന കേന്ദ്രം ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ ഐ ഇ എൽ ടി എസ്, ഒ ഇ ടി തുടങ്ങിയ ഇംഗ്ലീഷ് ഭാഷാപരിശീലനവും രണ്ടാം ഘട്ടമായി ജാപ്പനീസ്, ജർമ്മൻ തുടങ്ങിയ ഭാഷാപരിശീലനവും നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരത്തും എറണാകുളത്തും ഡൽഹിയിലും ഒഡെപെകിന്റെ ഭാഷാപരിശീലനകേന്ദ്രങ്ങൾ നിലവിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ഉത്തരകേരളത്തിലെ തൊഴിലന്വേഷകർക്കായി കോഴിക്കോട് ജില്ലയിൽ പരിശീലനകേന്ദ്രം ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്്. ഒഡെപെക് പരിശീലനകേന്ദ്രങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത് സർക്കാർ ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
ആഗോളതലത്തിൽ തൊഴിലുകളുടെ ഘടനയിലും സ്വഭാവത്തിലും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുമായി കിടപിടിക്കാനുള്ള മികവ് ആർജ്ജിക്കുന്നതിന് യുവാക്കൾ ഏറെ പ്രാധാന്യം നൽകേണ്ടതുണ്ട്. ഇത് മുൻനിർത്തി തൊഴിലും നൈപുണ്യവും വകുപ്പ് സംസ്ഥാനത്ത് വിവിധ നൈപുണ്യവികസന-പരിശീലനപദ്ധതികൾ നടപ്പാക്കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വിദേശതൊഴിലന്വേഷകർക്ക് കേരള അക്കാദമി േഫാർ സ്‌കിൽസ് എക്സലൻസിനു കീഴിലുള്ള മികവിന്റെ കേന്ദ്രങ്ങളിലൂടെ നൈപുണ്യവികസനം നേടാനുള്ള അവസരം സർക്കാർ ഒരുക്കിയിട്ടുണ്ട്്. ഭാഷാനൈപുണ്യം, എജുക്കേഷൻ ആൻഡ് ടീച്ചർ ട്രെയിനിങ്, നഴ്സിങ്, ഓയിൽ ആൻഡ് റിഗ്, സെക്യൂരിറ്റി സർവീസ്, വെൽഡിങ്, വാട്ടർ ടെക്നോളജി, ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം, സ്പോർട്സ് റിസർച്ച് മാനേജ്മെന്റ്, ഫിനാൻഷ്യൽ സർവീസ് ആൻഡ് മാർക്കറ്റിങ്, ഡിസൈനിങ്, കൺസ്ട്രക്ഷൻ മേഖലകളിലാണ് നിലവിൽ നൈപുണ്യപരിശീലനം നൽകിവരുന്നത്.
കേരളത്തിലെ വിദഗ്ധ-അവിദഗ്ധ തൊഴിലന്വേഷകർക്ക് വിദേശത്ത് അവസരമൊരുക്കികൊടുക്കുകയെന്ന ദൗത്യമാണ് ഒഡെപെക്കിനുള്ളത്. വിദേശജോലി വാഗ്ദാനം ചെയ്ത് കബളിപ്പിക്കുന്ന കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഒഡെപെക് ഉദ്യോഗാർത്ഥികളിൽ നിന്നും സർവ്വീസ് ചാർജ് ഈടാക്കാതെ സൗജന്യമായാണ് പല രാജ്യങ്ങളിലേക്കും റിക്രൂട്ട്മെന്റ് നടത്തുന്നത്. ഓൺലൈൻ ഇന്റർവ്യൂവിനുള്ള സൗകര്യവും ഒഡെപെക് ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരെ യു കെ ആരോഗ്യവകുപ്പിനു കീഴിലുള്ള എൻഎച്ച്എസ് ട്രസ്റ്റ് ആശുപത്രികളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടികൾ ഒഡെപെക്ക് വഴി ആരംഭിച്ചിട്ടുണ്ട്. ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടുമായി ചേർന്ന് ആവിഷ്‌കരിച്ച ഗ്ലോബൽ ലേണേഴ്സ് പ്രോഗ്രാം പദ്ധതി വഴി കേരളത്തിലെ രണ്ടായിരത്തോളം നഴ്സുമാർക്ക് വിദേശ തൊഴിൽ അവസരം ഒരുക്കാനാവുമെന്ന് മന്ത്രി വ്യക്തമാക്കി. ഗ്ലോബൽ ലേണേഴ്സ് പ്രോഗ്രാമിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ഗവൺമെന്റ് നഴ്സുമാർക്ക് മൂന്നു വർഷത്തേക്ക് ലീവ് അനുവദിക്കുന്നതുസംബന്ധിച്ച് ഉത്തരവും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.

വിദേശത്തേക്കുള്ള റിക്രൂട്ട്മെന്റ് വിപുലീകരിക്കാനുള്ള സാധ്യതകൾ ഒഡെപെക് ഉപയോഗപ്പെടുത്തും. ഇതിനായി വിവിധ രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ട് ചർച്ച നടത്തും. യുവാക്കൾക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിൽ സാധ്യതകൾ ഉപയോഗപ്പെടുത്തക്കവിധം കഴിവ് ആർജ്ജിക്കാനുള്ള അവസരം സർക്കാർ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ഒഡെപെക്ക് ചെയർമാൻ എൻ.ശശിധരൻ നായർ അധ്യക്ഷനായിരുന്നു. കെയ്സ് എംഡി എസ്.ചന്ദ്രശേഖർ, ഒഡെപെക് എംഡി കെ.എ.അനൂപ്,മുൻസിപ്പൽ കൗൺസിലർ സജി വർഗീസ്, ഒഡെപെക്ക് ഡയറക്ടർ ബോർഡംഗങ്ങളായ വി.എൻ.പി.കൈമൾ, കെ.പി.ബീന എന്നിവർ പ്രസംഗിച്ചു. ഒഡെപെക്ക് ജയറൽ മാനേജർ എസ്.എസ്.സജു കൃതജ്ഞതയർപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP