Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിബിഐ അന്വേഷണം തടയാൻ ആദ്യം ശ്രമിച്ചത് കോടികൾ വാരിയെറിഞ്ഞ് അഭിഭാഷകരെ വാദിക്കാൻ എത്തിച്ച്; അതിൽ വിജയിക്കാതെ പോയതോടെ സിബിഐക്ക് കേസ് ഡയറി കൈമാറാതെ കള്ളക്കളി; ഒടുവിൽ കേസ് ഡയറി കിട്ടാൽ ക്രൈംബ്രാഞ്ചിനെതിരെ പരാതിയുമായി സിബിഐ ഹൈക്കോടതിയിൽ; സിപിഎം പ്രതിക്കൂട്ടിലായ പെരിയ ഇരട്ടക്കൊലപാതക കേസിൽ അന്വേഷണത്തെ ഭയന്ന് കേരള ആഭ്യന്തര വകുപ്പ്; കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമങ്ങൾ ശക്തമെന്ന് കൃപേഷിന്റെയും ശരത്ലാലിന്റെയും ബന്ധുക്കൾ

സിബിഐ അന്വേഷണം തടയാൻ ആദ്യം ശ്രമിച്ചത് കോടികൾ വാരിയെറിഞ്ഞ് അഭിഭാഷകരെ വാദിക്കാൻ എത്തിച്ച്; അതിൽ വിജയിക്കാതെ പോയതോടെ സിബിഐക്ക് കേസ് ഡയറി കൈമാറാതെ കള്ളക്കളി; ഒടുവിൽ കേസ് ഡയറി കിട്ടാൽ ക്രൈംബ്രാഞ്ചിനെതിരെ പരാതിയുമായി സിബിഐ ഹൈക്കോടതിയിൽ; സിപിഎം പ്രതിക്കൂട്ടിലായ പെരിയ ഇരട്ടക്കൊലപാതക കേസിൽ അന്വേഷണത്തെ ഭയന്ന് കേരള ആഭ്യന്തര വകുപ്പ്; കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമങ്ങൾ ശക്തമെന്ന് കൃപേഷിന്റെയും ശരത്ലാലിന്റെയും ബന്ധുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷണം അട്ടിമറിക്കാൻ അണിയറ നീക്കം ശക്തം. സിപിഎം പ്രതിക്കൂട്ടിലായ കേസിന്റെ കേസ് ഡയറി അടക്കം കൈമാറാതെയാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് കോളിളക്കം സൃഷ്ടിച്ച കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നത്. കേസ് അന്വേഷണം മുന്നോട്ടുപോകാത്ത ഘട്ടത്തിൽ കേസ് ഡയറി കിട്ടാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ് സിബിഐ. ഹൈക്കോടതിയിൽ നൽകിയ തൽസ്ഥിതി റിപ്പോർട്ടിലാണ് ഇതേകുറിച്ച് പറയുന്നത്. പെരിയ കൊലക്കേസിൽ സിബിഐ അന്വേഷണത്തിന്റെ വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കൾ കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് സിബിഐ റിപ്പോർട്ട് നൽകിയത്.

കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് സഹകരിക്കുന്നില്ലെന്ന സൂചനയാണ് സിബിഐ നൽകുന്നത്. കേസ് ഡയറികളും മറ്റ് രേഖകളും കൈമാറിയിട്ടില്ല. കോടതിയിൽ നിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത് -സി.ബി.െഎ അറിയിച്ചു. ക്രൈം ബ്രാഞ്ചാണ് നേരത്തെ കേസ് അന്വേഷിച്ചിരുന്നത്. കേസിൽ പ്രതികളായ സിപിഎം നേതാക്കളെ കുറ്റമുക്തരാക്കികൊണ്ടുള്ള റിപ്പോർട്ടാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നത്. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടർന്നാണ് അന്വേഷണം സിബിഐക്ക് വിട്ടത്.

പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ അക്കമിട്ട് നിരത്തിയാണ് ഹൈക്കോടതി ഇരട്ട കൊലക്കേസിൽ കുറ്റപത്രം റദ്ദാക്കി കേസ് സിബിഐയ്ക്ക് കൈമാറിയത്. 2019 ഓക്ടോബർ 25 ന് കേസ് എറ്റെടുത്ത് സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി. എന്നാൽ സർക്കാർ അപ്പീലുമായി ഡിവിഷൻ ബഞ്ചിനെ സമീപിച്ചു. സിംഗിൾ ബഞ്ച് ഉത്തരവ് നിലവിൽ ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ അന്വേഷണത്തിനും തടസ്സമില്ല. സർക്കാർ അപ്പീലിൽ വാദം പൂർത്തിയാക്കി ഹൈക്കോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. സുപ്രീംകോടതിയിൽ നിന്നുള്ള മുതിർന്ന അഭിഭാഷകരായിരുന്നു സർക്കാരിനായി ഹൈക്കോടതിയിൽ ഹാജരായത്.

അതേസമയം പെരിയ ഇരട്ടകൊലപാത കേസിൽ സിബിഐ അന്വേഷണം നിലച്ചെന്നാരോപിച്ച് കൊച്ചി സിബിഐ ഓഫീസിന് മുന്നിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ദിവസങ്ങൾക്ക് മുമ്പ് പ്രതിഷേധിച്ചിരുന്നു. കൃപേഷ്, ശരത് ലാൽ എന്നിവരുടെ രക്ഷിതാക്കളും ബന്ധുക്കളുമാണ് സമരം നടത്തിയത്. സംസ്ഥാന സർക്കാർ ഇടപെടലാണ് അന്വേഷണത്തെ അട്ടിമറിക്കുന്നതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. 2019 ഫെബ്രുവരി 17നാണ് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ശരീരമാസകലം വെട്ടേറ്റ ശരത്ത് ലാലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കൃപേഷും ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്.

കേസിൽ സിബിഐ അന്വേഷണം തടയാൻ വേണ്ടിയും ഖജനാവിൽ നിന്നും കോടികൾ ചിലവഴിച്ചിരുന്നു. കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ ഹാജരാകാൻ മുൻ സോളിസിറ്റർ രഞ്ജിത്ത് കുമാറാണ് എത്തിയത്. രഞ്ജിത്ത് കുമാറിന് 25 ലക്ഷമാണ് സർക്കാർ പ്രതിഫലം നൽകിയിരുന്നത്. സിപിഎമ്മുകാർ പ്രതികളായ കേസുകളുടെ നടത്തിപ്പിന് സർക്കാർ പണം ചെലവഴിക്കുന്നത് പൊതു ഖജനാവിൽ നിന്നുമാണെന്ന വിവാദം നേരത്തെയും ചർച്ചയായിരുന്നു. മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബ് വധക്കേസിലെ പ്രതികൾക്ക് വേണ്ടിമാത്രം ഇതുവരെ കേസ് നടത്തിപ്പിനായി പിണറായി സർക്കാർ പൊതു ഖജനാവിൽ നിന്നും ഇതുവരെ മുടക്കിയത് 56.4 ലക്ഷം രൂപ. ഈ കേസിൽ സിബിഐ എത്തിയപ്പോൾ പി ജയരാജൻ പ്രതിയായി. ഷുഹൈബ് വധക്കേസ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടിരുന്നു. ഇതിനെതിരെ പ്രതികൾക്കു വേണ്ടി സുപ്രീംകോടതിയിൽ അഭിഭാഷകരെ കൊണ്ടുവന്നതിനാണ് ഇത്രയും തുക ഇടത് സർക്കാർ ചെലവഴിച്ചത്.

കേസന്വേഷണം സിബിഐക്ക് കൈമാറിയതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ച് ഇതു സ്റ്റേ ചെയ്തു. അതിനെതിരെ ഷുഹൈബിന്റെ പിതാവ് നൽകിയ ഹർജിയിൽ, സിബിഐ അന്വേഷണം വേണ്ടെന്നു വാദിക്കാനാണു സംസ്ഥാന സർക്കാർ ഖജനാവിൽ നിന്നു പണമെടുത്തു സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവന്നത്. ഇതും വെറുതെയായിരുന്നു. അന്നും ഈ കേസ് സുപ്രീംകോടതി സിബിഐയ്ക്ക് വിട്ടു. ഒരു കൊലപാതക്കകേസ് സിബിഐക്ക് വിടേണ്ട എന്ന് വാദിക്കുന്നതിന് വേണ്ടി മാത്രമാണ് ഷുഹൈബ് കേസിൽ സർക്കാർ ഇത്രയും ഭീമമായ വക്കീൽ ഫീസ് മുടക്കിയത്. ഇതിനായി ഹാജരായത് സീനിയർ ഗവ. പ്ലീഡർമാരായ പി.നാരായണൻ, സുമൻ ചക്രവർത്തി, സുപ്രീം കോടതി സീനിയർ അഭിഭാഷകരായ അമരേന്ദ്ര ശരൺ, വിജയ് ഹൻസാരിയ, പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ എന്നിവരുിവരായിരുന്നു.

ഇതിന് സമാനമായ ചെലവിടലാണ് പെരിയ കേസിലും നടക്കുന്നത്. ഈ കേസിലെ ഗൂഢാലോചന അന്വേഷിച്ചാൽ അതും കണ്ണൂരിലെ നേതാക്കളിൽ എത്തുമെന്ന ആരോപണമുണ്ട്. ഇത് ഒഴിവാക്കാനാണ് എന്ത് വില കൊടുത്തും സിബിഐയെ പെരിയയിൽ നിന്നും ഒഴിവാക്കാൻ സർക്കാർ ശ്രമിച്ചത് എങ്കിലും അതും വിലപ്പോയില്ല. കേസിലെ ഉന്നതതല ഗൂഢാലോചന കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാൽ എന്നിവരുടെ അച്ഛന്മാർ ഹൈക്കോടതിയെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP