Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്നലെ ഒരു ദിവസം മാത്രം ഇറ്റലിയിൽ പുതിയതായി കണ്ടെത്തിയത് 500 രോഗികളെ; ഇറ്റലിയിലെ മരണസംഖ്യ കുതിച്ചുയരുന്നു; ബ്രിട്ടനിലും രോഗബാധിതർ പെരുകുന്നു; ചൈനയിൽ എന്തു സംഭവിക്കുന്നു എന്നതിന്റെ വിശദാംശങ്ങൾ അറിയാതിരിക്കെ യൂറോപ്പിനെ പിടിച്ചു കുലുക്കി കൊറോണ വൈറസ് വിളയാട്ടം തുടരുന്നു; മരണ സംഖ്യ 3000 കടന്നു കുതിക്കുമ്പോഴും കൊലയാളി വൈറസ് ലോക ജനസംഖ്യയുടെ നല്ലപങ്കും നക്കിയെടുത്തേക്കും

ഇന്നലെ ഒരു ദിവസം മാത്രം ഇറ്റലിയിൽ പുതിയതായി കണ്ടെത്തിയത് 500 രോഗികളെ; ഇറ്റലിയിലെ മരണസംഖ്യ കുതിച്ചുയരുന്നു; ബ്രിട്ടനിലും രോഗബാധിതർ പെരുകുന്നു; ചൈനയിൽ എന്തു സംഭവിക്കുന്നു എന്നതിന്റെ വിശദാംശങ്ങൾ അറിയാതിരിക്കെ യൂറോപ്പിനെ പിടിച്ചു കുലുക്കി കൊറോണ വൈറസ് വിളയാട്ടം തുടരുന്നു; മരണ സംഖ്യ 3000 കടന്നു കുതിക്കുമ്പോഴും കൊലയാളി വൈറസ് ലോക ജനസംഖ്യയുടെ നല്ലപങ്കും നക്കിയെടുത്തേക്കും

മറുനാടൻ ഡെസ്‌ക്‌

ബെയ്ജിങ്/റോം: ചൈനയെ സാമ്പത്തികമായി തകർത്ത കൊറോണ വൈറസ് (കോവിഡ്-19) ലോകത്തെ മുഴുവൻ മാന്ദ്യത്തിലേക്ക് തള്ളിവിടും വിധത്തിൽ പടർന്നു പിടിക്കുന്നു. ആരോഗ്യ പരിപാലന രംഗത്ത് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന യുഎസിലും യൂറോപ്യൻ രാജ്യങ്ങളിലും കൊറോണ മൂലം മരണം സംഭവിച്ചു എന്നത് ലോകരാഷ്ട്രങ്ങളെ ശരിക്കും ഞെട്ടിച്ചിരിക്കയാണ്. യൂറോപ്പിലെ റോമിൽ നിയന്ത്രിക്കാൻ സാധിക്കാത്ത വിധത്തിലാണ് രോഗം പടർന്നു പിടിക്കുന്നത്. ചൈനയിലെ മരണത്തെ കുറിച്ചു കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും മരണംഖ്യ 3000 പിന്നിട്ടിട്ടുണ്ട്. ഇത് വീണ്ടും കുതിച്ചുയരുമെന്നാണ് റിപ്പോർട്ടുകൾ. 65 രാജ്യങ്ങളിലായി 87,652 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ലോകരാഷ്ട്രങ്ങൾ കൂടുതൽ ശക്തമായ പ്രതിരോധ നടപടികളിലേക്ക് നീങ്ങുകയാണ്.

അതിവേഗം രോഗം പടർന്നുപിടിക്കുന്നതാണ് ലോകരാഷ്ട്രങ്ങളെ അങ്കലാപ്പിലാക്കുന്നത്. ഇറ്റലിയെയാണ് യൂറോപ്യൻ രാജ്യങ്ങളിൽ കൊറോണ കാര്യമായി ബാധിച്ചിരിക്കുന്നത്. ഇവിടെ കൊറോണ ബാധിതരുടെ എണ്ണം 1700 ആയി ഉയർന്നിരിക്കയാണ്. ഇന്നലെ മാത്രം കൊറോണ ബാധിച്ച് അഞ്ച് പേർ മരിച്ച അവസ്ഥയാണ് ഇറ്റലിയിൽ ഉണ്ടായത്. 500ലേറെ പുതിയ കൊറോണ കേസുകൾ റിപ്പോർട്ടു ചെയ്യുകയും ചെയ്തു. 24 മണിക്കൂറിനുള്ളിൽ രോഗബാധിതരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം ഉണ്ടായത് ലോകത്തെ നടുക്കുകയാണ്. ഇറ്റലി കടുത്ത നടപടികൾ കൈക്കൊള്ളുമ്പോഴും രോഗം നിയന്ത്രിക്കാൻ സാധിക്കാത്തത് ആശങ്കയ്ക്ക് ഇടനൽകുന്നു.

69 പേർക്ക് രോഗംബാധിച്ച യു.എസിൽ കഴിഞ്ഞദിവസം ഒരാൾ മരിച്ചു. ഇതേത്തുടർന്ന് ട്രംപ് ഭരണകൂടം യാത്രാനിരോധനം കൂടുതൽ കർശനമാക്കി. 14 വടക്കൻ നഗരങ്ങളിൽ യാത്ര ചെയ്യരുതെന്ന് അമേരിക്ക പൗരന്മാരോട് നിർദ്ദേശിച്ചിട്ടുണ്ട്. ബ്രിട്ടനിലും രോഗികളുടെ എണ്ണം കടി വരികയാണ്. 13 പേർക്ക് കൂടി കൊറോണ ബാധിച്ചതായി യുകെ അധികൃതർഇന്നലെ വ്യക്തമാക്കി. അയർലണ്ടിനും കൊറോണ ബാധ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഇവിടെ രണ്ട് സ്‌കൂളുകൾ അടച്ചു കഴിഞ്ഞു. ചെക്ക് റിപ്പബ്ലിക്കിലും മൂന്ന് പേർക്ക് കോറോണ ബാധിച്ചതായി സ്ഥിരീകരിച്ചു. ജർമ്മനിയിൽ 129 പേർക്കാണ് രോഗബാധയുണ്ടായത്. ഇതോടെ യൂറോപ്പ് മുഴുവൻ പരിഭ്രാന്തിയിൽ ആകേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ദക്ഷിണകൊറിയയിൽ 3736 പേർക്കാണ് രോഗബാധ. 20 പേർ മരിച്ചു. ചൈനയ്ക്കും ദക്ഷിണകൊറിയയ്ക്കും പുറമേ ഇറ്റലിയിലും രോഗബാധിതർ ആയിരം കടന്നു. അവിടെ 1128 രോഗികളിൽ 29 പേരും ഇറാനിൽ 978-ൽ 54 പേരും മരിച്ചതോടെ ലോകാരോഗ്യസംഘടനയും കർശന ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു.

ഇറാൻ, ഇറ്റലി, ദക്ഷിണകൊറിയ എന്നിവിടങ്ങളിൽനിന്നുള്ളവർക്കാണ് യു.എസ്. കർശന യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. 14 ദിവസം ഇറാനിൽ താമസിച്ചവർക്കും യു.എസിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുന്നതായി യു.എസ്. വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പറഞ്ഞു. ഇറ്റലി, ദക്ഷിണകൊറിയ എന്നിവിടങ്ങളിലെ വൈറസ് ബാധിത പ്രദേശങ്ങൾ സന്ദർശിക്കരുതെന്ന് പൗരന്മാർക്ക് മുന്നറിയിപ്പും നൽകി. വാഷിങ്ടൺ സ്റ്റേറ്റിലെ കിങ് കൗണ്ടിയിൽ 50 വയസ്സ് പ്രായമുള്ളയാളാണ് കഴിഞ്ഞദിവസം വൈറസ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. ഓസ്‌ട്രേലിയയിലും കഴിഞ്ഞദിവസം ആദ്യമരണം റിപ്പോർട്ടുചെയ്തു. ജപ്പാൻ പിടിച്ചുവെച്ച ആഡംബരക്കപ്പൽ ഡയമണ്ട് പ്രിൻസസിലുണ്ടായിരുന്ന എഴുപത്തിയെട്ടുകാരനാണ് പെർത്തിലെ ആശുപത്രിയിൽ മരിച്ചത്.

ദക്ഷിണകൊറിയ, ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽ വൈറസ് കൂടുതൽപേരിലേക്ക് പടരുന്നതും മരണം വർധിക്കുന്നതുമാണ് ഇപ്പോൾ ആശങ്കപ്പെടുത്തുന്നത്. ഖത്തർ, നൈജീരിയ, എക്വഡോർ അടക്കമുള്ള രാജ്യങ്ങളിലേക്ക് വൈറസ് എത്തിയതും വെല്ലുവിളിയുയർത്തുന്നുണ്ട്. അതിനൊപ്പമാണ് വിദേശയാത്ര നടത്തുകയോ, വൈറസ് ബാധിച്ചവരുമായി ബന്ധപ്പെടുകയോ ചെയ്യാത്തവർക്കും രോഗം ബാധിക്കുന്നത്.

ചൈനയിൽ 35 പേരും ദക്ഷിണകൊറിയയിൽ മൂന്നുപേരും ഇറാനിൽ പതിനൊന്നുപേരും ജപ്പാൻ, തായ്‌ലൻഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഓരോപേർ വീതവുമാണ് കഴിഞ്ഞദിവസം മരിച്ചത്. പുതുതായി രണ്ടുപേർക്കുകൂടി വൈറസ് റിപ്പോർട്ടുചെയ്തതോടെ പാക്കിസ്ഥാൻ അഫ്ഗാനിസ്താൻ അതിർത്തി അടച്ചു. യൂറോപ്പിലും തെക്കേ അമേരിക്കയിലും മധ്യേഷ്യയിലും വൈറസ് പുതിയ രാജ്യങ്ങളിലേക്കും പടരുകയാണ്.

കൊറോണ വൈറസ് ബാധിച്ച് മരണം റിപ്പോർട്ടുചെയ്തതിന്റെ ഞെട്ടലിലാണ് യു.എസും ഓസ്‌ട്രേലിയയും. ജപ്പാൻ യോക്കോഹാമ തീരത്ത് രണ്ടാഴ്ചയോളം തടഞ്ഞിട്ട ആഡംബരക്കപ്പലിൽ 164 ഓസ്‌ട്രേലിയക്കാരാണ് ഉണ്ടായിരുന്നത്. കഴിഞ്ഞദിവസം മരിച്ച യു.എസ്. പൗരനും ഭാര്യയും അതിലുൾപ്പെടുന്നു. കഴിഞ്ഞയാഴ്ചയാണ് ഇവരെ നാട്ടിലെത്തിച്ചത്. പരിശോധനയിൽ വൈറസ് ബാധ സ്ഥിരീകരിച്ച 79-കാരനെ ആശുപത്രിയിൽ പ്രത്യേകവാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പ്രത്യേകവാർഡിൽ കഴിയുന്ന ഇയാളുടെ ഭാര്യയ്ക്കും വെള്ളിയാഴ്ച വൈറസ് സ്ഥിരീകരിച്ചു.

വൈറസ് ബാധിച്ചവരെ പ്രവേശിപ്പിച്ച ആശുപത്രികളിലേക്ക് ഒറ്റസന്ദർശകരെയും യു.എസ്. അനുവദിക്കുന്നില്ല. കിർക്ലാൻഡിൽ വൈറസ് ബാധിച്ചയാൾ മരിച്ച എവർഗ്രീൻ ഹെൽത്ത് നഴ്‌സിങ് ഹോമിൽ രണ്ടുജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചതാണ് കാരണം. മെക്‌സിക്കോയുമായുള്ള അതിർത്തി അടയ്ക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചന നൽകുകയും ചെയ്തു.

ചൈനയിൽ ഞായറാഴ്ച 573 പുതിയ കേസുകളും 35 മരണവുമാണ് റിപ്പോർട്ടുചെയ്തത്. ഇതിൽക്കൂടുതലും പ്രഭവകേന്ദ്രമായ ഹുബൈയിലാണ്. ദക്ഷിണകൊറിയയിൽ 586 പുതിയകേസുകൾ റിപ്പോർട്ടുചെയ്തു. അതിൽ 333 പേരും ദേഗു നഗരത്തിലുള്ളവരാണ്. കൊറിയയിൽ 17 പേരാണ് ഇതുവരെ മരിച്ചത്. ആകെ രോഗബാധിതർ 3736 ആയി. വൈറസ് തങ്ങളുടെ രാജ്യത്തേക്കുകടന്നാൽ കനത്ത നാശമാവും ഉണ്ടാവുകയെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ജനങ്ങൾക്ക് മുന്നറിയിപ്പുനൽകി. ശക്തമായ പ്രതിരോധസംവിധാനങ്ങൾക്ക് നിർദ്ദേശവും നൽകി. ഇതുവരെ രാജ്യത്ത് വൈറസ് റിപ്പോർട്ടുചെയ്തിട്ടില്ല.

ഇറാൻ നേരിടുന്നത് വമ്പൻ പ്രതിസന്ധി

ചൈനയ്ക്ക് പുറത്തുകൊറോണ കാര്യമായി ബാധിച്ച ഏഷ്യൻ രാജ്യമായി ഇറാൻ മാറിക്കഴിഞ്ഞു. 593 പേർക്ക് വൈറസ് ബാധിക്കുകയും 54 പേർ മരിക്കുകയും ചെയ്ത ഇറാനിൽ മതിയായ ആരോഗ്യസംവിധാനമില്ലാത്തതാണ് പ്രധാന വെല്ലുവിളി. വൈസ് പ്രസിഡന്റിനും ആരോഗ്യമന്ത്രിക്കും വൈറസ് ബാധയേറ്റ ഇറാനിൽ പതിനായിരങ്ങളാണ് രോഗം പരിശോധിക്കാൻ കാത്തിരിക്കുന്നതെന്ന് കഴിഞ്ഞദിവസം ആരോഗ്യമന്ത്രാലയവക്താവ് ക്യനൗഷ് ജഹൻപുർതന്നെ വ്യക്തമാക്കിയിരുന്നു.

യു.എസ്. ഏർപ്പെടുത്തിയിട്ടുള്ള ശക്തമായ ഉപരോധങ്ങൾകാരണം ഇറാന്റെ ആരോഗ്യസംവിധാനം ശക്തമല്ല. വൈറസ് ബാധ പരിശോധിക്കാൻ 15 ലബോറട്ടറികളാണ് ഇറാനിലുള്ളത്. ചൈനകഴിഞ്ഞാൽ ഏറ്റവുംകൂടുതൽപേർ മരിച്ചത് ഇറാനിലാണ്. എന്നാൽ, വൈറസ് ബാധ താരതമ്യേന കുറവായത് ഇറാൻ കണക്കുകൾ ഒളിപ്പിക്കുകയാണെന്ന ആരോപണം അന്താരാഷ്ട്രതലത്തിൽ ഉയർന്നിട്ടുണ്ട്. ലണ്ടൻ ആധാരമാക്കിയുള്ള ബി.ബി.സി. പേഴ്സ്യൻ സർവീസ് ഇറാനിൽ 210 പേർ മരിച്ചതായാണ് കഴിഞ്ഞദിവസം റിപ്പോർട്ടുചെയ്തത്. ആശുപത്രിവൃത്തങ്ങളെ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ട്. മുന്നൂറിലധികംപേർ മരിക്കുകയും പതിനയ്യായിരത്തിലധികംപേർ രോഗികളാവുകയുംചെയ്‌തെന്നാണ് ഇറാനിലെ പീപ്പിൾസ് മുജാഹിദ്ദീൻ എന്ന നിരോധിത ഭീകരസംഘടന പറഞ്ഞത്. എന്നാൽ, ഇറാൻ ആരോഗ്യമന്ത്രാലയം ഈ രണ്ടുറിപ്പോർട്ടുകളും തള്ളി.

മരണസംഖ്യ കണക്കാക്കുമ്പോൾ ഇറാനിൽ പതിനെട്ടായിരത്തിലധികംപേർക്കെങ്കിലും രോഗം ബാധിച്ചിട്ടുണ്ടെന്നാണ് കാനഡ ആധാരമാക്കിപ്രവർത്തിക്കുന്ന ആറ് ശാസ്ത്രജ്ഞരുടെ സംഘം പറയുന്നത്. രോഗബാധിതരിൽ 3.5 ശതമാനംപേർ ചൈനയിലും രണ്ടുശതമാനംപേർ മറ്റുരാജ്യങ്ങളിലും മരിക്കുമ്പോൾ ഇറാനിലത് ഏഴുശതമാനമാണ്. വൈറസ് ബാധ വർധിക്കുമ്പോഴും ഇറാൻ ചൈനയിൽനിന്നുള്ള വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താത്തതും വിമർശിക്കപ്പെടുന്നുണ്ട്. ഇറാനിൽനിന്ന് എണ്ണവാങ്ങുന്ന വലിയ രാജ്യങ്ങളിലൊന്നാണ് ചൈനയെന്നാണ് അതിനുകാരണമായി പറയുന്നത്. ഉപരോധംമൂലം വരുമാനത്തിൽ 30 ശതമാനത്തോളം കുറവുണ്ടായത് ആരോഗ്യസംവിധാനങ്ങളെയും ബാധിച്ചിട്ടുണ്ടെന്ന് ഇറാൻ അധികൃതർതന്നെ സമ്മതിക്കുന്നുണ്ട്.

അതേസമയം വൈറസ് ബാധിതർ വർധിച്ചതിനെത്തുടർന്ന് ഇറാഖിലും മുൻകരുതൽ നടപടികൾ സ്വീകരിച്ചു തുടങ്ങി. സർക്കാർ ഓഫീസുകൾ ഒരാഴ്ചത്തേക്ക് അടച്ചു. വിസ, ട്രാഫിക് വിഭാഗം ഓഫീസുകളും ഇതിൽ ഉൾപ്പെടും. അഞ്ചുദിവസത്തിനിടെ 13 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇവരെല്ലാം ഇറാനിലേക്കുപോയവരാണ്. വർഷംതോറും ലക്ഷക്കണക്കിന് ഇറാൻകാരാണ് ഇറാഖിലെത്തുന്നത്. ഇറാനിൽ രോഗബാധിതരും മരണവും വർധിച്ചതിനെത്തുടർന്ന് ഇറാഖ് അതിർത്തി അടച്ചു. ആളുകൾ കൂടുന്ന കഫേകളും പാർക്കുകളും സിനിമാശാലകളും പൂട്ടാനും ഉത്തരവുണ്ട്.

കൊറോണ വൈറസ് ബാധയെ ഒറ്റക്കെട്ടായി നേരിട്ട് ഗൾഫ് രാജ്യങ്ങൾ

കൊറോണ ബാധയെ ഒറ്റക്കെട്ടായി നേരിടാനാണ് ഗൾഫ് രാജ്യങ്ങളുടെ തീരുമാനം. ഇതിനായി രാജ്യങ്ങൾ സംയുക്തമായാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. ുബായ്, ഷാർജ വിമാനത്താവളങ്ങളിൽ നിന്ന് ബഹ്റൈനിലേക്കുള്ള സർവീസുകളുടെ വിലക്ക് വീണ്ടും തുടരും. ഇതോടെ, അടുത്ത 48 മണിക്കൂർ ദുബായ്, ഷാർജ വിമാനത്താവളങ്ങളിൽ നിന്ന് ബഹ്റൈനിലേക്ക് നേരിട്ട് പറക്കാൻ കഴിയില്ല. കൊറോണ വൈറസ് ബാധയെ തുടർന്ന്, ബഹ്റൈൻ സിവിൽ ഏവിയേഷൻ വകുപ്പാണ് ഉത്തരവ് ഇറക്കിയത്. ഇതോടെ, യാത്രാ വിലക്ക്, തുടർച്ചയായി അഞ്ചാം ദിവസത്തിലേക്കു കടക്കുകയാണ്. ഇറാനിൽ നിന്നുള്ള ട്രാൻസിറ്റ് യാത്രക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വിമാനത്താവളങ്ങളാണു ദുബായിയും ഷാർജയും. അതിനാലാണ് തുടക്കത്തിലേ നിയന്ത്രണം ഏർപ്പെടുത്തിയത്.

യാത്രയ്ക്കും മറ്റും ഒരുങ്ങുന്നവരും നിരന്തരം യാത്ര ചെയേണ്ടവരും വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കൊറോണ വൈറസ് ഭീതിയുള്ള സ്ഥലങ്ങളെ സംബന്ധിച്ച് ശരിയായ വിവരം അറിഞ്ഞുവേണം യാത്ര ചെയ്യാൻ. ഇതിനായി ലോകാരോഗ്യ സംഘടനയുടെ സൈറ്റായ https://www.who.int/emergencies/diseses/novel-coronavirus-2019/situation-reports നെ ആശ്രയിക്കാം.

കൈകൾ സ്ഥിരമായി സോപ്പോ, ലായനിയോ ഉപയോഗിച്ച് കഴുകാൻ ശ്രദ്ധിക്കുന്നതിനു പുറമേ ചുമയോ മറ്റോ ഉള്ളവരുമായി കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കാനും ശ്രദ്ധിക്കണം. യാത്ര കഴിഞ്ഞു വന്നാലും 14 ദിവസത്തേയ്ക്ക് സ്വയം നിരീക്ഷണം നടത്തണം. ശരീരത്തിന്റെ താപനില ദിവസം രണ്ടു പ്രാവശ്യം പരിശോധിക്കുന്നതും നല്ലതാണ്. ചുമയോ മറ്റോ കണ്ടാൽ വീട്ടിൽത്തന്നെ പരമാവധി കഴിയാൻ ശ്രദ്ധിക്കുക. ഓഫിസും മറ്റ് ജോലി സ്ഥലങ്ങളും പരമാവധി വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. ടെലിഫോണുകളും, കീ ബോർഡും മറ്റ് ഉപകരണങ്ങളും അണുനാശിനി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കിയിടാനും ശ്രദ്ധിക്കുക. കൈകൾ കൂടെക്കൂടെ കഴുകുന്നതിനു സഹപ്രവർത്തകരെയും പ്രോത്സാഹിപ്പിക്കുക. ശുചിത്വം സംബന്ധിച്ച് ബോധവൽക്കരണത്തിനും ഓർമ്മപ്പെടുത്തലിനുമായി നല്ല പോസ്റ്ററുകൾ ഓഫിസിൽ പതിക്കുന്നതും നല്ലതാണ്.

കൊറോണ വൈറസ് മുൻകരുതലിന്റെ പശ്ചാത്തലത്തിൽ യുഎഇയിലെ സ്‌കൂളുകൾക്ക് വിദ്യാഭ്യാസ മന്ത്രാലയം പുതിയ മാർഗനിർദ്ദേശം നൽകി. പകർച്ചവ്യാധി രോഗങ്ങളുള്ള കുട്ടികളെ സ്‌കൂളിലേക്ക് വിടരുതെന്നും ഈ കുട്ടികൾ വീട്ടിലിരുന്നു തന്നെ ഇലേണിങ് പ്രയോജനപ്പെടുത്തണമെന്നും നിർദ്ദേശിച്ചു. അദ്ധ്യാപകരെ ഫോണിൽ വിളിച്ചും സംശയനിവാരണം നടത്താം. രോഗം മാറുന്നതുവരെ കുട്ടികളെ സ്‌കൂളിലേക്കു വിടരുതെന്നും ഇക്കാര്യം സ്‌കൂളിലെ നഴ്‌സ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം സ്‌കൂൾ അധികൃതർ അദ്ധ്യാപകരെയും രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും അറിയിക്കണമെന്നും നിർദ്ദേശിച്ചു. പകർച്ചവ്യാധി രോഗങ്ങളെക്കുറിച്ച് വ്യാപക ബോധവൽക്കരണം നടത്തണമെന്നും സ്‌കൂളിൽ സാനിറ്റൈസഴ്‌സ് ലഭ്യമാക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശിച്ചു. ഇന്നു മുതൽ കുട്ടികളെ നഴ്‌സറികളിലേക്കു വിടരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രോഗപ്രതിരോധ ശേഷി കുറഞ്ഞ കുട്ടികൾക്ക് രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.

ജിസിസി രാജ്യക്കാരുടെ മക്ക മദീന പ്രവേശനം തൽക്കാലം തടഞ്ഞു

കൊറോണവൈറസ് ബാധിച്ച രാജ്യങ്ങളിൽ നിന്നു വിനോദസഞ്ചാരികൾക്കു യാത്രാനുമതി നൽകില്ലെന്ന് ഒമാൻ എയർ അറിയിച്ചു. ഉംറക്കായി സൗദി അറേബ്യയിലേക്ക് പോകുന്നവർക്കും ഒമാൻ എയറിൽ യാത്ര ചെയ്യാനാകില്ല. ഉംറ തീർത്ഥാടനം സൗദി താൽക്കാലികമായി റദ്ദാക്കിയ സാഹചര്യം കൂടി പരിഗണിച്ചാണിത്. കൂടുതൽ അറിയിപ്പുകൾക്ക് വെബ്സൈറ്റോ സമൂഹമാധ്യമ അക്കൗണ്ടുകളോ നിരീക്ഷിക്കണമെന്നും ഒമാൻ എയർ അറിയിച്ചു. അതിനിടെ ഒമാനിൽ കോവിഡ് 19 സ്ഥിരീകരിച്ചവരിൽ ഒരാൾ സുഖം പ്രാപിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്തു കൊറോണ ബാധിതരുടെ എണ്ണം അഞ്ചായി കുറഞ്ഞു. അഞ്ചു പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. 25 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും പുറത്തു പോകുന്നതിനും ഒമാനി പൗരന്മാരും ജി സി സി പൗരന്മാരും ദേശീയ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിക്കരുതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. എന്നാൽ, നിലവിൽ ഒമാന് പുറത്തുള്ള ഒമാനി പൗരന്മാർക്കും രാജ്യത്ത് ഐ ഡി കാർഡ് ഉപയോഗിച്ച് പ്രവേശിച്ച അറേബ്യൻ ഗൾഫ് പൗരന്മാർക്കും വിലക്ക് ബാധകമല്ല. ഇറാനിൽ നിന്നു കൂടുതൽ സ്വദേശി പൗരന്മാരെ ഒമാനിലെത്തിച്ചു. എന്നാൽ, ഇവർ വീട്ടിൽ തന്നെ കഴിയണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ മാസം ഒൻപതിനു ശേഷം ഇറാനിൽ നിന്നു വന്ന യാത്രക്കാരാണ് വീട്ടിൽ കഴിയേണ്ടത്. 24441999 എന്ന നമ്പറിൽ വിളിച്ച് ആരോഗ്യ മന്ത്രാലയത്തെ ബന്ധപ്പെടുകയോ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെ സമീപിക്കുകയോ വേണം. ആരോഗ്യ സ്ഥാപനങ്ങളിൽ പോകുമ്പോൾ മുഖത്ത് മാസ്‌ക് ധരിക്കണം.

അതിനിടെ ബഹ്‌റൈനിൽ 3 പേർക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 41 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് 19 രോഗവ്യാപനത്തിനെതിരെ മുൻകരുതലിന്റെ ഭാഗമായി ആളുകൾ കൂടുംവിധമുള്ള പരിപാടികൾ രണ്ടാഴ്ചത്തേക്ക് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം നിരോധിച്ചു. അതേസമയം ഇറാനിൽ കൊറോണ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനു മുൻപ് അവിടെ നിന്ന് ഫെബ്രുവരിയിൽ മാത്രം 2292 പേർ ബഹ്റൈനിൽ തിരിച്ചെത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഫെബ്രുവരിയിൽ ഇറാനിൽ നിന്നുമെത്തിയ മുഴുവൻ ആളുകളും ആരോഗ്യ പരിശോധനയ്ക്ക് മുന്നോട്ട് വരണമെന്ന് ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചിരുന്നു. പരിശോധനയ്ക്കു തയാറാകാത്തവർക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. വൈറസ് വ്യാപനം തടയേണ്ടത് വ്യക്തികളുടെയും സമൂഹത്തിന്റെയും മൊത്തം ഉത്തരവാദിത്തമാണെന്ന കാര്യം ആരും മറക്കരുതെന്നും അധികൃതർ പറഞ്ഞു. 444 എന്ന ഹോട്ട്ലൈനിൽ ബന്ധപ്പെട്ടു പരിശോധനാ തീയതി സമ്പാദിക്കണമെന്നായിരുന്നു നിർദ്ദേശം. 310 ആളുകൾ ഇതിനകം മന്ത്രാലയവുമായി ബന്ധപ്പെട്ടു പരിശോധനാ തീയതി നേടിയിട്ടുണ്ട്.
ഇറാനിൽ നിന്ന് എത്തിയവരെ തേടി ലബോറട്ടറികൾ

ഇറാനിൽ നിന്നു ഫെബ്രുവരിയിൽ തിരിച്ചെത്തിയവർ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് ആരോഗ്യമന്ത്രാലയം സഞ്ചരിക്കുന്ന ലബോറട്ടറികൾ അയയ്ക്കും. കൊറോണ വൈറസ് പരിശോധിക്കുന്നതിനാണിത്. ഫെബ്രുവരിയിൽ ഇറാനിൽനിന്ന് എത്തിയവർ മന്ത്രാലയവുമായി ബന്ധപ്പെട്ട് പരിശോധനാ തീയതി സമ്പാദിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. അതനുസരിച്ചുള്ള തിയതികളിലാകും ആളുകളെ തേടി മൊബൈൽ ലബോറട്ടറി എത്തുക. ആധുനിക സംവിധാനങ്ങളോടും രാജ്യാന്തര നിലവാരത്തോടും കൂടിയുള്ളതാണ് മൊബൈൽ ലബോറട്ടറി

അതേസമയം കുവൈത്തിൽ കൊറോണ നിയന്ത്രണ വിധേയമാണ്. ഇന്നലെ പുതുതായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വെള്ളിയാഴ്ച വരെ സ്ഥിരീകരിക്കപ്പെട്ട 45 പേരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. വൈറസ് വ്യാപനത്തിനെതിരെ വിപുലമായ നടപടികൾ തുടരുന്നുവെന്നും നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും മന്ത്രാലയം അസി.അണ്ടർസെക്രട്ടറി ഡോ.ബുതൈന അൽ മുദ്ഹഫ് പറഞ്ഞു. കൊറോണ ബാധിത രാജ്യങ്ങളിൽ നിന്ന് സ്വദേശികളെ രാജ്യത്ത് തിരിച്ചെത്തിക്കുന്നുണ്ട്. ഇറാഖിൽനിന്ന് 35 പേരെയും ഇറ്റലിയിൽ നിന്ന് 53 പേരെയും എത്തിച്ചു. അവരെയെല്ലാം ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP