Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാരതത്തിലെ ഏറ്റവും വരുമാനമുള്ള ക്ഷേത്രങ്ങളുടെ പട്ടികയിൽ വീണ്ടും റെക്കോർഡിട്ട് തിരുപ്പതി; മുടി വിൽക്കുന്നതിലൂടെ മാത്രം ഇത്തവണ വരുമാനം 106.75 കോടി രൂപ; പ്രസാദവിൽപ്പനയിലുടെ മാത്രം പ്രതീക്ഷിക്കുന്നത് 400 കോടിരൂപ; നിറഞ്ഞ് കവിഞ്ഞ് സപ്തഗിരീശന്റെ കാണിക്കവഞ്ചിയും; ഗന്ധർവ ദേവിയായ നീലാദേവിക്കുള്ള നേർച്ചയായി തലമുണ്ഡനം ചെയ്യുന്നത് പതിനായിരകണക്കിന് ഭക്തർ

മറുനാടൻ ഡെസ്‌ക്‌

തിരുപ്പതി: ഇന്ത്യയിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ തിരുപ്പതി ക്ഷേത്രത്തിലെ വരുമാനം ഇന്ത്യകണ്ട സർവകാല റെക്കോർഡിലേക്ക്. തിരുപ്പതി തിരുമല ദേവസ്ഥാനമാണ് ഇക്കാര്യം അറിയിച്ചത്. ക്ഷേത്രത്തിന് 2019-2020 സാമ്പത്തിക വർഷം കാണിക്കയായും മറ്റ് സംഭാവനകളായും ആകെ ലഭിച്ചത് 1,351 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ(201819) 1,313 കോടിയായിരുന്നു ക്ഷേത്രത്തിലേക്ക് ലഭിച്ചത്. തിരുപ്പതി തിരുമല ദേവസ്ഥാനം ട്രസ്റ്റ് ബോർഡിന്റെ 2020-21 സാമ്പത്തിക വർഷത്തിലേക്കുള്ള ബഡ്ജറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.വരുന്ന സാമ്പത്തിക വർഷം പ്രസാദ വിൽപനയിലൂടെ 400 കോടിരൂപയാണ് തിരുപ്പതി തിരുമല ദേവസ്ഥാനം പ്രതീക്ഷിക്കുന്നത്.

330 കോടിയാണ് ഇത്തവണ പ്രസാദ വിൽപ്പനയിലൂടെ ലഭിച്ചത്. മാത്രമല്ല ദർശന ടിക്കറ്റ് വിൽപ്പനയിലൂടെ 245 കോടിയും വരുന്ന സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്നു. തിരുപ്പതി തിരുമല ദേവസ്ഥാനത്തിന് 7000 മുറികളും നുറുകണക്കിന് കല്യാണ മണ്ഡപങ്ങളും വിവിധ ഭാഗങ്ങളിലായുണ്ട്.ഭക്തർ സമർപ്പിക്കുന്ന മുടി വിൽക്കുന്നതിലൂടെ 106.75 കോടി സമാഹരിക്കാനും തിരുപ്പതി തിരുമല ദേവസ്ഥാനം ലക്ഷ്യമിടുന്നു.

നേർച്ചയുടെ ഭാഗമായി ഭക്തർ തലമുണ്ഡനം ചെയ്യുന്നത് തിരുപ്പതി ക്ഷേത്രത്തിൽ പതിവാണ്. ഈ മുടി പിന്നീട് ലേലം ചെയ്ത് വിറ്റഴിക്കുകയാണ് പതിവ്. ഇതിലൂടെ കോടിക്കണക്കിന് രൂപ തിരുമല തിരുപ്പതി ദേവസ്ഥനത്തിന് ലഭിക്കുന്നു. ഓരോ വർഷവും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 10 മില്യൺ ഭക്തജനങ്ങളാണ് ഇവിടെ എത്തുന്നത്. തങ്ങളുടെ ആഗ്രഹ പൂർത്തീകരണത്തിനും മറ്റുമായി ക്ഷേത്രത്തിലെത്തുന്നവർ ഇവിടെവച്ച് തലമുണ്ഡനം ചെയ്യുന്നു.

വരുന്ന സാമ്പത്തിക വർഷം ഇവയിൽ നിന്ന് 110 കോടിയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം ക്ഷേത്ര ട്രസ്റ്റിന്റെ കീഴിലുള്ള മുഴുവൻ ജീവനക്കാർക്കുമായി വിതരണം ചെയ്ത ശമ്പളം ആകെ 1,385.09 കോടി രൂപ വരും. വിവിധ പൊതുമേഖലാ ബാങ്കുകളിലായി തിരുപ്പതി തിരുമല ദേവസ്ഥാനത്തിന് 14,000 കോടി രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. ഇവയിൽ നിന്നുള്ള പലിശവരുമാനം 706.01 കോടിയാണ്. അതേസമയം കഴിഞ്ഞവർഷം സ്ഥിരനിക്ഷേപ പലിശയായി 857.28 കോടിയായിരുന്നു ലഭിച്ചത്.

മുടിയുടെ ഐതീഹ്യവും പ്രതിഷ്ഠയും

മഹാവിഷ്ണുവിനെ വെങ്കടേശ്വരനായി ആരാധിക്കുന്ന ഈ ക്ഷേത്രത്തിന് ധാരാളം നിഗൂഢതകളും വിശ്വാസങ്ങളും സ്വന്തമായുണ്ട്. അതിലൊന്നാണ് ഇവിടുത്തെ പ്രശസ്തമായ സ്വർണ്ണക്കിണർ. മുടി മുറിച്ചു നൽകുന്നതും വ്യത്യസ്തമായ മറ്റൊരു ആചാരം. തിരുമലയിൽ കാണപ്പെടുന്ന ഏഴു കുന്നുകളിലൊന്നിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിനാൽ ഈ ക്ഷേത്രം സപ്തഗിരി എന്ന് അറിയപ്പെടുന്നു.

വിഷ്ണു കിടക്കുന്ന ശേഷനാഗത്തിന്റെ ഏഴ് ഫണങ്ങളോട് ഈ ഏഴുമലകളെ താരതമ്യം ചെയ്തിരിക്കുന്നത് ചിലയിടങ്ങളിൽ കാണാൻ സാധിക്കും. അതിൽ ഏഴാമത്തെ ഫണം അഥവാ ഏഴാമത്തെ മലയായ വെങ്കിടാദ്രിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.വിഷ്ണുവിനെ വെങ്കിടേശ്വര രൂപത്തിൽ ആരാധിക്കുന്ന ഇവിടം ഇന്ത്യയിലെ ഏറ്റവും പൗരാണികമായ ക്ഷേത്രമാണ് തിരുമല തിരുപ്പതി ക്ഷേത്രം.
ബാലാജി, ഗോവിന്ദ, ശ്രീനിവാസ തുടങ്ങിയ പേരുകളിലും വെങ്കിടേശ്വരൻ അറിയപ്പെടുന്നു.വൈകുണ്ഠമാസത്തിലെ ഏകാദശിയാണ് ഇവിടുത്തെ ഏറ്റവും പുണ്യദിവസമായി കണക്കാക്കുന്നത്.

തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് തലമുടി. ഇവിടെ എത്തുന്നവരിൽ മിക്കവരും ഭഗവാന് കാണിക്കയായി തങ്ങളുടെ തലമുണ്ഡനം ചെയ്ത് ആ തലമുടി ഇവിടെ സമർപ്പിക്കും. ഇങ്ങനെ കിട്ടുന്ന മുടി ക്ഷേത്രഭരണസമിതി ലേലം ചെയ്ത് വിൽക്കുകയാണ് പതിവ്.ഐതിഹ്യമനുസരിച്ച് ക്ഷേത്രത്തിൽ സമർപ്പിക്കുന്ന മുടി മുഴുവനും ഗന്ധർവ്വ രാജകുമാരിയായ നീലാദേവിക്കുള്ളതാണത്രെ. ഒരിക്കൽ ബാലാജിയുടെ തല ഒരു ആട്ടിടയനുമായി കൂട്ടിയിടിക്കുകയുണ്ടായി. ഇടിയുടെ ആഘാതത്തിൽ ബാലാജിയുടെ തലയുടെ ഒരു ചെറിയ ഭാഗത്തെ മുടി നഷ്ടപ്പെട്ടു.

ഇതുകണ്ട ഗന്ധർവ്വ രാജകുമാരിയായ നീലാദേവി തന്റെ മുടിയുടെ ഒരുഭാഗം മുറിച്ചെടുത്ത് മാന്ത്രിക ശക്തിയാൽ ബാലാജിയുടെ തലയിൽ വെച്ചുകൊടുത്തു. ദേവിയുടെ ത്യാഗത്തിൽ സംപ്രീതനായ ബാലാജി ദേവിക്ക് ഒരു വാക്കു കൊടുത്തു. ഇവിടെയെത്തുന്ന തന്റെ ഭക്തർ തലമുണ്ഡനം ചെയ്യുമെന്നും നീലാദേവിയായിരിക്കും അതിന്റെ അവകാശിയെന്നുമായിരുന്നു അത്. ഇവിടുത്തെ ഏഴുകുന്നുകളിലൊന്നിന്റെ പേര് നീലാദ്രിയെന്നാണ്.ചെന്നൈയിൽ നിന്നും 132.5 കിലോമീറ്റർ അകലെയാണ് തിരുപ്പതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കേരളത്തിൽ നിന്നും ഭക്തരേറെ!

പാലക്കാട് നിന്നും സേലം വഴിയാണ് ട്രയിനിനു വരുന്നത്.ഇവിടെത്തുന്ന ഭക്തർക്കെല്ലാം സർവ്വ ദർശനത്തിനുള്ള സൗകര്യമുണ്ട്. പെട്ടെന്ന് ദർശനം നടത്തണമെന്ന് ആഗ്രഹിക്കുന്നവർക്ക് മുൻകൂർ ഓൺലൈൻ ബുക്കിംഗായി സംവിധാനത്തിലൂടെയും ദർശനം നടത്താം. എന്നാൽ തിരു നടയിലെത്തിയാൽ എല്ലാവർക്കും ദർശനം തുല്യദൂരത്ത് നിന്നായിരിക്കും. 50 രൂപ, 100 രൂപ, 300 രൂപ എന്ന് മൂന്നു തരമാണ് ടിക്കറ്റ്.

ദേവസ്വത്തിന്റെ താമസ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. 50 രൂപ മുതൽ 150 രൂപ മാത്രം വാടക ഈടാക്കുന്ന കോട്ടേജുകളും, മുറികളും തിരുമലയിലുണ്ട്. എന്നാൽ ഇത് മുൻകൂറായി ബുക്ക് ചെയ്യണം. മുറികളിൽ രണ്ട് കട്ടിൽ, ബെഡുകൾ രണ്ട് വീതം പായ എന്നീ സൗകര്യങ്ങൾ ലഭിക്കും. മുറികളിൽ താമസിക്കാവുന്നവരുടെ എണ്ണത്തിലും നിയന്ത്രണമൊന്നുമില്ല. അനേകം സൗജന്യ ഡോർമെറ്ററികളും അതോടൊപ്പം വിലപിടിപ്പുള്ള സാമഗ്രികൾ സൂക്ഷിക്കുന്നതിനുള്ള ലോക്കറുകളും സൗജന്യമായി ലഭിക്കും.

തിരുപ്പതി ക്ഷേത്രം എന്നാണ് പറയുന്നതെങ്കിലും ക്ഷേത്രം സ്ഥിതി ചെയ്യുന്നത് തിരുമലയിലാണ്. തിരുപ്പതിയിൽ നിന്ന് ഏകദേശം 20 കിലോ മീറ്റർ മാറിയാണ് തിരുമല. തിരുപ്പതിയിൽ നിന്നും ഇവിടേക്ക് എല്ലാ സമയങ്ങളിലും ബസ് സർവ്വീസുണ്ടാകും. മുൻകൂട്ടി ബുക്ക് ചെയ്ത് ദർശനത്തിന് പോകുന്നതാണ് സൗകര്യ പ്രദം.

എന്നാൽ എപ്പോഴെങ്കിലും അങ്ങനെയല്ലാതെ പോവുകയാണെങ്കിൽ നമ്മുടെആധാർ കാർഡ് ഉപയോഗിച്ച് സൗജന്യമായി ടിക്കറ്റ് എടുക്കാവുന്നതാണ്. ദർശനത്തിനുള്ള സമയം ഈ ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടാവും. തിരക്കുള്ള സമയങ്ങളിൽ ഓൺലെനായി ടിക്കറ്റ് ബുക്ക് ചെയ്ത് ദർശനം നടത്തുന്നതാണ് ഏറെ സൗകര്യപ്രദം. ടിക്കറ്റിനായി കൂടുതൽ സമയം വരി നിൽക്കുന്നത് ഒഴിവാക്കാനാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP