Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരടിലെ അനധികൃത ഫ്‌ളാറ്റ് പൊളിപ്പിച്ച ജസ്റ്റിസ് അരുൺ മിശ്രയുടെ വിരട്ടൽ വെറുതേയായില്ല! സുപ്രീംകോടതിയുടെ അന്ത്യശാസനം നൽകിയതോടെ ടെലിക്കോം കമ്പനികൾ എജിആർ കുടിശ്ശിക അടച്ചു തുടങ്ങി; വമ്പൻപ്രതിസന്ധിക്കിടെയും എയർടെൽ കമ്പനി സർക്കാറിൽ കെട്ടിവെച്ചത് 18,000 കോടി രൂപ! നൽകാനുള്ളത് 35,500 കോടി; ടാറ്റ ടെലി സർവീസസ് കമ്പനി 2,197 കോടി രൂപയും വോഡഫോൺ- ഐഡിയ 3,500 കോടിയുടെയും കുടിശ്ശിക തീർത്തു

മരടിലെ അനധികൃത ഫ്‌ളാറ്റ് പൊളിപ്പിച്ച ജസ്റ്റിസ് അരുൺ മിശ്രയുടെ വിരട്ടൽ വെറുതേയായില്ല! സുപ്രീംകോടതിയുടെ അന്ത്യശാസനം നൽകിയതോടെ ടെലിക്കോം കമ്പനികൾ എജിആർ കുടിശ്ശിക അടച്ചു തുടങ്ങി; വമ്പൻപ്രതിസന്ധിക്കിടെയും എയർടെൽ കമ്പനി സർക്കാറിൽ കെട്ടിവെച്ചത് 18,000 കോടി രൂപ! നൽകാനുള്ളത് 35,500 കോടി; ടാറ്റ ടെലി സർവീസസ് കമ്പനി 2,197 കോടി രൂപയും വോഡഫോൺ- ഐഡിയ 3,500 കോടിയുടെയും കുടിശ്ശിക തീർത്തു

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മരടിൽ അനധികൃതമായി കെട്ടിപ്പൊക്കിയ ഫ്‌ളാറ്റ് സമുച്ചയങ്ങൾ നിലംപൊത്തിയത് ജസ്റ്റിസ് അരുൺ മിശ്രയുടെ കർശനമായ നിലപാടിനെ തുടർന്നായിരുന്നു. ഇതേ അരുൺ മിശ്രയാണ് ടെലിക്കോ കമ്പനികൾ നൽകാനുള്ള 1.47 ലക്ഷം കോടി കുടിശ്ശികയുടെ കാര്യത്തിൽ കടുത്ത നിലപാട് സ്വീകരിച്ചത്. ഉടൻ കുടിശ്ശിക അടക്കാൻ കമ്പനികളോട് അദ്ദേഹം നിർദേശിച്ചിരുന്നു. സുപ്രീംകോടതിയുടെ വിരട്ടലോടെ ഓരോ ടെലിക്കോം കമ്പനികളും കുടിശ്ശിക അടച്ചുകൊണ്ട് രംഗത്തുവന്നു. അതേസമയം എയർടെൽ ഗ്രൂപ്പാണ് ഇക്കാര്യത്തിൽ മറ്റ് കമ്പനികളെയെല്ലാം കടത്തിവെട്ടിയത്.

സുനിൽ മിത്തലിന്റെ നേതൃത്വത്തിലുള്ള ഭാരതി എയർടെൽ കമ്പനി 18,000 കോടി രൂപയുടെ കുടിശ്ശിക സർക്കാരിലേക്ക് അടച്ചുവെന്ന അത്ഭുത പ്രഖ്യാപനം തന്നെ നടത്തി. ക്രമീകരിച്ച മൊത്ത വരുമാനമായി (എജിആർ) നിലവിലുള്ള ടെലികോം കമ്പനികൾ 1.47 ലക്ഷം കോടി രൂപയാണ് നൽകാനുള്ളത്. സ്വയം വിലയിരുത്തൽ ദൗത്യത്തിനുശേഷം ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് (ഡിഒടി) 18,000 കോടി രൂപയുടെ പൂർണവും അന്തിമവുമായ എജിആർ ബന്ധിത കുടിശ്ശിക അടച്ചതായി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ഒരു റെഗുലേറ്ററി ഫയലിംഗിൽ ഭാരതി എയർടെൽ അറിയിച്ചു. എയർടെല്ലിന്റെ എജിആർ-ലിങ്ക്ഡ് കുടിശ്ശിക 35,500 കോടി രൂപയാണ്.

2006-07 സാമ്പത്തിക വർഷം മുതൽ 2019 ഡിസംബർ 31 വരെയുള്ള കാലയളവിൽ സ്വയം വിലയിരുത്തൽ നടത്തിയിട്ടുണ്ടെന്നും എജിആർ വിധിന്യായത്തിന് അനുസൃതമായി 2020 ഫെബ്രുവരി 29 വരെയുള്ള പലിശയുണ്ടെന്നും കമ്പനി വിശദീകരിച്ചു. നേരത്തെ, ടാറ്റ ടെലി സർവീസസ് കമ്പനിയുടെ എജിആർ കുടിശ്ശികയായി 2,197 കോടി രൂപ അടച്ചിരുന്നു. ഇത് കമ്പനിയുടെ പൂർണവും അന്തിമവുമായ പേയ്മെന്റാണെന്ന് പറഞ്ഞു. ടാറ്റ ടെലി സർവീസിന്റെ എജിആർ കുടിശ്ശികയായി സർക്കാർ 14,000 കോടി രൂപ കണക്കാക്കിയിരുന്നു.

സ്വയം വിലയിരുത്തലിനുശേഷം ഈ രണ്ട് കമ്പനികളും തങ്ങളുടെ എജിആർ പേയ്മെന്റുകൾ നടത്തിയിട്ടുണ്ടെങ്കിലും വോഡഫോൺ ഐഡിയ ഇതുവരെ 3,500 കോടി രൂപ മാത്രമാണ് നൽകിയിട്ടുള്ളത്. എജിആർ കുടിശ്ശിക 50,000 കോടിയിലധികം രൂപയാണ് കണക്കാക്കുന്നത്. നേരത്തെ കുടിശ്ശിക അടയ്ക്കാനായി ടെലിക്കോം കമ്പനികൾക്ക് സുപ്രീം കോടതി അന്ത്യശാസനം നൽകിയിരുന്നു. അതിരൂക്ഷ വിമർശനമാണ് ടെലികോ കമ്പനികൾക്കെതിരെ കേസ് പരിഗണിക്കവേ സുപ്രീകോടതി നടത്തിയത്. കുടിശ്ശിക തീർക്കണമെന്ന സുപ്രീംകോടതിയുടെ മുൻ നിർദേശങ്ങൾ അവഗണിച്ച മൊബൈൽ കമ്പനികൾക്കെതിരെ കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ചു. എജിആർ കുടിശ്ശിക തീർക്കാത്ത ടെലികോം കമ്പനികളുടെ മേധാവിമാർക്ക് നോട്ടീസ് അയച്ച കോടതി, കമ്പനി മേധാവിമാരോട് നേരിട്ട് കോടതിയിൽ ഹാജരാവാൻ നിർദേശിച്ചിരുന്നു. കുടിശ്ശിക അടയ്ക്കാൻ കമ്പനികൾക്ക് സാവകാശം നൽകിയ ഉദ്യോഗസ്ഥനും കോടതി നോട്ടീസ് അയച്ചിരുന്നു.

'ആരാണ് ഈ അസംബന്ധമൊക്കെ ചെയ്യുന്നത് എന്ന് ഞങ്ങൾക്കറിയില്ല, ഈ രാജ്യത്ത് ഒരു നിയമവും നിലവിൽ ഇല്ലേ..., കുടിശ്ശിക തീർക്കാത്തതിനെ വിമർശിച്ചു കൊണ്ട് സുപ്രീംകോടതി ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചതിങ്ങനെയായിരുന്നു. മൊബൈൽ സർവ്വീസ് സേവനദാതാക്കളായ ഭാരതി എയർടെൽ,വോഡാഫോൺ, ബിഎസ്എൻഎൽ, റിലയൻസ് കമ്മ്യൂണിക്കേഷൻ, ടാറ്റാ ടെലികമ്മ്യൂണിക്കേഷൻ എന്നീ കമ്പനികളുടെ മേധാവിമാരോട് മാർച്ച് 17-ന് കോടതിയിൽ നേരിട്ട് ഹാജരാവാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

എജിആർ കുടിശ്ശിക തീർക്കണമെന്ന സുപ്രീംകോടതി ഉത്തരവിൽ സമയം നീട്ടി ചോദിച്ച് ജനുവരിയിലാണ് മൊബൈൽ സേവനദാതാക്കൾ ഹർജി നൽകിയത്. എയർടെൽ - 23000 കോടി, വോഡാഫോൺ - 19823 കോടി, റിലയൻസ് കമ്മ്യൂണിക്കേഷൻ - 16456 കോടി എന്നിങ്ങനെയായിരുന്നു വിവിധ മൊബൈൽ കമ്പനികൾ നൽകാനുള്ള കുടിശ്ശിക. എന്തായാലും സുപ്രീംകോടതിയുടെ അന്ത്യശാസനത്തിൽ നടുങ്ങിയ ടെലിക്കോം കമ്പനികൾ കുടിശ്ശികയുമായി വരിവരിയായി എത്തുന്നുണ്ട്. കുടിശ്ശിക അടയ്ക്കുന്നതിലെ സാമ്പത്തിക ഞെരുക്കത്തിനിടയിൽ ഭാരതി എയർടെൽ ചെയർമാൻ സുനിൽ ഭാരതി മിത്തലും വോഡഫോൺ ഐഡിയ ചെയർമാൻ കുമാർ മംഗലം ബിർളയും ധനമന്ത്രി നിർമ്മല സീതാരാമനുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ കുടിശ്ശിക പൂർണമായി അടയ്ക്കണം എന്ന ഒക്ടോബർ 24ലെ സുപ്രീം കോടതി വിധിക്കെതിരെ എയർടെൽ,വോഡഫോൺ ഐഡിയ, ടാറ്റ ടെലിസർവീസ് എന്നിവർ നൽകിയ പുനഃപരിശോധനാ ഹർജി കഴിഞ്ഞ മാസം സുപ്രീം കോടതി തള്ളിയതിനു പിന്നാലെ തുക അടയ്ക്കുന്നതിൽ കാലതാമസം വരരുതെന്ന നിർദ്ദേശവും നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP