Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംരക്ഷകനാകേണ്ടയാൾ പീഡകനാവുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് പോക്‌സോ കോടതി പറഞ്ഞിട്ടും കണ്ടില്ലെന്ന് നടിച്ചു; പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയോട് ഉഭയസമ്മതപ്രകാരമാണെങ്കിലും സൂക്ഷിച്ച ബന്ധം ബലാത്സംഗമാണെന്ന് ഊട്ടിയുറപ്പിച്ച വിധി ഒടുവിൽ മാർപ്പാപ്പ അംഗീകരിച്ചു; റോബിൻ വടക്കുംചേരി ഇനി അച്ചനല്ല; വൈദിക പദവിയിൽ നിന്നും പീഡകനെ പുറത്താക്കി വത്തിക്കാൻ; 20 വർഷത്തെ തടവിന് പിറകെ കൊട്ടിയൂരിലെ ക്രൂരന്റെ ളോഹ ഊരിവാങ്ങുമ്പോൾ

സംരക്ഷകനാകേണ്ടയാൾ പീഡകനാവുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് പോക്‌സോ കോടതി പറഞ്ഞിട്ടും കണ്ടില്ലെന്ന് നടിച്ചു; പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയോട് ഉഭയസമ്മതപ്രകാരമാണെങ്കിലും സൂക്ഷിച്ച ബന്ധം ബലാത്സംഗമാണെന്ന് ഊട്ടിയുറപ്പിച്ച വിധി ഒടുവിൽ മാർപ്പാപ്പ അംഗീകരിച്ചു; റോബിൻ വടക്കുംചേരി ഇനി അച്ചനല്ല; വൈദിക പദവിയിൽ നിന്നും പീഡകനെ പുറത്താക്കി വത്തിക്കാൻ; 20 വർഷത്തെ തടവിന് പിറകെ കൊട്ടിയൂരിലെ ക്രൂരന്റെ ളോഹ ഊരിവാങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഒടുവിൽ മാർപ്പാപ്പയുടെ കണ്ണു തുറന്നു. കൊട്ടിയൂർ ബലാത്സംഗക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ റോബിൻ വടക്കുംചേരിയെ വൈദിക വൃത്തിയിൽ നിന്ന് പുറത്താക്കി. മാർപ്പാപ്പയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഇത്. വൈദികരനായിരുന്ന റോബിന് തലശ്ശേരി പോക്‌സോ കോടതി നൽകിയത് കടുത്ത ശിക്ഷയാണ്. മൂന്ന് വകുപ്പുകളിലായി അറുപത് വർഷത്തെ കഠിനതടവ്. മൂന്ന് ശിക്ഷയും ഒരുമിച്ച് 20 വർഷത്തെ കഠിന തടവ്. ഈ വിധി വന്നിട്ടും കത്തോലിക്കാ സഭ അച്ചനെ പുറത്താക്കാത്തത് ഏറെ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് തീരുമാനം.

സംരക്ഷകനാകേണ്ടയാൾ ഇങ്ങനെ പീഡകനാവുന്നത് ഞെട്ടിപ്പിക്കുന്നതാണ്. അധികാരസ്ഥാനമുപയോഗിച്ച് വൈദികൻ പെൺകുട്ടിയോട് കാണിച്ചത് പീഡനം തന്നെയാണ്. ഇത് അനുവദിക്കാനാകില്ല. അതിനാലാണ് കടുത്ത ശിക്ഷ വിധിക്കുന്നതെന്ന് പോക്‌സോ കോടതി വിശദീകരിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ഉഭയസമ്മതപ്രകാരമാണെങ്കിലും സൂക്ഷിച്ച ബന്ധം ബലാത്സംഗമാണെന്ന് ഊട്ടിയുറപ്പിക്കുന്നതായിരുന്നു കോടതി വിധി. പെൺകുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ മാനേജരായിരുന്നു ഫാദർ റോബിൻ വടക്കുംചേരി. സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ആദ്ധ്യാത്മികകാര്യങ്ങൾ പറഞ്ഞുകൊടുക്കുകയും വേദപാഠം പഠിപ്പിക്കുകയും കരിയർ ഗൈഡൻസ് ക്ലാസുകൾ നൽകുകയും ചെയ്തിരുന്ന ഫാദർ റോബിൻ വടക്കുംചേരി, ആ വഴിയാണ് പെൺകുട്ടിയുമായി അടുക്കുന്നത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന്റെ പേരിൽ അറസ്്റ്റിലായ വൈദികൻ റോബിൻ വടുക്കുംചേരിയെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ അറിഞ്ഞ ഉടനെ തന്നെ പ്രാഥമിക അന്വേഷണം നടത്തി വൈദിക പദവിയിൽ നിന്ന് മാനന്തവാടി രൂപതാ അധ്യക്ഷൻ സസ്പെന്റ് ചെയ്തിരുന്നു. പ്രസ്തുത സംഭവങ്ങളെക്കുറിച്ച് വിശദമായി അന്വേഷണവും പഠനവും നടത്തുന്നതിന് ഒരു കമ്മീഷനെ നിയമിക്കുകയും ചെയ്തു. ആ കമ്മീഷൻ സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഈ വിവരങ്ങളെല്ലാം വത്തിക്കാനെ അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ മാർപാപ്പയാണ് ഇയാളെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. ഡിസംബറിൽ അഞ്ചിന് പുറത്തിറക്കിയ ഉത്തരവിൽ ചില നടപടിക്രമങ്ങൾ കൂടി പാലിക്കാനുള്ളതിനാലാണ് ഇത് സംബന്ധിച്ച് വാർത്താക്കുറിപ്പ് പുറത്തിക്കാൻ വൈകിയതെന്ന് മാനന്തവാടി രൂപത അറിയിച്ചു.

പള്ളിമേടയിൽ സ്ഥിരമായി എത്തുമായിരുന്ന പെൺകുട്ടിയെ വൈദികൻ അധികാരസ്ഥാനമുപയോഗിച്ചാണ് ബലാത്സംഗം ചെയ്യുന്നത്. പെൺകുട്ടി ഗർഭിണിയാകുകയും പ്രസവിക്കുകയും ചെയ്തതോടെയാണ് വിവരം പുറത്തറിയുന്നത്. പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ കടത്താനും കേസ് ഒതുക്കാനും ശ്രമിച്ചവരും കേസിൽ പ്രതികളായി. വൈദികനെയും, കുഞ്ഞിനെ ഒളിപ്പിക്കാൻ ശ്രമിച്ച വയനാട് ശിശുക്ഷേമ സമിതിയിലെയും അനാഥാലയത്തിലെയും കന്യാസ്ത്രീകളെയും, രക്ഷിക്കാൻ പ്രതിഭാഗം എല്ലാ ശ്രമങ്ങളും നടത്തിയ കേസിലാണ് ഇന്ന് വിധി വന്നത്. വൈദികർ ഉൾപ്പെട്ട ലൈംഗിക കുറ്റകൃത്യങ്ങളിൽ സുപ്രീം കോടതി വരെ ഞെട്ടൽ രേഖപ്പെടുത്തുകയും ചെയ്തു. എന്നിട്ടും സഭയിൽ ഏറെ സ്വാധീനമുള്ള അച്ചനെതിരെ നടപടിയൊന്നും സഭ എടുത്തിരുന്നില്ല. കേസിൽ ഫാദർ റോബിൻ വടക്കുംചേരിയെ മാത്രമാണ് കുറ്റക്കാരനായി കോടതി കണ്ടെത്തിയത്. ബാക്കിയുള്ള ആറ് പ്രതികളെയും വെറുതെ വിട്ടുകയും ചെയ്തിരുന്നു.

സമൂഹത്തിൽ സമ്മതനായിരുന്ന ഫാ.റോബിന്റെ യഥാർത്ഥ മുഖം പുറത്ത് വന്നതോടെ വിശ്വാസ സമൂഹത്തിന് അനുഭവിക്കേണ്ടി വന്ന വേദന ചില്ലറയല്ല. പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ചതിനെ തുടർന്നാണ് നടന്ന സംഭവങ്ങൾ പുറത്ത് വരുന്നത്. തന്റെ പിതാവാണ് തന്നെ ചതിച്ചതെന്നാണ് കുട്ടി ചൈൽഡ് ലൈൻ പ്രവർത്തകരോട് ആദ്യം പറഞ്ഞിരുന്നത്. അന്ന് ഒന്നും അറിയാത്ത പോലെയായിരുന്നു റോബിന്റെ പെരുമാറ്റം. ആർക്കും സംശയം തോന്നിയുമില്ല. എന്നാൽ കുട്ടിയുടെ മൊഴിയിൽ സംശയം തോന്നിയ ചൈൽഡ് ലൈൻ പ്രവർത്തകർ സംഭവം പൊലീസിലറിയിക്കുകയും പിന്നീട് നടന്ന വിശദമായ ചോദ്യം ചെയ്യലിലാണ് നടന്ന സംഭവം പുറത്ത് വന്നത്. റോബിന്റെ പേര് പുറത്ത് വന്നപ്പോൾ ധ്യാനത്തിനെന്നും പറഞ്ഞ് ഇയാൾ മുങ്ങാനും ശ്രമിച്ചിരുന്നു.

ഫാ. റോബിൻ വികാരിയായിരുന്ന പള്ളിയിലെ പള്ളിമേട ബംഗ്ലാവിനെയും തോൽപ്പിക്കുന്ന സൗധമായിരുന്നു. ഓഫീസും ബെഡ്റൂമും അടങ്ങിയ ഒരു സ്യൂട്ട് പോലെയായിരുന്നു ഫാ. റോബിന്റെ താമസസ്ഥലം. പീഡനത്തിനിരയായ പെൺകുട്ടിയുമായും അമ്മയുമായും ഫാ. റോബിന് ഏറെ നാളത്തെ അടുപ്പമുണ്ടായിരുന്നു. പെൺകുട്ടിയും അമ്മയും പള്ളിമേടയിലെ നിത്യ സന്ദർശകരായിരുന്നു.. പള്ളിയുമായി ബന്ധപ്പെട്ട എല്ലാ യോഗങ്ങളിലും പ്രാർത്ഥനകളിലും മാതൃവേദിയിലും ദമ്പതിക്കൂട്ടായ്മയിലും അമ്മ നിറ സാന്നിധ്യമായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടിയെ ഒരു വർഷത്തോളം ഫാ. റോബിൻ സ്വന്തം മുറിയിൽ വച്ച് കംപ്യൂട്ടർ പഠിപ്പിച്ചിരുന്നു. സ്‌കൂൾ കഴിഞ്ഞാൽ പെൺകുട്ടി നേരേ പോകുന്നത് പള്ളിമേടയിലേക്കാണ്. അവധി ദിവസങ്ങളിലാണെങ്കിൽ രാവിലെ തന്നെ എത്തും. ഇക്കാലയളവിൽ ഫാ. റോബിൻ കുട്ടിയെ ഉപയോഗപ്പെടുത്തിയിരുന്നു. പെൺകുട്ടികളോട് പ്രത്യേക സ്നേഹവും പരിഗണനയും ഫാ. റോബിൻ കാട്ടിയിരുന്നുവെന്നാണ് പറയപ്പെടുന്നത്.

പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിൽ ഫാ. റോബിൻ നിത്യ സന്ദർശകനായിരുന്നു. പെൺകുട്ടികളുടെ ജന്മദിനം കണ്ടുപിടിച്ച് വളയ്ക്കുന്നതിലും അച്ചൻ വിരുതനായിരുന്നു. വഴങ്ങുന്ന കുട്ടികളാണെങ്കിൽ പള്ളിമേടയിലേക്കു കൂട്ടിക്കൊണ്ടുപോകും. തുടർന്ന് വാതിലടച്ച് പെൺകുട്ടിയുടെ ബർത്ത്ഡേ ദിനം പ്രാർത്ഥിക്കുന്ന പതിവും ഉണ്ടായിരുന്നു. ജന്മദിനം ആഘോഷിക്കുന്ന പെൺകുട്ടികൾക്കായി കേക്കും ചോക്ലേറ്റും സ്വന്തം മുറിയിൽ കരുതിയിരിക്കും. ഫാ. റോബിനു ചുറ്റും പെൺകുട്ടികളുടെ ഒരു കൂട്ടം തന്നെ എപ്പോഴും ഉണ്ടാകുമായിരുന്നെന്നാണു പറയുന്നത്. സ്‌കൂൾ കുട്ടികൾക്കു പുറമേ കോളജ് വിദ്യാർത്ഥികളും ഉണ്ടായിരുന്നു. എല്ലാം നല്ലതിനായിരുന്നെന്നാണു നാട്ടുകാർ വിചാരിച്ചിരുന്നത്. അച്ചന്റെ ടൈപ്പിംഗും കണക്കുകൂട്ടലും അടുക്കളപ്പണിയും ക്ലീനിംഗും എല്ലാം ഇവരാണു ചെയ്തിരുന്നത്. അച്ചനെ സേവിക്കാൻ ഒരിക്കൽ പോകുന്ന കുട്ടികൾ പിന്നെ സ്ഥിരം എത്തുമായിരുന്നത്രേ. കുട്ടികൾക്ക് നല്ല ഭക്ഷണവും പണവും വസ്ത്രവും പഠനസഹായവും എല്ലാം ഫാ. റോബിൻ ചെയ്തുകൊടുക്കുമായിരുന്നുവെന്നാണ് നാട്ടുസംസാരം.

കേസിൽ ഡിഎൻഎ ഫലം പുറത്ത് വന്നതാണ് കേസിൽ വഴിത്തിരിവായത്. കുഞ്ഞിന്റെ പിതാവ് റോബിനാണെന്ന് തിരുവനന്തപുരത്തെ ഫോറൻസിക്ക് ലാബിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നു. പെൺകുട്ടി പ്രസവിച്ച ശേഷം കുഞ്ഞിനെ തൊക്കിലങ്ങാടി ആശുപത്രിയിലേക്ക് മാറ്റിയെന്ന ആരോപണ തുടർന്നാണ് ഡിഎൻഎ പരിശോധന നടത്തിയത്. പ്രതിയെ രക്ഷിക്കാൻ വൈത്തിരി അനാഥാലയത്തിൽനിന്ന് കുഞ്ഞിനെ മാറ്റിയെന്ന അഭ്യൂഹങ്ങൾക്കും ഡിഎൻഎ പരിശോധനാഫലം വന്നതോടെ അന്ത്യമായി. പീഡനത്തിനിരയായ പെൺകുട്ടി കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിൽ പ്രസവിച്ചയുടൻ ചോരക്കുഞ്ഞിനെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

ഒളിപ്പിച്ചത് വൈത്തിരി ഹോളി ഇൻഫന്റ് മേരി ഫോണ്ട്ലിങ് ഹോമിലാണെന്ന് കണ്ടെത്തിയ പൊലീസ് അവിടെയെത്തി കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു. പെൺകുട്ടിയുടെ സ്വന്തം അച്ഛന്റെ തലയിൽ പിതൃത്വം കെട്ടിയേൽപ്പിക്കാനുള്ള തന്ത്രങ്ങളും ഫാ. റോബിൻ പയറ്റിയിരുന്നു. ഇതിനായി പെൺകുട്ടിയുടെ പിതാവിന് റോബിൻ പണം വാഗ്ദാനം ചെയ്യുകയുണ്ടായി. ഇത്തരത്തിലൊരു വ്യക്തിയെയാണ് വൈദിക വൃത്തിയിൽ നിന്നും മാർപ്പാപ്പ പുറത്താക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP