Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കലാപമുണ്ടാക്കിയ ഞെട്ടലിൽ നിന്നും മുക്തരാകാൻ ഡൽഹി ജനത: കത്തിക്കരിഞ്ഞ വാഹനങ്ങളും അവശിഷ്ടങ്ങളുമെല്ലാം നീക്കം ചെയ്യുന്ന ജോലികൾ സജീവം; ഭീതിയിൽ നിന്നും മുക്തി നേടി വടക്കുകിഴക്കൻ ഡൽഹി സാധാരണ നിലയിലേക്ക് മടങ്ങുന്നു; കലാപത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 42 പേർ; എല്ലാം നഷ്ടപ്പെട്ടവരാൽ നിറഞ്ഞ് പുനരധിവാസ കേന്ദ്രങ്ങൾ; അഭ്യൂഹങ്ങളും വിദ്വേഷ പ്രചാരണവും തടയാൻ സർക്കാർ രംഗത്ത്

കലാപമുണ്ടാക്കിയ ഞെട്ടലിൽ നിന്നും മുക്തരാകാൻ ഡൽഹി ജനത: കത്തിക്കരിഞ്ഞ വാഹനങ്ങളും അവശിഷ്ടങ്ങളുമെല്ലാം നീക്കം ചെയ്യുന്ന ജോലികൾ സജീവം; ഭീതിയിൽ നിന്നും മുക്തി നേടി വടക്കുകിഴക്കൻ ഡൽഹി സാധാരണ നിലയിലേക്ക് മടങ്ങുന്നു; കലാപത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 42 പേർ; എല്ലാം നഷ്ടപ്പെട്ടവരാൽ നിറഞ്ഞ് പുനരധിവാസ കേന്ദ്രങ്ങൾ; അഭ്യൂഹങ്ങളും വിദ്വേഷ പ്രചാരണവും തടയാൻ സർക്കാർ രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കലാപത്തിന് ശേഷം വടക്കുകിഴക്കൻ ഡൽഹി സാധാരണ നിലയിലേക്ക് മടങ്ങുന്നു. ഭീതിയിൽ നിന്നും മുക്തി നേടി ജനങ്ങൾ തെരുവുകളിൽ സജീവമായി തുടങ്ങി. കടകമ്പോളങ്ങൾ ചെറിയ രീതിയിൽ പ്രവർത്തിച്ചുതുടങ്ങി. കലാപത്തിനിരകളായവർക്കായി കൂടുതൽ പുനരധിവാസ കേന്ദ്രങ്ങൾ ഇന്ന് തുറക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മുടങ്ങിയ പരീക്ഷകൾ നാളെ മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പും അറിയിച്ചു.

വീടുകൾ ഉപേക്ഷിച്ച് പോയവരെ തിരികെ കൊണ്ടുവരാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കലാപത്തിന് ഇരയായവർക്ക് രാത്രി സുരക്ഷിതമായി തങ്ങാനുള്ള താത്കാലിക സൗകര്യം സർക്കാർ ഒരുക്കും. കലാപത്തിന് ഇരയായവരുടെ വീടുകളിൽ സബ് ഡിവിഷണൽ മജിസ്‌ട്രേട്ടുമാർ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കും. കലാപത്തിന് ഇരയായവർക്ക് ഡൽഹി സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ഞായറാഴ്ച മുതൽ വിതരണം ചെയ്തു തുടങ്ങും. നഷ്ടപരിഹാരം ആവശ്യപ്പെട്ടുന്ന 70 അപേക്ഷകൾ ഇതിനോടകം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൂടാതെ, ചികിത്സയിലുള്ള 200ൽ അധികം പേരുടെ സ്ഥിതി മെച്ചപ്പെട്ട് വരികയാണെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ അറിയിച്ചു. കലാപ കേസിൽ 630ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 123 ലധികം എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. ഐ.ബി സ്റ്റാഫ് അങ്കിത് ശർമ വധക്കേസിൽ ആം ആദ്മി കൗൺസിലർ താഹിർ ഹുസൈനായും ജാഫറബാദിൽ വെടി ഉതിർത്തയാൾക്കായും പൊലീസ് തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. സമാധാനം ഉറപ്പാക്കാൻ സംഘർഷ പ്രദേശങ്ങളിൽ ജനസമ്പർക്ക പരിപാടികൾ നടത്തുമെന്ന് ഡൽഹി പൊലീസ് കമ്മിഷണറായി ചുമതലയേറ്റ എസ്.എൻ. ശ്രീവാസ്തവ വ്യക്തമാക്കി.

 എന്നാൽ, വടക്ക് കിഴക്കൻ ഡൽഹിയിലുണ്ടായ കലാപങ്ങളിൽ 630 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോൺഗ്രസ് പ്രതിനിധികൾ ഇന്നലെ കലാപ ബാധിത മേഖല സന്ദർശിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 52 പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. വടക്ക് കിഴക്കൻ ഡൽഹി സാധാരണ നിലയിലേക്ക് തിരിച്ചു വരാനുള്ള ശ്രമത്തിലാണ്. അപ്പോഴും മനുഷ്യർ തമ്മിലുള്ള അകലം എങ്ങനെ കുറയ്ക്കും എന്നത് സംബന്ധിച്ച നടപടികളിലേക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കടന്നിട്ടില്ല. 52 പേരുടെ നില അതിവ ഗുരുതരമായി തുടരുകയാണെന്ന് റിപ്പോർട്ടുകൾ. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം നടപടികൾ വൈകുന്നതായി ദേശിയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നുണ്ട്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാത്തതാണ് എന്ന ആരോപണം ഉയർന്നിട്ടുണ്ട്. ലഫ്റ്റനന്റ് ഗവർണർ അനിൽ ബെയ്ജാലും ദേശീയ വനിത അധ്യക്ഷ രേഖ ശർമ്മയും കലാപ മേഖല സന്ദർശിച്ചിരുന്നു.

കലാപത്തിനിടെ സ്ത്രീകൾക്കെതിരെയുണ്ടായ ആക്രമണത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോട് ഡൽഹി വനിതാവകാശ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ കലാപ മേഖലയിൽ സന്ദർശനം നടത്തി അധ്യക്ഷ സോണിയ ഗാന്ധിക്ക് റിപ്പോർട്ട് നൽകുമെന്നാണ് സൂചന. ഡൽഹി കലാപത്തിൽ ഉറ്റവരും സമ്പത്തും നഷ്ടപ്പെട്ടവർ ഇനി എങ്ങനെ ജീവിതം മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയിലാണ് എല്ലാവരും. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേരാണ് ദുരിതംപേറി ക്യാപുകളിൽ കഴിയുന്നത്. സന്നദ്ധസംഘടനകൾ നൽകുന്ന സഹായങ്ങളാണ് ഇവർക്കാശ്രയമായി ലഭിക്കുന്നതും.

കൂടാതെ, ഡൊണാൾഡ് ട്രംപ് ഇന്ത്യാ സന്ദർശന വേളയിലായിരുന്നു ഡൽഹിയിൽ കലാപം കൂടുതൽ പൊട്ടിപ്പുറപ്പെട്ടത്. മാത്രമല്ല, ബിജെപി നേതാക്കളുടെ വിദ്വോഷ പ്രസംഗങ്ങൾ ആക്രമണ സംഭവങ്ങളുടെ ആഴം കൂട്ടി. എന്നാൽ, വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അടക്കമുള്ള ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ഡൽഹി ഹൈക്കോടതി ബെഞ്ചിലെ ജസ്റ്റിസ് എസ്. മുരളീധറിന് അർധരാത്രി സ്ഥലം മാറ്റം വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു.

അതേസമയം, കലാപം നടന്ന നോർത്ത് ഈസ്റ്റ് ഡൽഹി സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെ രാജ്യതലസ്ഥാനത്തെ ജന്തർമന്തറിൽ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ സമാധാന റാലി നടന്നു. അക്രമസംഭവങ്ങൾ അരങ്ങേറുന്നതിന് തൊട്ടുമുമ്പ് നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ വിമർശം നേരിട്ട ബിജെപി നേതാവ് കപിൽ മിശ്ര അടക്കമുള്ളവർ സമാധാന റാലിയിൽ പങ്കെടുത്തുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തത്.

ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് തുടങ്ങിയ മുദ്രാവാക്യങ്ങൾ ദേശീയ പതാകയുമായി റാലിയിൽ അണിനിരന്നവർ മുഴക്കി. ഡൽഹി പീസ് ഫോറം എന്ന സന്നദ്ധ സംഘടനയുടെ പേരിലാണ് റാലി നടന്നത്. റാലിക്കെത്തിയ ബിജെപി നേതാവ് കപിൽ മിശ്ര വേദിയിൽ ഇരിക്കുകയോ പ്രസംഗിക്കുകയോ ചെയ്തില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സമാധാന റാലിയിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. മാധ്യമ പ്രവർത്തകർ അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. റാലിക്കെത്തിയ അദ്ദേഹത്തെ 'സിംഹം വന്നു' എന്ന മുദ്രാവാക്യം മുഴക്കിയാണ് അനുയായികൾ സ്വീകരിച്ചത്. സിഎഎ വിരുദ്ധ സമരത്തിന്റെ പേരിൽ അക്രമം അനുവദിക്കില്ല എന്നെഴുതിയ പ്ലക്കാർഡുമായാണ് ചിലർ റാലിക്കെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP