Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിസ്റ്റർ ലൂസിയെ കൈവിട്ട് വീണ്ടും വത്തിക്കാൻ; മഠത്തിൽ തുടരാൻ അനുവദിക്കണമെന്ന ആവശ്യം തള്ളി; തള്ളിയത് സിസ്റ്ററിന്റെ ഭാഗം കേൾക്കണമെന്ന രണ്ടാമത്തെ അപ്പീൽ; പ്രശ്‌നങ്ങൾ രൂക്ഷമാകുന്നത് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരത്തിൽ പങ്കെടുത്തതോടെ; സഭയിൽ നിന്നും പുറത്താക്കിയത് പല കാരണങ്ങൾ ചൂണ്ടികാണിച്ച്; അവസാന പ്രതീക്ഷയായിരുന്ന അപേക്ഷയും തള്ളിയതോടെ ഇനി നിയമപോരാട്ടത്തിലേക്ക്

സിസ്റ്റർ ലൂസിയെ കൈവിട്ട് വീണ്ടും വത്തിക്കാൻ; മഠത്തിൽ തുടരാൻ അനുവദിക്കണമെന്ന ആവശ്യം തള്ളി; തള്ളിയത് സിസ്റ്ററിന്റെ ഭാഗം കേൾക്കണമെന്ന രണ്ടാമത്തെ അപ്പീൽ; പ്രശ്‌നങ്ങൾ രൂക്ഷമാകുന്നത് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരത്തിൽ പങ്കെടുത്തതോടെ; സഭയിൽ നിന്നും പുറത്താക്കിയത് പല കാരണങ്ങൾ ചൂണ്ടികാണിച്ച്; അവസാന പ്രതീക്ഷയായിരുന്ന അപേക്ഷയും തള്ളിയതോടെ ഇനി നിയമപോരാട്ടത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: എഫ്സിസി സന്യാസി സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ രണ്ടാമത്തെ അപ്പീലും വത്തിക്കാൻ വീണ്ടും തള്ളി. സന്യാസി സഭയിൽ നിന്ന പുറത്താക്കിയ നടപടി നിർത്തിവെയ്ക്കണമെന്നും തന്റെ ഭാഗം കേൾക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിസ്റ്റർ ലൂസി കളപ്പുര നൽകിയ രണ്ടാമത്തെ അപ്പീലാണ് വത്തിക്കാൻ തള്ളിയത്. അപ്പീൽ തള്ളിക്കൊണ്ടുള്ള മറുപടി ഉത്തരവ് സിസ്റ്റർക്ക് ലഭിച്ചു.

കാരയ്ക്കാമലയിലെ മഠത്തിൽ തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റർ ലൂസി നൽകിയ രണ്ടാം അപേക്ഷയാണ് വത്തിക്കാൻ തള്ളിയത്. ലാറ്റിൻ ഭാഷയിലുള്ള കത്തിൽ തുടക്കത്തിൽ തന്നെ സിസ്റ്റർ നൽകിയ അപേക്ഷ പൂർണമായി തള്ളുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ലൂസിക്ക് മഠത്തിൽ തുടരുന്നത് പ്രതിസന്ധിയാകുമെന്നാണ് സൂചന. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള സമരത്തിൽ പങ്കെടുത്തതോടെയാണ് എഫ്സിസി സന്യാസി സഭയും സിസ്റ്റർ ലൂസിയും തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങിയത്. എറണാകുളത്ത് നടന്ന കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയതു മുതൽ സിസ്റ്റർ കോൺവെന്റിൽ പ്രശ്നങ്ങൾ നേരിടുകയായിരുന്നു. അതിനെ തുടർന്ന് പല കാരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് സിസ്റ്ററെ സഭയിൽ നിന്ന് പുറത്താക്കുകയായിരുന്നു. അതിനെതിരെയാണ് സിസ്റ്റർ ആദ്യം എഫ്സസിസി അധികൃതർക്കും പിന്നീട് വത്തിക്കാനിലേക്കും അപ്പീൽ നൽകിയത്.

അതേസമയം, സിസ്റ്ററെ അവർ താമസിക്കുന്ന മഠത്തിൽ നിന്ന് പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മുൻസിഫ് കോടതിയിൽ നൽകിയ കേസ് നിലനിൽക്കുന്നുണ്ട്. അതിനാൽ മഠത്തിൽ നിന്ന് സിസ്റ്റർക്ക് ഇറങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്നാണ് നിഗമനം. കൂടാതെ, മഠത്തിൽ നിന്ന് പുറത്താക്കിയ രീതിയിലാണ് മറ്റ് കന്യാസ്ത്രീകൾ തന്നോട് പെരുമാറുന്നതെന്നും താൻ നൽകിയ പരാതികളിൽ പൊലീസ് നടപടിയെടുക്കുന്നില്ലെന്നും സിസ്റ്റർ ലൂസി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അവസാന പ്രതീക്ഷയായിരുന്ന അപേക്ഷയും വത്തിക്കാൻ തള്ളിയത്. എന്നാൽ മഠത്തിൽ നിന്ന് ഇറങ്ങില്ലെന്നും നിയമപോരാട്ടം തുടരുമെന്നുമാണ് സിസ്റ്റർ ലൂസിയുടെ നിലപാട്.

കൂടാതെ നേരത്തെ, സഭാ അധികൃതർക്കെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ പരാതികളിൽ അന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ വ്യക്തമാക്കിയിരുന്നു. പരാതികൾ അവാസ്ഥവും തെറ്റിധരിപ്പിക്കുന്നതുമാണെന്ന് കാണിച്ചാണ് പൊലീസ് കേസ് അവസാനിപ്പിക്കുന്നത്. മാസങ്ങളോളം അന്വേഷിച്ചിട്ടും തെളിവുകൾ കിട്ടിയില്ലെന്നും വെള്ളമുണ്ട പൊലീസ് സിസ്റ്റർക്ക് നൽകിയ അറിയിപ്പിൽ പറയുന്നു. അതേസമയം, ഇതിനെതിര നിയമപരമായി മുന്നോട്ട് പോകുമെന്ന് സിസ്റ്റർ ലൂസി പ്രതികരിച്ചിരുന്നു.

മാധ്യമപ്രവർത്തകർ മഠത്തിൽ കാണാനെത്തിയ ദൃശ്യങ്ങളുപയോഗിച്ച് മാനന്തവാടി രൂപത വക്താവ് ഫാദർ നോബിൾ തോമസ് പാറക്കൽ നവമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നും കാരയ്ക്കാമലയിലെ ചിലർ പ്രകടനവുമായെത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നുമുള്ള സിസ്റ്ററുടെ പരാതികളിലാണ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്. കേസുകളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും തെളിവുകൾ ഒന്നും ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. രണ്ട് പരാതികളും നിയമത്തെ തെറ്റിധരിപ്പിക്കുന്നതാണെന്നും വെള്ളമുണ്ട പൊലീസ് സിസ്റ്ററെ രേഖാമൂലം അറിയിച്ചു. എന്നാൽ, നൽകിയ പരാതികളിൽ കൃത്യമായ തെളിവുണ്ടെന്നും പരാതികൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും സിസ്റ്റർ ലൂസി കളപ്പുര വ്യക്തമാക്കി എത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP